5
പൂനയിലേക്ക്
അഞ്ചാറു ദിവസമായി ഞാൻ മകൾക്കൊപ്പം ഫൽട്ടനിൽ ഫ്ലാറ്റിൽ താമസിക്കുന്നു. ഇതിനിടയിൽ ഫൽട്ടൻ ഏരിയ എല്ലാം നടന്നു കണ്ടു. ഇവിടുന്നു റെയിൽവേ സ്റ്റേഷൻ വരെ മൂന്നര കിലോമീറ്റർ തികച്ചില്ല. അവിടെ വരെ പോകാൻ ഓട്ടോ ചാർജ് ചോദിച്ചപ്പോൾ ഒരാൾ ഇരുന്നൂറ് പറഞ്ഞു. മറ്റൊരാൾ നൂറ്റമ്പത്. പിന്നെ ഞാൻ ബസ്റ്റാന്റിൽ വന്നു. അതുവഴി പോകുന്ന ബസ്സിൽ കയറി രണ്ടു കിലോമീറ്റർ കഴിഞ്ഞുള്ള സ്റ്റോപ്പിൽ ഇറങ്ങി നടക്കാം എന്നു കരുതി. അങ്ങനെ ബാസ്റ്റാന്റിൽ ചെന്നു ബസ് കയറാൻ നോക്കുമ്പോൾ കണ്ടക്ടർ സമ്മതിക്കുന്നില്ല. ഞാൻ പറയുന്നിടത്തു സ്റ്റോപ്പ് ഇല്ലത്രേ! അവിടെയും കുറെ സമയം ചെലവഴിച്ചതിനു ശേഷം നടന്നു പോകാൻ തീരുമാനിക്കുകയായിരുന്നു. നാട്ടിൽ എന്നും രാവിലെ ആറേഴു കിലോമീറ്റർ നടക്കുന്നതല്ലേ? പിന്നെ എന്തുകൊണ്ട് ഇവിടെ നടന്നുകൂടാ എന്നായി ചിന്ത! അങ്ങനെ ഫൽട്ടൻ റെയിൽവേ സ്റ്റേഷനിൽ പോയി കുറെ സമയം അവിടെ തനിച്ചിരുന്നു. സ്റ്റേഷനിൽ ആരും ഉണ്ടായിരുന്നില്ല. അങ്ങനെ തിരിച്ചു പോരുമ്പോൾ ബസ് സ്റ്റോപ്പിൽ എത്തി. അവിടെയും ഒരു ബസ്സും കൈ കാട്ടിയാലും നിർത്തുന്നില്ല. പിന്നെ ചായയെല്ലാം കുടിച്ചു പതുക്കെ ഫൽട്ടൻ ടൗണിലേക്ക് നടക്കുകയാണ് ചെയ്തത്. നമ്മുടെ കേരളത്തിലെ യാത്രാസുഖം ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിൽ ഇല്ല. ഇവിടെ ഏതു റൂട്ടിലും പ്രൈവറ്റ് ബസ്സുകൾ ധാരാളം ഉണ്ട്. ബസ്സിറങ്ങിയാൽ ഏതു മൂലയിലും ഓട്ടോ ലഭിക്കും.
പിറ്റേന്ന് രാവിലെ തന്നെ മകൾക്കൊപ്പം ഫ്ലാറ്റിൽ നിന്നും ഇറങ്ങി. കുട്ടികൾ കമ്പനിയുടെ ബസ് വരുന്നിടത്തേക്കും ഞാൻ ബാസ്റ്റാന്റിലേക്കും നടന്നു. തൽക്കാലം ഫൽട്ടനോട് വിട പറയുകയാണ്.
പൂനെ ബസ്സിയിൽ കയറി. ഹൈവെ കാഴ്ചകൾ രസകരമാണ്. ഒരിടത്ത് പരന്നുകിടക്കുന്ന ജലാശയം. അതിൽ മീനുകൾ പിടിക്കാൻ പലയിടത്തും ആളുകൾ. വട്ടമിട്ടു പറക്കുന്ന പക്ഷികൾ. മലയിറക്കങ്ങളും കയറ്റങ്ങളും ധാരാളം. ഉച്ചയോടെ പൂനെയിൽ എത്തി. ഒരു ആട്ടോ വിളിച്ചു, ഗൂഗിൾ മാപ്പ് ഇട്ടു, ഓട്ടോക്കാരനു ലൊക്കേഷൻ ഫോണിലൂടെ സുഹൃത്ത് പറഞ്ഞു കൊടുത്തു. അയാൾ സുഹൃത്തിന്റെ ഫ്ലാറ്റിന്റെ മുൻവശത്ത് കൃത്യമായി എത്തിച്ചു തന്നു. നല്ല വെള്ളയരിയിൽ ചോറും ചപ്പാത്തിയും ദാലും ചിക്കൻ കറിയും കടുമാങ്ങയും ഐസ്‌ക്രീം അടക്കമുള്ള ഉച്ചഭക്ഷണം അവിടുന്ന് കഴിച്ചു. പിന്നീട് സുഹൃത്ത് തന്നെ കാറിൽ ശനിവാർ വാഡ (Shaniwar Wada) എന്ന കോട്ടയുടെ മുന്നിൽ കൊണ്ടുവിട്ടിട്ട് അദ്ദേഹം പോയി. ചാറ്റൽ മഴ ഉണ്ടായിരുന്നു. എങ്കിലും ആളുകൾ മഴയും കൊണ്ട് നടക്കുന്നു.
കോട്ടയിലേക്ക് കയറാൻ ഇരുപത് രൂപ ടിക്കറ്റ് എടുക്കണം. ഗൂഗിൾ പേ മാത്രമേ അവിടെ എടുക്കുള്ളൂ.
എനിക്കോ?
ഗൂഗിൾ പേ ഇല്ല.
ആ സമയത്തു നാലു ചെറുപ്പക്കാർ വരിയിൽ നിന്ന് ടിക്കറ്റ് എടുക്കുന്നു. ഇരുപത് രൂപ ഞാൻ അവരുടെ കയ്യിൽ കൊടുത്തു. അവർ എനിക്കുകൂടി ടിക്കറ്റ് എടുത്തു തന്നു. കോട്ടക്കയ്ക്കകത്തു വിശാലമായ പൂന്തോട്ടവും മരങ്ങളും. കോട്ടയുടെ മുകളിൽ കയറി ചുറ്റും നടന്നു കണ്ടു. കുറെ നേരം പൂന്തോട്ടത്തിലും ഇരുന്നു. പൂനെ സിറ്റിയിലും പച്ചപ്പ് നൽകി മരങ്ങൾ ഉണ്ട്. സിറ്റി ബസ്സുകളും ഓട്ടോകളും ടാക്‌സികളും ധാരാളം ഉണ്ട്.
അങ്ങനെ നോക്കുമ്പോൾ മൊബൈലിൽ ചാർജ് നന്നേ കുറഞ്ഞിരിക്കുന്നു എന്നു മനസ്സിലായി. പിന്നെ മറ്റൊരു വഴിക്കും പോയില്ല. ഒരു ബസ്സിൽ കയറി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി. മൊബൈൽ ചാർജ് ചെയ്യണം. എന്റെ ലഗ്ഗേജ് ക്ലോക്ക് റൂമിൽ പൂനയിൽ എത്തിയപ്പോൾ വെച്ചിരുന്നു. അത് പോയി തിരിച്ചു വാങ്ങി. ചർജറും കൊണ്ട് റെയിൽവേ സ്റ്റേഷനിൽ നടക്കുമ്പോൾ എല്ലായിടത്തും ആളുകൾ പ്ലഗ്കളുടെ അരികെ നിറഞ്ഞു നിൽക്കുന്നു. പിന്നീട് തെരഞ്ഞുപിടിച്ച് ഒരു സ്ഥലത്ത് കുത്തിവച്ചു. അവിടെ തന്നെ നിന്നു. വേറെയും അഞ്ചെട്ടു ഫോണുകൾ ചാർജ് ചെയ്യുന്നുണ്ട്. അങ്ങനെ ചാർജ് ചെയ്യുന്നവർ വിശേഷങ്ങൾ പറഞ്ഞു നിന്നപ്പോൾ, അവിടെ വെച്ച് കർണാടകയിലെ ബൽഗാമിൽ നിന്നുളള ഒരു പട്ടാളക്കാരനെ പരിചയപ്പെട്ടു. വിശേഷങ്ങൾ പറയുന്നതിനിടയിൽ എനിക്ക് പോകേണ്ട പൂന ഔറംഗബാദ് നന്ദേഡ് എക്സ്പ്രസ് ആറാം നമ്പർ ട്രാക്കിലാണ് വരിക എന്നും അതിന് ഇപ്പോൾ നിൽക്കുന്നിടത്തു നിന്നും നാന്നൂറ് മീറ്റർ ലെഫ്റ്റ് നടന്ന് ഈ സ്റ്റേഷന്റെ ഒരറ്റത്ത് എത്തി കോണി കയറി അപ്പുറത്തെ വശത്തേക്ക് പോകണം എന്നു പറഞ്ഞു. ഇപ്പോൾ നമ്മൾ നിൽക്കുന്ന ഭാഗത്ത് നാല് ട്രാക്കും പിന്നെ കോണി കയറി അപ്പുറം ചെന്നാൽ മൂന്നു ട്രാക്കും.
ഇപ്പോൾ രാത്രി എട്ടുമണി ആകുന്നു. ഫോണിൽ ചാർജ് കുറെ കയറിയിട്ടുണ്ട്. ഇനി വേണമെങ്കിൽ ട്രെയിനിൽ കയറിയാൽ ചാർജ് ചെയ്യാം. റെയിൽവേ സ്റ്റേഷനിൽ ആകെ മൊത്തം തിക്കും തിരക്കും. ഞാൻ പട്ടാളക്കാരനോട് യാത്ര പറഞ്ഞു ആറാം നമ്പർ ട്രാക്കിന്റെ അവിടേക്ക് പതുക്കെ നടന്നു.
ഒമ്പതരയോടെ ആറാം നമ്പറിൽ ഒരു ട്രെയിൻ വന്നുനിന്നു. എന്നാൽ അതിന്റെ പേരിലും മറ്റും വ്യത്യാസം കാണുന്നു. അപ്പോൾ ഞാൻ വിചാരിച്ചു ഇത് പോയി കഴിഞ്ഞാൽ എനിക്ക് പോകേണ്ട ട്രെയിൻ വരുമെന്ന്. കുറെ ആളുകൾ ഇതിൽ കയറിക്കഴിഞ്ഞു. അങ്ങനെ നിൽക്കുമ്പോൾ ഒരു മറാട്ടിക്കാരൻ പയ്യൻ അവന്റെ മൊബൈലിൽ ട്രെയിന്റെ കാര്യങ്ങൾ പരതുന്നുണ്ട്. അതുകണ്ടപ്പോൾ ഞാൻ പറഞ്ഞു എനിക്ക് ഔറംഗബാദിലേക്കാണ് പോകേണ്ടത് ട്രെയിൻ കാണുന്നില്ലല്ലോ എന്ന്. അങ്ങനെ ആ പയ്യൻ എന്റെ മൊബൈലിൽ ട്രെയിൻ ടിക്കറ്റ് വിവരങ്ങൾ നോക്കിയപ്പോൾ ഞങ്ങൾ ഒരേ വണ്ടിയിൽ ഒരേ ബോഗിയിൽ തന്നെയാണ് എന്നും എന്റെ സീറ്റ് നമ്പർ പതിനാറും പുള്ളിയുടെ ഇരുപതും ആണെന്ന് പറഞ്ഞു. ബുസാവലിൽ നിന്നും പൂനെയിൽ വന്നു പഠിക്കുന്ന പയ്യൻ ആഴ്ചയിൽ ഒരു വട്ടം വീട്ടിൽ പോകും. അങ്ങനെയാണ് സ്വന്തം ട്രെയിൻ തിരഞ്ഞു അവിടെ നിന്നിരുന്നത്. അവസാനം നോക്കിയിട്ട് ആ പുള്ളി എന്നോട് പറഞ്ഞു ഇതുതന്നെയാണ് നമ്മുടെ ട്രെയിൻ! കയറിക്കോളൂ!! എന്ന്.
വളരെ ആശങ്കയോടെയാണ് ഞാനതിൽ കയറിയത്.
കയറിയ കമ്പാർട്ടുമെന്റോ?
തേർഡ് ക്ലാസ് ഏസിയും!!!
അപ്പോൾ എനിക്ക് ഒന്നുകൂടി ആശങ്കയായി. പയ്യൻ അപ്പോഴേക്കും സ്വന്തം സീറ്റിൽ വിരിയെല്ലാം വിരിച്ച് കമ്പളി എടുത്ത് പുതച്ചു കിടപ്പായി. ആ സമയത്ത് അതുവഴി ടി ടി വന്നു. ഞാൻ പുള്ളിയ്ക്ക് ടിക്കറ്റ് കാട്ടി കൊടുത്തു ചോദിച്ചു എന്റെ സീറ്റ് ഏതാണെന്ന്. അയാൾ അതു നോക്കി വണ്ടിയും സീറ്റും ഇതുതന്നെ എന്നു പറഞ്ഞപ്പോഴേ എനിക്ക് ആശ്വാസമായുള്ളൂ. അതുകഴിഞ്ഞു കുറേപ്പേർ കൂടി ഇവിടേക്ക് ഓടിക്കിതച്ചു എത്തി. അവരെല്ലാം എന്നെപ്പോലെ ട്രെയിൻ മനസ്സിലാകാതെയും കമ്പാർട്ടുമെന്റ് മനസ്സിലാകാതെയും നിന്നവർ ആയിരുന്നു. വണ്ടി പുറപ്പെടാൻ നേരത്തു എങ്ങനെയൊക്കെയോ മനസ്സിലായി ഇവിടേക്ക് ഓടിക്കിതച്ചു എത്തുകയായിരുന്നു.
വന്നുകയറിയവർക്കെല്ലാം വലിയ സന്തോഷം. അത് കാരണം വന്നവർ വന്നവർ വേഗം പരസ്പരം പരിചയപ്പെട്ടു. എനിക്ക് ഇറങ്ങേണ്ട ഔറംഗബാദിലും വേറെ മൂന്നു പേർ ഇറങ്ങാനുണ്ട്. വണ്ടി പുലർച്ചെ അഞ്ചാരയോടെയേ അവിടെ എത്തുകയുള്ളു. അതുവരെ സുഖമായി ഉറങ്ങാം. തേഡ് ഏസിയിലെ സുഖകരമായ അന്തരീക്ഷത്തിൽ കുറഞ്ഞ ചെലവിൽ സഞ്ചരിക്കുകയാണല്ലോ. അതിന്റെ ത്രിൽ എല്ലാവരിലും ഉണ്ട്. ഈ ബോഗിയിൽ ഇനിയും ധാരാളം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്.
പുലർച്ചെ നാല് മണി ടൈമിൽ അലറാം വെച്ചു കിടക്കുമ്പോൾ, ഈ വണ്ടിയിൽ ടിക്കറ്റ് എടുത്ത് മനസ്സിലാകാതെ ആരെങ്കിലുമൊക്കെ ഇനിയും സ്റ്റേഷനിൽ ഉണ്ടാകുമോ? എന്നു എന്റെ മനസ്സ് വെറുതെ അസ്വസ്‌തമായി.
...
No comments:
Post a Comment