Tuesday, 6 August 2024

മഹാരാഷ്ട്രയിലെ യാത്ര 8

8

അജന്തയിലേക്ക്

ബീബി കാ മഖ്‌ബറ കണ്ടശേഷം ഞാൻ ഒരു ഓട്ടോയിൽ ഔറംഗബാദ് ബാസ്റ്റാന്റിൽ എത്തി.

അജന്ത ബസ് എവിടെ വന്നു നിൽക്കും എന്നെല്ലാം അന്വേഷിച്ചു ബസ്സ്‌ വരുന്ന സ്പോട്ടിൽ ചെന്നു നിന്നു. സന്ധ്യ നേരം ആയതുകൊണ്ട് ബസ്റ്റാന്റ് മൊത്തം ആളുകൾ നിറഞ്ഞിരിക്കുന്നു. ഏതു ബസ്സ് വന്നാലും അതിലേക്ക് ആളുകൾ ഇടിച്ചു കയറുന്നു. സ്ത്രീകളും പുരുഷന്മാരും തങ്ങളുടെ സീറ്റ് പിടിക്കുന്നതിനു വേണ്ടി ജനാലകൾ വഴി ഓരോ സീറ്റിലേക്കും ഏതെങ്കിലും ബാഗോ സഞ്ചിയോ ഒക്കെ വെക്കുന്നു. എന്നിട്ട് ഇവർ കയറി എത്തുമ്പോൾ ആരെങ്കിലും ആ സീറ്റിൽ ഇരുന്നിട്ടുണ്ടെങ്കിൽ പിന്നെയും വഴക്കുകൾ. അങ്ങനെ ആകെ ബഹളമയം. ഇതെല്ലാം കണ്ടപ്പോൾ എനിക്കൊരു കൗതുകം തോന്നി. ബസ്സിലേക്ക് ആളുകൾ ഇടിച്ചുകയറുന്ന ദൃശ്യങ്ങൾ ഞാൻ രണ്ടു മിനിറ്റ് നേരം മൊബൈലിൽ പകർത്തി. അതുകണ്ട് ഞാഞ്ഞൂള് പോലുള്ള ഒരുവൻ എന്റെ അടുത്തുവന്നു എന്താണ് വീഡിയോ എടുക്കുന്നത് എന്ന്‌ ചോദിച്ചു. പുള്ളി ബാസ്റ്റാന്റിൽ എന്തോ തരികിട ടീമിൽ പെട്ട ആളാണ് എന്നാണ് ഒറ്റനോട്ടത്തിൽ തോന്നിയത്. എന്തായാലും പുള്ളിയോട് സംസാരിച്ചു സമയം കളയേണ്ട എന്നു കരുതി ഞാനെടുത്ത വീഡിയോ ഡീലീറ്റ് ചെയ്യുകയാണ് എന്ന്‌ പുള്ളിയോട് പറഞ്ഞു. അന്യനാട്ടിൽ പല ടൈപ്പ് ആളുകൾ ആണല്ലോ. ഞാൻ മൊബൈൽ കാണിച്ചു കൊടുത്തു. അങ്ങനെ ആ പ്രശ്നം സോൾവായി. എന്നിട്ടും പുള്ളി എന്നെ വിടാൻ തയ്യാറായില്ല.

-എങ്ങോട്ട് പോകുന്നു?

-ഫർദാപ്പൂർ (Fardapur)

-എങ്കിൽ ബസ്സ്‌ കാത്തു നിൽക്കുന്നതെന്തിന്?  ഇവിടുന്ന് വേറൊരു വണ്ടി പോകുന്നുണ്ട്. അതിൽ ഇരുന്നു പോകാം. ഇതുപോലെ ഇടിച്ചു കയറേണ്ട ആവശ്യം ഇല്ല.

ഒരു നിമിഷം എനിക്കും അയാൾ പറയുന്ന വണ്ടിയിൽ പോയാലോ എന്നു തോന്നി.

-പൈസ എത്രയാകും?
-മുന്നൂറ്റിയമ്പത്!
-ഓ... അത് വേണ്ട, ഞാനില്ല.
-മുന്നൂറ് മതി... എന്റെ കൂടെ വരു. വണ്ടി കാണിച്ചു തരാം.

വേണ്ടെന്ന് ഞാൻ പറഞ്ഞു. അപ്പോൾ അയാൾ മറ്റൊരാളെ വിളിച്ചു കൊണ്ടുവന്നു. ഇയാളുടെ വണ്ടിയിലാണ് പോകേണ്ടത്. പോയി കയറി ഇരുന്നോളൂ. ഇരുന്നൂറ്റിയമ്പത് മതി. ആ സമയത്തു ആ വണ്ടിയിൽ  പോയാലോ എന്നു തോന്നി അയാളോടൊപ്പം കുറച്ചു ദൂരം നടന്നു. അപ്പോഴാണ് മനസ്സിലാകുന്നത് അവർ ഇതുപോലെ ആളുകളെ പിടിച്ചു കയറ്റി വരുമ്പോൾ സമയം കുറെ പോകുമെന്ന്.

അങ്ങനെ നിൽക്കുമ്പോൾ എനിക്ക് കയറേണ്ട ബുസാവൽ ബസ്സ് വന്നു. അതിൽ കയറിയാൽ അജന്തയിൽ ഇറങ്ങാം. അജന്ത കഴിഞ്ഞു രണ്ടു കിലോമീറ്റർ പോയാൽ ഫർദാപ്പൂർ ബസ്റ്റോപ്പ് ആയി. അവിടെയാണ് ഹോട്ടലുകൾ ഉള്ളത്. ബസ്റ്റോപ്പിൽ ഇറങ്ങി കുറച്ചു ദൂരം നടന്നാൽ മതി ഹോട്ടലിൽ എത്താം എന്നാണ് മുറി ബുക്ക് ചെയ്യാൻ സഹായിച്ച ശശി ചേട്ടൻ പറഞ്ഞിരിക്കുന്നത്. ശശിച്ചേട്ടൻ അജന്തയിൽ നിന്നും അമ്പതു കിലോമീറ്റർ അകലെയാണ് താമസിക്കുന്നത്. അതിനാൽ ഞങ്ങൾക്ക് കാണാൻ കഴിയില്ല. ഫോൺ വഴി എല്ലാം പറഞ്ഞു തന്നു. എത്ര വൈകിയാലും കുഴപ്പമില്ല. റൂമിന്റെ കാര്യത്തിൽ പേടിക്കണ്ട എന്നും പറഞ്ഞിട്ടുണ്ട്.

ഈ ബസ്സിൽ കയറുമ്പോഴും ഡ്രൈവറോഡും കണ്ടക്ടറോടും സ്റ്റോപ്പിന്റെ പേര് പറഞ്ഞു അവിടെ നിർത്തില്ലേ? എന്നും ചോദിച്ചിട്ടാണ് കയറിയത്.  ഇടിച്ചു കയരുന്നവരുടെ തിരക്കെല്ലാം കഴിഞ്ഞു സാവധാനം ഞാൻ കയറുമ്പോൾ ഇരിക്കാൻ സീറ്റില്ല. ഒരു മണിക്കൂർ വണ്ടി പോയി കഴിഞ്ഞപ്പോൾ ഒരിടത്ത് ബസ്സ് നിർത്തി. കുറേപ്പേർ ഇറങ്ങി. എനിക്ക് സീറ്റ് കിട്ടി. അപ്പോൾ ഗൂഗിളിൽ ഇനി അജന്തയിലേക്ക് എത്ര ദൂരം ഉണ്ടെന്നു തപ്പി നോക്കി. ഇനിയും കുറെയുണ്ട്.  ഗൂഗിൾ മാപ്പിന്റെ ഉപകാരം ഈ യാത്രയിൽ ഉടനീളം ആസ്വദിച്ചു എന്നു പറയാം. മറ്റുള്ളവരോട് ഇത്തരം കാര്യങ്ങൾ ചോദിക്കേണ്ടി വരുന്നില്ലല്ലോ. ഇവിടെ അജന്തയിൽ എത്തിയപ്പോൾ ഒരാൾ ഇറങ്ങി. അടുത്തത് ഫർദാപ്പൂർ. അവിടെ ഞാനും വേറെ ചിലരും ഇറങ്ങി. ബസ്റ്റോപ്പിൽ ഇറങ്ങുമ്പോൾ തന്നെ ഒരു ചായക്കട. അവിടുന്ന് അമ്പതു മില്ലി ചായ കുടിച്ചു. പിന്നെ ഒരു മറാത്തി പലഹാരവും കഴിച്ചു. പിന്നീട് നേരെ നടന്നു.  അരകിലോമീറ്റർ നടന്നപ്പോൾ പല തരത്തിലുള്ള ലോഡ്ജുകളും ഹോട്ടലുകളും കണ്ടു തുടങ്ങി. അങ്ങനെ നടന്നു  ഞാൻ എത്തേണ്ട ഹോട്ടൽ പത്മപാനിയിൽ എത്തി.  ഇനി നാളെ രാവിലെ തന്നെ അജന്തയിലേക്ക് പോകണം.

രാവിലെ നേരത്തെ എണീറ്റു. താമസിച്ച ഹോട്ടലിൽ നിന്ന് തന്നെ ചായ കുടിച്ചു പുറത്തിറങ്ങി. മഴ എപ്പോൾ വേണമെങ്കിലും പെയ്‌തേക്കാം. അതിനാൽ ഒരു സഞ്ചിയിൽ കുട കരുതി.  ഇനി വെള്ളം ബിസ്ക്കറ്റ് പഴം കൂടി കരുതണം. അങ്ങനെ പോകുമ്പോൾ ഒരു ഓട്ടോ വന്നു. പൈസ നൂറ്റമ്പത്  പറഞ്ഞപ്പോൾ വേണ്ടെന്ന് പറഞ്ഞു. ആളുകളെ കയറ്റി കൊണ്ടുപോകുന്ന വണ്ടി വരും. അതിന് ഇരുപത് കൊടുത്താൽ മതി. എനിക്കാണെങ്കിൽ ഓടിച്ചെന്നു കണ്ടു മടങ്ങേണ്ട കാര്യവുമില്ല. അങ്ങനെ നടക്കുമ്പോൾ രണ്ടു പയ്യന്മാർ ബൈക്ക് സ്റ്റാർട്ട് ചെയ്തു പോകാൻ നിൽക്കുന്നു. അജന്തയിലേക്ക് എത്ര ദൂരം ഉണ്ടെന്ന് അവരോട് ചോദിച്ചു. -അജന്തയിലേക്കാണോ എങ്കിൽ കയറിക്കോളൂ.... 
എന്ന്‌ അവർ പറഞ്ഞു. 
ഞാനും പുറകിൽ ഇരുന്നു. അവിടെ എത്തി. അവരെ പരിചയപ്പെട്ടു. രണ്ടു മുസൽമാൻ പയ്യന്മാർ. ഇപ്പോൾ പേര് ഓർമ്മ വരുന്നില്ല. പൈസ എത്ര വേണമെന്ന് ചോദിച്ചപ്പോൾ അവർ ചിരിച്ചു. ഒന്നും വേണ്ടെന്ന് പറഞ്ഞു അവർ അവരുടെ വഴിക്കും ഞാൻ അജന്തയുടെ വഴികളിലേക്കും നടന്നു.

...

No comments:

Post a Comment