ചെമന്ന ചെറകറ്റ പക്ഷി
ഡോ. ആനന്ദൻ
ഈ നോവൽ
അനന്തുവിന്റെ ബാല്യം, കൗമാരം, യവ്വനം....
ഇതിലൂടെ കടന്നുപോകുന്നു.
ബാല്യത്തിലെ സ്‌കൂൾ ജീവിതം കഴിഞ്ഞു കോളേജ് ജീവിതത്തിൽ എത്തുമ്പോൾ ഒരു വശത്ത് പഠനവും മറുവശത്ത് സാമൂഹ്യരാഷ്ടീയ മണ്ഡലങ്ങൾ നിരീക്ഷിക്കുകയും ഒപ്പം ചെറിയ തോതിൽ രഹസ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന അനന്തുവിനെ കാണാം.
അച്ഛൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗം ആയിട്ടും അവരുടെ പാർട്ടി ഇന്ദിരാഗാന്ധിയുടെ ബൂർഷ്വാ പാർട്ടിയെ പിന്തുണച്ചും അടിയന്തരാവസ്ഥയെ തഴുകിയും കേരളത്തിൽ ഭരണം പങ്കിടുന്നതിനോട് യോജിക്കാൻ അനന്തുവിന് കഴിയുന്നില്ല. അച്ഛനെപ്പോലുള്ള നിഷ്കളങ്കരോട് വിഷയം സംസാരിക്കുന്നതിൽ അർത്ഥവുമില്ല. മകൻ ഒരുപാട് ആശങ്കകളോടെ ആണെങ്കിലും പയ്യെ നക്സൽ ആശയങ്ങളോട് അടുക്കുന്നു. ഒന്നായിരുന്ന കമ്യൂണിസ്റ്റ് പാർട്ടി രണ്ടും മൂന്നും ആയി മാറുന്നതും ലോകത്തിലെ കമ്യുണിസ്റ്റ് മുന്നേറ്റങ്ങളും അപചയങ്ങളും നോവലിൽ ചർച്ചയാവുന്നുണ്ട്.
അനന്തു പഠിച്ചു ഡോക്ടർ ആകുമ്പോൾ കൂലിവേലക്കാരായ അച്ഛനും അമ്മയും ഏറെ സന്തോഷിക്കുന്നു. അനന്തു പക്ഷേ തന്റെ ഡോക്ടർ ജീവിതം പണം ഉണ്ടാക്കി സുഖജീവിതം നയിക്കുന്നതിന് പകരം അതിനെ സേവനമാക്കി മാറ്റുവാൻ തീരുമാനിക്കുകയും അങ്ങനെ വയനാടിന്റെ ആദിവാസി മേഖലയിൽ വന്നു സേവനം തുടങ്ങുകയും ചെയ്യുന്നു. അതോടൊപ്പം നക്സൽ ബന്ധങ്ങളും തുടരുന്നു. ആശയപരമായി ഒന്നിച്ചു നിൽക്കുന്നുവെങ്കിലും പലപ്പോഴും സംഘടനയുടെ പല പ്രവർത്തനങ്ങളിലും ഒപ്പം നിൽക്കാൻ മാനസികമായി അനന്തുവിന് കഴിയുന്നുമില്ല.
അവിടെ വെച്ച് തന്റെ അസിസ്റ്റന്റ് നാഴ്‌സായിരുന്ന സിസ്റ്റർ റോസ്‌ലിൻ പിന്നീട് ഒരു മാവോയിസ്റ്റ് ആയി വധിക്കപ്പെട്ടു. സിസ്റ്റർ എങ്ങനെ മാവോയിസ്റ്റ് ആയി? എന്നു നക്സൽ ആയിരുന്ന ഡോക്ടർ അത്ഭുതപ്പെടുന്നു. ഒരു നക്സലിന് മാവോയിസ്റ്റ് ആശയങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നത് രസകരമായ കാഴ്ചപ്പാടാണ്.
അവസാനം ഈ ആശയങ്ങളുടെ കൂട്ടിക്കിഴിക്കലുകൾ മനസ്സിലാകാതെ ഉൾക്കൊള്ളാൻ കഴിയാതെ അനന്തു വിഭ്രാന്തിയിൽ പെടുകയും അനേകം സംശയങ്ങളും ചോദ്യങ്ങളും സമൂഹത്തോട് പങ്കു വെക്കുകയും ചെയ്തുകൊണ്ട് നോവൽ അവസാനിക്കുന്നു.
അഭിനന്ദനങ്ങൾ...🌱
..
രാജൻ പെരുമ്പുള്ളി
No comments:
Post a Comment