Friday, 20 September 2024

പൂരം കലക്കികൾ

പുലിക്കളി ഭംഗിയായി അവസാനിച്ചു.
അഭിനന്ദനങ്ങൾ
🌱😄👍


പൂരം കലക്കികൾ
..


തൃശൂർ പൂരം കലക്കിയത് ആരാണ്?
വിശ്വാസികൾ തന്നെയാണ്.

അതിന്റെ രാഷ്ട്രീയ ഗുണഭോക്താക്കൾ തന്നെയാണ്.

അല്ലെന്ന് അവർ പറയുമായിരിക്കും. കൂടുതൽ അന്വേഷണറിപ്പോർട്ടുകൾ പുറത്തു വന്നാലേ സാധാരണക്കാരായ നമുക്കെല്ലാം പിടി കിട്ടുകയുള്ളൂ.
...

വർഷങ്ങൾക്കു മുൻപ് എന്റെ നാട്ടിൽ നടന്ന ഒരു സംഭവമാണ് എനിക്ക് ഓർമ്മ വരുന്നത്.

സംഭവം മാത്രമേ ചെറുതായി ഓർമ്മയുള്ളൂ. എന്റെ കുട്ടിക്കാലത്തു നടന്ന സംഭവം ആയതിനാൽ അതിന്റെ കാര്യകാരണങ്ങൾ ഒന്നും പറയാൻ എനിക്ക് കഴിയില്ല.

..

1970 കളിൽ ആണ് സംഭവം. വർഷം, തിയ്യതി ഒന്നും കൃത്യമായി അറിയില്ല. ഞങ്ങളുടെ നാട്ടിൽ കുറ്റുമുക്ക് അമ്പലത്തിലെ ഉത്സവം നടക്കുന്നു.  പകൽപൂരമൊന്നും അക്കാലത്ത് പതിവില്ല. സന്ധ്യ ആകുമ്പോൾ ഒരു തിരുമേനി ആനപ്പുറത്ത്  കയറി കോലവും പിടിച്ചു നാട് വലം വെക്കും. വലം വെക്കുന്നതിനിടയിൽ പലയിടത്തും വീടുകൾക്ക് മുന്നിൽ വീട്ടുകാരും കൂടാതെ അയൽകൂട്ടങ്ങൾ ഒന്നിച്ചു ചേർന്നും പറ വെക്കും. അന്നൊക്കെ നെല്ല്, മലർ, അവിൽ... ഇതൊക്കെ ആയാൽ ധാരാളം ആയി. അങ്ങനെ ഓരോ പ്രദേശങ്ങളും കടന്നു രാത്രി പത്തു പത്തരയോടെ നാട് ചുറ്റിത്തിരിഞ്ഞു ആന അമ്പലത്തിൽ തിരിച്ചു കയറും. അതിനു ശേഷം അമ്പലത്തിന്റെ നേരെ പടിഞ്ഞാറു ഭാഗത്ത് അര കിലോമീറ്റർ മാറി റോഡിൽ നിൽക്കുന്ന ആലിന്റെ ചുവട്ടിൽ നിന്നും പൂരം തുടങ്ങും.

കുറ്റുമുക്ക് അമ്പലത്തിൽ നിന്നും പുറപ്പെട്ടു ഏതാണ്ട് മുക്കാൽ കിലോമീറ്റർ കഴിയുമ്പോൾ ഞങ്ങളുടെ പ്രദേശം അടിയാറ മാത്തുപാടമായി. ഈ പാടത്തിന്റെ വരമ്പുകളിൽ കൂടി വേണം അടിയാറയിൽ എത്താൻ. മകരകൊയ്ത്തു കഴിഞ്ഞു കണ്ടങ്ങൾ എല്ലാം ഉണങ്ങിയ സമയത്താണ് ഉത്സവം നടക്കുന്നത് എന്നതിനാൽ പാടം വെള്ളമില്ലാതെ വരണ്ടു കിടക്കും. ആനയുടെ മുന്നിലും പിന്നിലും പന്തങ്ങൾ പിടിച്ചും അവിൽ, മലർ, തുളസിയില, പൂവിന്റെ ഇതളുകൾ... എല്ലാം കാഴ്ചക്കാരുടെ ഇടയിലേക്ക് എറിഞ്ഞും 'നട നട കൊത്യേയ്‌... കൊത്യേയ്‌.... ആന നട നട കൊത്യേയ്‌... കൊത്യേയ്‌... എന്നൊക്കെ ആർത്തു വിളിച്ചു ഒരു ഇരമ്പലോടെ ആനയുടെ ചങ്ങലകിലുക്കവും മണിയൊച്ചയും ഇടക്കിടെ പടക്കം പൊട്ടിക്കലുമൊക്കെയായി ആൾക്കൂട്ടം കടന്നുപോകും.

ഈ ആന കടന്നു പോകുന്ന സമയത്ത് റോഡിന്റെ ഇരുവശത്തും വാഴപ്പിണ്ടി കുഴിച്ചിട്ട് അതിൽ പന്തം കുത്തി വെക്കും. ആ പന്തങ്ങളിൽ കെടാതിരിക്കാൻ ഇടക്കിടെ എണ്ണ ഒഴിക്കും. ആന കടന്നു പോകുന്നതോടെ പലരും അതെടുത്തു സ്വന്തം വീടുകളിലേക്ക് പോകും. അക്കാലത്ത് ഞങ്ങളുടെ ഭാഗത്തൊന്നും ഇലക്ട്രിസിറ്റി എത്തിയിരുന്നില്ല. ഉത്സവം നടക്കുന്നത് നല്ല നിലാവുള്ള രാത്രിയിൽ ആയതിനാൽ പന്തങ്ങൾ ഇല്ലെങ്കിലും ഞങ്ങളുടെ വിശാലമായ പാടം മുഴുവനും തെളിഞ്ഞു കാണാം. 

ഞങ്ങളുടെ കരയിൽ നിന്നും കുറ്റുമുക്ക് റോഡിലേക്ക് പാടവരമ്പിന് പകരം അഞ്ചു മീറ്റർ വീതിയിൽ ഒരു റോഡ് ഉണ്ടാക്കിയാൽ ചളിയും വെള്ളവും ചവിട്ടാതെ ആളുകൾക്ക് കടന്നു പോകാം. അതുപോലെ ആർക്കെങ്കിലും അസുഖം വന്നാൽ ഒരു വണ്ടി വരാനും എളുപ്പമാകും. അതെല്ലാം പറഞ്ഞു അന്നത്തെ കുറച്ചു ചെറുപ്പക്കാർ നാട്ടുകാരിൽ ഒരു ആശയം മുന്നോട്ടു വെച്ചു. 

കുറച്ചു ആളുകൾ അതിനെ പിന്തുണച്ചു. കുറേപ്പേർ എതിർക്കുകയും ചെയ്തു. നല്ലകാര്യങ്ങളെ എതിർക്കാൻ എന്നും എവിടെയും കുറേപ്പേർ ഉണ്ടല്ലോ. ഇവിടെ പാടത്തിന്റെ നടുവിൽ കൂടി റോഡ് വരണമെങ്കിൽ ആ പാടത്തിന്റെ ഉടമകൾ ഒന്നുകിൽ വഴി വെറുതെ വിട്ടു തരണം. അല്ലെങ്കിൽ ആളുകൾ പിരിവെടുത്തു കാശു കൊടുത്തു  വാങ്ങിക്കണം. അല്ലാതെ ഒന്നും നടക്കില്ല.  എന്തിനുപറയുന്നു റോഡ് വേണം എന്ന് പറയുന്നവരും വേണ്ട എന്നു പറയുന്നവരും തമ്മിൽ വഴക്കായി.  ഒരു പൊതുവഴി വന്നാൽ എല്ലാവർക്കും ഗുണം ചെയ്യും. അത് എല്ലാവർക്കും അറിയാം. എന്നിട്ടും ഒരേ നാട്ടുകാർ തമ്മിൽ പരസ്പരം വഴക്കായി!

അങ്ങനെയിരിക്കുന്ന സമയത്താണ് ഉത്സവം വരുന്നത്. ഞങ്ങളുടെ ഭാഗത്ത് ആന എത്തുമ്പോൾ വഴികളിൽ പന്തം കത്തിക്കാനും പടക്കം പൊട്ടിക്കാനും ഒരു ഉത്സാഹകമ്മിറ്റി പൂരക്കാലം വരുമ്പോൾ ആളുകൾ ഒത്തുചേർന്ന് ഉണ്ടാക്കുക പതിവുണ്ട്. ഇത്തവണ ആ കമ്മിറ്റിയിലെ പ്രധാനികൾ റോഡ് വരണം എന്ന്‌ ആഗ്രഹിക്കുന്നവരായിരുന്നു. എതിർടീമിനു അത് തീരെ സഹിച്ചില്ല. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കിയേ മതിയാകു. അങ്ങനെ ഉത്സവം വന്നു. പതിവുപോലെ സന്ധ്യയായപ്പോൾ ആനപ്പുറത്ത് കുറ്റുമുക്ക് തേവർ ഇറങ്ങി. നട നടയായി ആൾക്കൂട്ടവും ആനയും ഞങ്ങളുടെ മാത്തുപ്പാടത്തെത്തി.  സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘങ്ങൾ തൊഴുകയ്യോടെ അങ്ങനെ നിന്നു.  പാടത്തിന്റെ തുടക്കം തെക്കേ അടിയാറയും പകുതി കഴിയുമ്പോൾ വടക്കേ അടിയാറയും ആയി. അങ്ങനെയാണ് അതിർത്തി പങ്കിടുന്നത്.  വടക്കേ ഭാഗത്തുള്ള ഞങ്ങളുടെ അതിർത്തിയിൽ ആന എത്തിയതും ആരോ ഒരാൾ ആനയുടെ കാൽചുവട്ടിലേക്ക് ഒരു കുല പടക്കം പൊട്ടിച്ച് എറിഞ്ഞതും ഒന്നിച്ചായിരുന്നു. ആന വെറുതെ നിൽക്കുമോ? അത് പരാക്രമം എടുത്ത് ഓടി. ആനപ്പുറത്ത് നിന്നും കോലം തെറിച്ചുപോയി. തിരുമേനി താഴെ വീണു. പുള്ളിയുടെ കാല് ഒടിഞ്ഞു. ആന കണ്ടം വഴി ഓടി കുറെ കഴിഞ്ഞപ്പോൾ ഒരിടത്ത് നിന്നു.  അവിടെ കൂടിനിന്നവർ കൂട്ടനിലവിളിയോടെ പരക്കം പാഞ്ഞു.

ആ പരക്കംപാച്ചിലിൽ  പലർക്കും അവിടവിടെ വീണു പരിക്കു പറ്റി. ആ ഓടിയ ആനയെ പിന്നീട് പുലർച്ചെ എപ്പോഴോ തളച്ചു. അന്ന് നടക്കേണ്ടിയിരുന്ന പൂരം ചെറിയ തോതിൽ നടത്തി അവസാനിപ്പിച്ചു. 

അങ്ങനെ പൂരംകലക്കികൾ തൽക്കാലിക വിജയം നേടി. 

വർഷങ്ങൾക്കിപ്പുറം അന്നത്തെ ആ സ്വപ്നറോഡ് ആറോ ഏഴോ മീറ്റർ വീതിയുള്ള ടാറിട്ട റോഡായി മാറി. അതിന്റെ ഇരു വശവും വലിയ ഇരുനില വീടുകൾ വന്നു. ഇപ്പോഴും ഉത്സവം വരുമ്പോൾ റോഡിന്റെ ഇരുവശത്തും വാഴപ്പിണ്ടി കുഴിച്ചിട്ട് പന്തത്തിനു പകരം ചെരാത്‌ വെച്ച് തിരി കൊളുത്തും. ആന വരുമ്പോൾ പറ വെക്കും. പടക്കം പൊട്ടിക്കും. എല്ലാം ഉത്സാഹത്തോടെ നടക്കുന്നു.

ഞാൻ പറഞ്ഞു വന്നത് എല്ലായിടത്തും ഓരോ കാലത്തും പൂരംകലക്കികൾ ഉണ്ടെന്നാണ്. പൂരംകലക്കികൾക്ക് താൽക്കാലിക നേട്ടങ്ങൾ ഉണ്ടെന്നുള്ളത് ശരിതന്നെ. എങ്കിലും കാലം അതെല്ലാം മായ്ച്ചു കളയും. സമൂഹവും നാടും പിന്നെയും മുന്നേറും.

ശുഭം!😄

...

രാജൻ പെരുമ്പുള്ളി

No comments:

Post a Comment