1996 മെയ് 4 ന് ആയിരുന്നു ഞങ്ങളുടെ വിവാഹം. ഇന്നേയ്ക്ക് 30 വർഷം.
ബിജി ജീവിതത്തോട് വിട പറഞ്ഞിട്ട് നാലു വർഷം കഴിഞ്ഞു. 2022 ഏപ്രിൽ 11 ന് ആയിരുന്നു.
ഇരുപത്തഞ്ചു വർഷം ഭംഗിയായി കഴിഞ്ഞു. ഇരുപഞ്ചാം വാർഷികം കൊറോണ കാലത്ത് ആയതിനാൽ വളരെ ചെറിയ രീതിയിൽ ആഘോഷിച്ചു എന്നു പറയാം. വീട്ടിൽ ഞാനും രണ്ടാമത്തെ മോള് ദൃശ്യയും ബിജിയും മാത്രം. ഭൗതികമായി ബിജി ഇല്ലെങ്കിലും ബിജിയുടെ സാന്നിധ്യം ഞങ്ങളുടെ മനസ്സിൽ ഇപ്പോഴും ശക്തമായി നിൽക്കുന്നു.
വയസ്സായി വരുന്ന അച്ഛനും അമ്മയും മാത്രമുള്ള വീട്ടിലേക്ക് ബിജി വന്നതോടെ വീടിന്റെ എല്ലാ കാര്യങ്ങളും ബിജിയുടെ കൈകളിലായി എന്നു പറയാം. പിന്നീട് ആദ്യം അച്ഛനും പിന്നെ അമ്മയും പോയി. അപ്പോഴേക്കും ഞങ്ങൾക്ക് രണ്ടു മക്കളും ആയി. എന്റെ ചേട്ടനും ചേച്ചിയും മക്കളും ഇടക്കിടെ അയ്യന്തോളിൽ നിന്നും വീട്ടിലേക്ക് വരും. ഞങ്ങൾ അങ്ങോട്ട് പോകും. ബിജിയുടെ വീട്ടിൽ അമ്മയും വല്യമ്മയും മാത്രം. ഒരു ആങ്ങളയുള്ളത് ഗൾഫിലും. അങ്ങനെ വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാതെ ജീവിച്ചു പോന്നു.
ഇപ്പോൾ മക്കൾ വലുതായി. മൂത്തവൾ വിവാഹിതയായി. ഒരു കുഞ്ഞുമായി. രണ്ടാമത്തെ മോള് ബി ടെക് സ്റ്റുഡന്റ്. ബിജി പോയതിനു ശേഷമാണ് വിയോഗത്തിന്റെ വ്യാപ്തി ഞാനും മനസ്സിലാക്കുന്നത്. ബിജി മരിച്ചു കിടക്കുമ്പോൾ കാണാൻ വന്നവരിൽ ഒരാൾ എന്നോട് പറഞ്ഞു, ഇനി നിയ്യാണ് ട്ടോ... മക്കളുടെ അച്ഛനും അമ്മയും. ആ പറഞ്ഞതിന്റെ പൊരുൾ പിന്നീട് അനുഭവങ്ങളിലൂടെ തിരിച്ചറിയുകയായിരുന്നു. അതുവരെ അടുക്കളയിൽ കാര്യമായി ഒന്നും ചെയ്യേണ്ടി വരാറില്ലാത്ത ഞങ്ങളുടെ അവസ്ഥ തന്നെയായിരുന്നു പ്രധാന പ്രശ്നം. ബിജിയുടെ വിയോഗത്തിൽ വിഷമങ്ങൾ പങ്കുവെച്ചുകൊണ്ട് ബിജിയുടെ അമ്മയും കുറച്ചു കാലം ഞങ്ങളുടെ കൂടെ കഴിഞ്ഞു. പിന്നീട് അമ്മയ്ക്കും വയ്യാതെ ആയി. അങ്ങനെ അവർ സ്വന്തം വീട്ടിലേക്ക് മടങ്ങി.
ഇപ്പോൾ വീട്ടിലെ കാര്യങ്ങൾ ചെയ്യാൻ ഞാനും മോളും ഏതാണ്ട് പഠിച്ചു എന്നു പറയാം. ഇതൊക്കെ വെറുതെ ഒന്ന് ഓർത്തുപോയി. അതുകൊണ്ട് എഴുതിയതാണ്. സുഹൃത്തുക്കൾ ക്ഷമിക്കുമല്ലോ. സത്യത്തിൽ, ജീവിതത്തിന്റെ വ്യർത്ഥത അല്ലെങ്കിൽ ശൂന്യത അതെല്ലാം അനുഭവിക്കുകയാണ്. എന്നിട്ടും അങ്ങനെ മുന്നോട്ടു പോകുന്നു. നമ്മുടെ കൂടെ കുട്ടികളും ഉണ്ടല്ലോ. അവർക്ക് നമ്മൾ അല്ലേ ഉള്ളൂ. ഇത്തരം ചിന്തകളാണ് നമ്മളേയും മുന്നോട്ടു നയിക്കുന്നത്.
...
1997 ജനുവരി ഒന്നിനാണ് ഞങ്ങളുടെ കട ബിജി തിരികൊളുത്തി ഉദ്ഘാടനം ചെയ്തത്. അത് അന്ന് ഒരു സ്ക്രീൻ പ്രിന്റിംഗ് സ്ഥാപനമായിട്ടാണ് തുടങ്ങിയത്. എന്റെ സുഹൃത്ത് ഉണ്ണി അതിന്റെ ചുമതലകൾ ഏറ്റെടുത്തു. രണ്ടു സ്റ്റാഫും ഉണ്ണിയും. ഉദ്ഘാടനം വളരെ ചെറിയ രീതിയിലായിരുന്നു. ഷട്ടർ തുറന്ന് അകത്തു കടക്കാം. വേറെ ഡക്കറേഷൻ ഒന്നും ചെയ്തിരുന്നില്ല. ഉദ്ഘാടനദിവസം ഞങ്ങളെ കൂടാതെ ഉണ്ണിയും സ്റ്റാഫും, ചേട്ടനും, ചേട്ടന്റെ ഒരു സുഹൃത്തും, പിന്നെ ബിൽഡിംഗ് ഓണറും മാത്രം.
എനിക്കന്ന് മാല ലൈറ്റ് വാടകയ്ക്ക് കൊടുക്കുന്ന കട തൃശൂർ മുൻസിപ്പൽ സ്റ്റാൻഡിൽ ജയാ ബേക്കറിയുടെ മുകൾഭാഗത്തുള്ള ഒരു മുറിയിൽ പാർട്ണർ ഷിപ്പിൽ ഉണ്ടായിരുന്നു. പാർട്ണർ ഷിപ്പ് തുടക്കം നല്ല രീതിയിൽ ആയിരുന്നെങ്കിലും പിന്നീട് അസ്വസ്ഥതകൾ നിറഞ്ഞതായി. സ്ഥാപനം നല്ല നിലയിൽ വന്നപ്പോൾ പാർട്ണർക്ക് അത് സ്വന്തമാക്കണം. അതുകൊണ്ട് എന്നാണ് അവിടെ അവസാനിപ്പിക്കേണ്ടി വരിക എന്നറിയില്ല. രണ്ടു വർഷത്തോളമായി ഇങ്ങനെ ഉരസൽ തുടങ്ങിയിട്ട്. അങ്ങനെയാണ് വിവാഹശേഷം ഞാനും ബിജിയും കൂടി പുതിയ മുറി കണ്ടെത്തിയത്. റൂം വാടക ആയിരം രൂപ. ആ പണം അതികച്ചെലവ് ആണ്. അത് കണ്ടെത്താൻ വേണ്ടിയാണ് സ്ക്രീൻ പ്രിന്റിംഗ് തുടങ്ങിയത്. നിർഭാഗ്യവശാൽ വാടക എന്റെ കയ്യിൽ നിന്നും പോവുക മാത്രമല്ല എനിക്ക് പ്രിന്റിങ്ങിന്റെ കാര്യങ്ങളിലേക്ക് പൈസ ചെലവും വന്നു തുടങ്ങി. അങ്ങനെ വന്നപ്പോൾ ഞാനും വർക്ക് പിടിക്കാൻ ഫീൽഡിൽ ഇറങ്ങിത്തുടങ്ങി. അതിനിടയിൽ, കാര്യങ്ങൾ പരിതാപകരം ആയതുകൊണ്ട് സ്റ്റാഫിൽ ഒരാൾ മറ്റൊരു സ്ഥലത്തേക്ക് ജോലി മാറി പോയി.
അഞ്ചാറു മാസം അങ്ങനെ കഴിഞ്ഞു.
എന്നാൽ പുരോഗതി ഒന്നും കാണുന്നുമില്ല. ഞാൻ കഴിയാവുന്ന സഹായം ചെയ്തു തുടങ്ങി. ഞാനും ഫീൽഡിൽ ഇറങ്ങി വർക്ക് പിടിക്കാൻ തുടങ്ങി. അപ്പോൾ വർക്ക് കുറേശ്ശേ കൂടി വന്നു. ശരിക്കും ജോലി ചെയ്താൽ ലാഭത്തിൽ എത്തിക്കാം എന്ന് എനിക്ക് മനസ്സിലായി. രണ്ടു സ്ഥലത്തും കുറെ സമയം ഞാൻ ജോലി ചെയ്തു.
ആ സമയത്തു ഉണ്ണി പറഞ്ഞു : പൗർണ്ണമിയിൽ ഞാൻ മറ്റൊരാളെ പ്രിന്റ് വർക്കിന് ശരിയാക്കിത്തരാം. ഞാൻ വിടുകയാണ്. ഞാൻ എല്ലാം സ്വന്തമായി ചെയ്യാൻ പോവുകയാണ്. അങ്ങനെ ഉണ്ണിയും സ്റ്റാഫും വിടപറഞ്ഞു. അവർ മറ്റൊരു സ്ഥലത്ത് സ്ഥാപനം തുടങ്ങി.
എനിക്കാണെങ്കിൽ പ്രിന്റിംഗ് കാണുന്നതല്ലാതെ ഒന്നും അറിയില്ല. അവർ പോയപ്പോൾ ബിജി കടയിൽ വന്നു തുടങ്ങി. ഞാൻ എന്റെ പാർട്ണർ ഷിപ്പ് ഒരു ചെറിയ ഉരസലോടെ അവസാനിപ്പിച്ചു. ഞാൻ അവിടുന്നു പോരുമ്പോൾ അവിടെ ഉണ്ടായിരുന്ന സ്റ്റോക്കിന്റെ പകുതി വിഹിതമാണ് എനിക്ക് ലഭിച്ചത്. മാലകൾ ഏതാണ്ട് എഴുന്നൂറിൽ താഴെ വരും. പിന്നെ പലരും തരാനുള്ള പൈസ കിട്ടുമ്പോൾ എനിക്കും വേണം എന്നൊന്നും പറഞ്ഞു ഞാൻ ആ വഴിക്ക് പോയതുമില്ല. ഏതാണ്ട് തൊണ്ണൂരായിരം രൂപയോളം അക്കാലത്ത് ആ കടയിലേക്ക് കിട്ടാൻ ഉണ്ടായിരുന്നു. അതിന്റെ പകുതി നാൽപ്പത്തയ്യായിരം എനിക്ക് അവകാശപ്പെട്ടതാണ്. അത്രയും രൂപയുടെ ആഭരണങ്ങളാണ് അന്ന് ഞങ്ങൾ വിറ്റത്.
ആഭരണങ്ങൾ വിറ്റതിൽ ബിജി പ്രത്യേക വിഷമം ഒന്നും പ്രകടിപ്പിച്ചില്ല. ബിജിയുടെ വീട്ടുകാർ അമ്മയും വല്യമ്മയും ഒന്നും പറഞ്ഞില്ലെങ്കിലും വല്ലാത്ത വിഷമം അവരുടെ മുഖത്ത് പ്രകടമായിരുന്നു.
ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് മൂന്നു നാലു മാസം ആകുമ്പോഴേക്കും ഗോൾഡ് വിൽക്കുന്നു എന്നു കേൾക്കുമ്പോൾ അത് മനസ്സിൽ ഒരുപാട് ആശങ്കകൾ ഉണ്ടാക്കുമല്ലോ. അവരെ പറഞ്ഞിട്ടു കാര്യമില്ല. ബിജിയുടെ കുട്ടിക്കാലത്തുതന്നെ അച്ഛൻ മരിച്ചു. പിന്നീട് ബിജിയേയും ആങ്ങളയെയും വളർത്തി. വല്യമ്മയും ഇവർക്കൊപ്പം ഒപ്പം ഉണ്ടായിരുന്നു. ആങ്ങള ബിജു വലുതായപ്പോൾ ഗൾഫിൽ പോയി. ഞങ്ങളുടെ കല്യാണത്തിന് ഉണ്ടായിരുന്നില്ല. വല്യമ്മയും അമ്മയും കൂടിയാണ് തീരുമാനങ്ങൾ എടുക്കുന്നത്.
എന്റെ വല്യമ്മയുടെ മകൾ ഷീല പറഞ്ഞത് പ്രകാരം ഞാൻ ബിജിയെ പെണ്ണ് കാണാൻ പോവുകയും തികച്ചും സ്വാഭാവികമായ രീതിയിൽ അമ്പലത്തിൽ വെച്ചാണ് വിവാഹം നടന്നതും.
അങ്ങനെ വിവാഹം കഴിഞ്ഞു കുറച്ചു നാൾ കഴിയുമ്പോഴേക്കും മകളുടെ ആഭരണങ്ങൾ വിൽക്കേണ്ടി വരിക എന്നത് കേൾക്കാൻ ആർക്കും ഇഷ്ടപ്പെടില്ല. എന്നാലും, അവരും എന്നോട് ഒരു പരിഭവവും പറഞ്ഞില്ല.
പുതിയ കട പൗർണ്ണമി. ഇനി ഇവിടെത്തന്നെ ശരണം. പൗർണ്ണമിക്കു വേണ്ടി ബിജിയുടെ കുറച്ചു ഗോൾഡ് വിൽക്കേണ്ടി വന്നു. പിന്നെ എന്റെ കയ്യിൽ ഉണ്ടായിരുന്ന പൈസയും മുഴുവനും ഇറക്കി. കൂടാതെ ലോണും കുറി വിളിച്ചും കടയിൽ പണം ഇറക്കി. മാല ലൈറ്റിന്റെ എണ്ണം ഏതാണ്ട് രണ്ടായിരത്തിനു താഴെ എത്തിച്ചു.
ഈ പണികളിൽ എല്ലാം ഞാനും ബിജിയും ഒപ്പത്തിനൊപ്പം ഉണ്ടായിരുന്നു. അന്ന് എന്റെ വീട്ടിൽ വയസ്സായി വരുന്ന അച്ഛനും അമ്മയും ഉണ്ട്. പട്ടാളത്തിൽ ആയിരുന്ന അച്ഛന് ചെറിയൊരു പെൻഷൻ ഉണ്ട്. അതിനാൽ അച്ഛന്റെയും അമ്മയുടെയും കാര്യങ്ങൾ എല്ലാം ഭംഗിയായി നടക്കും.
ഞാനും ബിജിയും ഒന്നിച്ചു രാവിലെ എട്ടരയോടെ ഇറങ്ങും. ബിജി നേരത്തെ എണീറ്റ് ചോറും കറിയും വെക്കും. പിന്നെ എന്തെങ്കിലും പലഹാരവും ഉണ്ടാക്കും. ഇഡ്ഡലിയോ ദോശയോ പുട്ടോ... അങ്ങനെ എന്തെങ്കിലും. അതും കഴിച്ച് ഉച്ചക്കുള്ള ചോറും കറികളും രണ്ടു പേർക്കും രണ്ടു പാത്രങ്ങളിലാക്കി ഒരു സഞ്ചിയിലാക്കി അതും പിടിച്ചാണ് നടത്തം. സഞ്ചി ഞാൻ തന്നെയാണ് പിടിക്കാറ്. രാവിലത്തെ തിരക്കുളള ബസ്സിൽ മിക്കവാറും പടിയിൽ തൂങ്ങി നിന്നാണ് യാത്ര ചെയ്യേണ്ടി വരിക. അപ്പോൾ സീറ്റിൽ ഇരിക്കുന്ന ആരെയെങ്കിലും സഞ്ചി ഏൽപ്പിക്കും. ടൗണിൽ എത്തുമ്പോൾ അത് തിരിച്ചു തരും. ബസ്സ് ഇറങ്ങിയാൽ പിന്നെ അര കിലോമീറ്റർ നടന്ന് കടയിൽ എത്തും. സാവധാനം നടന്ന് അങ്ങനെ കടയിൽ വരും. കടയിൽ എല്ലാ ദിവസവും ബിജിയ്ക്ക് വരേണ്ടി വരാറില്ല. തിരക്കുളള ദിവസങ്ങളിൽ മാത്രം ഞാൻ വിളിക്കും. അപ്പോൾ വരും. ചിലപ്പോൾ സ്ക്രീൻ പ്രിന്റിംഗ് പണികളിൽ സഹായിക്കും. അല്ലെങ്കിൽ മാല ലൈറ്റ് ഉണ്ടാക്കാൻ സഹായിക്കും.
ഉണ്ണി പോകുമ്പോൾ നല്ലൊരു പയ്യനെ എനിക്ക് ജോലിക്ക് ആക്കി തന്നു. പയ്യൻ ഒരു ആർട്ടിസ്റ്റ് കൂടി ആയിരുന്നു. പ്രിന്റിംഗ് എല്ലാം നന്നായി ചെയ്യും. പക്ഷേ ഇവിടെ ഒരു ഗുലുമാൽ സംഭവിച്ചു. എന്തെന്ന് വെച്ചാൽ, എനിക്ക് പ്രിന്റിംഗിന്റെ ഒരു കാര്യവും അറിയില്ല എന്ന് മനസിലായപ്പോൾ പുള്ളിയ്ക്ക് തലക്കനം കൂടി. പുള്ളി വർക്കിന് സമയത്ത് വരില്ല. ഒമ്പതരയ്ക്ക് വരേണ്ടയാൾ പത്ത്, പത്തര, പതിനൊന്ന്.... അങ്ങനെയൊക്കെയായി. അങ്ങനെ കുറച്ചു കാലം ഓടി. ആ പുള്ളി പോയി. മറ്റൊരാൾ വന്നു. അങ്ങനെ കട മുന്നോട്ടു പോയി. കാലങ്ങൾ കഴിഞ്ഞപ്പോൾ, ബിജിയുടെ വിറ്റ സ്വർണ്ണത്തിനു പകരം ഒരു സ്ഥലം വാങ്ങാൻ കഴിഞ്ഞു.
ഇതിനിടയിൽ രണ്ടു മക്കൾ ഉണ്ടായി. തേജസ്വനിയും ദൃശ്യയും. എന്റെ അച്ഛനും അമ്മയും വിടവാങ്ങി. വർഷങ്ങൾക്ക് ശേഷം 2022 ഏപ്രിൽ 11 നു ബിജിയും പോയി. ബിജി ഉള്ളപ്പോൾ തന്നെ കോവിഡ് കാലത്ത് തേജുവിന്റെ വിവാഹം ശരത്തുമായി കഴിഞ്ഞിരുന്നു.
കുറെ പണം ഉണ്ടാക്കണം എന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. ബാധ്യതകൾ ഒന്നും ഇല്ലാതെ ജീവിച്ചുപോകണം എന്നേ ഉണ്ടായിരുന്നുള്ളു. അത് ഇതുവരെ സാധിച്ചു. ബിജിയുടെ വിയോഗത്തിനു ശേഷം കടയെല്ലാം പേരിന് കൊണ്ടുനടക്കുന്നു എന്നുമാത്രം.
ഉണ്ടായിരുന്നകാലം ബിജിയോടൊപ്പം സന്തോഷത്തോടെയും സമാധാനമായും കഴിയാൻ പറ്റി എന്നതാണ് ഈ ദിനം എന്നെ ഓർമ്മിപ്പിക്കുന്നത് എന്നു പറഞ്ഞുകൊണ്ട് നിർത്തുന്നു.
...
No comments:
Post a Comment