കെ ഉണ്ണികൃഷ്ണൻ
എഴുതിയ
കാൻസർ മീൽസ്
-മാറ്റി വരയ്ക്കപ്പെട്ട ശിരോലിഖിതങ്ങളുടെ നേർസാക്ഷ്യങ്ങൾ-
വായിച്ചു.
നാം ഓരോ ദിവസവും ഓരോ പ്രാവശ്യവും ഭക്ഷണം, അതിന്റെ ഗുണദോഷങ്ങൾ ചിന്തിക്കാതെ കഴിക്കുമ്പോൾ നമ്മുടെ ആയുസ്സിന്റെ നീളം കുറയുന്നു എന്നതാണ് നോവൽ നൽകുന്ന ആദ്യപാഠം. എന്ത് കഴിക്കുമ്പോഴും ആ വിഭവത്തിൽ എന്തെങ്കിലും വിഷാംശം അതിൽ അടങ്ങിയിരിക്കും.
അതേക്കുറിച്ചുള്ള ഒരു മുന്നറിയിപ്പാണ് ഈ ചെറുനോവൽ.
ആളുകളെ യമലോകത്തിലേക്ക് കൊണ്ടുപോകാൻ യമൻ വരുന്നു. എന്നാൽ മനുഷ്യരോ? അവരെല്ലാം സ്വന്തം ലോകത്തിൽ അങ്ങനെ വിരാജിക്കുന്നു. മരണം അടുത്തെത്തിയ ഒരാളുടെ ജീവിതത്തിൽ അയാൾ അറിയാതെ യമൻ എപ്പോഴും അദൃശ്യനായി പിന്തുടരുന്നു. അങ്ങനെ അദൃശ്യനായ യെമനെ കുറിച്ച് ആരും ഒരിക്കലും ചിന്തിക്കുന്നില്ല എന്നതാണ് വാസ്തവം. ആ അദൃശ്യനായ യമൻ കാണുന്ന കാഴ്ചകൾ കൂടിയാണ് ഈ പുസ്തകം. മനുഷ്യരുടെ ജീവിതം എങ്ങനെയെല്ലാം പോകുന്നു എന്നും എങ്ങനെയെല്ലാം നിമിഷങ്ങൾകൊണ്ട് മാറി മറിയുന്നു എന്നുമെല്ലാം കാണിച്ചു തരുന്നു.
ഒരു സർക്കാർ ഉദ്യോഗസ്ഥനായ മൃത്യുഞ്ജയന്റെ കഥയാണ് നോവൽ പറയുന്നത്.
അമ്മ, ഭാര്യ, മക്കൾ ഇവരോടൊപ്പം താമസിക്കുന്ന മൃത്യുഞ്ജയൻ ഓഫീസിൽ എത്തുമ്പോൾ മറ്റൊരു ആളായി മാറുന്നു. വീട്ടിലെയും ഓഫീലിലെയും റോഡിലൂടെ സഞ്ചരിക്കുമ്പോൾ കാണുന്ന കാഴ്ചകളിൽ യമനും ഒപ്പം കൂടുന്നു.
ഒരാൾ സിഗരറ്റ് വലിക്കുമ്പോൾ എത്ര ആയുസ്സ് കുറയും? മദ്യം കഴിക്കുമ്പോൾ, നിറങ്ങളും മധുരവുമുള്ള പാനീയങ്ങൾ കഴിക്കുമ്പോൾ, മത്സ്യവും, മാംസവും അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ എത്ര ആയുസ്സ് കുറയും? എന്ത് കഴിക്കുമ്പോഴും വിഷപതാർത്ഥങ്ങൾ കൂടി അകത്തു ചെല്ലുന്നു. അങ്ങനെ ആയുസ്സ് കുറഞ്ഞു വരുന്നു. ഇനി ഏതെങ്കിലും പഴങ്ങളോ പച്ചക്കറിയോ കഴിക്കാമെന്നു വെച്ചാലോ? അതിലും ഏതെങ്കിലും വിഷാംശം അടങ്ങിയിരിക്കും.
മറ്റു ജീവികൾ ജീവിക്കാൻ വേണ്ടി മാത്രം ഭക്ഷിക്കുന്നു. മനുഷ്യൻ മാത്രം ജീവിക്കാൻ വേണ്ടി മാത്രമല്ല എല്ലാം വെട്ടിപ്പിടിക്കാനും കൂടിയാണ്. അങ്ങനെ സ്വാർത്ഥലാഭങ്ങളിൽ മുഴുകികൊണ്ട് മുന്നേറുന്നു. അപ്പോഴും യമൻ കൂടെയുണ്ട് എന്ന കാര്യം അവൻ മറക്കുന്നു.
ഇവിടെ മൃത്യുഞ്ജയന് ഒരിക്കലും മൃത്യുവിനെ കീഴടക്കാൻ കഴിയുന്നില്ല. അദ്ദേഹവും ഒരു രാത്രിയിൽ നെഞ്ചുവേദന വന്ന് യമനോടൊപ്പം യാത്രയാകുന്നു.
ഭക്ഷണം കഴിക്കുന്ന എല്ലാവരും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് കാൻസർ മീൽസ്. അങ്ങനെ വായനക്കാരന്റെ മനസ്സിൽ കുറെ വീണ്ടുവിചാരങ്ങൾ ഉണർത്തികൊണ്ട് നോവൽ അവസാനിക്കുന്നു.
അഭിനന്ദനങ്ങൾ 🌹
...
രാജൻ പെരുമ്പുള്ളി
No comments:
Post a Comment