Tuesday, 6 August 2024

മഹാരാഷ്ട്രയിലെ യാത്ര 10

10

ദൗലത്താബാദ് കോട്ടയിൽ

അജന്തയിൽ നിന്നും രാവിലെ  ഒമ്പതുമാണിയോടെ ബസ്സിൽ കയറി പതിനൊന്നരയോടെ ഔറംഗബാദിൽ എത്തി. അവിടെ നിന്നും ഉച്ചയ്ക്ക് ദൗലത്താബാദ് കോട്ടയുടെ മുന്നിൽ ബസ്സിറങ്ങി. സത്യത്തിൽ ഞാൻ കയറിയ ബസ്സിന് അവിടെ സ്റ്റോപ്പില്ല. കണ്ടക്ടറുടേയും ഡ്രൈവറുടേയും കരുണയിൽ എനിക്കവിടെ വണ്ടി നിർത്തി തരികയായിരുന്നു.  ഞാൻ ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞുള്ള ഒരു ടിക്കറ്റ് എനിക്ക്‌ നൽകി. പൈസ അഞ്ചു രൂപ കൂടി എന്നേയുള്ളു. എങ്കിലും എനിക്ക് കോട്ടയുടെ മുന്നിൽ ഇറങ്ങാൻ സാധിച്ചു. ഇറങ്ങുമ്പോൾ ഡ്രൈവറോട് പ്രത്യേകം നന്ദി പറഞ്ഞു.

അവിടെ റോഡ് സൈഡിൽ തന്നെയുള്ള സാമാന്യം നല്ലൊരു ഹോട്ടലിൽ കയറി. ഭക്ഷണം കഴിച്ചിട്ട് കോട്ട കാണാൻ പോകാം. അവിടുത്തെ വെജിറ്റബിൾ ഭക്ഷണം നാല് ചപ്പാത്തി, കുറച്ച് ചോറും കറികളുമായി താലി എന്നു പറയും. അത് കഴിച്ചു. പിന്നെ കോട്ട കാണാൻ ടിക്കറ്റ് എടുക്കാൻ പോയപ്പോൾ കൗണ്ടറിൽ ഇവിടെ ലഗേജ് വെക്കുവാൻ ക്ലോക്ക് റൂം ഉണ്ടോ എന്ന് ചോദിച്ചു.
ഇല്ലെന്ന് മറുപടി വന്നു.

ഇത്തരം സ്ഥലങ്ങളിൽ  ഒരുപാട് ടൂറിസ്റ്റ്കൾ വരുമ്പോൾ ക്ലോക്ക് റൂം കൂടി ഒരുക്കേണ്ടത് സർക്കാരിന്റെ കടമയാണ്.  മുന്നിലുള്ള വലിയ കുന്നിൽ കോട്ടയുടെ സ്റ്റെപ്പുകൾ തന്നെ എഴുന്നൂറ്റി അമ്പത്തിൽ പരം ഉണ്ടെന്നു പറയുന്നു. അവിടേക്ക് ലഗേജുമായി കയറുക എളുപ്പമല്ല. 

ടിക്കറ്റ് എടുത്ത് ഞാനങ്ങനെ നിൽക്കുമ്പോൾ ഇവിടെയും ഒരു പുസ്തക കച്ചവടകാരൻ എന്നെ പിടികൂടി. ഞാൻ അയാളിൽ നിന്നും ഒരു പുസ്തകം വാങ്ങി. അങ്ങനെ സംസാരിച്ചു നിൽക്കെ അയാൾ പറഞ്ഞു നിങ്ങളുടെ ബാഗ് വേണമെങ്കിൽ ആ ഹോട്ടലിൽ വെച്ചിട്ട് പോകാമെന്ന്‌. അവിടുന്ന് ഇപ്പോൾ ഞാൻ ഭക്ഷണം കഴിച്ചതെയുള്ളൂ എന്നു ഞാൻ പറഞ്ഞു.
അങ്ങനെ അയാൾ എന്നെയും കൂട്ടി ആ ഹോട്ടലിൽ ചെന്നു. അയാളുടെ റെക്കമെന്റോടെ എന്റെ ബാഗ് അവരുടെ വാതിൽ ഇല്ലാത്ത അലമാരയിൽ വെച്ചു. 

ഈ കോട്ട കുത്തനെയുള്ള ഒരു കുന്നിലാണ് പണിതിരിക്കുന്നത്. മുകളിൽ നിന്ന് നോക്കുമ്പോൾ ചുറ്റുമുള്ള വിശാലമായ പ്രദേശങ്ങൾ കാണാം. അങ്ങകലെ മൂന്നു വശവും മലനിരകൾ. ഈ കോട്ട പട്ടാളത്തെ പാർപ്പിക്കാനും പരിശീലനം നൽകുവാനും സ്വയം രക്ഷക്കും വേണ്ടി പണിതിരിക്കുന്നത്. വലിയ കൊട്ടാവാതിലുകൾ കടന്ന് അകത്തേക്ക് ചെല്ലുമ്പോൾ പണ്ടത്തെ പീരങ്കികളും മറ്റും കാണാം. പടവുകൾ കെട്ടി താഴേക്ക് ഇറങ്ങിച്ചെല്ലാവുന്ന വലിയ കിണർ.  ഒരു ദേവീക്ഷേത്രം. മണ്ഡപം.

ഔറംഗസേബ് വലിയ ഹിന്ദു വിരോധി ആണെന്ന് ആരോപണം ഇന്നും പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ കോട്ടയിലും ഹിന്ദു ദൈവങ്ങൾക്ക് സ്ഥാനം ഉണ്ടായിരുന്നു. അവിടെ നിന്നും അൽപ്പം നടന്നാൽ ഒരു പത്തുനില കെട്ടിടത്തിന്റെ ഉയരത്തിൽ ഒരു മിനാരം. പിന്നെ ഒരു വലിയ കിടങ്ങ്. ഇരുപത് മീറ്ററെങ്കിലും വീതിയും അതുപോലെ ആഴവും ഉളള ഈ കിടങ്ങും കടന്നു വേണം കോട്ടയുടെ മുകളിൽ എത്താൻ. കിടങ്ങിൽ പച്ചനിറത്തിൽ വെള്ളം കെട്ടിക്കിടക്കുന്നു.  പിന്നെ അജന്ത ഗുഹകൾ പോലെ പാറ തുരന്ന് അതിന്റെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന ഇരുട്ടുവഴികളിലൂടെ വേണം മുകളിൽ കയറാൻ. അവിടെ സൂക്ഷിച്ചു വേണം കയറുവാനും ഇറങ്ങുവാനും. ഇവിടെ ഒരു ഡാർക്ക് റൂമിന്റെ അവസ്ഥ അനുഭവിച്ചു അറിയാം. അതു കഴിഞ്ഞ് ചെല്ലുമ്പോൾ ഒരു ഗണപതി ക്ഷേത്രം. 

കുത്തനെയുള്ള ഈ പടികൾ ഇത്രയും കയറുമ്പോൾ തന്നെ കുറേപ്പേർ അവശരായി അവിടവിടെ ഇരിക്കുന്നത് കാണാം. ഞാനും പലയിടത്തും ഇരുന്നു. വെള്ളം കുടിച്ചു. മലയുടെ മുകളിൽ എത്തി. 

മുകളിൽ ചെറിയൊരു കൊട്ടാരം. വാതിലുകൾ ഇല്ലാത്ത മുറികൾ. കൊട്ടാരം അത്ര ഭംഗിയൊന്നും വരുത്തിയിട്ടില്ല.  എപ്പോഴും നല്ല കാറ്റ്. ഇവിടെ നിന്നാൽ ഭൂപ്രദേശം നാലു ഭാഗവും കാണാം.  ഈ കൊട്ടാരക്കെട്ടുകളും കടന്നു കുന്നിന്റെ ഏറ്റവും മുകളിൽ അതിഗംഭീരമായി പീരങ്കികൾ സ്ഥാപിച്ചിരിക്കുന്നു. ഇത്രയും കനത്തിലുള്ള പീരങ്കികൾ എങ്ങനെയാണാവോ ഇതിന്റെ മുകളിൽ എത്തിച്ചിരിക്കുന്നത്. അത് അവിടെ പാറക്കെട്ടുകളിൽ സ്ഥാപിച്ചിരിക്കുന്നു.

ഇതെല്ലാം കാണുമ്പോൾ മനുഷ്യൻ യുദ്ധം ചെയ്യാൻ വേണ്ടിയാണോ ജനിച്ചത്? എന്ന്‌ ഒരു നിമിഷം തോന്നിപ്പോകും. ഈ ഭൂമിയെ സുന്ദരമാക്കുന്നതും നശിപ്പിക്കുന്നതും മനുഷ്യൻ തന്നെയാണല്ലോ. ഭൂമിയിൽ ഏറ്റവും വേസ്റ്റ് തള്ളുന്ന ഒരേയൊരു ജീവി മനുഷ്യനാണ്.  മറ്റു ജീവികൾ കഴിക്കുന്ന ഭക്ഷണം പുറംതള്ളുന്നു എന്നല്ലാതെ അവ പ്രകൃതിയ്ക്ക് ഭാരമാകുന്നില്ല. എന്നാൽ മനുഷ്യൻ അങ്ങനെയാണോ? ഈ യുദ്ധക്കൊതിയും ആർഭാടങ്ങളും എല്ലാം കാണുമ്പോൾ ഇങ്ങനെയെല്ലാം ചിന്തിച്ചു പോകും.

കുറേ ആളുകൾ പാതി വഴിയിൽ സ്റ്റെപ്പുകൾ കയറാൻ പറ്റാതെ മടങ്ങുന്നവരും ഉണ്ട്. ഇതെല്ലാം കണ്ടു സാവധാനം മലയിറങ്ങി. ഹോട്ടലിൽ വന്നു ചായ കുടിച്ചു. എന്റെ ബാഗ് വാങ്ങി. ഇനി ഔറംഗാബാദിലേക്ക് എത്തണം. അവിടുന്ന് നാസിക്കിലേക്ക്.  വരുന്ന ബസ്സുകൾക്കെല്ലാം കൈ കാണിച്ചു. ഒന്നും നിർത്തുന്നില്ല. കുറെ സമയം അങ്ങനെ പോയി. പിന്നീട് ഒരു ആട്ടോ വന്നു. അതിലേക്ക് ആളുകളെ വിളിച്ചു കയറ്റുന്നു. അതിൽ കയറി ഞാനും പോന്നു.

..

No comments:

Post a Comment