കഥ
പെട്ടെന്ന് പൊട്ടിമുളക്കുന്ന ചില ആഘോഷങ്ങൾ
വഴിവക്കിലുള്ള ആലിന്റെ ചുവട്ടിൽ ഇരുന്ന് നാല് സുഹൃത്തുക്കൾ ചുമ്മാ സംസാരിക്കുകയായിരുന്നു. അപ്പോഴാണ് ഒരാളുടെ ഫോണിലേക്ക് ഇവരുടെ ഒരു സ്നേഹിതന്റെ വിളി വന്നത്.
അവരുടെ എല്ലാവരുടെയും സുഹൃത്തായ ഭാസ്‌കരന്റെ തൊണ്ണൂറ്റിരണ്ടു വയസ്സുള്ള അമ്മയുടെ മരണവിവരം പറഞ്ഞുകൊണ്ടുള്ളതായിരുന്നു ആ വിളി. അമ്മ കുറച്ചു നാളായി വയ്യാതെ കിടക്കുന്നു. ഒരു സ്ത്രീയെ അമ്മയെ നോക്കാനായി നിർത്തിയിട്ടുണ്ട്. രാവും പകലും ആ സ്ത്രീ തന്നെയാണ് അവസാന നാലുമാസമായി നോക്കിക്കൊണ്ടിരുന്നത്. സമയാസമയങ്ങളിൽ അമ്മയ്ക്ക് കഞ്ഞി കൊടുക്കുക, മരുന്ന് കൊടുക്കുക, വെള്ളം കൊടുക്കുക, നനഞ്ഞ തുണികൊണ്ട് മൂന്നു നേരം ശരീരം മുഴുവനും ഒപ്പിയെടുക്കുക...മലമൂത്ര വിസർജനങ്ങൾ വൃത്തിയാക്കുക... മുറി അടിച്ചു തുടച്ചു ദുർഗന്ധമില്ലാതെ സൂക്ഷിക്കുക... ഇതെല്ലാം ചെയ്യുന്നതിനു പുറമേ ബന്ധുക്കളോ മറ്റു ആരെങ്കിലും വന്നാലോ മക്കൾക്കറിയാത്ത അമ്മയുടെ വിശേഷങ്ങൾ അവരുമായി പങ്കു വെക്കുക ഇതൊക്കെയായിരുന്നു അവരുടെ പണി.
ഇങ്ങനെ ജോലി ചെയ്യുന്നതിനു അമ്മയുടെ ഉദ്യോഗസ്ഥരായ നാലുമക്കളും ചേർന്ന് നല്ലൊരു തുക മാസാമാസം ശമ്പളമായി കൊടുക്കുകയും ചെയ്തു. ഈ നാലു മാസത്തിനിടയിൽ ആകെ രണ്ടു തവണ മാത്രമേ സ്ത്രീ അവരുടെ സ്വന്തം വീട്ടിലേക്ക് ഓരോ രാത്രി നിൽക്കുന്നതിനു പോയിട്ടുള്ളൂ. അത്രയും ഭംഗിയായി സ്വന്തം അമ്മയെപ്പോലെ അവർ ഈ അമ്മയെയും നോക്കി. ആ കാര്യത്തിൽ ഈ നാലു മക്കളും ഈ സ്ത്രീയെ മനസാ സ്തുതിച്ചു.
നാല് ആണ്മക്കളും രണ്ട് പെണ്മക്കളും അവരുടെ കുട്ടികളും പേരകിടാങ്ങളും ഉള്ള ഒരു അമ്മയാണ് ഇവരെങ്കിലും ആർക്കും അവരെ വേണ്ട രീതിയിൽ പരിപാലിക്കാൻ സമയമോ സൗകര്യമോ മനസ്സോ ഇല്ലാത്തതിനാലാണ് കാശ് കൊടുത്താലും വേണ്ടില്ല പരിചരിക്കാൻ ഒരാളെ ഏർപ്പെടുത്തിയത്. പണം തുല്യമായി എല്ലാവരും കൂടി കൊടുത്തിനാൽ അമ്മയെ ഞങ്ങൾ നോക്കി എന്ന സംതൃപ്തിയും ഉണ്ട്. ആളുകളോട് അത് പറയുമ്പോഴും അതിന്റെ ഒരു ഗമ അറിയാതെ ആ മക്കളുടെ മുഖത്ത് പ്രതിഫലിക്കാറുണ്ട്.
ഞങ്ങൾ ഞങ്ങളുടെ അമ്മയെ പൊന്നുപോലെ നോക്കുന്നുണ്ട്. അവർ അഭിമാനത്തോടെ എല്ലാവരോടും പറഞ്ഞു.
നല്ല കാര്യം.
അതുതന്നെയാണ് വേണ്ടത്. ചിലർ മറുപടി പറഞ്ഞു. മറ്റു ചിലർ രഹസ്യമായി പരസ്പരം പറഞ്ഞത് ഇങ്ങനെയാണ് : അവര് അമ്മയെ നോക്കാൻ കാശ് കൊടുത്ത് ആളെ നിർത്തിയിരിക്കുകയാണ്. എന്നിട്ടാണ് ഈ വീരവാദം പറയുന്നത്!
ഇവരിൽ മൂന്നാമത്തെ മകൻ ഭാസ്‌കരന്റെ സ്നേഹിതൻ ഭരതനാണ് നമ്മുടെ ആലിഞ്ചുവട്ടിൽ ഇരുന്നു വർത്തമാനം പറഞ്ഞിരുന്ന ടീമിലെ അലക്സിനെ വിളിച്ചു മരണവിവരം പറഞ്ഞത്. അലക്‌സ് ഉടനെ മറ്റുള്ളവരോടു പറഞ്ഞു. പിറ്റേന്നാണ് ശവസംസ്‌കാരം. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് എടുക്കും. പറമ്പ് കുറെ ഉള്ളതിനാൽ വീട്ടിൽ തന്നെയാണ് ദഹിപ്പിക്കുന്നത്.
അപ്പോൾ ആരെങ്കിലും പോകുന്നുണ്ടോ? അലക്സ് ചോദിച്ചു. നാളെയല്ലേ? ആലോചിച്ചു തീരുമാനിക്കാം. ഒരാൾ പറഞ്ഞു.
ശരി. ആലോചിച്ചു പറഞ്ഞാൽ മതി. ഞാൻ ഏതായാലും രാവിലെ അമ്മയെ കാണാൻ പോകുന്നുണ്ട്. ഭാസ്കരൻ എനിക്ക് അത്രയും വേണ്ടപ്പെട്ട ആളാണ്. അലക്‌സ് പറഞ്ഞു. നിങ്ങൾ ആരെങ്കിലും വരുന്നുണ്ടെങ്കിൽ ഇന്നുതന്നെ വിവരം എന്നോട് വിളിച്ചു പറയണം. അതും പറഞ്ഞ് അലക്‌സ് അവിടെ നിന്നും പോയി.
അപ്പോൾ മറ്റുള്ളവരും ആലോചിച്ചു തുടങ്ങി. എന്തു ചെയ്യണം? ഭാസ്‌കരന്റെ അമ്മ മരിച്ചിട്ട് പോയില്ലെങ്കിൽ അത് മോശമല്ലേ? അവർ ചോദ്യങ്ങളും ഉത്തരങ്ങളുമായി കുറെ നേരം സംസാരിച്ചു. അവസാനം അവരും പോകാം എന്ന തീരുമാനത്തിലെത്തി.
ഇനി മറ്റാരെങ്കിലും ഉണ്ടാകുമോ? ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ശ്രീനിവാസൻ ചോദിച്ചു. നമ്മുടെ ടീമിൽ പത്തമ്പതു പേര് ഉള്ളതല്ലേ? അവരെ വിവരം അറിയിച്ചില്ലെങ്കിൽ അവർ ബഹളം വെക്കില്ലേ?
അങ്ങനെയാണ് അവർ ഭാസ്‌കരന്റെ അമ്മയുടെ മരണവിവരം അവരുടെ തൃശൂർ ടീം വാസുപുരം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. കൂടാതെ നാല് പേര് പോകുന്ന വിവരവും ഇനി ആരെങ്കിലും മരിച്ച വീട്ടിലേക്ക് കൂടെ വരുന്നുണ്ടോ എന്ന ചോദ്യവുമായി ഒന്നുരണ്ടു പോസ്റ്റുകൾ വേറെയും ഇട്ടു.
അമ്മയുടെ മരണവിവരവും ചിലരെല്ലാം അങ്ങോട്ട് പോകുന്ന വിവരവും സുഹൃത്തുക്കൾ എല്ലാവരും അറിഞ്ഞു.
ഇനി മറ്റാരെങ്കിലും പോകുന്നുണ്ടോ എന്നൊരു ചോദ്യം വീണ്ടും ഉയർന്നുവന്നു. അപ്പോൾ സലീമും, അഷ്‌റഫും, പ്രസാദും വരാൻ ഉണ്ടാകും എന്നൊരു മറുപടി വന്നു. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ വർഗീസും, ആനന്ദും വരുന്നുണ്ടെന്ന് പറഞ്ഞു. അപ്പോൾ ഒരു കാറിലേക്കുള്ള ആളായി. ഇത്തിരി ടൈറ്റാകും എന്നേയുള്ളു. അങ്ങനെ ഒരു മണിക്കൂർ കൂടി കഴിഞ്ഞപ്പോഴാണ് ശങ്കരനും ഔസേപ്പും ഉണ്ടെന്ന് പറയുന്നത്. അത് കണ്ടപ്പോൾ ചിലർ ചിരിയുടെ ചിഹ്നങ്ങളും ചിലർ തംസ്‌അപ്പ് ചിഹ്നങ്ങളും കാണിച്ചു.
അങ്ങനെ ഏകദേശം രാത്രി പത്തുമണി കഴിഞ്ഞപ്പോൾ ഒരു ഗൂഗിൾ മീറ്റ് വെച്ചാലോ എന്നു തോന്നിയത്. മിനിറ്റുകൾക്കുള്ളിൽ ഗൂഗിൾ മീറ്റ് ആരംഭിച്ചു. പിന്നീട് നീണ്ട ചർച്ചകൾ തുടങ്ങി. ആരൊക്കെയാണ് പോകാൻ തയ്യാറുള്ളത്? എത്ര പേര് ഉണ്ട്? വണ്ടി ഏതു വിളിക്കണം? എത്ര മണിയ്ക്ക് പുറപ്പെടും? എപ്പോൾ തിരിച്ചു വരും? ആരെങ്കിലും ഇതിനു മുൻപ് അവിടെ പോയിട്ടുണ്ടോ? റീത്ത് ആര് വാങ്ങും? വീട് അയ്യമ്പുഴയിലാണ് പക്ഷേ അവിടേയ്ക്ക് ഇതുവരെ ആരും പോയിട്ടില്ല. പോകേണ്ടി വന്നിട്ടില്ല. അവസാനം ഒന്നര മണിക്കൂറോളം ചർച്ച ചെയ്തു അവർ രാവിലെ എട്ടു മണിയ്ക്ക് പുറപ്പെടാൻ തീരുമാനിച്ചു. ഇപ്പോൾ പോകാൻ പത്തൊമ്പത് പേര് തയ്യാറായിട്ടുണ്ട്. അതുകൊണ്ട് ഒരു ടെമ്പോ വിളിക്കാനും തീരുമാനിച്ചു.
പിറ്റേന്ന് രാവിലെ ഏഴേമുക്കാലിന് തന്നെ അലക്‌സ് ടെമ്പോ എത്തണമെന്ന് പറഞ്ഞിരുന്ന വാസുപുരത്തെ ജംഗ്ഷനിൽ ഉള്ള കപ്പേളയുടെ മുന്നിലെത്തി നോക്കുമ്പോൾ ആരും വന്നിട്ടില്ല. വരുന്നവരെല്ലാം കൃത്യമായി സമയത്തിന് ഇവിടെ എത്തിയേക്കാം എന്നാണ് പറഞ്ഞിരിക്കുന്നത്. എട്ടുമണിയ്ക്ക് പുറപ്പെടാൻ വണ്ടിപോലും എത്തിയിട്ടില്ല.
അങ്ങനെ നിൽക്കുമ്പോൾ അതാ കൃഷ്ണനും സുദേവനും കൂടി ഒന്നിച്ചു വരുന്നു. ഇന്നലെ നടന്ന ഗൂഗിൾ മീറ്റിൽ ഇവർ വരുമെന്നോ വരില്ലെന്നോ ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ അവരാണ് ഇപ്പോൾ ആദ്യം എത്തിയിരിക്കുന്നത്.
പിന്നെ അഞ്ചു മിനിറ്റിനുള്ളിൽ ഒരാളൊഴികെ എല്ലാവരും എത്തിച്ചേർന്നു. അങ്ങനെ നിൽക്കുമ്പോഴേക്കും വണ്ടിയും എത്തി. ഇനി വരാമെന്ന് പറഞ്ഞിരുന്ന ജോർജ്ജ് കൂടി എത്തിയാൽ പോകാം. എല്ലാവരും കൃത്യസമയത്ത് എത്തിയതിൽ പരസ്പരം അഭിനന്ദിച്ചു. ആ ജോർജ്ജ് എവിടെ പോയി കെടക്കുന്നു? ആരെങ്കിലും ഒന്നു വിളിച്ചു നോക്കു. ഒരാൾ പറഞ്ഞു.
അങ്ങനെയാണ് നാസർ ജോർജ്ജിനെ വിളിക്കുന്നത്. നാസർ വിളിച്ചപ്പോൾ ഫോൺ റിംഗ് ചെയ്യുന്നുണ്ട്. പക്ഷേ എടുക്കുന്നില്ല. അപ്പോൾ ചിലർ പറഞ്ഞു ഒരുപക്ഷേ ജോർജ്ജ് വണ്ടിയിൽ വന്നുകൊണ്ടിരിക്കുകയായിരിക്കും. അതായിരിക്കും എടുക്കാത്തത്. അഞ്ചു മിനിറ്റ് കൂടി നോക്കാം. എന്നിട്ടും കണ്ടില്ലെങ്കിൽ നമുക്ക് പോകാം. ചിലർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
അതും പറഞ്ഞു നിൽക്കുമ്പോൾ നാസറിന്റെ ഫോണിലേക്ക് ജോർജ്ജിന്റെ വിളി വന്നു. നിങ്ങൾ എല്ലാവരും എത്തിയോ? ഞാനിതാ വീട്ടിൽ നിന്നും ഇറങ്ങുകയാണ്. ഒന്ന് വെയ്റ്റ് ചെയ്യണേ എന്ന് പറഞ്ഞുകൊണ്ടുള്ള വിളിയായിരുന്നു അത്.
നീ വേഗം വായോ... ഞങ്ങളെല്ലാം നിന്നെ കാത്തു നിൽക്കുകയാണ്. ഇവിടെ എല്ലാവരും എത്തി. വണ്ടി വന്നിട്ടുണ്ട്. എത്രയും പെട്ടെന്ന് എത്തിചേരൂ.... എന്ന മറുപടി കൊടുത്ത് നാസർ ഫോൺ കട്ട് ചെയ്തു.
ജോർജ്ജ് ഇപ്പോൾ എത്തിച്ചേരും. വീട്ടിൽ നിന്നും പുറപ്പെട്ടു എന്ന വിവരം നാസർ എല്ലാവരോടും പറഞ്ഞു. അത് കേട്ടപ്പോഴാണ് മാധവൻ പറയുന്നത് ജോർജ്ജ് എത്തുന്നതിനു മുൻപ് ഞാൻ ആ ചായക്കടയിൽ പോയി ഒരു കാലി അടിച്ചിട്ട് വരാം എന്ന്. ഇതും പറഞ്ഞു മാധവൻ ആ ചായക്കടയിലേക്ക് നടക്കുമ്പോൾ സുരേന്ദ്രനും അർമുഖനും ഒപ്പം കൂടി. ഞങ്ങളും കൂടി ഉണ്ട് ചായ കുടിക്കാൻ.
എന്നാൽ നമുക്ക് ഇനി എല്ലാവർക്കും വണ്ടിയിൽ കയറി ഇരിക്കാം എന്ന് അലക്‌സ് വിളിച്ചു പറഞ്ഞു. അങ്ങനെ ബാക്കി എല്ലാവരും വണ്ടിയിൽ കയറി തങ്ങളുടെ സീറ്റിൽ ഇരുന്നു. ആ സമയത്ത് ഓടിപിടഞ്ഞു ജോർജ്ജും വന്നു ചേർന്നു. അപ്പോൾ എല്ലാവരും ചേർന്ന് ജോർജ്ജിന്റെ മെക്കിട്ട് കയറികൊണ്ടു ചോദിച്ചു നീ എന്താ ഇത്രയും വൈകിയത്? നീ ഒരുത്തൻ കാരണം എത്ര സമയം പോയി എന്നറിയോ?
അപ്പോൾ അതിനു മറുപടി പറയുന്നതിന് പകരം ജോർജ്ജ് പറഞ്ഞത് ഇങ്ങനെയാണ്. വീട്ടിൽ പെട്ടെന്ന് ഒരു ഗസ്റ്റ് കയറി വന്നു. എന്താ ചെയ്യാ.... ആ കാര്യമൊക്കെ ഞാൻ പിന്നെ പറയാം. വണ്ടി വിടാൻ നോക്ക്.
വണ്ടിയൊക്കെ വിടാം. നിന്നെ കാണാതായപ്പോൾ മൂന്നു പേർ ചായ കുടിക്കാൻ പോയി. അവര് എത്തിയാൽ ഉടൻതന്നെ വണ്ടി വിടാം.
അവസാനം ചായ കുടിയും കഴിഞ്ഞു അവരെത്തി സീറ്റിൽ ഇരുന്നു. വണ്ടി വിടാൻ മുക്കാൽ മണിക്കൂർ വൈകിയതിൽ പലരും പരിഭവം പറഞ്ഞു. ഈ ജോർജ്ജ് ഒരുത്തൻ കാരണമാണ് ഇത്രയും വൈകിയത്. ഇനിയെങ്കിലും എവിടേക്കെങ്കിലും പോകാൻ തീരുമാനിച്ചാൽ കൃത്യസമയത്ത് തന്നെ എത്തിച്ചേരണം. എങ്കിലേ വിചാരിച്ചപോലെ പോയി വരാൻ കഴിയുള്ളു. അങ്ങനെ ചർച്ച മുറുകുന്നതിനിടയിൽ സുന്ദരൻ പറഞ്ഞു പോകുന്ന വഴിയ്ക്ക് ടൗണിൽ പൂക്കടയുടെ അടുത്ത് ഒന്നു നിർത്തണം. റീത്ത് പറഞ്ഞു വെച്ചിട്ടുണ്ട്. അത് വാങ്ങണം.
അപ്പോൾ ചിലർ സംശയം അവിടെയും കുറെ സമയം പോകുമോന്ന്. ഇല്ല. അവിടെ സമയം പോവില്ല. ഞാനിപ്പോൾ ഒന്നുകൂടി വിളിച്ചിട്ടുണ്ട്. അവിടെ എത്തുമ്പോൾ വണ്ടി നിർത്തി ഞാൻ അങ്ങോട്ട് ചെല്ലുന്നു. പൈസ കൊടുത്ത് റീത്തു വാങ്ങുന്നു. തിരിച്ചു വരുന്നു. അത്രേയുള്ളൂ. അപ്പോൾ വർഗീസ് ഇടപ്പെട്ട് പറഞ്ഞു. സുന്ദരൻ പറഞ്ഞെതെല്ലാം ശരിതന്നെ. എന്നാൽ നമ്മൾ അവിടെ എത്തുമ്പോഴേക്കും അർജന്റായി ഒരാൾ റീത്തിനു വന്നാൽ നമ്മുടെ റീത്ത് അവർക്ക് കൊടുക്കും. പിന്നെ നമുക്കുള്ളത് ഉണ്ടാക്കി തുടങ്ങും. ഞങ്ങളൊരിക്കൽ റീത്തു വാങ്ങാൻ ചെന്നപ്പോൾ ഇതുപോലെ സംഭവിച്ചിട്ടുണ്ട്. ഇതും പറഞ്ഞു അയാൾ ഉറക്കെ ചിരിച്ചു. അപ്പോൾ സുന്ദരൻ പറഞ്ഞു അത് നിങ്ങൾ പോയപ്പോഴല്ലേ. ഞാൻ വിളിച്ചു പറഞ്ഞാൽ അങ്ങനെയൊന്നും സംഭവിക്കില്ല. സുന്ദരനും വിട്ടുകൊടുത്തില്ല.
ഈ വക സംസാരത്തിനിടയിൽ വണ്ടി ആ പൂക്കടയുടെ മുന്നിലെത്തി. സുന്ദരൻ ഇറങ്ങി കടയിൽ ചെന്ന് പണം കൊടുത്തു റീത്തുമായി വണ്ടിയിൽ വന്നു കയറി. കണ്ടോ? ഞാനൊക്കെ വിളിച്ചു പറഞ്ഞാൽ ഇങ്ങനെയാണ്. കടുകിടെ ഒരു മാറ്റവും വരില്ല. കണ്ട ചൊക്ലികൾ പറഞ്ഞാൽ വർഗ്ഗീസ് പറഞ്ഞപോലെയിരിക്കും.ഹ... ഹ... ഹ... സുന്ദരൻ പൊട്ടിച്ചിരിച്ചു.
ഇത് കേട്ടപ്പോൾ വർഗീസിന് സഹിച്ചില്ല. എന്നാലും സുന്ദരാ... നീ ഞങ്ങളെ ചൊക്ലി... എന്നു വിളിച്ചത് ശരിയായില്ലാ... ട്ടാ...
അത് കേട്ടപ്പോൾ വണ്ടിയിലെ എല്ലാവരും പൊട്ടിച്ചിരിച്ചു. അപ്പോൾ സുന്ദരൻ പറഞ്ഞു. ഞാൻ നിന്നെയല്ല പറഞ്ഞത്.... ഒരു പൊതുവായ കാര്യമാണ് പറഞ്ഞത്. എവിടെയും ആളുവില കല്ലുവില എന്നു കേട്ടിട്ടില്ലേ? ഇവിടെയും അതന്നെ. അത്രേയുള്ളൂ.
ഇങ്ങനെയെല്ലാം തർക്കിച്ചും വർത്തമാനം പറഞ്ഞും അവസാനം വണ്ടി മരണവീട്ടിൽ എത്തിച്ചേർന്നു. വീടിന്റെ മുന്നിൽ എല്ലാവരും നിശബ്ദരായി പയ്യെ ഇറങ്ങി. എല്ലാവരും ഇറങ്ങിയപ്പോൾ വണ്ടി അല്പം മാറി പാർക്ക് ചെയ്യാൻ പോയി.
ഭാസ്‌കരൻ സുഹൃത്തുക്കളെ ഇത്രയും പേരെ ഒന്നിച്ചു കണ്ടപ്പോൾ ചെറുതായി ഒന്നു ഞെട്ടുകയും അതേസമയം ഉള്ളിൽ ഒരു സന്തോഷം വരികയും ചെയ്തു. എന്നാൽ അത് പുറത്തു കാണിച്ചില്ല. അമ്മ മരിച്ച വിവരം വാസുപുരത്തെ സ്നേഹിതർ അറിയുമ്പോൾ രണ്ടോ മൂന്നോ പേര് മാത്രം വരുമായിരിക്കാം എന്നേ കരുതിയുള്ളൂ. പക്ഷേ ഇപ്പോൾ ഇതാ ഒരു വണ്ടി നിറയെ ആളുകൾ എത്തിയിരിക്കുന്നു.
സ്നേഹിതർ എല്ലാവരും ഒന്നിച്ചു ചെന്ന് റീത്ത് വെക്കുകയും അമ്മയെ തൊഴുകയും ചെയ്തു. അപ്പോൾ വീടിനകത്തെ ആ ഹാളിൽ സ്ത്രീകൾ ആരൊക്കെയോ ഇരുന്നു കരയുകയും ചിലർ നിശബ്ദരായി ഇരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവിടെ എണ്ണവിളക്ക് തെളിഞ്ഞു കത്തുകയും ചന്ദനത്തിരിയുടെ ഗന്ധം നിറഞ്ഞു നിൽക്കുകയും ചെയ്തു. അമ്മ ഫ്രീസറിൽ കണ്ണുകൾ അടഞ്ഞു ചെറുപുഞ്ചിരിയുമായി കിടക്കുന്നു.
റീത്ത് വെച്ചതിനു ശേഷം എല്ലാവരും പുറത്തിറങ്ങി. വിശാലമായ മുറ്റത്തെ പന്തലിൽ കുറച്ചുപേർ ഇരിക്കുന്നുണ്ട്. കുറച്ചു ആളുകൾ മരച്ചുവടുകളിൽ വട്ടം കൂടി നിന്നു സംസാരിക്കുന്നുണ്ട്. ഭാസ്‌കരന്റെ സഹോദരങ്ങളെ വാസുപുരത്തു നിന്നും പോയവർ പരിചയപ്പെട്ടു. വിശേഷങ്ങൾ പങ്കുവെച്ചു. അങ്ങനെ ഏതാണ്ട് അര മണിക്കൂർ ആയപ്പോൾ ഭാസ്‌കരനോട് യാത്ര പറഞ്ഞു എല്ലാവരും വണ്ടിയിൽ വന്നു കയറി.
ഭാസ്‌കരന്റെ വീടിന്റെ ഏരിയ കഴിഞ്ഞതോടെ വണ്ടിയിൽ പാട്ട് വെച്ചു. ചിലർ കൂടെ പാടി. ചിലർ കയ്യടിച്ചു ഒപ്പം പാടി. ചിലർ സീറ്റിൽ നിന്നും എണീറ്റ് ഡാൻസ് ചെയ്യാനും തുടങ്ങി. അതിനിടെ ചിലർ പറഞ്ഞു ഏതെങ്കിലും ബാറിന്റെ മുന്നിൽ വണ്ടി നിർത്തി തരണം. രണ്ടെണ്ണം വിട്ടിട്ട് നമുക്ക് യാത്ര തുടരാം.
വണ്ടി ചാലക്കുടി എത്തിയപ്പോൾ അവിടെ ഒരു ബാറിലേക്ക് വണ്ടി വിട്ടു. ആവശ്യക്കാർ അവിടെ കയറി. മറ്റു ചിലർ ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാൻ പോയി. അങ്ങനെ ഒന്നര മണിക്കൂറോളം ഭക്ഷണത്തിനും പാനിയങ്ങൾ സേവിക്കുന്നതിനും ചെലവഴിച്ചു.
തിരിച്ചു വണ്ടിയിൽ കയറുമ്പോൾ എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. ചിലർ ആടിയാടി വന്നാണ് വണ്ടിയിൽ പൊത്തിപ്പിടിച്ചു കയറിയത്. ചിലർ മുറുക്കാൻ മുറുക്കിയും ചിലർ സിഗററ്റ് വലിച്ചും വന്നു കയറി. വണ്ടിക്കകത്തു എല്ലാവരും കയറി കഴിഞ്ഞപ്പോൾ ഡ്രൈവർ പറഞ്ഞു വിന്റോ ഗ്ലാസ് എല്ലാം തുറന്നു വെക്കണം. സിഗററ്റ് വലി കഴിഞ്ഞതിനു ശേഷം ഏ സി ഓൺ ചെയ്യാം.
വണ്ടിയിൽ പാട്ടു വെച്ചു. വീണ്ടും കയ്യടിയും നൃത്തവും തുടങ്ങി. ബാറിൽ നിന്നും ഇറങ്ങുമ്പോൾ രണ്ടു ഫുള്ള് വേറെയും വാങ്ങിയിരുന്നു. ഇനിയും പോരാത്തത് വണ്ടിയിൽ ഇരുന്നു കഴിക്കാൻ. അവിടെ കഴിച്ചു മതിയാത്തവർ വീണ്ടും വണ്ടിയിൽ ഗ്ലാസ്സിലേക്ക് ഒഴിച്ചു പാകത്തിന് വെള്ളം ചേർത്ത് കുടിച്ചു. കൊറിക്കാൻ മിസ്ച്ചർ, മീൻ വറുത്തത്, ചിക്കൻ പൊരിച്ചത് അങ്ങനെ പലതും ഉണ്ടായിരുന്നു.
അവരിപ്പോൾ മരണവീടും മരിച്ച ആളെയും മരണത്തേയും മറന്നു. എല്ലാവരും ഒരു ടൂർ പോയി വരുന്ന ആഘോഷത്തിന്റെ പ്രസരിപ്പിൽ ആയിരുന്നു. വണ്ടിയിൽ ചിലർ സ്റ്റീരിയോ ഓഫ് ചെയ്തു പകരം മൈക്ക് വാങ്ങി പാട്ട് പാടാൻ തുടങ്ങി. നൃത്തവും ഒപ്പം കയ്യടിയും മുറുകി. ഡാ... ജീവിതം ഇത്രയേയുള്ളൂ. ആഘോഷിച്ചു തീർക്കുക. പറ്റുന്ന എല്ലാ അവസരങ്ങളും ആഘോഷമാക്കുക. ഇങ്ങനെ ആടിയും പാടിയും അവരുടെ വണ്ടി നാലുമണിയോടെ വാസുപുരത്തേക്ക് തിരികെ എത്തി. വണ്ടി വേഗത്തിൽ നാട്ടിൽ എത്തിയതിൽ പലരും നിരാശരായി. ആ ദുഃഖഭാരത്തിൽ അവർ സ്വന്തം വീടുകളിലേക്ക് മടങ്ങി.
...
രാജൻ പെരുമ്പുള്ളി