Monday, 19 August 2024

മഹാരാഷ്ട്രയിലെ യാത്ര 2

2
സുർവാടി റെയിൽവേ സ്റ്റേഷൻ

ഫൽട്ടനിലെ Cummins കമ്പനിയിലേക്ക് ഞങ്ങൾ ഡൗൻഡിൽ നിന്നും കാറ് വിളിച്ചാണ്  വന്നത്. അതിനു കാരണം ട്രെയിനിൽ നിന്നും ഇറങ്ങി ആട്ടോ വിളിച്ച് ബസ് സ്റ്റേഷനിൽ പോകണം. ബസ്സിൽ തിക്കിത്തിരക്കി കയറണം.  അവിടുന്നു ഫൾട്ടനിലേക്ക് എഴുപത് കിലോമീറ്ററോളം യാത്ര ചെയ്യണം. അതുകഴിഞ്ഞാൽ കമ്പനി നിൽക്കുന്ന പ്രദേശത്തേക്ക് ഒരു പതിമൂന്ന് കിലോമീറ്റർ കൂടി പോകണം. അപ്പോൾ വീണ്ടും വണ്ടി വിളിക്കേണ്ടി വരും. അതിനാൽ അതെല്ലാം ഒഴിവാക്കി കാറ് വിളിച്ചു. ബരാമതി ഗ്രാമങ്ങളിലൂടെ എളുപ്പവഴിയിൽ വരികയായിരുന്നു. ബരാമതി ശരത് പവാറിന്റെ ശക്തി കേന്ദ്രമാണെന്നു ഡ്രൈവർ പറഞ്ഞു. നല്ല പച്ചപ്പുള്ള ഗ്രാമങ്ങൾ. കരിമ്പിൻതോട്ടങ്ങൾ കണ്ടും ചാറ്റൽ മഴ ആസ്വദിച്ചും കമ്പനി നിൽക്കുന്ന പ്രദേശമായ സുർവാടിയിൽ എത്തി. അവിടെയും എട്ടുവരിപ്പാതയുടെ പണി തകൃതിയായി നടക്കുന്നുണ്ട്.  കമ്പനികളിലേക്ക് പോക്കുവരവ് സുഗമമാക്കുവാൻ വലിയൊരു ഓവർ ബ്രിഡ്‌ജ്‌ പണിതുകൊണ്ടിരിക്കുന്നു. 

ഞങ്ങൾ ഡൗൻഡിൽ ഇറങ്ങിയ സമയത്ത് തന്നെ കമ്പനിയുടെ ഒരു ഉദ്യോഗസ്ഥനെ ഞാൻ ഫോണിൽ വിളിച്ചിരുന്നു. പുള്ളി പറഞ്ഞതനുസരിച്ചു കമ്പനിയുടെ ഒരു കിലോമീറ്റർ അടുത്തുള്ള ശ്രീറാം ലോഡ്ജിൽ റൂം തരപ്പെടുകയും ചെയ്തു. അവിടെ നാല് ദിവസത്തോളം താമസിച്ചു. പിന്നീടാണ് ഫൽട്ടൻ ചെറുടൗണിലെ ഫ്ലാറ്റിലേക്ക് മാറിയത്.

മോളും സുഹൃത്തുക്കളും കമ്പനിയിൽ പോയി കഴിഞ്ഞാൽ എനിക്ക് സമയം ധാരാളം ഉണ്ട്. ആ സമയത്താണ് ഞാൻ സുരുവാടി റയിൽവേ സ്റ്റേഷൻ കാണാൻ പോയത്. ഞങ്ങൾ താമസിക്കുന്ന ശ്രീറാം ഹോട്ടലിൽ നിന്നും ഒരു കിലോമീറ്റർ നടന്നാൽ മതി സ്റ്റേഷനിൽ എത്താൻ. കമ്പനിൽ ജോലി ചെയ്യുന്ന എല്ലാവരെയും ഈ ഹോട്ടലുകാർ എന്നും രാവിലെ എട്ടരയോടെ അവരുടെ ട്രാക്‌സിൽ കൊണ്ടുവിടും. ആ സമയം ഞാനും മോളോടൊപ്പം കമ്പനി ഗെയ്റ്റ് വരെ ചെല്ലും. അവരെ ഇറക്കിവിട്ടു ഞാൻ അതേ വണ്ടിയിൽ മടങ്ങും. അതിനുശേഷമുള്ള സമയം ഞാൻ ബസ്സിൽ ഫൽട്ടൻ ടൗണിലേക്കും വന്നു. അങ്ങനെ ആ ചെറുപട്ടണം പരിചയപ്പെട്ടു.

സുർവാടി റെയിൽവേ സ്റ്റേഷൻ റോഡ് അത്യാവശ്യം നല്ല വീതിയും ടാർ റോഡുമാണ് എങ്കിലും ആ വഴിയുടെ ആദ്യ നൂറു മീറ്റർ പിന്നിട്ടപ്പോൾ  റോഡിന്റെ ഇരുവശവും ചെറിയ വൃത്തിയില്ലാത്ത കോളനികൾ കണ്ടുതുടങ്ങി. ചില വീടുകൾക്ക് മുന്നിൽ തന്നെ തൊഴുത്തും കന്നുകാലികളും. മൂത്രത്തിന്റെയും ചാണകത്തിന്റെയും രൂക്ഷഗന്ധം കാരണം റോഡിൽ നടക്കുമ്പോൾ പോലും മൂക്ക് പൊത്തി പിടിക്കേണ്ടി വന്നു. ചിലയിടങ്ങളിൽ പൈപ്പ്‌ പൊട്ടി വെള്ളം വെറുതെ പോകുന്നു. ആരും അതൊന്നും ശ്രദ്ധിക്കുന്നതായി തോന്നിയില്ല.

അങ്ങനെ നടന്ന് ഒരു വളവ് തിരിഞ്ഞു റെയിൽവേ സ്‌റ്റേഷനിൽ എത്തിയപ്പോൾ അവിടെ ആരെയും കണ്ടില്ല.

ആ സമയത്ത് ഒരു ട്രെയിൻ സ്ലോവിൽ വന്നു നിന്നു. ഏതാനും ചിലർ അതിൽ നിന്നും ഇറങ്ങി പോവുകയും ചെയ്തു.  ഇവിടെ നിന്നും കുറച്ചുകൂടി പോയാൽ ഫൽട്ടൻ സ്റ്റേഷനാണ്. അവിടെ ഈ ഒറ്റവരിപ്പാത അവസാനിക്കുന്നു. ആളില്ലാത്ത സുരുവാടി സ്റ്റേഷനിൽ 
കുറെ മുറികൾ പണിതിട്ടുണ്ട്. ഓഫീസ് മുറിയും. അതെല്ലാം തെരുവ് പട്ടികൾക്കും മറ്റും കിടന്ന് ഉറങ്ങാൻ തരപ്പെടുകയും ചെയ്യുന്നു. ഫൽട്ടൻ സ്റ്റേഷനിലും സുരുവാടി സ്റ്റേഷനിലും ടിക്കറ്റ് ബുക്കിങ്‌ ഇല്ല. ഇവിടെ നിന്നുമുള്ള വണ്ടിയിൽ കയറി നേരെ ഇരുപതു കിലോമീറ്റർ അപ്പുറം ലോണൻഡ് എന്ന സ്ഥലം എത്തുമ്പോൾ അവിടെ നിന്നും ടിക്കറ്റ് പൂനയിലേക്കോ മറ്റോ എടുക്കാം. ലോണൻഡിൽ അഞ്ചു മിനിറ്റ് ട്രെയിൻ നിർത്തും. നമ്മൾ പോയി ടിക്കറ്റ് എടുത്ത് വണ്ടിയിൽ വീണ്ടും കയറുക. ഇവിടുത്തെ ആളുകൾ ടിക്കറ്റ് എടുക്കാറുണ്ടോ? സംശയമാണ്.  ഈ വണ്ടിയുടെ സമയം നോക്കി വരികയാണെങ്കിൽ പൂനെയിൽ നിന്നു ഇങ്ങോട്ടും തിരിച്ചും പോകുന്നതിനു യാത്ര സുഖമാണ്. ബസ്സിലെ തിക്കും തിരക്കും ഉണ്ടാവില്ല.

തിരിച്ചു വന്നു ബസ് സ്റ്റോപ്പിൽ കുറെ സമയം നിന്നപ്പോൾ ഫൽട്ടനിലേക്കുള്ള ബസ്സ്‌ കിട്ടി.  അങ്ങനെ അവിടെ വന്നു ഒരു ഹോട്ടലിൽ നിന്നു ചായയും മസാലദോശയും കഴിച്ചു. ചായ ഏറ്റവും ചെറിയ ഗ്ലാസ്സിൽ നല്ല ചൂടും കടുപ്പവും മധുരവും ഉള്ളത്. അമ്പതു മില്ലി ഉണ്ടാകുമോ? അത് സംശയമാണ്!
മസാലദോശ ടേസ്റ്റ് കുറവാണ്. അതുപോലെ ചട്നിയും. പിന്നെ ഉള്ളത് സാമ്പാറാണ്. 
അതോ? 
മധുരവും!

😄😄

..

No comments:

Post a Comment