ഹരിത സാവിത്രിയുടെ
സിൻ
Zin
എന്ന നോവലാണ് വായിച്ചു കഴിഞ്ഞത്.
കുർദ് ഭാഷകളിൽ ഏറ്റവും പ്രധാനപ്പെട്ട കുർമാഞ്ചിയിലെ ഒരു പദമായിരിക്കണം ഈ നോവലിന്റെ ശീർഷകം എന്ന തോന്നലിൽനിന്നാണ് ജീനി എന്നർത്ഥം വരുന്ന 'സിൻ' എന്ന പേര് ജനിച്ചത് എന്നും, പേരുകൾ മാറ്റിവെച്ചാൽ അവിടെ നടക്കുന്ന പല കാര്യങ്ങളും ഇന്ത്യയിലാണോ ടർക്കിയിലാണോ സംഭവിക്കുന്നത് എന്നും തോന്നാം. ( Zin എന്നാൽ സ്വതന്ത്ര എന്നെല്ലാം കുർദു വിൽ അർത്ഥം വരുന്നുണ്ട്). പേരുകളും ഭാക്ഷകളും ഭൂവിഭാഗങ്ങളും മാറിയാലും തീവ്രവലതുപക്ഷത്തിന്റെയും മതതീവ്രവാദത്തിന്റെയും മടിയിൽ വളരുന്ന ഫാസിസത്തിന്റെ പ്രവർത്തനവും ചട്ടക്കൂടും ഒന്നുതന്നെയാണ്.
ലോകതെല്ലായിടത്തും നടക്കുന്ന മനുഷ്യാവകാശലംഘനങ്ങൾ ഒരു അച്ചിൽ വാർത്തതാണ് എന്ന തിരിച്ചറിവാണ് ഈ യാത്ര നൽകിയ വലിയ വെളിപാട്. ഓരോ ദേശവും അവിടുത്തെ ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന വേർതിരിവ്. അധികാരത്തെ ആയുധമാക്കി അവരെ അടിച്ചമർത്താനുള്ള ഭരണകൂടതന്ത്രങ്ങൾ. വംശഹത്യകളുടെ ആസൂത്രണവും നടപ്പിലാക്കലും. മതത്തിന്റെ പേരിലുള്ള ഭിന്നിപ്പിക്കൽ, രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി മതത്തിനെ ദുരുപയോഗം ചെയ്യൽ. എല്ലാത്തിനും പുറമേ, ഭയംകൊണ്ട് ഒരു ജനതയുടെ വായടക്കാൻ ഭരണകൂടം പ്രയോഗിക്കുന്ന കുറുക്കുവഴികൾ.
അഫ്രിനിൽ ടർക്കി നടത്തുന്ന അതിക്രമതിനെതിരെ യൂറോപ്പിലെ എല്ലാ നഗരങ്ങളിലും മനുഷ്യാവകാസപ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനങ്ങൾ നടത്തുന്നുണ്ടായിരുന്നു. ബാഴ്‌സലോണയിൽ നടന്ന അത്തരമൊരു സമരത്തിനിടയിൽ വെച്ചാണ് ഞാൻ ലിലാനെ കണ്ടുമുട്ടിയത്. ടർക്കിഷ് എംബസിയുടെ മുന്നിലെ ആൾക്കൂട്ടത്തിന് നടുവിൽ നിന്ന് തൊണ്ടപൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്ന പെൺകുട്ടി. ഒറ്റനോട്ടത്തിൽത്തന്നെ ഞാൻ തിരഞ്ഞുവന്നത് ഇത്തരമൊരാളെയാണ് എന്നു മനസ്സിലായി. ഇടിച്ചുകയറി അവളെ പരിചയപ്പെടാൻ എനിക്ക് ഒരു ശങ്കയും തോന്നിയില്ല.
കുറെയേറെ ദിവസങ്ങൾ ടർക്കിയിലെ കുർദ് ഭൂരിപക്ഷപ്രദേശങ്ങളിൽ ചുറ്റിത്തിരിഞ്ഞതിനു ശേഷമാണ് ഞാൻ ബെറിവാന്റെ ഗ്രാമത്തിൽ എത്തിയത്. പുറംലോകവുമായി അധികം ബന്ധങ്ങളില്ലാതെ, തലമുറകളായി കന്നുകാലികളെ വളർത്തിയും കൃഷി ചെയ്തും ജീവിക്കുകയായിരുന്നു അവിടെയുള്ള മനുഷ്യർ. അവരുടെ ജീവിതാവസ്ഥകളിലേക്ക് കൂടിയാണ് ഈ നോവൽ സഞ്ചരിക്കുന്നത്.
ലിലാന്റെ നാടായ ടർക്കിയിലെ ദിയർബക്ക്, സുർ, ഏറ്റവും കൂടുതൽ കൊലകൾ നടന്ന സിൽവൻ, ജിസ്റെ, സുസായ്ബിൻ, യുക്സക്കോവ, സിലോപ്പി, ഇസ്‌താംബൂൾ ഇങ്ങനെ ഒരുപാട് സ്ഥലങ്ങളിൽ യാത്ര ചെയ്തു നേടിയ അനുഭവങ്ങളുടെ ഭാവതലങ്ങളാണ് ഈ നോവൽ എന്നും പറയാം.
ലോകത്തിന് കുർദുകളുടെ സ്വന്തം നാടിനു വേണ്ടിയുള്ള പോരാട്ടങ്ങളെ കുറിച്ച് വലിയ ധാരണയൊന്നും ഉണ്ടാകണമെന്നില്ല. എന്നാൽ നമ്മളൊന്നും അറിയാതെത്തന്നെ നമ്മുടെ മനസ്സിൽ ഇടം പിടിച്ച ഒരു നാലുവയസ്സുകാരൻ കുഞ്ഞിന്റെ പേരാണ് ഐലാൻ കുർദി. തുർക്കിയിലെ ബ്രോഡo കടൽതീരത്ത് ഒന്നുമറിയാതെ ഉറങ്ങുന്നപോലെ ചരലിൽ മുഖം താഴ്ത്തി കണ്ണുചിമ്മി കിടക്കുന്ന നാലുവയസ്സുകാരന്റെ ജഡം ലോകത്തെ ഞെട്ടിച്ചു.
സിറിയയും ഐ എസ്സും അഴിച്ചുവിട്ട കുർദിഷ് വേട്ടയിൽ നിന്നും രക്ഷപ്പെടാൻ കടലിൽ കൂടി കിട്ടുന്ന ബോട്ടുകളിൽ രക്ഷപ്പെടുന്ന ഒന്ന് മുങ്ങിയായിരുന്നു ഈ കുഞ്ഞും കുടുംബവും മരിച്ചുപോയത്. ഇങ്ങനെ ഇത്തരം പലായനങ്ങളിൽ എത്രയോ ആളുകൾ കടലിന്റെ ആഴങ്ങളിലേക്ക് താണ്‌പോയി. കുർദുകൾ നേരിടുന്ന സംഘർഷങ്ങളെ കുറിച്ച് ലോകശ്രദ്ധ നേടാൻ ആ ചിത്രത്തിന് കഴിഞ്ഞു.
മുകളിൽ എഴുതിയത് ഹരിത സാവിത്രിയുടെയും അവതാരികയിൽ എൻ എസ് മാധവൻ എഴുതിയ വരികളുമാണ്.
ടർക്കിഷ് ജീവിതം പറയുന്ന ചില ഫിലിം ഫെസ്റ്റിവൽ സിനിമകൾ കണ്ടിട്ടുണ്ട് എന്നതല്ലാതെ അവരുടെ സംഘർഷം നിറഞ്ഞ ജീവിതം കാണിച്ചു തരുന്ന ഒരു നോവൽ ഞാൻ ആദ്യമായാണ് വായിക്കുന്നത്. കുർദുകൾ സ്വന്തം നാട്ടിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ പട്ടാളം തടയും. അവരെ കൊള്ളയടിക്കും. അപ്പോൾ ആളുകൾ ഒളിച്ചു കടക്കാൻ ശ്രമിക്കും. അത്തരമൊരു ശ്രമത്തിലാണ് അലനും കുടുംബവും കൂടെയുള്ളവരും കടലിൽ മുങ്ങിയത്. അങ്ങനെ ലോകത്തിൽ എവിടെയൊക്കെ ആയിരങ്ങൾ കടലിലേക്ക് താണു പോയിട്ടുണ്ടാകും! അതിനൊന്നും കണക്കുകൾ ഒരിക്കലും ലഭിക്കില്ല.
ഈ നോവലിൽ ഗർഭിണിയായ സീത തന്റെ കാമുകൻ ദേവ്റാനെ തേടി ടർക്കിയുടെയും സിറിയയുടെയും അതിർത്തി പ്രദേശത്തുള്ള ഉൾനാടൻ ഗ്രാമത്തിൽ എത്തിപ്പെടുന്നു.
ടർക്കിഷ് സ്വാതന്ത്ര്യപോരാട്ടങ്ങളിൽ പങ്കെടുക്കുന്ന ദേവ്റാന്, പോലീസ് അറസ്റ്റ് ചെയ്യാൻ വരുമ്പോൾ അവിടെനിന്നും രക്ഷപ്പെടേണ്ടി വരുന്നു. പകരം വയസ്സായ അമ്മയെ തല്ലുകയും കാമുകിയായ സീതയെ പിടിച്ചു കൊണ്ടുപോവുകയും ചെയ്യുന്നു. പിന്നീട് ചോദ്യം ചെയ്യാൻ വരുന്ന ഉദ്യോഗസ്ഥൻ മുതൽ താഴെയുള്ളവർ വരെ ബലാൽസംഗം ചെയ്യുന്നതോടെ അബോഷൻ സംഭവിക്കുന്നു. ഓർമ്മ നഷ്ടപ്പെട്ട സീതയുടെ കാര്യങ്ങൾ ഇന്ത്യൻ എംബസിയും യൂറോപ്പും അമേരിക്കയുമെല്ലാം അറിയുന്നു. കേരളത്തിൽ നിന്നും സീതയുടെ വലിയ രാഷ്ട്രീയ നേതാവായ അമ്മാവൻ അവിടേക്ക് എത്തുന്നു.
സീതയെ രക്ഷിക്കണം എന്ന വിഷയത്തിൽ വൻപ്രക്ഷോഭങ്ങൾ ഉയരുന്നു. അതിനിടയിൽ തിമൂർ എന്ന യുവാവ് പോലീസ് വെടിവെപ്പിൽ രക്തസാക്ഷി ആവുന്നു. ഇത്തരം സംഘർഷങ്ങളുടെ കഥയാണ് ഈ നോവൽ. ലോകനിലവാരത്തിൽ സംഭവങ്ങളെ കാണാനും അതേക്കുറിച്ചെല്ലാം ചിന്തിക്കാനും നമ്മെ നോവൽ പ്രേരിപ്പിക്കുന്നു.
പേജ് 206
'പലസ്തീനിന്റെയും മെക്സിക്കോയുടെയും അതിർത്തികളിലെ മതിലുകളെ കുറിച്ച് ലോകം സംസാരിക്കുന്നുണ്ട്. വിമർശിക്കുന്നുണ്ട്. ഇവിടെ ഞങ്ങളുടെ നെഞ്ചിലൂടെ, തൊള്ളായിരത്തി പതിനൊന്ന് കിലോമീറ്റർ ദൂരത്തിൽ കെട്ടിവെച്ചിരിക്കുന്ന ഈ മതിലിനെ കുറിച്ച് ആർക്കുമൊന്നും പറയാനില്ല.'
തിമൂർ നിശ്ശബ്ദനായി ദൂരെ മതിലിന് മുകളിൽ കാണുന്ന വാച്ച് ടവറിലെ കാവൽക്കാരനെ നോക്കിയിരുന്നു. തോക്ക് പിടിച്ചുകൊണ്ട് മതിലിന് മരുവശത്തുള്ള സിറിയൻ ഭൂവിഭാഗത്തേക്ക് നോക്കി. ഒരു പ്രതിമയെപ്പോലെ നിൽക്കുകയായിരുന്നു അയാൾ. തമ്മിൽ ചേർന്നുകിടക്കുന്ന ടർക്കിയുടെയും സിറിയയുടെയും ഈ അതിർത്തിപ്രദേശത്ത് കുർദുകളാണ് ജീവിക്കുന്നത്. അഭയാർത്ഥികളുടെ കടന്നുകയറ്റം തടയാനെന്നു ലോകം കരുതിയ ഈ മതിലിന്റെ നിർമ്മിതിക്കു പിന്നിലൂടെ ഗവൺമെന്റ് എന്താണ് നേടിയത്? നാലുപാടുനിന്നും ആക്രമണമുണ്ടാകുമ്പോൾ ജീവനും കൈയിലെടുത്ത് ഓടിവരുന്ന ഈ മനുഷ്യരെങ്ങനെയാണ് അഭയാർത്ഥികളാകുന്നത്? ടർക്കിയിലെ കുർദുകളുടെ അമ്മാവൻമാരും ചേട്ടന്മാരും മുത്തശ്ശിമാരുമാണ് മറുവശത്ത് സിറിയയിലുള്ളത്. ഒരേ രക്തം. രാഷ്ട്രനേതാക്കൾ അവരുടെ താല്പര്യങ്ങൾക്കുവേണ്ടി ഭൂപടങ്ങളിൽ വരച്ചുണ്ടാക്കുന്ന അതിർത്തികളും കെട്ടിപ്പൊക്കുന്ന മതിലുകളും എങ്ങനെയാണ് മനുഷ്യന് ഈ ഭൂമിയിലുള്ള അവകാശം ഇല്ലാതെയാക്കുന്നത്?
ഉള്ളിലുയർന്ന ചോദ്യങ്ങൾക്കു മറുപടി കണ്ടെത്താൻ കഴിയാതെ തിമൂർ തലകുനിച്ചിരുന്നു.
ഇങ്ങനെ തിമൂറിനെപ്പോലെ തലകുനിച്ചു ഇരിക്കാനെ ലോകത്തിലെ കോടിക്കണക്കിന് വരുന്ന സാധാരണ മനുഷ്യർക്ക് കഴിയൂ. മനുഷ്യസ്നേഹികൾക്കും എഴുത്തുകാർക്കും കലാകാരന്മാർക്കും ശാസ്ത്രജ്ഞന്മാർക്കും എല്ലാം ഇങ്ങനെ ചിന്തിക്കാനും ഇതിനെതിരെ പ്രവർത്തിക്കാനും കഴിയും. എന്നാൽ ഇതെല്ലാം രാഷ്ട്രനേതാക്കളെ ബാധിക്കുമോ? ഇല്ലെന്നാണ് ലോകത്തിന്റെ സമീപചരിത്രം പോലും കാണിച്ചുതരുന്നത്. കാരണം അവരുടെ അജണ്ടയിൽ ഒരിക്കലും സാധാരണക്കാരുടെ പ്രശ്നങ്ങൾ വരാറില്ല
ഈ നോവൽ വായിക്കുമ്പോൾ എന്റെ മനസ്സിൽ ഇന്ത്യയും നിറഞ്ഞുനിന്നു. കാരണം ഇവിടെയും അതൃപ്തിയും വെറുപ്പും സൃഷ്ടിച്ചു കുറെ അഭയാർത്ഥികളെ ഉണ്ടാക്കാൻ ഭരണകൂടം ശ്രമിക്കുന്നത് കാണുന്നുണ്ട്.
ഇവിടുത്തെ ആളുകളുടെ അമ്മാവന്മാരും പെങ്ങന്മാരും അവരുടെ മക്കളുമെല്ലാം പാക്കിസ്ഥാനിലും ബംഗ്ലാദേശിലുമെല്ലാം താമസിക്കുന്നു. ഇവിടെയും അതിർത്തിയിൽ സംഘർഷം ഇടക്കിടെ ഉണ്ടാവുന്നു. സംഘർഷഭരിതരും നിരാലംബരുമായ ഒരു ജനത ലോകത്തിൽ എവിടെയും ഭരണകൂടഭീകതയിൽ നിരാശരായി ജീവിക്കേണ്ടി വരുന്നു. അക്കാര്യങ്ങൾ നമ്മുടെ മനസ്സിനെ നൊമ്പരപ്പെടുത്തുന്നു. അത്തരമൊരു അഗാധമായ ദുഃഖത്തിൽ നിന്നാണ് ഈ നോവലിന്റെ ജനനം.
ഹൃദ്യവും സൗമ്യവുമായ ഭാഷയിൽ ലോകത്തിന്റെ പ്രശ്നങ്ങൾ ശക്തമായി അവതരിപ്പിച്ച
ഹരിത സാവിത്രിയെ പൂർണമായും അഭിനന്ദിച്ചുകൊണ്ട് നിർത്തുന്നു.
🌹🌹
രാജൻ പെരുമ്പുള്ളി
No comments:
Post a Comment