Monday, 19 August 2024

മഹാരാഷ്ട്രയിലെ യാത്ര 4

4
അജിൻകത്യാര ഫോർട്ടിൽ

സത്താറ ബസ് സ്റ്റാൻഡിൽ നിന്നും നോക്കിയാൽ കാണുന്ന ദൂരമേ ശിവജി മ്യൂസിയത്തിലേക്ക് ഉള്ളു. നൂറു മീറ്റർ നടന്നാൽ മതിയാകും. ഞാൻ അങ്ങനെ മ്യൂസിയത്തിൽ എത്തി നോക്കുമ്പോൾ മ്യൂസിയം അടഞ്ഞു കിടക്കുന്നു. ഉള്ളിൽ പെയിന്റ് പണിയും മറ്റും നടക്കുന്നു. എല്ലാം കഴിഞ്ഞാൽ മന്ത്രി വന്നു ഉൽഘാടനം ചെയ്യുമത്രെ!  

ഇനി പോകേണ്ടത് അജിൻകത്യാര (Ajinkatyara Fort) ഫോർട്ടിലേക്ക്. അവിടേക്ക് പോകാൻ ആട്ടോ വിളിക്കണം. എളുപ്പവഴിയിൽ കൂടി നടന്നു മുകളിൽ കയറുന്നവരും ഉണ്ട്. കുറേ നേരമായി ബസ്സിൽ ഇരിക്കുന്നു. അതിനാൽ കുറച്ചു ദൂരം നടക്കാം.  അങ്ങനെ നടക്കുമ്പോൾ ഒരാളോട് വഴി ചോദിച്ചു. അയാൾ പറഞ്ഞു ഒരു കിലോമീറ്ററേ ഉളളൂ എന്ന്. എനിക്ക് വിശ്വാസം ആയില്ലെങ്കിലും ഒരു കിലോമീറ്റർ നടക്കാം എന്നു കരുതി. അങ്ങനെ നടന്നു എത്തിയത് സത്താറായിലെ കോടതി സമുച്ചയത്തിൽ. അപ്പോഴാണ് എനിക്ക് സംഗതി പിടി കിട്ടിയത്. ഞാൻ ഫോർട്ട് എന്നു പറഞ്ഞപ്പോൾ അയാൾ മനസ്സിലാക്കിയത് കോർട്ട്!

ഏതായാലും അവിടെ ഒരു കടയിൽ നിന്നു വെള്ളവും ബ്രെഡ്ഡും ബിസ്ക്കറ്റും പഴവും വാങ്ങി സഞ്ചിയിൽ വെച്ചു. മലമുകളിൽ ഒന്നും വാങ്ങാൻ കിട്ടില്ല എന്ന് ഗൂഗിളിൽ വായിച്ചിരുന്നു. പിന്നെ ഒരു ആട്ടോ വിളിച്ചു മലമുകളിലെ ഫോർട്ടിൽ എത്തി. 

ഇവിടെ ഞാൻ കണ്ട സഞ്ചാരികൾ എല്ലാം ചെറുപ്പക്കാരാണ്. കൂടുതലും കോളേജ് വിദ്യാർഥികൾ.  മലയിൽ ചുറ്റുമതിൽ ഒന്നും ഇല്ല. വഴിയിൽ മാത്രം കോട്ടയുടെ കനത്ത ചുവരുകൾ. കനത്ത വാതിലുകൾ. ആരുടെയൊക്കെയോ ശവകുടീരങ്ങൾ, ഇടിഞ്ഞു വീഴാറായ കെട്ടിടാവശിഷ്ടങ്ങൾ എല്ലാം കാണാം. മലമുകളിൽ ഒരു കുളത്തിൽ നിറയെ വെള്ളം.

ഇടക്കിടെ നല്ല കാറ്റും ചാറ്റൽ മഴയും കാരണം കുട നിവർത്തി നടക്കാൻ പറ്റിയില്ല. പുല്മേടും ധാരാളം കുറ്റി ചെടികളും നിറഞ്ഞ പ്രദേശം.  അവയിൽ കുറെ കുരങ്ങൻമാരും സ്ഥാനം പിടിച്ചിരിക്കുന്നു. ഇയ്യിടെ ധാരാളം മുളംകൂട്ടങ്ങളും വെച്ചു പിടിപ്പിച്ചിട്ടുണ്ട്.

ഈ ഫോർട്ടിന്റെ താഴ് വരയിലാണ് സത്താറ സിറ്റി. ഞാൻ മനസ്സിൽ കരുതിയതിനെക്കാൾ വളരെ വലിയ പട്ടണമാണ് സത്താറ. ഇവിടുന്നു കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്നു. അതിനും അപ്പുറം ചുറ്റും മലകൾ. അതുകൊണ്ടായിരിക്കാം അവിടെ ഇങ്ങനെ മഴ കിട്ടുന്നത്. ചൂട് ഒരു 20 ഡിഗ്രിയിൽ നിൽക്കുന്നു. വെള്ളത്തിനും ക്ഷാമമില്ല. വേറെയും വെള്ളച്ചാട്ടങ്ങളും വൈൽഡ് ലൈഫും ഇവിടെയുണ്ട്‌.

സത്താറായിൽ നിന്നും ഒന്നര മണിക്കൂർ സഞ്ചരിച്ചാൽ മഹാബാലേശ്വർ ആയി. അങ്ങോട്ട് പ്ലാൻ ഇട്ടിരുന്നെങ്കിലും പോയില്ല. ഇവിടെ മലയിറങ്ങി വന്നപ്പോൾ തന്നെ നാലര ആയിരിക്കുന്നു. ഫോർട്ടിൽ മൂന്നു മണിക്കൂറോളം ചെലവഴിച്ചു. മലയുടെ മുകളിൽ ചുറ്റും നടന്നു. ആ പ്രദേശങ്ങൾ മുഴുവനും കണ്ടു.  പിന്നെ ബാസ്റ്റാന്റിൽ തിരിച്ചെത്തിയപ്പോൾ  ഫൽട്ടനിലേക്ക് ഉളള ഒരു ബസ്സ് വരുന്നത് കണ്ടു. ആളുകൾ ഒരു മയവും ഇല്ലാതെ ഇടിച്ചു കയറുന്നു. അവസാനം കയറിയപ്പോൾ ബസ്സിന്റെ ബാക്ക് സീറ്റിൽ എനിക്കു ഇരിക്കാൻ പറ്റി. തിരിച്ചു വരുമ്പോൾ വന്ന വഴി ചിലയിടങ്ങളിൽ മാറിയിട്ടുണ്ട്. ആ ഗ്രാമത്തിലെ ഇടുങ്ങിയ വഴി കണ്ടതേയില്ല.

സത്താറ നല്ല പച്ചപ്പുള്ള പ്രദേശമാണ്. തിങ്ങിനിറഞ്ഞ കെട്ടിടങ്ങൾ. മലമുകളിൽ ഞാൻ തനിയെ നടക്കുമ്പോൾ ഒരു കുരങ്ങൻ എന്റെ നേരെ ചാടി വന്നു.  അത് ഒരു ചെറുമരത്തിൽ ഇരിക്കുന്നുണ്ടായിരുന്നു. ഞാനത് കണ്ടില്ല. അറിയാതെ ഞാൻ അവന്റെ തൊട്ടടുത്തെത്തിയപ്പോൾ അവന് ദ്വേഷ്യം വന്നെന്നു തോന്നുന്നു. അങ്ങനെ അവൻ എന്റെ നേരെ വന്നപ്പോൾ ഞാൻ ഓടിമാറി രക്ഷപ്പെട്ടു. ഞാൻ ഓടുന്നത് കണ്ടപ്പോൾ അവൻ തിരിച്ചു പോയി!  പിന്നീടുള്ള എന്റെ നടത്തം കുരങ്ങുകൾ എവിടെയെങ്കിലും ഇരിക്കുന്നുണ്ടോ എന്നു നോക്കിയായിരുന്നു.  കോട്ടയിൽ ആരൊക്കെയോ മരിച്ചതിന്റെ ശവകുടീരങ്ങൾ ഒരിടത്ത് കാണാൻ ഇടയായി. പേരെല്ലാം മറാട്ടിയിൽ എഴുതി വെച്ചിരിക്കുന്നു. അതിനാൽ ഒന്നും മനസ്സിലായില്ല.

ഇവിടെ മഹാരാഷ്ട്രയിൽ ഇംഗ്ളീഷ് ബോർഡുകൾ തീരെ ഇല്ലെന്നു പറയാം. കടകൾക്കോ ഷോപ്പിംഗ് മാളുകൾക്കോ സർക്കാർ ഓഫീസുകൾക്കോ ഇംഗ്ളീഷ് ബോർഡുകൾ കാണുന്നില്ല. അത്യപൂർവo ചിലയിടങ്ങളിൽ മാത്രം ഇംഗ്ളീഷ് ബോഡുകൾ കാണാം. അതുകൊണ്ട് പുറമേ നിന്നും വരുന്നവർക്ക് സ്ഥലനാമങ്ങൾ അറിയുന്നതിനും മറ്റും വളരെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നു.

...

No comments:

Post a Comment