6
ഔറംഗബാദും
എല്ലോറയും
പുലർച്ചെ തന്നെ അലറാം അടിച്ചപ്പോൾ എണീറ്റ് ഇരുന്നു. മുഖം കഴുകി ഫ്രഷ് ആയി. അഞ്ചരയോടെ ഔറംഗബാദ് സ്റ്റേഷനിൽ വണ്ടി വന്നു നിന്നു. കൂടെ ഉണ്ടായിരുന്നവർ ഇറങ്ങലും പോകലും കഴിഞ്ഞു. ഞാൻ സാവകാശം നടന്ന് വെയ്റ്റിങ് റൂമിൽ വന്നു നോക്കിയപ്പോൾ അവിടെ നിറയെ ആളുകൾ തറയിൽ ഇരിക്കുകയും കിടന്നു ഉറങ്ങുകയും ചെയ്യുന്നു. എനിക്കൊന്നു വാഷിങ് റൂമിൽ പോകണം എന്നുണ്ടായിരുന്നു. അത് അവിടുത്തെ അന്തരീക്ഷം കണ്ടപ്പോൾ വേണ്ടെന്ന് വെച്ചു.
പിന്നെ റെയിൽവേ സ്റ്റേഷനിൽ നിന്നുതന്നെ ഒരു ചായ കുടിച്ചു പുറത്തേക്കിറങ്ങി. ഞാൻ വന്ന വണ്ടി പോയിരിക്കുന്നു. ആളുകൾ പോയി കഴിഞ്ഞു. എന്നെ പുറത്ത് കണ്ടപ്പോൾ ഒരു ആട്ടോകാരൻ ഓടിവന്നു ചോദിച്ചു എവിടെ പോകണമെന്ന്.
ബസ്റ്റാന്റ് എന്നു പറഞ്ഞപ്പോൾ നൂറു രൂപയ്ക്ക് കൊണ്ടു വിടാം എന്നായി. ഞാനത് അറുപതിനു ഉറപ്പിച്ചു. പിന്നെ എന്നെ കയറ്റി ഇരുത്തിയതിനു ശേഷം കുറച്ചു സമയം കൂടി അവിടെ നിന്നു മൂന്നുപേരെ കൂടി സംഘടിപ്പിച്ചു. എന്റെ കൈയിൽ നിന്നും അറുപത്, മറ്റുള്ളവരിൽ നിന്നും മുപ്പത്, അമ്പതു, എഴുപത്... ഇങ്ങനെ പല തുകകൾ വാങ്ങി ഒരോട്ടം ഓടുന്നു. അങ്ങനെ ആറോ ഏഴോ കിലോമീറ്റർ ഓടുമ്പോൾ അയാളുടെ പോക്കറ്റിൽ കൂടുതൽ കാശ് വരുന്നു. എനിക്കും ഇങ്ങനെ ആളുകളെ വിളിച്ചു കയറ്റിയതിൽ സന്തോഷമേ ഉള്ളു. കാരണം പരിചയമില്ലാത്ത സ്ഥാലത്തു തനിച്ചു പോകുന്നതിനെക്കാൾ ഒരു ടീമിന്റെ ഭാഗമാവുകയാണല്ലോ നല്ലത്.
ബാസ്റ്റാന്റിൽ എത്തി എല്ലോറ ബസ് എവിടെ വരുമെന്ന് ചോദിച്ചപ്പോൾ വണ്ടി വന്നു നിൽക്കുന്ന സ്പോട്ട് പറഞ്ഞുതന്നു. ഞാനാവിടേക്ക് നടക്കുമ്പോൾ ഒരാൾ വന്നു പറഞ്ഞു അറന്നൂറ് രൂപ കൊടുത്താൽ എല്ലോറയിൽ കൊണ്ടു വിടാം എന്ന്. വേണ്ടെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി. ബസ്സിന് നൽപ്പത്തഞ്ചു രൂപ എന്ന് ഞാൻ കയറിയ ഓട്ടോക്കാരൻ പറഞ്ഞിരുന്നു.
രാവിലെ ആറരയ്ക്കുള്ള ആദ്യബസ് വന്നു. കണ്ടക്ടറോടും ഡ്രൈവറോടും ചോദിച്ചിട്ട് തന്നെയാണ് ബസ്സിൽ കയറിയത്. അന്യസംസ്ഥാന ആളുകളോട് എപ്പോഴും ഒരു അകൽച്ച പ്രത്യേകിച്ച് ബസ്സുകളിൽ എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് വീണ്ടും ചോദിച്ചു തന്നെ കയറുന്നത്. അങ്ങനെ ആ ബസ്സിൽ ഏഴരയോടെ എല്ലോറയുടെ മുന്നിൽ വന്നിറങ്ങി. മനസ്സും ശരീരവും കോരിത്തരിച്ചു. എല്ലോറയുടെ ചിത്രങ്ങൾ പലതും കണ്ടിട്ടുണ്ട് എങ്കിലും ഇപ്പോൾ നേരിൽ കാണാൻ പോകുന്നു. അനുഭവിക്കാൻ പോകുന്നു.
എല്ലോറ ഗെയ്റ്റിനു മുന്നിൽ ചില പുസ്തകം വിൽക്കുന്നവരും മാല വള വിൽക്കുന്നവരും എല്ലാം ഉണ്ട്. ഞാൻ ഗെയ്റ്റ് വരെ പോയി നോക്കിയപ്പോൾ രാവിലെ ഏഴുമണിക്ക് മുതൽ ടിക്കറ്റ് കൊടുത്തു തുടങ്ങും എന്നു പറഞ്ഞു. എന്തെങ്കിലും കഴിച്ചിട്ട് ഉള്ളിൽ കയറാം എന്നു കരുതി അടുത്തു കണ്ട ചെറിയ ഹോട്ടലിലേക്ക് ചെന്നു. മറ്റൊരു ഹോട്ടലിൽ കുറച്ചുപേർ നിന്നു ചായ കുടിക്കുന്നുണ്ടായിരുന്നു. ഇവിടെയാണെങ്കിലോ ആരും ഇല്ല. അപ്പോൾ വേഗം കഴിച്ചു പുറത്ത് വരാം എന്ന് കരുതിയാണ് അങ്ങോട്ട് ചെന്നത്.
-ഇഡ്ഡലി ഉണ്ടോ?
-ഉണ്ട്.
-വില എത്ര?
-ഒരെണ്ണം ഇരുപത്തഞ്ചു രൂപ. ചായ പതിനഞ്ച്.
-ഓക്കെ!
ഞാൻ പറഞ്ഞു കേരളത്തിൽ ഇതെല്ലാം പത്തു രൂപ വെച്ച് കിട്ടുമെന്ന്. ചായകുടി കഴിഞ്ഞു കുപ്പിവെള്ളവും ബിസ്ക്കറ്റും വാങ്ങി അവിടെ നിന്നും ഇറങ്ങി.
ഗെയ്റ്റിനു മുന്നിൽ എത്തിയപ്പോൾ പുസ്തകകച്ചവടകാരൻ പിടികൂടി. അജന്ത എല്ലോറ ചിത്രങ്ങൾ അടങ്ങിയ പുസ്തകമാണ് ഇത്. വാങ്ങിച്ചോളൂ... ഗൈഡിന് കാശ് കൊടുക്കേണ്ട. ഓരോ ഗുഹയുടെ അരികിൽ എത്തുമ്പോഴും ചിത്രം നോക്കുക. എഴുതിയത് വായിച്ചു മനസ്സിലാക്കി മുന്നോട്ടു പോകാം എന്നൊക്കെ പറഞ്ഞു. ഏതായാലും നൂറു രൂപ പറഞ്ഞ പുസ്തകം നാൽപതിന് തന്നു. അപ്പോൾ അയാൾ ഒരു കാര്യം ചോദിച്ചു. നിങ്ങൾ ഈ ബാഗും കൊണ്ട് ഇത്രയും ദൂരം നടന്നാൽ ബുദ്ധിമുട്ട് ആകില്ലേ? ബാഗ് വേണമെങ്കിൽ അവിടെ വെക്കാം.
-എവിടെ?
അപ്പോൾ വഴിയരികിൽ ഒരാൾ ബെൽറ്റും ഒരുതരം കല്ലുകളും വിൽക്കുന്ന ഒരാളെ കാണിച്ചു തന്നു.
-അവിടെയോ?
-ആ... അവിടെത്തന്നെ!
അപ്പോൾ ഞാൻ ചോദിച്ചു ഇവിടെ സർക്കാരിന്റെ ക്ലോക്ക് റൂം ഇല്ലേ?
ഇല്ലെന്ന് അയാൾ പറഞ്ഞു.
ഇനി എന്തു ചെയ്യണം?
അവിടെ വെച്ചിട്ട് പോണോ? അതോ ഭാരം ചുമന്നു നടക്കണോ?
അവസാനം വെച്ചിട്ട് പോകാൻ തീരുമാനിച്ചു. സൂക്ഷിപ്പ് കാരനോട് ഒരാളെ വിടുന്നു എന്ന് ഇയാൾ വിളിച്ചു പറഞ്ഞു. ഞാൻ സൂക്ഷിപ്പുകാരന്റെ അടുത്തു പോയി ചോദിച്ചു.
-എത്ര രൂപ?
-ഇരുപത്. നാലോ അഞ്ചോ മണിക്കൂർ നിങ്ങൾ കറങ്ങി വരൂ. അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ബാഗ് എടുക്കാം.
-എവിടെയാണ് സൂക്ഷിക്കുന്നത്?
-ദാ... ഇവിടെ.
അയാൾ ചെറിയൊരു സ്റ്റീലിന്റെ അലമാര കാട്ടിത്തന്നു.
-ദാ... ഇവിടെ
-വേറെ ആളുകളും ഇതുപോലെ കൊണ്ടുവരുമ്പോൾ ബാഗ് തെറ്റില്ലേ?
-ഇല്ല.
എന്നിട്ട് അയാൾ ബാഗ് വെക്കുന്ന മെത്തേഡ് എനിക്ക് കാണിച്ചു തന്നു. അയാളുടെ അലമാരിയിൽ ആകെ പത്തു ബാഗേ വെക്കാൻ പറ്റുള്ളൂ എന്നും പിന്നെ നിങ്ങൾ വിചാരിക്കുന്നപോലെ കുറെ ബാഗുകൾ ഉണ്ടാവില്ലെന്നും പറഞ്ഞു.
-എന്താ നിങ്ങളുടെ പേര്?
-മമ്മു
എന്നയാൾ പറഞ്ഞു. ഏതായാലും വർഷങ്ങളായി അവിടെ വിൽക്കുന്ന ആളല്ലേ? അയാളെ വിശ്വസിച്ച് ഏൽപ്പിക്കുക തന്നെ! പിന്നെ ഒരു സഞ്ചിയിൽ വെള്ളവും ബിസ്ക്കറ്റും കുടയും എടുത്തുവെച്ചു. ഇരുപത് രൂപ അയാൾക്ക് കൊടുത്തു. ഏതാണ്ട് എഴുപതിനു മുകളിൽ പ്രായം വരും. അയാൾ പറ്റിക്കില്ല എന്നുള്ള ഒരു വിശ്വാസത്തിൽ എല്ലോറയുടെ ഗെയ്റ്റിലേക്ക് നടന്നു.
..
No comments:
Post a Comment