കെ ആർ മീരയുടെ
സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ
യിലെ ജെസബെൽ എന്ന കഥാപാത്രത്തോടൊപ്പം സഞ്ചരിക്കുകയായിരുന്നു ഞാനും.
ഡോക്ടർ ആവാൻ പഠിച്ചുകൊണ്ടിരിക്കെ കവിളിൽ നുണക്കുഴിയും സുന്ദരിയുമായ ജെസബെൽ വിവാഹിതയാകേണ്ടി വരുന്നു. പേര് കേട്ട തറവാട്ടിലെ ജെറോം ജോർജ്ജ് മരക്കാരൻ എന്ന യുവഡോക്ടർ വരാനായി വരുമ്പോൾ അതിൽ അവളും സന്തോഷിച്ചു.
പക്ഷേ ആദ്യരാത്രിയിൽ തന്നെ അവൾക്ക് പീഡാനുഭവം അയാളിൽ നിന്നും ഉണ്ടായി. We are made for each other എന്നെല്ലാം അയാൾ പറഞ്ഞത് വെറും വാക്കാണെന്നും അയാൾക്ക് അവൾ വെറുമൊരു ടോയ് മാത്രമാണെന്നും അയാളുടെ ഉദ്ധരിച്ച ലിംഗത്തിന്റെ കയ്പ്പ് നീര് തുപ്പിക്കളഞ്ഞു ഓക്കാനിക്കേണ്ടി വരുമ്പോൾ അവൾ മനസ്സിലാക്കുന്നു. എത്രയോ തവണ വായ കഴുകേണ്ടി വന്നു. അത് ഓർക്കുമ്പോൾ പോലും ഓക്കാനം വരുന്നു.
അക്കാര്യം സ്വന്തം വീട്ടിൽ സൂചിപ്പിക്കുമ്പോൾ അവരത് വേണ്ട വിധം മനസിലാക്കുന്നില്ല. അവൾക്കോ എല്ലാം തുറന്നു പറയാനും കഴിയുന്നില്ല. വിവാഹം കഴിയുമ്പോഴേക്കും ഡിവേഴ്സ്നു പോകുന്നത് തറവാട്ട് മഹിമയെ ബാധിക്കുന്ന വിഷയം ആണല്ലോ. ഭർത്താവ് നന്നാകും, മാറും എന്നെല്ലാം അവളും കരുതി.
ഭർത്താവിന് സുഹൃത്തായ ഡോ. അവിനാശിനോടായിരുന്നു അയാൾക്ക് പ്രിയം. വീട്ടുകാരുടെ നിർബന്ധത്താൽ ജെസബെലിനെ വിവാഹം കഴിച്ചു എന്നു മാത്രം. ഈ രണ്ടു പുരുഷൻമാരുടെ ബന്ധത്തെ കുറിച്ച് മനസ്സിലാക്കാൻ കഴിയാതെ രണ്ടര വർഷത്തോളം ഒന്നിച്ചുള്ള ജീവിതം മുന്നോട്ടു പോയി. ഒരു കുഞ്ഞിക്കാല് കാണാൻ കൊതിച്ചവരെല്ലാം നിരാശരായി.
അവസാനം കോടതിയിൽ ഡിവേഴ്‌സ് കേസിനു വീട്ടുകാർ അനുമതി കൊടുക്കുന്നു. അങ്ങനെ കേസ് നടക്കുന്നതിനിടയിലെ സംഭവപരമ്പരകളിലൂടെ നോവൽ മുന്നേറുന്നു.
ബൈബിൾ കഥകളിലൂടെ, കുടുംബകോടതി വിചാരണകളിലൂടെ, ആശുപത്രി ദുരിതങ്ങളിലൂടെ, അനേകം ബന്ധുമിത്രാധികഥകളിലൂടെ ഈ നോവൽ ജെസബെലിന്റെ കഥ പറയുന്നു. ഇങ്ങനെ ഒരു അത്യപൂർവമായ കഥ പറയാൻ ഒരുപാട് അദ്ധ്വാനവും ചിന്താശേഷിയും പഠനങ്ങളും അത്യാവശ്യമാണ്. അക്കാര്യത്തിൽ അനുഗ്രഹീതയായ കെ ആർ മീരയുടെ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ യും നമ്മുടെ മനസ്സിൽ ഇടം പിടിക്കുന്നു.
...
രാജൻ പെരുമ്പുള്ളി
No comments:
Post a Comment