9
അജന്തയിലെ വെള്ളച്ചാട്ടം
മഹാരാഷ്ട്രയിലെ ഇന്നത്തെ ഔറംഗബാദില്‍നിന്നും 104 കിലോമീറ്റര്‍ അകലെ വാഗുര്‍ നദിയുടെ ഉത്ഭവ സ്ഥാനത്ത് വനങ്ങള്‍ക്കും കുന്നുകള്‍ക്കും പാറക്കെട്ടുകൾക്കുമിടയില്‍ അജന്ത സ്ഥിതി ചെയ്യുന്നു.
1829ൽ ഫെർഗൂസൻ എന്ന പുരാവസ്തു ശാസ്ത്രജ്ഞൻ ഇവിടം സന്ദർശിക്കുകയും ഗവേഷണങ്ങളിൽ ഏർപ്പെടുകയുമുണ്ടായി. ഇദ്ദേഹമാണ് അന്നത്തെ ബ്രിട്ടീഷ് ഇന്ത്യാ ഗവൺമെന്‍റിനെ ഈ ഗുഹാചിത്രങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് ആദ്യമായി അറിയിക്കുന്നത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ പുരാവസ്തു വകുപ്പും യുനെസ്കോയും മറ്റ് അന്താരാഷ്ട്ര ഗവേഷണ സംഘങ്ങളും നടത്തിയ പഠനങ്ങളുടേയും ശ്രമങ്ങളുടേയും ഭാഗമായി പൈതൃകങ്ങളുടെ പട്ടികയിൽ അജന്തയിലെ ഗുഹാ ചിത്രങ്ങളും ചുവര്‍ ചിത്രങ്ങളും ഇടംപിടിച്ചു.
അജന്ത ഉൾക്കൊള്ളുന്ന പ്രദേശം മുമ്പ് ഹൈദരാബാദ് നാട്ടുരാജ്യത്തിന്‍റെ ഭാഗമായിരുന്നു. പശ്ചിമഘട്ട മലനിരകളില്‍, ഒരു കുതിര ലാടത്തിന്‍റെ ആകൃതിയില്‍ 250 അടി ഉയരത്തില്‍ മുപ്പതോളം ഗുഹകള്‍. ബുദ്ധമതം ഇന്ത്യയില്‍ വലിയ പ്രചാരം നേടിയ കാലത്ത് നിര്‍മിക്കപ്പെട്ട ചൈത്യഗൃഹങ്ങളും വിഹാരങ്ങളുമത്രെ ഈ ഗുഹകള്‍. അഞ്ച് ചൈത്യഗൃഹങ്ങളും ബാക്കി വിഹാരങ്ങളും. ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടുതൊട്ട് ക്രിസ്തുവിനു ശേഷം ഏഴാം നൂറ്റാണ്ടു വരെ ഏകദേശം 1000 വര്‍ഷങ്ങള്‍ കൊണ്ടായിരിക്കാം ഇവ പണിതതെന്നാണ് ആര്‍ക്കിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയുടെ നിഗമനം. ഈ ഗുഹാശിൽപ്പങ്ങളും ചുവര്‍ചിത്രങ്ങളും കണ്ടിറങ്ങുന്ന സന്ദര്‍ശകര്‍ നമ്മുടെ പൈതൃകത്തിന്‍റെ സമൃദ്ധിയും മതേതര സ്വഭാവവും ശിൽപ കലയിലും ചുവര്‍ചിത്ര കലയിലും നമ്മുടെ പൂര്‍വികര്‍ക്കുണ്ടായിരുന്ന വൈദഗ്ധ്യവും കണ്ട് അത്ഭുതപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.
അജന്താ ഗുഹകളില്‍ 16 എണ്ണത്തില്‍ ചുവര്‍ ചിത്രങ്ങള്‍ കാണാം. എങ്കിലും ഏറ്റവും നല്ല ചിത്രങ്ങള്‍ 1, 2, 16, 17, 19 എന്നീ ഗുഹകളിലാണ്. ഒന്ന് മുതല്‍ 30 വരെയുള്ള ഗുഹകള്‍ അക്കങ്ങളില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. കാലപ്പഴക്കത്തില്‍ പല ചിത്രങ്ങളും മാഞ്ഞു തുടങ്ങിയിട്ടുങ്കിലും നിരവധി നൂറ്റാണ്ടുകള്‍ അതിജീവിച്ച ഈ ചിത്രങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തും. എല്ലാ ഗുഹകളിലും മനോഹരമായ ശിൽപ്പങ്ങള്‍ കാണാം. ഏറ്റവും നല്ല ശില്‍പ്പങ്ങള്‍ ഉള്ളത് 1, 4, 17, 19, 24, 26 എന്നീ ഗുഹകളിലാണ്. ശ്രീ ബുദ്ധന്‍റെ വിവിധ രീതിയിലുള്ള ശില്‍പ്പങ്ങളാണ് ബഹുഭൂരിഭാഗവും.
ചില ഗുഹകളില്‍ ജൈന പ്രതിമകളും കാണാം. അതിമനോഹരവും അര്‍ദ്ധ നഗ്നകളുമായ നിരവധി സ്ത്രീ ശില്‍പ്പങ്ങളും മിക്ക ഗുഹകളിലും കാണാം. കൃത്യമായ രേഖകള്‍ ലഭ്യമല്ലെങ്കിലും രണ്ടാം നൂറ്റാണ്ടിലെ 'വടക' രാജവംശത്തിലെ (Vataka Dynasty) ഹരിസേന എന്ന രാജാവിന്‍റെ കാലത്താണ് അജന്താ ഗുഹകളുടെ നിര്‍മാണം തുടങ്ങുന്നതെന്നാണ് വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ചരിത്രകാരമാരുടെ ഭാഷ്യം. എന്തായാലും ബുദ്ധ/ജൈന കാലഘട്ടങ്ങളില്‍ തന്നെ (രണ്ടാം നൂറ്റാണ്ടു മുതല്‍) ചിത്ര/ശില്‍പ്പ കലകളില്‍ ലോകത്ത് നമ്മുടെ പൂര്‍വികര്‍ വളരെയേറെ സമ്പന്നരായിരുന്നെന്നും ഇതര സമൂഹങ്ങളെക്കാള്‍ ഏറെ മുന്നിലായിരുന്നെന്നും അജന്തയിലെയും എല്ലോറയിലെയും ഗുഹാ ചിത്രങ്ങളും ശില്‍പ്പങ്ങളും തെളിയിക്കുന്നു. കൂട്ടത്തില്‍ അക്കാലത്തെ മനുഷ്യാധ്വാനത്തിന്‍റെ ധൂര്‍ത്തും. മലമുകളിലെ പാറകള്‍ തുരന്ന് ആയിരക്കണക്കിന് ടണ്‍ കരിങ്കല്ലുകള്‍ പുറത്തെടുത്തായിരിക്കാം ഓരോ ഗുഹകളും നിർമിച്ചിരിക്കുന്നത്. വെടിമരുന്നും ക്രെയിനും ജെ.സി.ബിയുമൊന്നും ഇല്ലാത്ത കാലമാണെന്ന് കൂടിയോര്‍ക്കുക.
ബുദ്ധമതത്തിന്‍റെ പതനം
ബുദ്ധമതത്തിന്‍റെ സുവര്‍ണകാലത്ത് നിര്‍മിക്കപ്പെട്ടതെന്നു കരുതപ്പെടുന്ന അജന്താ ഗുഹകളില്‍നിന്നും എല്ലോറയിലെ ഗുഹകളിലേക്ക് വരുമ്പോള്‍ ബുദ്ധമതത്തിന്‍റെ പതുക്കെ പതുക്കെയുള്ള പതനവും ഹിന്ദുമതത്തിന്‍റെ അധിനിവേശവും നമുക്ക് വായിച്ചെടുക്കാനാകും. ഔറംഗബാദില്‍നിന്ന് 28 കിലോമീറ്റര്‍ അകലെയാണ് എല്ലോറാ ഗുഹകള്‍. 34 ഗുഹകളാണ് എല്ലോറയിലുള്ളത്. ഇവയില്‍ ഒന്നുമുതല്‍ 12 വരെയുള്ള ഗുഹകള്‍ ബുദ്ധ വിഹാരങ്ങളാണ്. 30 മുതല്‍ 34 വരെയുള്ള ഗുഹകള്‍ ജൈന ക്ഷേത്രങ്ങളും ബാക്കി 16 ഗുഹകള്‍ ബ്രാഹ്മണ/ഹിന്ദു ക്ഷേത്രങ്ങളുമാണ്.
ഇതില്‍ വിഷ്ണു ക്ഷേത്രങ്ങളും ശിവ ക്ഷേത്രങ്ങളും കാണാം. പല ക്ഷേത്രങ്ങളും ബുദ്ധ വിഹാരങ്ങള്‍ തകര്‍ത്ത് നിര്‍മിച്ചവയാണെന്ന് സൂക്ഷ്മ നിരീക്ഷണത്തില്‍നിന്ന് മനസ്സിലാക്കാം. ബുദ്ധ വിഹാരങ്ങളുടെ മുമ്പിലുള്ള ആനകളുടെ പല പ്രതിമകളും ഭാഗികമായി തകര്‍ത്ത നിലയിലാണ്. എല്ലോറയിലെ പത്താമത്തെ ഗുഹ വിശ്വകര്‍മ ഗുഹ (Carpenter's cave) എന്നറിയപ്പെടുന്നു. ഇതിനകത്തെ പതിനഞ്ചടിയോളം ഉയരമുള്ള ബുദ്ധ പ്രതിമ അതിമനോഹരം. അതുപോലെ തന്നെ പന്ത്രണ്ടാമത്തെ ഗുഹയിലെ ധ്യാനമുദ്രയില്‍ ഇരിക്കുന്ന ഏഴ് ബുദ്ധപ്രതിമകളും മികച്ച കലാസൃഷ്ടികളാണ്. ബുദ്ധ വിഹാരമായിരുന്ന പതിനഞ്ചാമത്തെ ഗുഹ എട്ടാം നൂറ്റാണ്ടില്‍ ശിവക്ഷേത്രമാക്കി പുനര്‍നിർമിച്ചതത്രേ. ഇങ്ങിനെ പല ബുദ്ധ വിഹാരങ്ങളും ജൈന ക്ഷേത്രങ്ങളും എല്ലോറാ ഗുഹകളില്‍ പില്‍ക്കാലത്ത് ബ്രാഹ്മണര്‍ കൈയേറി ശിവ/വിഷ്ണു ക്ഷേത്രങ്ങളാക്കി മാറ്റിയതായി കാണാന്‍ കഴിയും.
ഈ മുകളിൽ എഴുതിയിരിക്കുന്നത് ഗൂഗിൾ തന്ന അറിവുകളാണ്. ഞാനിവിടെ ഒരു യാത്രികൻ മാത്രമാണ്. ഇവിടെ ഇത്രയും പകർത്തി എഴുതാൻ കാരണം ചിലരെങ്കിലും നേരിട്ട് എന്നോട് ചോദിച്ചിരുന്നു അജന്തയിലും എല്ലോറയിലും ഇത്ര കാണാൻ എന്താണ് ഉള്ളതെന്ന്! മുകളിൽ പകർത്തി എഴുതിയ പോലെ വസ്തുതാവിവരങ്ങൾ എനിക്ക് ഇല്ലാത്തതുകൊണ്ട് അത് ഇവിടെ അതേപടി പകർത്തുകയാണ് ചെയ്‌തത്.
അജന്തയിൽ എത്തുമ്പോൾ മലകളിൽ നിറയെ ഉയരത്തിൽ വളരാത്ത മരങ്ങളാണ് കാഴ്ച്ചകൾ. ഗെയ്റ്റ് കടന്നാൽ പാർക്കിങ് ആയി. അവിടെ തന്നെ ചായക്കടകളും, സോപ്പ്,ചീർപ്പ്, കണ്ണാടി, വെള്ളം, ബുക്സ് എല്ലാം വിൽക്കുന്ന നിരവധി കടകൾ. ഇതെല്ലാം കടന്നു ചെല്ലുമ്പോൾ രണ്ടു ബസ്സുകൾ കിടക്കുന്നു. എയർകണ്ടീഷൻ ചെയ്തതും അല്ലാത്തതും. ഇവിടെനിന്നും ബസ്സിൽ പോകണം. മൂന്നു കിലോമീറ്റർ അപ്പുറത്താണ് ഗുഹകൾ. അവിടേക്ക് മറ്റു വാഹനങ്ങൾ വിടില്ല. ഞാൻ എയർകണ്ടീഷൻ ചെയ്ത വണ്ടിയിൽ കയറി. അതിന് മുപ്പത് രൂപ. മറ്റേ വണ്ടിയിൽ ഇരുപത്തഞ്ചു മതി. അങ്ങനെ ഗുഹയുടെ അടുത്ത് എത്തുമ്പോൾ സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞു ടിക്കറ്റ് എടുത്തു വേണം അകത്തു കടക്കാൻ. അവിടെ നല്ലൊരു പൂന്തോട്ടമുണ്ട്. ബാത്റൂo സൗകര്യങ്ങൾ ഉണ്ട്. പിന്നെ MIDC യുടെ ഹോട്ടലും പ്രവർത്തിക്കുന്നു.
ഇവിടെയും ടൂറിസ്റ്റ് ഗൈഡുകൾ ധാരാളം ഉണ്ട്. വിദേശികൾ മിക്കവരും ഗൈഡിനെ ഉപയോഗപ്പെടുത്തുന്നു. ഞാൻ പതിവുപോലെ അജന്തയെ കുറിച്ചുള്ള പുസ്തകം വാങ്ങി.
ഗുഹകൾ ഓരോന്നായി സാവധാനം കണ്ടു നടന്നു. ഇവിടെ വെച്ച് രണ്ടു മലയാളി കുടുംബങ്ങളെ പരിചയപ്പെട്ടു. ഒരു ടീം എറണാകുളത്തു നിന്നും വന്നവർ. അവരിൽ ഒരാൾ തൃശൂർകാരി മെഷീൻ ക്വാർട്ടേഴ്സിൽ വീടുള്ള ഡോക്ടർ ആയിരുന്നു. മറ്റേ ഫാമിലി ഗോവയിൽ നിന്നും കാറ് വിളിച്ചു വന്നിരിക്കുന്നു. മഹാരാഷ്ട്ര മൊത്തം ഒന്നു കറങ്ങിയിട്ടേ അവർ മടങ്ങുകയുള്ളൂ. ഗോവയിൽ അവർ ഓട്ടോമൊബൈൽ ബിസിനസ് ചെയ്യുന്നു.
എല്ലോറയേക്കാളും പ്രകൃതിഭംഗി കൂടുതൽ ഉള്ളത് ഇവിടെയാണ്. കൂടാതെ എതിർവശത്തുള്ള മലയിൽ കയറിയാൽ ഗുഹകളുടെ അകലെ നിന്നുളള ദൃശ്യങ്ങൾ കാണാം. അവിടെ നിന്നുമാണ് അജന്ത വെള്ളച്ചാട്ടവും തുടങ്ങുന്നത്.
മിക്കവാറും എല്ലാ ഗുഹകളിലും ബുദ്ധവിഗ്രഹങ്ങൾ കാണാം. ബുദ്ധിസം വളർന്ന കാലം മുതലേ ഇവിടെ അതിന്റെ പണികൾ തുടങ്ങിയിരിക്കുന്നു. ഇവിടെയും അപൂർണ്ണമായ വിഗ്രഹങ്ങളും ഗുഹകളും ചിത്രങ്ങളും ഉണ്ട്. ഉച്ചവരെ ഇതെല്ലാം കണ്ടുനടന്നു. കയ്യിൽ കരുതിയ വെള്ളവും മറ്റും തീർന്നു. തിരിച്ചു ഇറങ്ങാൻ തുടങ്ങി. ഇവിടുത്തെ ചെറുവനത്തിൽ നിറയെ കുരങ്ങുകൾ. നടപ്പാതകൾ പോലും ചിലപ്പോൾ അവർ കയ്യടക്കുന്നുമുണ്ട്. തിരിച്ചു വരുമ്പോൾ ചാറ്റൽ മഴ തുടങ്ങി. നല്ല വിശപ്പും ഉണ്ട്. MIDC യുടെ ഹോട്ടലിൽ കയറി വെജിറ്റബിൾ ബിരിയാണി കഴിച്ചു. ആ സമയത്ത് വെയ്റ്ററോഡ് ഇനി ഇവിടെ അടുത്തു എന്തെങ്കിലും കാണാൻ ഉണ്ടോ എന്ന് ചോദിച്ചു. അപ്പോൾ ആ പുള്ളിയാണ് അജന്ത വെള്ളച്ചാട്ടം കാണാൻ ഗുഹകളുടെ എതിർവശത്തുള്ള മലയിലേക്ക് കയറിപ്പോയാൽ മതിയെന്ന്. അജന്തയിൽ വെള്ളച്ചാട്ടം ഉണ്ടെന്ന വിവരങ്ങൾ ഞാൻ വായിച്ചു അറിഞ്ഞിരുന്നു. എന്നാൽ ഇത്രയും അരികിലാണെന്നു മനസ്സിലാക്കിയിരുന്നില്ല.
ഉച്ചഭക്ഷണം കഴിച്ചതിനു ശേഷം വെള്ളച്ചാട്ടം കാണാനുള്ള വഴിയിലൂടെ സ്റ്റെപ്പുകൾ കയറിതുടങ്ങി. ആ മലമുകളിൽ എത്താൻ സ്റ്റെപ്പുകൾ പണിതിരിക്കുന്നു. കുറച്ചു കയറും. പിന്നെ ഇരിക്കും. പിന്നെയും കയറും, ഇരിക്കും. ആ രീതിയിൽ കയറുകയാണ് ചെയ്തത്.
മുകളിൽ ചെറിയൊരു തടാകം ഉണ്ട്. ചുറ്റുമുള്ള മലകളിൽ നിന്നും നീർച്ചാലുകൾ ഇവിടേക്ക് ഒഴുകിയെത്തുന്നു. അത് പിന്നീട് ഒഴുകി വെള്ളച്ചാട്ടമായി മാറുന്നു. ഇവിടുത്തെ വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത ഈ ചാലിൽ നിന്നും ഒരു കിണറുപോലുള്ള വങ്കിലേക്ക് ചാടുന്നു. അത് നിറഞ്ഞു മറ്റൊന്നിലേക്ക് പിന്നെ അതിന്റെ താഴേക്ക് ആ രീതിയിൽ സ്റ്റെപ്പുകളായി ചാടി ഒടുവിൽ നദിയുടെ തുടക്കമായി മാറുന്നു. ഇപ്പോൾ വളരെ കുറച്ചു വെള്ളമേ ഉള്ളു. വർഷക്കാലത്ത് വലിയൊരു കുത്തിയൊഴുക്കായി മാറും എന്നു ഈ കാഴ്ചകളിലൂടെ മനസ്സിലാക്കാം. അജന്തയിൽ പോയാൽ ഈ വെള്ളച്ചാട്ടവും കൂടി കണ്ടാലേ ആ കാഴ്ചകളുടെ പൂർണ്ണത ലഭിക്കു എന്നാണ് എന്റെ പക്ഷം. ബഹുഭൂരിപക്ഷം ഗുഹകൾ മാത്രം കണ്ടു മടങ്ങുകയാണ് ചെയ്യുന്നത്. അതിനു മറ്റൊരു കാരണം കൂടി യുണ്ട്. രണ്ടോ മൂന്നോ മണിക്കൂർ കൊണ്ട് ഗുഹകൾ കണ്ടു ക്ഷീണിതരാകുന്ന സഞ്ചാരികൾ എതിർവശത്തുള്ള ഈ മല കയറാൻ മടിക്കും.
വെള്ളച്ചാട്ടം കണ്ടു കുറച്ചുനേരം അജന്തയുടെ പാർക്കിലും അവിടുത്തെ കടകൾ കണ്ടും ചായ കുടിച്ചും ആയംപോലെ തിരിച്ചു ഹോട്ടലിൽ എത്താം എന്നാണ് കരുതിയത്. എന്നാൽ എല്ലാം തെറ്റിച്ചുകൊണ്ടു നല്ല കാറ്റും മഴയും തുടങ്ങി. അപ്പോൾ വേഗത്തിൽ മലയിറങ്ങി ബസ്സിൽ ഓടി കയറി. ആളുകളെല്ലാം കാഴ്‌ച്ച മതിയാക്കി ഓടി വരികയാണ്. നിമിഷങ്ങൾകൊണ്ട് ബസ്സ് നിറയുകയും അത് തിരിച്ചു താഴ് വാരത്തിൽ വന്നു ആളുകളെ വിടുകയും ചെയ്തു. ബസ്റ്റോപ്പിലുള്ള ഷെഡിൽ മഴ തോരുന്നതുവരെ ഞാനിരുന്നു. മഴയ്ക്ക് ശമനം വന്നപ്പോൾ അവിടുത്തെ ഒരു ചായക്കടയിൽ പോയി ചായയും കുടിച്ചു ഹോട്ടലിലേക്ക് മടങ്ങി. ഇന്ന് രാത്രി കൂടി ഇവിടെ കഴിഞ്ഞു രാവിലെ ഔറഗാബാദിലേക്ക് പോകണം.
...
No comments:
Post a Comment