3
ഫൽട്ടൻ ടൗൺ
ഫൽട്ടനിൽ ഫ്ലാറ്റിലേക്ക് താമസം മാറിയപ്പോൾ മോളോടൊപ്പം അഞ്ചാറു ദിവസം താമസിച്ചു. മോൾ ദൃശ്യയും കൂട്ടുകാരും രാവിലെ പോയി കഴിഞ്ഞാൽ ഞാൻ ഫൽട്ടൻ ചുറ്റി നടന്നു കണ്ടു. അവിടുത്തെ മാർക്കറ്റും ബസ് സ്റ്റാൻഡ് പരിസരങ്ങളും കുറച്ചു കൂടി നടന്നാൽ മുൻസിപ്പൽ ഓഫീസ്, എസ് ബി ഐ പോലുള്ള ബാങ്ക് പരിസരങ്ങളും, ഒരു ഗ്രൗണ്ടും, ഇന്ദിരാഗാന്ധി മെമ്മോറിയൽ ഹാളും, മീൻ മാർക്കറ്റും കടന്നു വിവിധ കോടതികളുടെ സമുച്ചയത്തിൽ പോയി ഒരു ദിവസം കുറെ നേരം ഇരുന്നു. അവിടെ നിറയെ തണൽ മരങ്ങൾ ഉണ്ടായിരുന്നു. അതാണ് അവിടെ ഇങ്ങനെ ഇരിക്കാൻ കാരണം. സിമന്റ് ബെഞ്ചിൽ എന്റെ തൊട്ടപ്പുറത്ത് ഒരു മറാട്ടിക്കാരൻ ഫോണിൽ ഒരാളെ വിളിച്ച് എന്തൊക്കയോ കോടതി കാര്യങ്ങൾ പറയുന്നുണ്ടായിരുന്നു. തനി ഗാവ് ട്ടി! ഇവിടെ ഹിന്ദി അറിയാത്ത മറാട്ടികളാണ് അധികവും. അവരുടെ നിറം മങ്ങിയ വെളുത്ത കുപ്പായവും പാന്റും നെഹ്റു തൊപ്പിയും ധരിച്ച് മുറുക്കി തുപ്പുന്ന വായയുമായി അവർ ലോകത്തിന്റെ ഏതു ഭാഗത്തേക്കും ഒരു വിഷമവും കൂടാതെ സഞ്ചരിക്കും. തനി ഗ്രാമീണർ. ബസ്സിൽ കയറിയാൽ എന്തെങ്കിലും ചെറിയ സീറ്റ് തർക്കങ്ങളോ മറ്റുമായി മണിക്കൂറുകളോളം ബഹളം വെക്കും. പിന്നെ പോലീസോ മറ്റു അധികാരികളോ വന്നാൽ നല്ല കുട്ടികളാകും.
ഗ്രാമത്തിലെ ചെറിയ വീടുകൾക്ക് മുന്നിൽ മാത്രമേ വാതിൽ ഉള്ളു. അതുകൊണ്ടുതന്നെ അടുക്കളയിലെ പാത്രങ്ങൾ കഴുകുന്നതും കുട്ടികളെ കുളിപ്പിക്കുന്നതും വീടിന്റെ മുന്നിൽ വെച്ചാണ്. ആ വെള്ളാമെല്ലാം റോഡിലേക്ക് ഒഴുകി ഉള്ള ഇടവഴി പോലും ചളിപിളി ആയിരിക്കും.
ഇങ്ങനെയുള്ള ചില വീടിന്റെ മുന്നിൽ തന്നെയാണ് പശുവിനെ കെട്ടിയിടുന്നതും എരുമ വളർത്തലും.
മുട്ടിയുരുമി നിൽക്കുന്ന കൊച്ചു കൊച്ചു വീടുകളും ധാരാളം ഫ്ലാറ്റ് സമുച്ചയങ്ങളും ഫൽട്ടനിൽ ഉണ്ട്. എല്ലാ പട്ടണങ്ങളിലും ചേരികൾ ഉണ്ടല്ലോ. അതുപോലെ ഇവിടെയും.
പിന്നെ ടൗൺ വിട്ടാൽ നീണ്ടു പരന്നു കിടക്കുന്ന വിവിധ തരത്തിലുള്ള കൃഷിയിടങ്ങൾ. കരിമ്പ് കൃഷി തന്നെയാണ് ഇവിടെ മുഖ്യം. വലിയ വട്ടത്തിലുള്ള കിണറുകൾ മഴ കുറവ് ഉണ്ടെങ്കിലും നിറഞ്ഞു കിടക്കുന്നു.
ഒരുദിവസം ഞാൻ അടുത്ത സിറ്റിയായ സത്താറയിലേക്കാണ് പോയത്. സത്താറയിലേക്ക് ഫൽട്ടനിൽ നിന്നും ഏകദേശം അറുപത്തഞ്ചു കിലോമീറ്റർ കാണും. രാവിലെതന്നെ ബസ്സിൽ കയറി ഇരുന്നു. റോഡിന്റെ ഇരുവശവും കൃഷിത്തോട്ടങ്ങൾ നീണ്ടു പരന്നു കിടക്കുന്നു. അങ്ങനെ കുറെ ദൂരം പോയപ്പോൾ പിന്നെ വണ്ടര പ്രാദേശങ്ങളായി. ഡെക്കാൻ പീഠഭൂമി ആണെന്ന് തോന്നുന്നു. അവിടവിടെ ഓരോ കുറ്റി ചെടികളും ചെറുമരങ്ങളും. പാറക്കെട്ടുകൾ നിറഞ്ഞ കുന്നുകളും കാണാം. വെള്ളം കിട്ടാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങൾ. റോഡ് വീതി കൂട്ടി എട്ടുവരിപ്പാത ആക്കുന്നതിന്റെ പണി ഇവിടെയും നടക്കുന്നുണ്ട്. അതിനാൽ ബസ്സ് സ്ലോവിലാണ് പോയിരുന്നത്.
അങ്ങനെ പോയി പോയി ഒരു ഗ്രാമത്തിൽ ഒരു ഇടുങ്ങിയ വഴിയിൽ എത്തിയപ്പോൾ ബസ്സ് നിറുത്തി. ഒരാൾ ഇറങ്ങി. രണ്ടുമൂന്നു സ്‌കൂൾ കുട്ടികൾ കയറി. ബസ്സിൽ കയറാൻ ആളുകൾ കുറവാണ്. ഗ്രാമത്തിലെ ഈ റോഡ് കൃത്യമായി ഒരു വണ്ടിക്കു കടന്നു പോകാനുള്ള വീതി മാത്രം. ഇരുഭാഗത്തും ചെറിയ കടകളും വീടുകളും.
ആ ഗ്രാമം പിന്നിട്ടതോടെ വീണ്ടും എട്ടുവരിപ്പാതയുടെ പണി നടക്കുന്നിടത്തേക്ക് എത്തി.
സത്താറായിൽ എത്തുമ്പോൾ ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു. ഒരു സഞ്ചിയിൽ കുട ഞാൻ കരുതിയിരുന്നത് ഗുണമായി.
സത്താറ ടൗണിന്റെ ഏറ്റവും അടുത്തുള്ള കാഴ്ച്ചകൾ കണ്ടു ഇന്ന് തന്നെ മടങ്ങണം. അതാണ് ലക്ഷ്യം. ഇവിടെ കുറെ കാഴ്ച്ചകൾ കാണാനുണ്ട്. അതെല്ലാം കാണണമെങ്കിൽ രണ്ടു ദിവസം താമസിക്കേണ്ടി വരും. ശിവജിയുടെ പടയോട്ടങ്ങൾ കണ്ട നാടാണ് ഇത്. തൽക്കാലം ടൗണിൽ തന്നെയുള്ള ശിവജി മ്യൂസിയവും നാല് കിലോമീറ്റർ അപ്പറമുള്ള അജിൻകത്യാര (Ajinkatyara Fort) ഫോർട്ടും കാണണം. അതു കണ്ടു കഴിയുമ്പോഴേക്കും എനിക്ക് തിരിച്ചു പോകാനുള്ള സമായമാകും.
..
No comments:
Post a Comment