വോട്ട് ചോരി
കേരളത്തിൽ ഇടതുപക്ഷം ഭരിക്കുന്നതുകൊണ്ടാണ് കേന്ദ്രത്തിന്റെ ഭരണഭീകരത എത്രത്തോളം ഉണ്ടെന്ന് സാധാരണ ആളുകൾക്ക് മനസ്സിലാകാത്തത്.
ഉദാഹരണമായി പറയുകയാണെങ്കിൽ, കേരളത്തിൽ ബീഫ് കഴിക്കാം.
ഓരോ മതവിശ്വാസം പുലർത്തുന്നവർക്കും, വിശ്വാസം ഇല്ലാത്ത സ്വതന്ത്രചിന്തകർക്കും ഇവിടെ സ്വസ്ഥമായി ജീവിക്കാം.
ഇന്ത്യൻ ഭരണഘടനയെ കുറിച്ചുള്ള ഒരു അവബോധം സാമാന്യം എല്ലാവർക്കും ഉണ്ട്. അതുകൊണ്ട് ആളുകൾ പരസ്പരം ബഹുമാനിക്കുന്നു.
ഇയ്യിടെയാണല്ലോ, ഇലക്ഷൻ കമ്മീഷൻ S I R കൊണ്ടുവന്നത്. അതുപ്രകാരം കേരളത്തിൽ 9 ലക്ഷത്തോളം പേർക്കാണ് എന്നും അങ്ങനെയല്ല 24 ലക്ഷം പേർക്കാണ് വോട്ട് നഷ്ടപ്പെട്ട തെന്നും കേൾക്കുന്നു.
ബംഗാളിൽ ഇത് 91 ലക്ഷവും, യു പിയിൽ 3 കോടിയിൽ അതികം വരുമെന്നും പറയുന്നു.
വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് വന്നില്ലെങ്കിൽ പിന്നെയും പോയി പേര് ചേർക്കാൻ അവസരം ഉണ്ടെങ്കിലും അതൊന്നും സാധാരണയായി ആളുകൾ അത്ര ശ്രദ്ധിച്ചെന്നു വരില്ല. സ്വന്തം ജീവിതപ്രശ്നങ്ങളിൽ അവരങ്ങനെ മുന്നോട്ടു പോകും. അങ്ങനെയാണ് എന്റെ വീടിന്റെ തൊട്ടുള്ള അയൽവീട്ടിലെ നാലു പേർക്ക് വോട്ട് ചെയ്യാൻ അവസരം നഷ്ടപ്പെട്ടത്.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ഇവർക്ക് വോട്ട് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വോട്ടില്ല.
ഞാൻ വോട്ട് ചെയ്തു വന്നപ്പോൾ ആ വീട്ടിലെ ഒരാൾ മുറ്റത്ത് നിൽക്കുന്നത് കണ്ടു. ഞാൻ വോട്ട് ചെയ്തു വന്നു എന്നും നിങ്ങൾ പോകുന്നില്ലേ എന്നും ചോദിച്ചു.
അപ്പോഴാണ് വീട്ടിലെ നാല് പേർക്ക് വോട്ട് ഇല്ലെന്നും കഴിഞ്ഞ കോർപ്പറേഷൻ തെരെഞ്ഞെടുപ്പിന് ചെയ്തതാണെന്നും പറയുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിരുന്നില്ല എന്നും പറഞ്ഞു.
അപ്പോൾ ഞാൻ അയാളോട് കുറച്ചു തമാശയായും കുറച്ചു സീരിയസ് ആയും പറഞ്ഞു.
'നിങ്ങൾ സ്ഥിരമായി വോട്ട് ചെയ്തില്ലെങ്കിൽ ലിസ്റ്റിൽ നിന്നും പുറത്താകും. പിന്നെ ആകെ പ്രശ്നമാണ്!
-എന്തു പ്രശ്നം?
-സ്ഥിരമായി വോട്ട് ചെയ്തില്ലെങ്കിൽ ചിലപ്പോൾ പൗരത്വം പോലും ഇല്ലാതാകും!!
-എന്താ പാക്കിസ്ഥാനിലേക്ക് വിടുമോ? അവരത് സ്ഥിരം പറയുന്നതല്ലേ?
-പറയാൻ പറ്റില്ല
എന്നു ചിരിച്ചുകൊണ്ട് ഞാനും മറുപടി നൽകി.
എനിക്ക് ഇപ്പോഴും മനസ്സിലാകാത്ത കാര്യമാണ് ഇലക്ഷൻ കമ്മീഷന്റെ ഈ നടപടി.
എന്തിനാണ് ഇത്രയും ആളുകളെ വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും പേര് വെട്ടികളയുന്നത്?
എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ വെട്ടി നിരത്തുന്നത്?
അത് ആർക്ക് വേണ്ടിയാണ്?
എന്താണ് ഇതിന്റെ ആത്യന്തികമായ ലക്ഷ്യം?
ഇതിനു മുൻപ് ഇങ്ങനെ സംഭവിച്ചിട്ടില്ല. ഇപ്പോൾ എന്തുകൊണ്ട്?
ഇങ്ങനെ നിരവധി ചോദ്യങ്ങളും സംശയങ്ങളും മനസ്സിൽ വരുന്നു.
..
രാജൻ പെരുമ്പുള്ളി
No comments:
Post a Comment