Thursday, 8 October 2026

സുവർണ്ണലത

സുവര്‍ണ്ണലത

ആശാപൂര്‍ണ്ണാദേവിയുടെ പ്രശസ്ത നോവലായ സുവര്‍ണ്ണലത എന്നെ ഇത്രമാത്രം ആകര്‍ഷിക്കാന്‍ എന്താണ് കാരണം?

ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും അതിനുള്ള ഉത്തരങ്ങളുമായി ഒമ്പതാം വയസ്സില്‍ വിവാഹിതയാകേണ്ടി വന്ന സുവര്‍ണ്ണലതയുടെ ജീവിതം സംഭവബഹുലമാകുന്നു. അവസാനം അവള്‍ ആസ്തമിക്കുന്നതോടെ സുവര്‍ണ്ണലത ഒരു കനലായി നമ്മുടെ മനസ്സില്‍ അവശേഷിക്കുന്നു.

ആശാപൂര്‍ണ്ണദേവിയുടെ ഈ നോവല്‍ സ്ത്രീകളുടെ നവോത്ഥാനകാലത്തെ പ്രത്യേകം രേഖപ്പെടുത്തുന്നു.

ആരുടെയൊക്കയോ പ്രേരണയാല്‍  ഒമ്പതാംവയസ്സില്‍ അച്ഛന്‍ സുവർണ്ണയെ മുക്തകേശിയുടെ മകന്‍ പ്രബോധിനു കല്യാണം കഴിച്ചു കൊടുക്കുന്നു. ഇതില്‍ പ്രതിഷേധിച്ചു അമ്മ വീട് ഉപേഷിച്ച് പോകുന്നു. പിന്നെ സുവര്‍ണ്ണക്കു ഭര്‍ത്താവിന്‍റെ വീട് മാത്രമേയുള്ളൂ. ഒരു ബ്രാഹ്മണകുടുംബം പുലര്‍ത്തുന്ന എല്ലാ വിശ്വാസങ്ങളും അതേപടി നിലനിര്‍ത്തുന്ന ജീവിതം ഏറെ കാഷ്ടപ്പാടുകളും പ്രധാനം ചെയ്യുന്നു. നമ്മുടെ നാട്ടിലും ഉണ്ടായിരുന്നല്ലോ മറക്കുടക്കുള്ളിലെ ഒരു മഹാനരകം.

ആ വീട്ടില്‍ സുബോധ്, പ്രഭാസ്, പ്രകാശ് എന്നീ മക്കളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന കൂട്ടുകുടുംബം. വായിക്കാനും എഴുതാനും അറിയാവുന സുവര്‍ണ്ണലത കവിതകളും നോവലുകളും ഏറെ ഇഷ്ടപ്പെടുന്നു. ചിലതെല്ലാം കുത്തിക്കുറിക്കുന്നു. ഇതെല്ലാം അറിയുന്ന ആ വീട്ടുക്കാരോട് അവള്‍ക്കു ജീവിതാവസാനംവരെ പോരാടേണ്ടി വരുന്നു.

സ്ത്രീ എഴുതാനും വായിക്കാനും പാടില്ല, അതിന്‍റെ ആവശ്യമെന്ത്? എന്ന് ചോദിക്കുന്ന കാലം. സ്വാതന്ത്ര്യസമരം വളര്‍ന്നു വരുന്ന കാലം. വിപ്ലവചിന്തകളും ഇടക്കെല്ലാം പൊട്ടിത്തെറികളും ഉണ്ടാകുന്ന കാലം. ആ കാലത്ത് സുവര്‍ണ്ണയെപോലെ ഉല്‍പതിഷ്ണുവായ ഒരാള്‍ അകത്തളങ്ങളില്‍ പെട്ടുപോവുക എന്നത് ഒരു ജയില്‍വാസം തന്നെയായി മാറുന്നു.
അന്നത്തെ ആ  സാമൂഹ്യപശ്ചാത്തലം എത്ര ഭംഗിയായി വിവരിക്കാന്‍ കഴിയുന്നുവോ അത്രയും ഭംഗിയായി ചെറിയ ചെറിയ മനുഷ്യരുടെ കൊച്ചു കൊച്ചു വാക്കുകളിലൂടെ ജിവിതത്തിലെ ഓരോ ഘട്ടങ്ങളെയും വിവരിക്കുന്നു.

ശരിക്കും പറഞ്ഞാല്‍ അന്നത്തെ കേരളവും ഇതേ സാഹചര്യങ്ങളിലൂടെ യായിരുന്നു കടന്നുപോയിരുന്നത് എന്നത് പ്രത്യേകം എടുത്തു പറയേ ണ്ടിയിരിക്കുന്നു.

പേജ് 265)

.....അന്നത്തെ സുവര്‍ണ്ണയ്ക്ക് എന്തു പ്രായമുണ്ടായിരുന്നു? പക്ഷേ അതാരു ചിന്തിക്കും? ശ്വശ്രുവിന്‍റെ കൂട്ടുകാരികള്‍ വന്നു കുശൂകുശൂത്തു. അവര്‍ മൂക്കിന്മേല്‍ വിരല്‍ വച്ചുകൊണ്ട് പറഞ്ഞു: -ദൈവമേ! അങ്ങനെയോ? വധു ചെറിയ കുട്ടിയല്ലല്ലോ! വളര്‍ച്ചയുള്ള പെണ്ണ്! മകനെകൊണ്ട് ഇവളെ കല്യാണം കഴിപ്പിച്ചത് നന്നായി.

സ്ത്രീകളാണ് സ്ത്രീകളുടെ ശത്രുക്കള്‍. ഗൃഹനായികമാര്‍ അല്‍പംകൂടി സഹാനുഭൂതിയുള്ളവരായിരുന്നെങ്കില്‍, അല്പംകൂടി മമതയുള്ളവരായിരുന്നെങ്കില്‍ ഒരുപക്ഷേ, സമൂഹത്തിന്‍റെ മുഖം കുറെകൂടി തിളക്കമുള്ള താകുമായിരുന്നു. അങ്ങനെയല്ല സംഭവിക്കുന്നത്, അവര്‍ അക്രമികളായ പുരുഷവര്‍ഗ്ഗത്തെ സഹായിക്കുകയാണ് ചെയ്യുന്നത്. പുരുഷവര്‍ഗ്ഗം സമൂഹസൗധത്തിന്‍റെ നിര്‍മ്മാണ സമയത്ത് സ്ത്രീവര്‍ഗ്ഗത്തെ ഇഷ്ടികയും കുമ്മായവും മാത്രമായിട്ടാണ് കണക്കാക്കുന്നത്.

ഒമ്പതാംവയസ്സില്‍ വിഹാഹിതയാകുന്ന സുവര്‍ണ്ണ ഇരുവതാകുമ്പോഴേക്കും അഞ്ചാറു പ്രസവിക്കുന്നു. പിന്നെ ആ കുഞ്ഞുങ്ങളെ നോക്കണം. ഭര്‍ത്താവിന്‍റെ കാര്യങ്ങള്‍ നോക്കണം. ആ വീട്ടിലെ മറ്റു കാര്യങ്ങള്‍ നോക്കണം. ഇതിനിടയില്‍ സ്വന്തം കാര്യം നോക്കാന്‍ എവിടെ സമയം?
എന്നാല്‍ സുവര്‍ണ്ണ ഇതിനിടയിലും വായിക്കാനും എഴുതാനും രാജ്യകാര്യങ്ങളും ലോകകാര്യങ്ങളും അറിയാനും സമയം കണ്ടെത്തി. ഇതില്‍ എല്ലാവരുടെയും എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. മക്കള്‍ വളര്‍ന്നപ്പോള്‍ അവരുടെപോലും അവഗണന കാണേണ്ടിവരുന്നു. ആണ്‍മക്കള്‍ ആണ്‍കോയ്മയിലും പെണ്മക്കള്‍ ആ സാമൂഹ്യരീതിയിലും വളര്‍ന്നു.

എഴുത്തുകാരിയായ സുവര്‍ണ്ണ തന്‍റെ പുസ്തകം അച്ചടിക്കുന്നതിനു ജഗന്നാഥചന്ദ്രന്‍ എന്ന ജഗ്ഗുവിനെ ഏല്‍പ്പിക്കുന്നു. എഴുത്തുകാരിയെ അമ്മയെ, സ്നേഹവതിയായ ഭാര്യയെ മക്കള്‍ക്കോ, അച്ഛനോ, ബന്ധുക്കള്‍ക്കോ നാട്ടുകാര്‍ക്കോ പിടികിട്ടുന്നില്ല. തന്നെ മനസ്സിലാക്കി ചിലര്‍ ആശ്വാസത്തിന് ഉണ്ട് എങ്കിലും വേദനയോടെ താന്‍ എഴുതിയതെല്ലാം കത്തിച്ചു കളഞ്ഞുകൊണ്ട്‌ ഈ  ലോകത്തോട്‌ സുവര്‍ണ്ണ വിട പറയുന്നു.

ഈ പുസ്തകം അവസാനിപ്പിക്കുന്നത് സുവര്‍ണ്ണയുടെ മകള്‍ ബകുളിന്‍റെ വാക്കുകളിലൂടെയാണ്.

......... ബകുള്‍ വഴിയിലേക്കിറങ്ങി. പെട്ടെന്നു തിരിഞ്ഞുനിന്ന് വായ്‌ പൊളിച്ചു കിടക്കുന്ന ആ ശൂന്യമായ കെട്ടിടത്തിലേക്ക് നോക്കി മനസ്സില്‍ പറഞ്ഞു.
 -അമ്മേ, എന്‍റമ്മേ, കത്തിപ്പോയതും നഷ്ടപ്പെട്ടതും എഴുതിയതും എഴുതാത്തതുമായ എല്ലാ കാര്യങ്ങളും ഞാന്‍ അന്വേഷിച്ചു കണ്ടുപിടിക്കും. എല്ലാം പുതുതായി ഞാനെഴുതും. അന്ധകാരത്തിലെ മൗനവേദനയുടെ ചരിത്രം പകല്‍വെളിച്ചത്തില്‍ നില്‍ക്കുന്ന ഭൂമിക്കു പറഞ്ഞു കൊടുക്കും..... ഈ ഭൂമി ആ ചരിത്രം കേള്‍ക്കാനാഗ്രഹിക്കുന്നില്ലെങ്കില്‍, അവജ്ഞയോടെ വീക്ഷിച്ചാല്‍, ആ പ്രകാശം ഈ ഭൂമിയുടേതല്ലെന്നു ഞാന്‍ മനസ്സിലാക്കും. കൃത്രിമവെളിച്ചമായിരുന്നെന്നു കരുതും. ഈ ഭൂമി ഇപ്പോഴും കടം വീട്ടാനുള്ള പാഠം പഠിച്ചിട്ടില്ല.

ജ്ഞാനപീഠപുരസ്കാര ജേത്രിയായ ആശാപൂര്‍ണ്ണാദേവിയുടെ നോവല്‍ ഇങ്ങനെയാണ് അവസാനിപ്പിക്കുന്നത്. തന്‍റെ മഹത്വം സ്വയം മനസ്സിലാക്കി കൊണ്ട്  ആരോടും പകയോ വിദ്വേഷമോ ഇല്ലാതെ.

....

രാജൻ പെരുമ്പുള്ളി





Monday, 5 October 2026

പ്രഥമപ്രതിശ്രുതി

പ്രഥമപ്രതിശ്രുതി 

ആശാപൂർണാദേവിയ്ക്ക് ജ്ഞാനപീഠം നേടികൊടുത്ത നോവലാണ് പ്രഥമപ്രതിശ്രുതി.  പി. മാധവൻപിള്ള മലയാളത്തിലേക്ക് വിവർത്തിനം ചെയ്തിരിക്കുന്നു.

പ്രഥമപ്രതിശ്രുതി, സുവര്‍ണ്ണ ലത,  ബകുള്‍ കഥ  ഈ നോവൽത്രയം വായിച്ചാലേ ഈ കഥ പൂർണ്ണമാവുകയുള്ളൂ. ഞാന്‍ വായന തുടങ്ങിയതോ സുവർണ്ണ ലതയിലും..പിന്നെ ബകുൾ കഥയും പ്രഥമപ്രതിശ്രുതിയും വായിച്ചു. 

വര്‍ഷങ്ങള്‍ക്ക്  മുന്‍പ്  പ്രഥമപ്രതിശ്രുതി മാതൃഭൂമിയില്‍ സീരിയലൈസ് വരുമ്പോള്‍ ഞാന്‍ വായിച്ചിരുന്നില്ല. എനിക്ക് അങ്ങനെ വായിക്കുന്നതും ഇഷ്ടമുള്ള കാര്യമല്ല. ഒരാഴ്ച കാത്തിരുന്നു പിറ്റേഭാഗം വായിക്കുക. പിന്നെയും കാത്തിരിക്കേണ്ടി വരിക എന്നത് ക്ലേശകരംതന്നെ. അതിനാല്‍ പുസ്തകമാവുമ്പോള്‍ വായിക്കുന്നതാണ് എനിക്കിഷ്ടം.

അങ്ങനെ   സുവര്‍ണ്ണലത  വായിക്കുമ്പോഴാണ് മനസ്സിലാകുന്നത് പ്രഥമപ്രതിശ്രുതിയും ബകുള്‍ കഥയുംകൂടി വായിക്കണമെന്ന്. അങ്ങനെ ബകുള്‍  കഥയും ഇപ്പോള്‍ പ്രഥമപ്രതിശ്രുതിയും വായിച്ചു തീര്‍ന്നത്.  

മൂന്നു തലമുറകളുടെ കഥ പറയുന്ന ഈ പുസ്തകങ്ങള്‍ 19-താം നൂറ്റാണ്ടിലേയും 20-താം നൂറ്റാണ്ടിന്‍റെയും ബംഗാളിലെ ഗ്രാമീണ സാമൂഹ്യ ജീവിതം എങ്ങനെയായിരുന്നു എന്നുതന്നെയാണ് പറഞ്ഞുതരുന്നത്. ബ്രാഹ്മണകുലത്തില്‍ ജനിച്ചാലും സ്ത്രീകളുടെ ജീവിതം എങ്ങനെയൊക്കെ നരകതുല്യമായി മാറുന്നു എന്ന കഥയാണ്‌ ഈ നോവലുകളിലൂടെ  അടിവരയിട്ടു കാണിച്ചു തരുന്നത്.

ബംഗാളി ബ്രാഹ്മിന്‍സ്  മത്സ്യവും മാംസവും കഴിക്കുന്നുണ്ട് എന്ന കാര്യം ഒഴിച്ചാല്‍ കേരളത്തിലെ ബ്രാഹ്മണരും ബംഗാളി ബ്രാഹ്മണരും ജീവിതത്തിലും ചിന്തകളിലും ഒരു വ്യത്യാസവും കാണാന്‍ കഴിയില്ല എന്നത് രസകരവും ചിന്തനീയവും ആണ്. അതായത് ഏഴോ എട്ടോ വയസ്സാകുമ്പോളേക്കും പെണ്‍കുട്ടികളെ വിവാഹം ചെയ്തു കൊടുക്കുന്നതും പത്തോ പതിനൊന്നോ വയസ്സുകാരന്‍ വരന്‍ ആകുന്നതും വിധവ ആകേണ്ടി വന്നാല്‍ ജീവിതം മുഴുവന്‍ വേലക്കാരിയെ പോലെ അടുക്കളയില്‍  ജീവിതം കഴിച്ചുക്കൂട്ടേണ്ടി വരുന്നതും എല്ലാം ഒരുപോലെ.

ഏറ്റവും രസകരം ഈ വക കര്‍മ്മങ്ങള്‍ക്കെല്ലാം   വയസ്സായ സ്ത്രീകളും അല്ലാത്തവരും പുരുഷന്മാരേക്കാള്‍  മുന്നില്‍ ഉണ്ടായിരിക്കും എന്നതാണ്. കലാകാലങ്ങളായി ആചരിച്ചു വരുന്ന ഇത്തരം ആചാരങ്ങള്‍ സ്ത്രീ വിരുദ്ധമാണെന്നോ സാമൂഹ്യവിരുദ്ധമാണെന്നോ അന്നത്തെ സ്ത്രീകൾക്കോ  പുരുഷന്മാര്‍ക്കോ   തോന്നിയിരുന്നില്ല. ആചാരങ്ങള്‍ എല്ലാം അനുസരിക്കാനുള്ളത് മാത്രമുള്ളതായിരുന്നു അവര്‍ക്ക് . 

ഇങ്ങനെയുള്ള സാഹജര്യത്തിലാണ് എട്ടാം വയസ്സില്‍ സത്യവതിയെ നാട്ടിലെ  പ്രതാപിയായ അച്ഛന്‍ രാമകാളി  നവകുമാര്‍ എന്ന നാണംകുണുങ്ങിക്കു കല്യാണം കഴിച്ചു കൊടുക്കുന്നത്. സത്യയോ എല്ലാ കാര്യങ്ങളും വേഗത്തില്‍ മനസ്സിലാക്കുകയും വലിയവരെക്കാള്‍ കാര്യബോധത്തോടെ എല്ലാത്തിനോടും പ്രതികരിക്കുന്നവളും! 

രാമകാളിപോലും അറിയാതെ എഴുതാനും വായിക്കാനും പഠിച്ചു. കൂട്ടുകാരോടൊപ്പം നീന്താനും മരത്തില്‍ കയറാനും തന്നേക്കാള്‍ മൂത്തവർക്ക് പോലും ഉപദേശം നൽകുവാനും കഴിവുള്ളവള്‍.

നവകുമാറിനു കൽക്കത്തയില്‍ സായ്പന്മാരുടെ കമ്പനിയില്‍ ജോലി കിട്ടുമ്പോള്‍ സത്യയും കൽക്കത്തയിലേക്ക് വരുന്നു. മൂത്ത രണ്ടാങ്കുട്ടികളെയും നല്ല രീതിയില്‍ പഠിപ്പിക്കുന്നു. ഇളയമകള്‍ സുവര്‍ണ്ണ യെയും പഠിപ്പിക്കണം എന്ന വാശിയില്‍ സ്കൂളില്‍ വിടുന്നു.

ഇരുപത്തിമൂന്നില്‍ എത്തി നിൽക്കുന്ന മൂത്തമകന്‍റെ  കല്യാണം ഉറപ്പിക്കുന്നതിനു വേണ്ടി നവകുമാരും എട്ടുവസസ്സുകാരി സുവര്‍ണ്ണയും  ഗ്രാമത്തിലെ തറവാട്ടില്‍ എത്തുന്നു. ഇത്രയും പ്രായമുള്ള മകള്‍ നില്‍ക്കുമ്പോ  അവളുടെ വിവാഹം ആദ്യം നടത്താന്‍ മുത്തശ്ശി അളകേശി തീരുമാനിക്കുന്നു. ആ തീരുമാനത്തെ എതിര്‍ക്കാനോ  അതിന്‍റെ  ആവശ്യകതയോ നവകുമാറിനും തോന്നുന്നില്ല. സത്യയോട് എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്ന വിഷമം മാത്രമേ അയാള്‍ ക്കുള്ളൂ .

ഈ കാര്യങ്ങളൊന്നും അറിയിക്കാതെ കല്‍കത്തയില്‍ നിന്നും  സത്യയെയും മക്കളെയും  സൗദ ഗ്രാമത്തിലേക്ക് കൂട്ടികൊണ്ടുവരുന്നു. കാളവണ്ടി ഗ്രാമത്തിലെ വീട്ടില്‍ എത്താറാവുമ്പോള്‍ സത്യയുടെ മനസ്സും എന്തോ പന്തികേടുണ്ടല്ലോ എന്ന് ഭയക്കുന്നു. അങ്ങനെ വീട്ടില്‍ വന്നു കയറുമ്പോള്‍ തന്‍റെ  എല്ലാമായ സുവർണ്ണയുടെ കെട്ടുകല്യാണം അവസാനരംഗത്തില്‍ എത്തിനിൽക്കുന്നത്  കാണുന്നു.

ഇതു കണ്ട് മനസ്സു തകര്‍ന്ന്‍ സത്യ മക്കളെയും ഭർത്താവിനെയും ഗ്രാമത്തെയും എല്ലാത്തിനെയും ഉപേക്ഷിച്ചു വന്ന കാളവണ്ടിയില്‍ തന്നെ തിരിച്ചു  യാത്രയാകുന്നു.

നവകുമാര്‍ ആത്മാഭിമാനം നഷ്ടപ്പെടുത്തികൊണ്ട് ഓടിവന്നു. അയാള്‍ വരാതിരിക്കുമോ? അയാളും കൈകൂപ്പി യാചിക്കുന്ന മട്ടില്‍ പറഞ്ഞു: “സംഭവിച്ചതിനു ഇനി വേറെ ഉപായമോന്നുമില്ല. പിന്നെന്തിനാണ്?....”

സത്യ അളകേശിയോടു ഒന്നും പറഞ്ഞില്ലെങ്കിലും, അളകേശിയുടെ മകനോടു പറഞ്ഞു: “ഉപായമുണ്ടോ ഇല്ലയോ എന്ന് ജീവിതത്തിന്‍റെ  ബാക്കി ദിവസങ്ങളില്‍ ആലോചിക്കാം, അത് മാത്രമായിരിക്കും ഇനി എന്‍റെ  ചിന്ത.” 

അലമുറയിട്ടു കരയുന്ന സുവര്‍ണ്ണ   കാര്യങ്ങള്‍ മനസ്സില്ലാക്കുമ്പോള്‍ തന്നെ വെറുക്കില്ല എന്ന് സ്വയം ആശ്വസിക്കുന്നു. അങ്ങനെ മനസ്സില്‍ ഉരുണ്ടുകൂടിയ ചോദ്യങ്ങൾക്ക്  ഉത്തരം    തേടി തിരിച്ചു പോകുന്നു.

“തീർച്ചയയായും കാശിയില്‍ പോകുന്നുണ്ട്. അച്ഛന്‍റെയടുത്ത് പോകണം. അനവധി ചോദ്യങ്ങള്‍ തയ്യാറാക്കി വച്ചിട്ടുണ്ട്. ആദ്യം അതിന്‍റെ യെല്ലാം ഉത്തരം ചോദിച്ചറിയണം.” 

പെട്ടെന്നു നിശ്ശബ്ദത പരന്നു. വണ്ടി ഗ്രാമാതിര്‍ത്തിയിലെത്തി നിന്നു. കാളവണ്ടിയുടെ പാത തീർന്നു.

ഇങ്ങനെയാണ് ഈ നോവല്‍ അവസാനിപ്പിക്കുന്നത്.

ഇനി സുവര്‍ണ്ണയുടെ ജീവിതം എന്താകും? 

ആ കഥയാണ്‌ സുവര്‍ണ്ണ ലതയിലൂടെ പറയുന്നത്.

.....

രാജൻ പെരുമ്പുള്ളി


Monday, 28 September 2026

ദൈവത്തിന്റെ പുസ്തകം God's own book

ദൈവത്തിന്‍റെ പുസ്തകം (God’s Own Book)
കെ പി രാമനുണ്ണി

അമേരിക്കയില്‍ നാസയുടെ കേപ്പ് കാനവറല്‍ വിക്ഷേപണകേന്ദ്രത്തില്‍ നിന്നും തുടങ്ങുന്ന കഥ. അവരുടെ വിക്ഷേപണ പരാജങ്ങളെ ഇവിടെ ശ്രീഹരി കോട്ടയില്‍ ശാസ്ത്രജ്ഞന്മാര്‍ വിലയിരുത്തുന്നു. അതില്‍  ഡോക്ടര്‍ കുട്ടിശങ്കരനുണ്ട്, ഡോക്ടര്‍ ഹസ്സന്‍ കുട്ടിയുണ്ട്. രണ്ടു പേരും കുട്ടികള്‍! രണ്ടു പേരും മലബാറികള്‍! ഒരാള്‍ പൊന്നാനിയില്‍ നിന്നും മറ്റെയാള്‍ ബേപ്പുരുനിന്നും. രണ്ടു പേരും അവിവാഹിതര്‍! സ്റ്റീഫന്‍ ഹോക്കിങ്ങിന്‍റെ സിദ്ധാന്തങ്ങള്‍ വെച്ച് തമോഗര്‍ത്തത്തെയും അതിന്‍റെ പരീക്ഷണങ്ങളിലൂടെ കടന്ന് ഗ്രാവിറ്റെഷണല്‍ വേവ് ഡിറ്റ്ക്ടര്‍ പോലുള്ള ഉപകരണത്തിന്‍റെ കണ്ടുപിടുത്തം നടത്തിയവര്‍. 

നാസയുടെ വിക്ഷേപണ പരാജയങ്ങളില്‍ ചിലര്‍ സന്തോഷിക്കുന്നുണ്ടെങ്കിലും അവസാനം അവര്‍ ഒരു നിഗമനത്തില്‍ എത്തുന്നു.

“യെസ്, സ്പേയ്സ് സയന്റിസ്റ്റുകള്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും ഒരിക്കലും രാജ്യാതിര്‍ത്തികള്‍ പാടില്ല.”

ഈ കുട്ടിശങ്കരനിലൂടെ, പുറകോട്ടു സഞ്ചരിച്ച്‌ ദ്വാപരയുഗത്തില്‍ കൃഷ്ണനിലേക്കെത്താം. അതുപോലെ ഹസ്സന്‍ കുട്ടിയിലൂടെ, പുറകോട്ടു സഞ്ചരിച്ചാല്‍ ഹിജാസിലെ മക്ക്യ്ക്കടുത്ത് മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലത്തിലേക്കെത്താം.

ദ്വാപരയുഗത്തില്‍ കൃഷ്ണന് പോറ്റമ്മ യശോദയായിരുന്നു.....ഇവിടെ ആറാം നൂറ്റാണ്ടില്‍ നബിയ്ക്കു പോറ്റമ്മയായി ഹലീമയും.

കൃഷ്ണന് അനേകം ഭാര്യമാര്‍ ഉണ്ടായിരുന്നു ..... നബിയ്ക്കും ഭാര്യമാര്‍ ഉണ്ടായിരുന്നു..... കൃഷണന്‍റെ കാമുകി കൃഷ്ണനെക്കാള്‍ മൂത്തതായിരുന്നു ..... നബിയുടെ ഭാര്യ ഖദീജയും അതുപോലെ .....

അനേകം യുദ്ധങ്ങളിലൂടെയും അനേകം പ്രണയങ്ങളിലൂടെയും കൃഷ്ണന്‍ സഞ്ചരിക്കുന്നു ........നബിയ്ക്കും അത് വേണ്ടി വരുന്നു .......

അങ്ങനെയങ്ങനെ....മാര്‍ക്സിലേക്കെത്തുന്നു........
മാര്‍ക്സിന്‍റെയും  ജെന്നിയുടേയും.......അതീവ പ്രണയങ്ങള്‍ കവിതാമയമാകുന്നു.....
മാര്‍ക്സിന്‍റെ ജീവിതം അനേകം ത്യാഗങ്ങളുടെയും ജീവിതം പോരാട്ടങ്ങളുടെയും ആയിരുന്നല്ലോ.......

ഇവിടെയും രസകരമായ ഒരു സാദൃശ്യം മാര്‍ക്സിനേക്കാള്‍ മൂത്തവള്‍ ആയിരുന്നു ജെന്നി.......! ഇരുവരും അഗാധ പ്രണയത്തില്‍ ലയിച്ചു പോവുകയും ചെയ്തു. മാക്സിനും വീട്ടില്‍ ഉണ്ടായിരുന്ന അവരുടെ സഹയാത്രികയോട് അഭിനിവേശം ഉണ്ടായി. ദ്വാപരയുഗത്തില്‍ നിന്നും ഇങ്ങോട്ടു വരുമ്പോള്‍ പ്രണയത്തിനു ലോപം സംഭവിക്കുന്നതായി കാണാം.

കമ്മുണിസ്റ്റുകാര്‍ മാത്രമല്ല വലിയ എഴുത്തുകാരും ശാസ്ത്രജ്ഞരും തത്വചിന്തകരും അദ്ദേഹത്തിന്‍റെ വസതിയിലെ സന്ദര്‍ശകരായി മാറി. ആ സിംഹമുഖത്തു നിന്നുള്ള ഉദ്ദീരണങ്ങള്‍ക്കായി ഏവരും കാത്തു നിന്നു.

“ബൂര്‍ഷ്വാ ജനാധിപത്യപ്പകിട്ടുകളില്‍ പെട്ടുപോകാതെ എപ്പോഴും ജനകീയ ജനാധിപത്യത്തെ ഉയര്‍ത്തിപ്പിടിക്കുക. അന്തര്‍ദേശീയതയുടെ പേരില്‍ ദേശസ്നേഹം വെടിയാതിരിക്കുക. ദേശസ്നേഹം സങ്കുചിത ദേശീയതയായി ചുരുങ്ങാതെയും സൂക്ഷിക്കുക”

ദാരിദ്യം നിറഞ്ഞ ജീവിതം. പട്ടിണി കിടന്നു ഉറങ്ങുന്ന കുട്ടികള്‍. അവസാനം അവരുടെ മരണങ്ങള്‍ കാണേണ്ടി വരിക....... ഇതിനിടയിലും അഗാധമായ ജെന്നിയുടെ പ്രണയം.. 1881 ഡിസംബര്‍ രണ്ടിന് ജെന്നിയുടെ മരണത്തോടെ ആന്തരികമായി മാര്‍ക്സും മരിക്കുകയാണ്.

“മൂറും മരിച്ചു, മൂറും മരിച്ചു.”
തകര്‍ന്ന്‍ തരിപ്പണമായിപ്പോയ അവസ്ഥ കണ്ട് എംഗല്‍സ് എന്ന ലോകോത്തര ചങ്ങാതി പുലമ്പിപ്പോയി.

പിന്നെ അധികം വൈകാതെ 1883 മാര്‍ച്ച് പതിനാലിന് മാര്‍ക്സും യാത്രയായി.

അങ്ങനെ ലോകത്തിനു മുന്നില്‍ പുതിയ വഴികള്‍ തുറന്നു കാണിച്ച ആ വലിയ മനുഷ്യ സ്നേഹിയും വിട പറഞ്ഞു.

എന്നാല്‍ അദ്ദേഹം തൊടുത്തു വിട്ട ചിന്തകളുടെ അസ്ത്രങ്ങള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലും പതിച്ചു. അതിന്‍റെ ഉണര്‍വ്വില്‍ റഷ്യയില്‍ ലെനിന്‍റെ നേതൃത്വത്തില്‍ വിപ്ലവങ്ങള്‍ ഉണ്ടായി. അത് ചൈനയിലേക്കും ക്യൂബയിലേക്കും ലോകത്തിന്‍റെ നാനാ ഭാഗങ്ങളിലേക്കും പടര്‍ന്നു.

വര്‍ഷങ്ങള്‍ കഴിയുന്തോറും പല തരം മാര്‍ക്സിസങ്ങള്‍ പെറ്റുപെരുകി അവയ്ക്കെല്ലാം പുസ്തകങ്ങള്‍ പുറത്തുവരുന്നു. ഹിസ്റ്റോറിക്കല്‍ മാര്‍ക്സിസം, ഫിനോമെനോളൊജിക്കല്‍ മാര്‍ക്സിസം, അനാലിറ്റിക്കല്‍ മാര്‍ക്സിസം, ഹെഗേലിയന്‍ മാര്‍ക്സിസം ......!

വെട്ടലുകളും തിരുത്തലുകളും നവീകരണപ്രക്രിയകളുമായി കൃഷ്‌ണ-നബി ദ്വയങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ടിലൂടെ ഇരുപതാംനൂറ്റാണ്ടിലൂടെ സഞ്ചരിച്ച്‌ അഡോള്‍ഫ് ഹിറ്റ്ലര്‍ എന്ന ഭീകരന്‍റെ നാള്‍വഴികളും കടന്നു മഹാത്മാഗാന്ധിയിലെത്തി.....

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നല്‍കുമ്പോള്‍ അതിന്‍റെ കരിനിഴലായി ഇന്ത്യയെ വെട്ടി നുറുക്കുവാനും ബ്രിട്ടന്‍ തീരുമാനിച്ചു. ഇന്ത്യയുടെ പ്രധാനമന്തി സ്ഥാനം,  ജിന്നയ്ക്ക് കൊടുക്കാം .....എന്നാലെങ്കിലും ഇന്ത്യ വിഭജിക്കാതിരിക്കട്ടെ ....എന്ന് ബാപ്പുജി കണക്കു കൂട്ടി. നെഹ്രുവുണ്ടോ അതിനു സമ്മതിക്കുന്നു!.......

അവസാനം സ്വയം പ്രധാനമന്ത്രി ആകാം എന്ന് ബാപ്പുജി തീരുമാനിക്കുമ്പോഴേക്കും സമയം ഒരുപാട് വൈകിയിരുന്നു. അതിന്‍റെ ദുരന്തം ഇന്ത്യ മുഴുവന്‍ അനുഭവിക്കേണ്ടി വരുന്നു. സായിപ്പിന്‍റെ ദുഷ്ടബുദ്ധി മനുഷ്യനെ വികഘടിപ്പിച്ചു ഭരിക്കല്‍! അവര്‍ പോയാലും ഇന്ത്യ രണ്ടായി നില്‍ക്കണം. പരസ്പരം തല്ലൂടണ൦.

സായിപ്പ് പോയി, വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒരു ഇന്ത്യക്കാരനും സായിപ്പിനോട് വിരോധം ഇല്ല. ഒരു പാകിസ്ഥാനിക്കും സായിപ്പിനോട് വിരോധം ഇല്ല. വിരോധം പരസ്പരമാണ്. ഇന്ത്യയും പാകിസ്ഥാനുമായാണ് യുദ്ധം ഉണ്ടായത്. അയല്‍രാജ്യങ്ങളാണ് ബദ്ധശത്രുക്കള്‍! അതുകൊണ്ടെന്താ ....രണ്ടു രാജ്യങ്ങളും പുരോഗമിക്കുന്നതിനു പകരം മുരടിച്ചു നില്‍ക്കുന്നു.

സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് മഹാത്മാ കല്‍ക്കത്തയില്‍ ആയിരുന്നു. അവിടെ ഹിന്ദു മുസ്ലീം ലഹള പൊട്ടി പുറപ്പെട്ട ഇടങ്ങളില്‍ തെരുവുകളിലൂടെ നടന്നു. അദ്ദേഹത്തിന്‍റെ സാന്നിധ്യത്തില്‍ ലഹളകള്‍ കെട്ടടങ്ങി. എന്നാല്‍ ആയിരക്കണക്കിനു പോലീസും പട്ടാളവും നിരന്നിട്ടും ഡല്‍ഹിയിലും പഞ്ചാബിലും മറ്റും ലഹളകള്‍ അടങ്ങിയില്ല. നെഹ്രുവും പട്ടേലും ജിന്നയും ബ്രിട്ടനും ആ ഒറ്റയാള്‍ പട്ടാളത്തെ നോക്കി അമ്പരന്നു നിന്നു.

ഇന്ത്യയ്ക്കുള്ള സ്വാതന്ത്ര്യ സന്ദേശം എന്താണ് എന്ന് ചോദിച്ചപ്പോള്‍ :
“ഒരു സന്ദേശവുമില്ല”
എന്ന മറുപടിയില്‍ ഒതുങ്ങി.

കൊച്ചു കുഞ്ഞുങ്ങളുടെ മഷിയിറക്കുന്നപോലെ മനുഷ്യകുലത്തിന്‍റെ പഴയ പാപശേഖരങ്ങളെല്ലാം പുറത്ത് തൂവിക്കലായിരുന്നു ഈ ഭൂലോക ഉഴുതുമറിച്ചലിന്‍റെ കേവല ഉദ്ദേശ്യ൦.

തങ്ങളുടെ ഗ്രാവിറ്റേഷണല്‍ വേവ് ഡിറ്റക്റ്റര്‍ നിരീക്ഷണത്തില്‍ നിന്നു യാതൊരുവിധ ചാഞ്ചാട്ടങ്ങളുമില്ലാത്ത കൃത്യമായ തമോഗര്‍ത്ത ആഗമാനമാണ് ഇക്കുറിത്തേതെന്ന് കുട്ടിശങ്കരനും ഹസ്സന്‍കുട്ടിയും തിരിച്ചറിഞ്ഞിട്ടുണ്ട്.

എന്നാല്‍ ദു:സ്വപ്നത്തിനിടയിലും ഉറപ്പുള്ള പ്രഭാതപ്രതീക്ഷപോലെ അവരും അങ്ങേയറ്റം പ്രസന്നരായിരുന്നു.
ഇങ്ങനെ ലോകം വിവിധ വഴികളിലൂടെ വിവിധ ആശയങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. അതില്‍ ഒരുപാട് പ്രതീക്ഷകളും ഉണ്ട്.

ഇതാണ് ഞാന്‍ വായിച്ച - ദൈവത്തിന്‍റെ പുസ്തകം.

അതിഗഹനമായ ഈ വലിയ പുസ്തകത്തിന്‍റെ കാഴ്ചകളിലൂടെ കടന്നു പോകുവാന്‍ എനിക്കും കഴിഞ്ഞു എന്നേ പറയുന്നുള്ളൂ. അതിന്‍റെ വിലയിരുത്തലുകളും പഠനങ്ങളും ഇനിയും ധാരാളം വരും .
......


രാജൻ പെരുമ്പുള്ളി

Thursday, 2 July 2026

മനസ്സ്‌ - (poem)

മനസ്സ്‌
..

പേര് 
ശ്രീരാമൻ ആയാലും
സരസ്വതീ എന്നായാലും
നിങ്ങൾ കീഴ്ജാതിയാണെങ്കിൽ
നിങ്ങളുടെ സ്ഥാനം
പടിക്ക് പുറത്ത്!
എന്ന്
ബ്രാഹ്‌മണ്യനിശ്ചയം.
അതിലെന്തിന്
വേവലാതി 
എന്ന്‌ 
ഇന്നത്തെ കീഴാളനും!!
😄😄
..

രാജൻ പെരുമ്പുള്ളി

Friday, 29 May 2026

കവിമനസ്സ്

കവിമനസ്സ്

വിപ്ലവകവിയുടെ
മനസ്സിൽ നിന്നും 
വിപ്ലവം നഷ്ടമായാൽ
അയാൾ എന്തു ചെയ്യും?

അനേകം ആശങ്കകളിൽ
അയാൾ വ്യാപൃതനാകും.
എവിടെയുമെത്താതെ
ആരോഹണാവരോഹണങ്ങളിൽ
ഉഴലും!

എല്ലാം പഠിപ്പിക്കാൻ
ആർക്കും കഴിയില്ല,
എല്ലാം 
സ്വയം പഠിക്കണം.
..

രാജൻ പെരുമ്പുള്ളി

Friday, 22 May 2026

എന്റെ നാലാമത്തെ പുസ്തകം

എന്റെ ആദ്യപുസ്തകം 
2017 ൽ 
തസ്ലീമ നസ്രിന്റെ 
ലജ്ജ - വീണ്ടും ലജ്ജിക്കുന്നു എന്നിവയെ ആസ്പദമാക്കി ഞാനെഴുതിയ ഒരു പഠനമായിരുന്നു
-ചോര വീഴുന്ന മണ്ണ് .
അതുവഴി സജീവൻ അന്തിക്കാട്, സി രവിചന്ദ്രൻ, അയൂബ് പി എം, ഡോ. ആഗസ്റ്റസ് മോറിസ്, തൃശൂരിലെ മണിചേട്ടൻ, അജിത്... ഇങ്ങനെ നിരവധി പേരെ പരിചയപ്പെടാൻ കഴിഞ്ഞു. എന്നു മാത്രമല്ല സാക്ഷാൽ തസ്ലീമ നസ്രിനിലേക്കും എന്റെ സൗഹൃദം വളർന്നു. എന്റെ രണ്ടാമത്തെ പുസ്തകമായ
-പുലിരിയിലെ മഞ്ഞുതുള്ളികൾ
ഞാൻ സമർപ്പിചിട്ടുള്ളത് തസ്ലീമ നസ്രിനാണ് എന്നു പറയുന്നതിൽ അതിയായ സന്തോഷവും ഉണ്ട്.

രണ്ടാമത്തെ പുസ്തകം കവിതകളായിരുന്നു.
-പുലരിയിലെ മഞ്ഞുതുള്ളികൾ.
എറണാകുളത്തുള്ള സുരേഷ് ജി ആയിരുന്നു എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചത്. ഫെയ്‌സ് ബുക്ക് കൂട്ടായ്മയായ മൊഴിമുറ്റം ആയിരുന്നു അതിന്റെ സംഘാടകർ. തൃശൂർ സാഹിത്യ അക്കാദമിയിൽ വെച്ചു തന്നെയായിരുന്നു അതിന്റെ പ്രകാശനം.

മൂന്നാമത് പുസ്തകം ഭാര്യ ബിജി കാൻസർ വന്നു ജീവിതത്തിൽ നിന്നും വിട വാങ്ങിയപ്പോൾ ആശുപത്രിയിലും വീട്ടിലും  കഴിച്ചുകൂട്ടിയതിന്റെ ഓർമ്മകളാണ്. ആ പുസ്തകത്തിനു അവതാരിക എഴുതിയത് ഡോ. ഖദീജ മുംതസാണ്. ഡോക്ടർ അന്ന് ബാംഗ്ലൂരിലായിരുന്നു താമസം. ഞാൻ പുസ്തകത്തെ കുറിച്ചു പറയുകയും പിഡിഎഫ് മെസ്സേജ് ചെയ്യുകയും ചെയ്തു. അത് വായിച്ചതിനു ശേഷം പുസ്തകത്തെ കുറിച്ച് വോയ്സ് മെസ്സേജ് ഇട്ടു തുടങ്ങി. അപ്പോൾ ഞാൻ പറഞ്ഞു ഈ പറയുന്ന കാര്യങ്ങൾ എഴുതി തരികയാണെങ്കിൽ എനിക്ക് അത് അവതാരിക ആക്കാം എന്ന്. ഡോക്ടർ വളരെ ഗംഭീരമായി എഴുതുകയും ചെയ്തു.
അതിനൊക്കെ ശേഷമാണ് പുസ്തകത്തിനു
-മനസ്സിന് തീ പിടിച്ച കാലം 
എന്ന പേരിട്ടത്. ഈ പുസ്തകത്തിന്‌ പ്രകാശനചടങ്ങ് ഉണ്ടായിരുന്നില്ല. ദുഃഖം നിറഞ്ഞ ആ പുസ്തകം  പ്രകാശനചടങ്ങ് ഉണ്ടാവുകയാണെങ്കിൽ ഞാൻ എന്ത് സംസാരിക്കും? അത് ആലോചിച്ചപ്പോൾ അങ്ങനെ ഒരു ചടങ്ങ് ഇല്ലാതെ പോവുകയാണ് നല്ലതെന്ന് തോന്നി. 

വായനശാലയുടെ മരണം
Death of the Library

എന്റ നാലാമത്തെ പുസ്തകമാണ്. 2009 മുതൽ ഇതേവരെയുള്ള  പല കാലങ്ങളിൽ എഴുതിയ 16 കഥകളാണ് ഇതിലുള്ളത്.

ഈ കഥാപുസ്തകമാണ് നാളെ സാഹിത്യ അക്കാദമിയിൽ പ്രകാശിതമാകാൻ പോകുന്നത്. എഴുത്തുകാരനും സാഹിതി പ്രസിഡന്റുമായ കെ ഉണ്ണികൃഷ്ണനാണ് ഈ കഥകൾക്ക് അവതാരിക എഴുതിയിട്ടുള്ളത്. കഴിഞ്ഞ ഒന്നര വർഷത്തോളമായി ഞാനും സാഹിതിയോടൊപ്പമുണ്ട്. അതിന്റെ ഭാഗമായി ഇപ്പോൾ അക്ഷരീയത്തിലും.

...

ഞാനുമായി ബന്ധപ്പെട്ട മറ്റൊരു പുസ്തകമാണ് 
-സൗഹൃദത്തിന്റെ കൈയൊപ്പുകൾ. ഞാൻ എഡിറ്റ് ചെയ്ത പുസ്തകം.

കഥകളും കവിതകളും നിറഞ്ഞ ഒരു പുസ്തകം. 2011 ലാണ്‌ അത് പബ്ലിഷ് ചെയ്തത്. ഞാനും, ജയനും, സുബൈദാർ രാജനും, ജെബിനും, സത്യൻ കുറ്റുമുക്കുമടക്കം പതിനാല്  പേര് ചേർന്ന് ഒരുക്കിയ പുസ്തകമായിരുന്നു അത്. കൊടുങ്ങല്ലൂരിലെ വേണുഗോപാൽ മാഷ് അവതാരിക എഴുതി. സാഹിത്യ അക്കാദമിയിൽ ഇന്നത്തെ എം ടി ഹാളിൽ തന്നെയായിരുന്നു അതിന്റെ പ്രകാശനം. സിസ്റ്റർ ജെസ്മി, ഐ ഷണ്മുഖദാസ്, എൻ രാജൻ, വേണു മാഷ്... ഇവരെല്ലാം ഉണ്ടായിരുന്നു. ഈ പുസ്തകം ടൈപ്പ് ചെയ്തതും എഡിറ്റ് ചെയ്തതും പ്രകാശനവും എല്ലാം നല്ലൊരു ഓർമ്മയാണ്. 

...

Wednesday, 13 May 2026

ചർച്ച

ചർച്ച
..

രാവിലെ
-എല്ലാവരും ചായ കുടിച്ചോ?

-ഉവ്വ്‌

-ഒകെ... സന്തോഷം

ഉച്ചയ്ക്ക്

-എല്ലാവരും ഊണ് കഴിച്ചോ?

-ഉവ്വ്‌

-സന്തോഷം.. 
ശാപ്പാട് എല്ലാം നന്നായില്ലേ?

-ഓ.. ബഹുകേമം

വൈകുന്നേരം

-എല്ലാവരും ഡിന്നർ കഴിച്ചോ?

-ഉവ്വ്

-സോമരസം കുറവൊന്നും വന്നില്ലല്ലൊ?

-ഇല്ല

-അപ്പോൾ ഇന്ന് ഇനി എന്താ നിങ്ങളുടെ തീരുമാനം? 

-എന്തു തീരുമാനം?

-നിങ്ങൾ ഒരു ഒത്തുതീർപ്പിൽ എത്തുകയാണെങ്കിൽ ഞാൻ അത് പ്രഖ്യാപിക്കാം.

അപ്പോൾ ഒരാൾ പറഞ്ഞു
-എന്റെ പേര് പ്രഖ്യാപിക്കൂ...

ഉടനെ മറ്റൊരാൾ പറഞ്ഞു.
-അത് പറ്റത്തില്ല
എന്റെ പേര് പ്രഖ്യാപിക്കണം

അത് കേട്ട് വേറൊരാൾ പറഞ്ഞു.
-ഞാനുള്ളപ്പോൾ എന്റെ പേര് പ്രഖ്യാപിക്കണം. ഞാനാണ് സീനിയർ!

അപ്പോൾ ഒന്നാമൻ പറഞ്ഞു.
-സീനിയോറിറ്റി അല്ല പ്രധാനം. ജനപ്രീതി യാണ്.

അപ്പോൾ രണ്ടാമൻ പറഞ്ഞു.
-ജനപ്രീതിയല്ല പ്രധാനം. തന്ത്രങ്ങളാണ്.

അങ്ങനെ മൂന്ന് പേരും പരസ്പരം തർക്കത്തിൽ ഏർപ്പെട്ടു. ഇതെല്ലാം കേട്ട് മടുത്തു ദല്ലാളൻ അലറി പറഞ്ഞു.
-ഈ ചർച്ച നിർത്തിൻ. ഞാനിപ്പോൾ ഒരു പേര് പ്രഖ്യാപിക്കും. അത് നിങ്ങൾ അനുസരിക്കണം. അനുസരിച്ചേ പറ്റൂ!

ഇത്രയും ഉച്ചത്തിൽ ദല്ലാളൻ സംസാരിക്കുന്നത് ആദ്യമായി കേൾക്കുകയായിരുന്നു അവർ.

അവരങ്ങനെ അമ്പരന്നു നിൽക്കേ ദല്ലാളൻ പേര് പ്രഖ്യാപിക്കാൻ വായ് തുറന്നു. തന്റെ പേരാവില്ല പ്രഖ്യാപിക്കാൻ പോകുന്നത് എന്നു കരുതി മൂന്നുപേരും ഒന്നിച്ച് ദല്ലാളന്റെ വായ പൊത്തി! പിന്നെ തുറന്ന വായ അടക്കാൻ പോലും കഴിയാതെ അവർക്കിടയിൽ ദല്ലാളൻ കണ്ണും തുറിച്ചു നിന്നു.

അങ്ങനെ ഇന്നത്തെ ചർച്ചയും തൽക്കാലം അവസാനിച്ചു. ഇനി ചർച്ച നാളെ തുടരും. 
കണ്ടു നിന്നവർ പ്രഖ്യാപിച്ചു.

😄😄

(പത്തു ദിവസമായി കോണ്ഗ്രസ് മുഖ്യമന്ത്രി ആരെ ആക്കണം എന്ന ചർച്ച തുടങ്ങിയിട്ട്. രമേശ് ചെന്നിത്തല, വി ഡി സധീശൻ, കെ സി വേണുഗോപാൽ) ഇവരാണ് മത്സരത്തിൽ.