Tuesday, 6 August 2024

മഹാരാഷ്ട്രയിലെ യാത്ര 11

11

നാസിക്കിൽ നിന്നും മുംബൈ പനവേലിലേക്ക്...
..

ഔറംഗബാദിൽ നിന്നും ആറുമണിക്ക് ബസ് കയറി ഒമ്പതരയോടെ നാസിക്കിൽ വണ്ടി എത്തിച്ചേർന്നു.  ഇടയിൽ ഒരിടത്ത് ചായ കുടിക്കാൻ ബസ്സ് ഇരുപത് മിനിറ്റ് നിർത്തിയിരുന്നു. എനിക്ക് പോകേണ്ടത് നാസിക് റോഡിലേക്കാണ്. ഒരു ഓട്ടോയിൽ കയറി പത്തുമണിയോടെ  എത്തിച്ചേർന്നു. അവിടെ സുഹൃത്ത് ബാബു എത്തിയിരുന്നു. പിന്നെ ബാബുവിന്റെ സ്കൂട്ടറിൽ അവരുടെ വീട്ടിലെത്തി. പിറ്റേന്ന് ഞാനും ബാബുവും കൂടി നാസിക് സിറ്റിയിൽ വെറുതെ ഒന്ന് കറങ്ങി. പണ്ട് കുറച്ചു കാലം ഞാൻ നാസിക്കിൽ ഉണ്ടായിരുന്നു. അന്ന് ചെറിയൊരു സിറ്റിയായിരുന്നു അത്. ഇപ്പോൾ അവിടം ആകെ മാറിയിരിക്കുന്നു. ബസ്സിൽ കയറി വെറുതെ ഒരു റൗണ്ട് ചുറ്റിയടിച്ചു. റോഡുകൾ എല്ലാം നാലുവരിയും എട്ടുവരിയുമെല്ലാം ആയിട്ടുണ്ടെങ്കിലും വാഹനബാഹുല്യം കാരണം വഴി മുഴുവൻ ബ്ലോക്കാണ്. ഒരു സ്ഥലത്തു എത്തണമെങ്കിൽ കുറെ നേരത്തെ ഇറങ്ങണം. എങ്കിലേ വിചാരിച്ച സ്ഥലത്തു സമയത്തിന് എത്തിച്ചേരാൻ കഴിയു.

സന്ധ്യയ്ക്ക് ഞങ്ങൾ മനോജ് ഗയ്ക്ക് -വാഡ് എന്ന സുഹൃത്തിനെ കാണാൻ പോയി. നാസിക് റോഡിൽ ക്വാളിറ്റി ബേക്കേഴ്‌സ് എന്നൊരു വലിയ ബേക്കറിയുടെ ഉടമയാണ് ഇന്ന് പുള്ളി.  എമ്പതോളം ജോലിക്കാർ ഉണ്ടെന്നാണ് കേട്ടത്. പുള്ളിയുടെ അവിടെനിന്നും ചായ കുടിച്ചു. സ്വീറ്റ്‌സ് തന്നു. കൂടാതെ ഞാൻ കുറച്ചു വാങ്ങുകയും ചെയ്തു. അങ്ങനെ സംസാരിച്ചു ഇരിക്കുന്നതിനിടയിലാണ് പുള്ളിയുടെ അമ്മയുടെ കാര്യം പറയുന്നത്. ഏകദേശം മുപ്പത്തഞ്ചോളം വർഷമായി ശരീരം തളർന്നു കിടക്കുകയാണ്. അതുകേട്ടപ്പോൾ ശരിക്കും അമ്പരന്നു പോയി. പിന്നെ ഞങ്ങൾ അവരുടെ വീട്ടിൽ പോയി ആ അമ്മയേയും കണ്ടാണ് മടങ്ങിയത്. എത്രയോ വർഷങ്ങൾക്കു മുൻപ് കണ്ടതാണ്. ഇപ്പോൾ ഒരു കുഞ്ഞുകുട്ടി കിടക്കുന്നപോലെ കിടക്കുന്നു. അന്നത്തെ ആ സ്ത്രീ എവിടെ? ഈ കിടക്കുന്ന ആൾ എവിടെ! ആകെ മാറിയിരിക്കുന്നു. വിളറി വെളുത്ത മുഖം. എന്നാൽ ഓർമ്മകൾക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല. പഴയ കാലത്തെ കുറിച്ചു പറഞ്ഞപ്പോൾ എന്റെയും ബാബുവിന്റെയുമൊക്കെ പേരുകൾ എടുത്തുപറഞ്ഞു! മുപ്പത്തിയഞ്ച് കൊല്ലമായി ഒരാൾ ഒരേ കിടപ്പ്! ഒന്നാലോചിച്ചു നോക്കു.... എത്ര ഭീകരമായിരിക്കും അതെന്ന്. അച്ഛൻ വർഷങ്ങൾക്കു മുൻപ് മരിച്ചു. അമ്മ കിടപ്പിലായി. എന്നിട്ടും മക്കൾ പറ്റാവുന്ന ഏറ്റവും നല്ല രീതിയിൽ നോക്കുന്നു. അതുകൊണ്ടാണ് ഇന്നും അവർ ജീവിച്ചിരുന്നത്. നല്ല വൃത്തിയുള്ള അത്യാവശ്യം വലുപ്പമുള്ള ആ മുറിയിൽ ഒരു കട്ടിലിൽ ആ അമ്മ കിടക്കുന്നു. അമ്മയ്ക്ക് കാണാവുന്ന രീതിയിൽ ഒരു ടി വി വെച്ചിട്ടുണ്ട്. മല മൂത്രവിസർജനത്തിന്റെയോ മരുന്നിന്റെയോ മണമൊന്നും ആ മുറിയിൽ ഇല്ല. മുറിയിൽ നല്ല ഫ്രഷ് എയർ തന്നെ. നമ്മുടെ നാട്ടിൽ പല വീടുകളിലും ഒരാൾ ഒരു നാലു ദിവസം മുറിയിൽ കിടന്നാൽ മതി. ആ മുറി മരുന്നിന്റെയും മറ്റും മണമായിരിക്കും.  ഒരാളെ എങ്ങനെ ആ വീട്ടുകാർ നോക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് അതെല്ലാം സംഭവിക്കുന്നത്.

അവിടെനിന്നും മടങ്ങി. ബാബുവിന്റെ വീട്ടിലെത്തി. അവിടെ ഇപ്പോൾ ഭാര്യയും ബാബുവും മാത്രം. മക്കൾ ബാംഗ്ലൂരിൽ ഐ ടി മേഖലയിൽ.
നാളെ രാവിലെ തന്നെയുള്ള ആറരയുടെ ട്രെയിനിൽ പനവേലിൽ നിന്നുമാണ് എനിക്കുള്ള ട്രെയിൻ. ബാബുവും കൂടെ വരുന്നുണ്ട്. അവിടെ ബാബുവിന് ബന്ധുവീടുണ്ട്. എന്നെ വിട്ടതിനുശേഷം അങ്ങോട്ട് പോകണം.

പിറ്റേന്ന് പുലർച്ചെതന്നെ ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങി. എത്ര വേണ്ടെന്നു പറഞ്ഞിട്ടും ബാബുവിന്റെ ഹൈസ്ക്കൂൾ ടീച്ചർ കൂടിയായ ഭാര്യ വിനിത  ചിക്കൻകറിയും ചപ്പാത്തിയും ഉണ്ടാക്കി പൊതിഞ്ഞുതന്നു. ട്രെയിനിൽ ഉച്ചക്കും രാത്രിയിലും കഴിക്കാൻ. 

ആറരയുടെ ട്രെയിൻ എത്തുമ്പോൾ അൽപ്പം വൈകിയിരുന്നു.  ട്രെയിൻ വൈകുമ്പോൾ എന്റെ മനസ്സ് പിടച്ചു. പതിനൊന്നരക്കാണ് നാട്ടിലേക്കുള്ള എന്റെ ട്രെയിൻ.  അതുകൊണ്ട് ഒരു പതിനൊന്ന് മണിക്കെങ്കിലും പനവേലിൽ എത്തണം.  ആറരയുടെ ട്രെയിൻ സാധാരണ ഒമ്പതേകാലിന് താനെയിൽ എത്തും. അവിടുന്ന് മറ്റൊരു ലോക്കൽ ട്രെയിനിൽ ഒരു മണിക്കൂർക്കൊണ്ടു പനവേലിലും എത്തും എന്നതായിരുന്നു കാൽക്കുലേഷൻ. എന്നാൽ ഇന്നാ ട്രെയിൻ വരുന്നത് ഇവിടെത്തന്നെ അര മണിക്കൂർ വൈകിയിരിക്കുന്നു. അപ്പോൾ താനെയിൽ എത്തുമ്പോൾ ഇതുപോലെ പിന്നെയും വൈകും. ഇന്ന് രാവിലെതന്നെ നല്ല മഴയും തുടങ്ങിയിരിക്കുന്നു. ട്രെയിനിൽ എനിക്ക് ഇരിപ്പ് ഉറക്കാതെയായി. ബോഗിയിലുള്ള എല്ലാവരും അസ്വസ്ഥരാണ്. പലർക്കും എന്നെപ്പോലെ മറ്റു ട്രെയിനിൽ മാറികേറി പോകേണ്ടതുണ്ട്. അങ്ങനെ ഇരിക്കുമ്പോൾ ഞങ്ങളുടെ സീറ്റിന്റെ അരികിൽ ട്രെയിനിലെ ഒരു സ്റ്റാഫ് വന്നിരുന്നു. അയാളുടെ മൊബൈലിലേക്ക് ഒരുപാട് ഫോട്ടോകളും മെസ്സേജുകളും വന്നുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ റൂട്ടിൽ ട്രാക്കിലേക്ക് മല ഇടിഞ്ഞു വീണ് മണ്ണ് മാറ്റി കൊണ്ടിരിക്കുന്നു. മലകളിൽ നിന്നും വൻതോതിൽ വെള്ളം ഒഴുകുമായാണ്. അതിന്റെ വീഡിയോകളും പുള്ളിയുടെ മൊബൈലിലേക്ക് വന്നുകൊണ്ടിരുന്നു.

-പതിനൊന്നു മണിക്ക് പനവേൽ എത്തേണ്ട ഞങ്ങളാ ഇങ്ങനെ ഇരിക്കുന്നത്. എന്റെ ട്രെയിൻ പതിനൊന്നാരക്കാണ്.

ഞാൻ പുള്ളിയോട് വെറുതെ പറഞ്ഞു. അത് മിസ്സിങ് ആയാൽ പിന്നത്തെ ട്രെയിനിൽ കിട്ടുന്ന ടിക്കറ്റ് എടുത്തു പോകേണ്ടി വരും. ബുക്കിങ് ഇല്ലാത്ത യാത്ര ട്രെയിനിൽ വളരെ ദുർഘടം പിടിച്ചതാണ്. വൈകുന്നതിന്റെ വിഷമം ബാബുവിനോടു പറഞ്ഞപ്പോൾ ഇതുപോയാൽ നാളെ തത്ക്കാലിൽ ബുക്ക് ചെയ്തു പോകാം എന്നും ഇന്ന് ബന്ധുവീട്ടിൽ താമസിക്കാം എന്നും പറഞ്ഞു എന്നെ ആശ്വസിപ്പിച്ചു.

ഇങ്ങനെ സംസാരിച്ചിരിക്കെ ട്രെയിനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു നിങ്ങൾക്ക് വേണമെങ്കിൽ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി അൽപ്പം പോയാൽ ഹൈവേ ആയി. അവിടെനിന്നും ബസ്സോ അല്ലെങ്കിൽ കിട്ടുന്ന വണ്ടിയിലോ വേണമെങ്കിൽ പോകാം.  മാക്സിമം നേരത്തെ അവിടെ എത്താം. 

ഇത് കേട്ടതോടെ എന്റെ ഉത്സാഹം കൂടി. ബാഗുമെടുത്തു ഞങ്ങൾ ട്രെയിനിൽ നിന്നും ഇറങ്ങി നടന്നു ഹൈവേയിൽ എത്തി. വരുന്ന ലോറികൾക്കും ജീപ്പുകൾക്കും ബസ്സുകൾക്കും കൈകാണിച്ചു. ചെറിയ ചാറ്റൽ മഴയും കാറ്റും കാരണം ഞങ്ങൾ ഒരു കുടയിലാണെങ്കിലും നനയുന്നുണ്ടായിരുന്നു. ഏതാണ്ട് അരമണിക്കൂർ സമയം അവിടെയും പോയി. അങ്ങനെ നിൽക്കെ അതാ വരുന്നു ഒരു ലക്ഷ്വറി ബസ്. അതിന് ഞാൻ കൈകാട്ടി. അത് നിർത്തില്ല എന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ ഊഹം തെറ്റിച്ചുകൊണ്ട് ബസ് നിന്നു. 
-എവിടെ പോകണം?
-താനെ
-എങ്കിൽ ഒകെ...!

വേറെ കാശിന്റെ കാര്യമോ മറ്റോ ഒന്നും ചോദിച്ചില്ല. ഉടനെ ചാടി വണ്ടിയിൽ കയറുകയായിരുന്നു.  ബസ്സിന്റെ ബോണറ്റിൽ ഞാൻ ഇരുന്നു. കിളി ഇരിക്കുന്ന സീറ്റിൽ ബാബുവും. കയറി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ കിളി രണ്ടു പേർക്കും കൂടി ഇരുന്നൂറ് രൂപ വാങ്ങി.
ഓ.... ഭാഗ്യം!
കത്തി വെച്ചിട്ടില്ല. ഉടനെ പൈസ കൊടുത്തു. ഡ്രൈവർ ചെറുപ്പക്കാരൻ ആർക്കൊക്കെയോ ഫോൺ ചെയ്യുന്നു. ഫോൺ വരുന്നു. മുന്നിലെ വണ്ടികളെ മറികടന്നു പോകുന്നു. വർത്തമാനം പറയുന്നു. പാട്ട് പാടുന്നു. കൂടാതെ നല്ല ഒച്ചയിൽ ബസ്സിൽ മറാത്തി പാട്ടും വെച്ചിട്ടുണ്ട്. 

മഴയെ പറ്റിയും ഇയ്യിടെ മഹാരാഷ്ട്രയിൽ മഴവെള്ളത്തിൽ പുഴയിൽ ഒലിച്ചുപോയ കുടുംബത്തെ പറ്റിയും ഞങ്ങൾ ട്രെയിൻ ഉപേക്ഷിച്ച് ബസ്സിൽ കയറാൻ വന്നതിന്റെ കാരണങ്ങളെ കുറിച്ചും വിശേഷങ്ങൾ പങ്കുവെച്ചു. ബസ്സിന്റെ ഡ്രൈവർ ആളൊരു രസികനും ഡ്രൈവിങ് പുള്ളിക്കൊരു ഹരവുമാണ്. അത് ആസ്വദിച്ചുകൊണ്ടാണ് പുള്ളി വണ്ടി ഓടിക്കുന്നത്. 

ഇതിനിടയിൽ എനിക്ക് കയറേണ്ട ട്രെയിൻ എവിടെ എത്തി എന്നു ഗൂഗിളിൽ ബാബു നോക്കി. ആ വണ്ടി റൈറ്റ് ടൈമിൽ ഓടികൊണ്ടിരിക്കുന്നു. ഞങ്ങളും ഒടുന്നുണ്ടെങ്കിലും ട്രെയിൻ കിട്ടാനുള്ള സാധ്യത മങ്ങിവരികയാണ്.

പാടങ്ങളും പറമ്പുകളും പുഴകളും തോടുകളും എല്ലാം നിറഞ്ഞു ഒഴുകുകയാണ് ഇവിടെ. വഴിയോരങ്ങളിൽ ചിലയിടത്ത് മഴവെള്ളപ്പാച്ചിലും കാണാം.  റോഡിൽ നിറയെ ആളുകൾ പലയിടത്തുവെച്ചും ബസ്സിന്‌ കൈ കാണിക്കുന്നുണ്ടായിരുന്നു. ട്രെയിൻ ചിലത്‌ റദ്ദാക്കിയതുകൊണ്ടും ചിലത് സ്ലോവിൽ പോകുന്നതുകൊണ്ടും കൈ കാട്ടി കിട്ടുന്ന വണ്ടികളിൽ പോവുകയാണ് ആളുകൾ. 

താനെ സിറ്റി എത്താൻ ഇനി ഇരുപത് കിലോമീറ്റർ കൂടിയാണ് പോകേണ്ടത്. ഒരിടത്ത് വണ്ടി നിർത്തിയപ്പോൾ കുറച്ചുപേർ ഇറങ്ങി. അപ്പോൾ ഞങ്ങളോട് മുന്നിൽ ഇരിക്കേണ്ട. ഉള്ളിൽ സീറ്റിൽ കയറി കിടന്നോളാൻ പറഞ്ഞു. ഡോർ കിളി തുറന്നുതന്നു. ഞങ്ങൾ ഉള്ളിൽ കയറി മുന്നിലെ ഒഴിഞ്ഞ സീറ്റിൽ കയറി കിടന്നു.  അങ്ങനെ നൂറു രൂപയ്ക്ക് കിടന്നുകൊണ്ടൊരു ബസ്‌യാത്ര! ഏതായാലും ട്രെയിൻ ഇനി കിട്ടാൻ പോകുന്നില്ല ഇപ്പോൾ തന്നെ പതിനൊന്നര ആയിരിക്കുന്നു. ബസ്സിൽ നല്ല സുഖത്തിൽ കിടക്കാം. എന്നിട്ടും എനിക്ക് അസ്വസ്ഥതയായിരുന്നു. അങ്ങനെ നോക്കുമ്പോൾ എനിക്ക് പോകേണ്ട ട്രെയിൻ ഒരിടത്ത് പിടിച്ച് ഇട്ടിരിക്കുകയാണ് എന്ന് ബാബു പറഞ്ഞു.
-ങേ...!
ഉള്ളിൽ ഒരു ആന്തൽ.
-ആ വണ്ടി പിടിച്ചിട്ട് ഇരുപത് മിനിറ്റ് ആയിരിക്കുന്നു.

നോക്കാം. ഉള്ളിൽ ചെറിയൊരു പ്രതീക്ഷ. താനെയിൽ എത്തിയപ്പോൾ ഒരിടത്ത് ബസ്സ് നിർത്തി. ഞങ്ങൾ ഇറങ്ങി.  ബസ്സുകാരോട് നന്ദി പറഞ്ഞു. അവർ പോയപ്പോൾ ഒരു ഓട്ടോ വിളിച്ചു റെയിൽവേ സ്റ്റേഷനിൽ വന്നു. ഇപ്പോൾ പന്ത്രണ്ട് മണി ആയിരിക്കുന്നു. പനവേൽ ടിക്കറ്റ് എടുത്ത് ട്രാക്കിന്റെ അടുത്തുപോയി നിന്നു. അപ്പോഴും എനിക്ക് പോകേണ്ട വണ്ടിയുടെ പുറപ്പെടേണ്ട സമയം നീട്ടിയിരിക്കുന്നു എന്നു കണ്ടു.

താനെയിൽ നിന്നും ഒരു മണിക്കൂർ വേണം പനവേലിൽ എത്താൻ. പിടിച്ചിട്ട വണ്ടിയ്ക്ക് അത് പുറപ്പെടുകയാണെങ്കിൽ അവിടെ എത്താൻ വെറും ഇരുപത് മിനിറ്റ് മതിയാകും! എന്തെങ്കിലും വരട്ടെ! അങ്ങനെ അവസാനം ട്രെയിനുകൾ മാറി കയറി ഒന്നരയോടെ ഞങ്ങൾ പനവേലിൽ എത്തിച്ചേർന്നു. അപ്പോഴും എനിക്കു പോകേണ്ട വണ്ടി അവിടെ പിടിച്ചിരിക്കുന്നു. അപ്പോഴാണ് ആശ്വാസമായത്.  ട്രാക്കിൽ വെള്ളം കയറിയതാണ് ഈ വണ്ടി പിടിച്ചിടാൻ കാരണം. പിന്നീട് ആ വണ്ടി എത്തുമ്പോൾ സമയം നാലര. അങ്ങനെ ഞാൻ ആ വണ്ടിയിൽ കയറിയതിന് ശേഷമാണ് ബാബു പോയത്. ബാബുവിന്റെ ബന്ധു കാറുമായി സ്റ്റേഷനിൽ എത്തിയിരുന്നു. എന്റെ വണ്ടി പുറപ്പെടാൻ പിന്നെയും വൈകി. സന്ധ്യയോടെയാണ് അത് പനവേലിൽ നിന്നും പുറപ്പെട്ടത്‌. എങ്കിലും എന്നെ സംബന്ധിച്ച് ആശ്വാസമായിരുന്നു. വൈകിയാലും എനിക്ക് ഈ വണ്ടി തന്നെ കിട്ടിയല്ലോ.

ഓരോ യാത്രകളും ഇങ്ങനെയൊക്കെയാണ്. നിശ്ചയിച്ച് ഉറപ്പിച്ചപോലെ ആകണമെന്നില്ല യാത്രകൾ. എപ്പോൾ വേണമെങ്കിലും മാറിമറയാം. നമ്മുടെ ജീവിതവും  അങ്ങനെയാണല്ലോ.

...

(ഇതോടെ ഈ യാത്രാവിവരണം അവസാനിക്കുന്നു)

..

No comments:

Post a Comment