Wednesday, 22 October 2025

litmus

ലിറ്റ്മസ്
ഒരു വിജയഗാഥ

നമ്മൾ ജനങ്ങളെയും സമൂഹത്തെയും മതേതരവൽക്കരിക്കണം, ശാസ്ത്രീയ മനോഭാവം വളർത്താനും ലോകത്തെ മതഭ്രാന്തിൽ നിന്നും അന്ധവിശ്വാസത്തിൽ നിന്നും മോചിപ്പിക്കാനും.

 ഒടുവിൽ, സത്യം സ്വേച്ഛാധിപത്യത്തെ അതിജീവിക്കും. നീതി അടിച്ചമർത്തലിന്മേൽ വിജയിക്കും, യുക്തി ഭയത്തെ കീഴടക്കും. 

ഞാൻ 31 വർഷമായി പ്രവാസത്തിൽ ജീവിക്കുന്നു. 31 വർഷം മുമ്പ് എന്നെ എൻ്റെ രാജ്യത്ത് നിന്ന് പുറത്താക്കി. എൻ്റെ കുറ്റം, മതഗ്രന്ഥങ്ങൾ കാലഹരണപ്പെട്ടതും ഇന്നത്തെ സാഹചര്യത്തിന് യോജിക്കാത്തതുമാണെന്നും പറഞ്ഞു. നിങ്ങൾക്കറിയാമല്ലോ, എനിക്ക് സ്വന്തമായി വീടില്ല. ഞാൻ ഒരു ബംഗാളി എഴുത്തുകാരിയാണ്, പക്ഷേ ബംഗാളിൽ എനിക്ക് ഒരിടമില്ല. ബംഗ്ലാദേശ് എന്നെ പുറത്താക്കി. എൻ്റെതല്ലാത്ത കുറ്റത്തിന് പശ്ചിമ ബംഗാൾ പോലും എന്നെ  പുറത്താക്കി. പക്ഷേ, 

എനിക്കൊരു വീടുണ്ട്. ​എൻ്റെ വീട് ഹൃദയമാണ്. ​ഓരോ യുക്തിവാദിയുടെയും ഹൃദയം.
​ഓരോ സ്വതന്ത്രചിന്തകൻ്റെയും ഹൃദയം. ​ഓരോ മതേതരവാദിയുടെയും ഹൃദയം.
​ഓരോ മാനവികതാവാദിയുടെയും ഹൃദയം. ​അവരുടെ ഐക്യദാർഢ്യം ആണ് എൻ്റെ അഭയം. അവരുടെ സ്നേഹം ആണ് എൻ്റെ രാജ്യം.
​ഞാൻ ഒന്നിനെയും ഓർത്ത് ഖേദിക്കുന്നില്ല. എൻ്റെ അവസാന ശ്വാസം വരെ ഞാൻ പിൻവാങ്ങില്ല. ഞാൻ മൗലികവാദത്തിനെതിരെ പോരാടും.
...

Copy paste

(ഇങ്ങനെ തസ്ലീമയുടെ പ്രസംഗം നീണ്ടു പോയിരുന്നു.)
..

19.10.25

തസ്ലീമ നസ്രിന് എന്റെ മൂന്ന് പുസ്തകങ്ങളാണ് കൊടുക്കാൻ കഴിഞ്ഞത്.

പുലരിയിലെ മഞ്ഞുതുള്ളികൾ
എന്ന എന്റെ ഈ കവിതാസമാഹാരം ഞാൻ സമർപ്പിചിട്ടുള്ളത് തസ്ലീമ നസ്രിനാണ്.

മനസ്സിന് തീ പിടിച്ച കാലം
എന്റെ ഭാര്യ ബിജി വയ്യാതെ കിടന്നതിന്റെ വിടവാങ്ങലിന്റേയും ഓർമ്മക്കുറിപ്പുകൾ.

ചോര വീഴുന്ന മണ്ണ്
Soil soaked in blood
തസ്ലീമ യുടെ ലജ്ജ-വീണ്ടും ലജ്ജിക്കുന്നു എന്നിവയെ ആസ്പദമാക്കി ഞാൻ എഴുതിയ പുസ്തകം.
ഇത് മുൻപ് ഞാൻ കൊടുത്തിട്ടുണ്ട്. എങ്കിലും ഇപ്പോഴും ഒന്നുകൂടി കൊടുത്തെന്നു മാത്രം.

....

ഞാൻ രാവിലെ തന്നെ എഴുന്നേറ്റു എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ എത്തുന്നതിനായി വീട്ടിൽ നിന്നും പുറപ്പെട്ടു. 

 ഗുരുവായൂരിൽ നിന്നും എറണാകുളം പോകുന്ന പാസഞ്ചർ ട്രെയിൻ 7 20 നാണ് തൃശൂരിൽ എത്തുക. അതിൽ കയറി നോർത്ത് സ്റ്റേഷനിൽ ഇറങ്ങി മെട്രോയിൽ കടവന്ത്രയിലേക്കും. അവിടുന്ന് അഞ്ചു മിനിറ്റ് നടക്കുമ്പോൾ ഇൻഡോർ സ്റ്റേഡിയം ആയി.

പ്രധാന ലക്ഷ്യം തസ്ലീമയ്ക്ക് എന്റെ പുസ്തകങ്ങൾ കൊടുക്കണം എന്നത് തന്നെ. എസ്സെൻസിന്റെ പല പ്രോഗ്രാമുകളിലും ഞാൻ മുൻപ് പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ കുറെ പരിചയക്കാരും ഉണ്ട്. അവരെയൊക്കെ നേരിൽ കാണുകയും ചെയ്യാം.

..

വടക്കാഞ്ചേരിയിലെ സുധാകരൻ, ഒല്ലൂരിലെ അജിത് ..  ഇങ്ങനെ ചിലരോട് മാത്രമേ കൂടുതൽ സംസാരിക്കാൻ കഴിഞ്ഞുള്ളു. രവി മാഷിനെ കണ്ടു എന്നു മാത്രം.  വലിയ ആൾക്കൂട്ടം ഉണ്ടയിരുന്ന ഒരു പ്രോഗ്രാം ആകുമ്പോൾ ആളുകൾക്ക് സംസാരിക്കാൻ അവസരം കിട്ടിയെന്നു വരില്ലല്ലോ. ഏതായാലും കുറെ പരിചയക്കാരെ കാണാൻ കഴിഞ്ഞു. ഞാൻ പോരുന്ന സമയത്താണ് റോഡിൽ വെച്ച് അരുൺ എഴുത്തച്ഛനെ കണ്ടത്.

...

വിവിധ പരിപാടികൾ അരങ്ങേറുമ്പോൾ അതിന്റെ അഭിമുഖമായി ഇൻഡോർ സ്റ്റേഡിയത്തിന്റെ അറ്റത്ത് ഡി സി ബുക്സിന്റെ പുസ്തകവിൽപ്പനയും നടക്കുന്നത് കണ്ടു. അവിടെ കുറെ ആളുകൾ പുസ്തകം വാങ്ങാൻ നിൽക്കുന്നുണ്ട്. തസ്ലീമയുടെ ഏതൊക്കെ പുസ്തകങ്ങളായിരിക്കും ഉണ്ടാവുക എന്നറിയില്ല. ഞാൻ വായിക്കാത്തത് വല്ലതും ഉണ്ടെങ്കിൽ വാങ്ങുകയും ചെയ്യാം എന്നു കരുതിയാണ് അങ്ങോട്ട് ചെന്നത്. നിർഭാഗ്യവശാൽ, തസ്ലീമയുടെ ഒരു പുസ്തകവും അവിടെ കണ്ടില്ല.  പിന്നെ എല്ലാം ഒന്ന് നോക്കി കണ്ടു അവിടെനിന്നും മടങ്ങി.

ലിറ്റ്മസ് ആയിരങ്ങൾ പങ്കെടുത്ത ഒരു പ്രോഗ്രാമായിരുന്നു.  അത് നല്ല നിലയിൽ മുന്നേറിക്കൊണ്ടിരുന്നപ്പോഴാണ് തോക്ക്‌ പ്രശ്നം ഉണ്ടായത്. അതിനെത്തുടർന്ന് ആളുകൾ എല്ലാം പുറത്തു പോകേണ്ടി വന്നു. പിന്നെ പോലീസ് ചെക്കിംഗ് കഴിഞ്ഞു എല്ലാവരും അകത്തു കയറി. സന്ധ്യയോട് ആയിരുന്നു തസ്ലീമ നസ്രിൻ വന്നത്. അവാർഡ് ദാനം കഴിഞ്ഞു അവരുടെ ഗംഭീരമായ പ്രസംഗവും കേട്ടു. അതിന്റെ കുറച്ചു ഭാഗങ്ങളാണ് ആദ്യം എഴുതിയത്.  തസ്ലീമയ്‌ക്ക് എന്റെ പുസ്തകം കൊടുക്കാൻ കഴിഞ്ഞല്ലോ. ആ തൃപ്തിയോടെയായിരുന്നു എന്റെ മടക്കം.

the great fighter Taslima Nasrin is with me...
എന്നു പറയുന്നതിൽ ഇന്നെനിക്ക് അതിയായ സന്തോഷവും  അഭിമാനവുമുണ്ട്.
..

രാജൻ പെരുമ്പുള്ളി

No comments:

Post a Comment