1
മഹാരാഷ്ട്രയിലെ ദിനങ്ങൾ
22.6.24 നു
ഞാനും മോളും അവളുടെ കൂട്ടുകാരിയും അടങ്ങുന്ന ഒരു ചെറു സംഘമാണ് പൂനയിലേക്ക് പുറപ്പെട്ടത്. രാവിലെ 9.40 നു വരേണ്ടേ വണ്ടി ഉച്ചയ്ക്ക് പന്തരണ്ടരയോടെയാണ് എത്തിപ്പെട്ടത്.
ഞാനും മോൾ ദൃശ്യയും തൃശൂരിൽ നിന്നും കൂട്ടുകാരി ഒറ്റപ്പാലത്തു നിന്നുമാണ് കയറിയത്. ട്രെയിൻ കാത്തിരുന്നു മടുത്തിന്റെ അസ്വസ്ഥതയും ഞങ്ങൾക്ക് ഉണ്ടായിരുന്നു.
പാലക്കാട് ചുരം കഴിഞ്ഞതോടെ ട്രെയിനിന്റെ വേഗത കൂടിവന്നു. നൂറോ നൂറ്റിയിരുപതോ മയിൽ വേഗത്തിൽ പറക്കുകയായിരുന്നു. ട്രെയിൻ കയറി വരുമ്പോൾ ഉള്ള അവസാനത്തെ ഭാഗത്തു തന്നെയാണ് ഞങ്ങൾക്ക് സീറ്റുകൾ ലഭിച്ചത്. അതിന്റെ ആസ്വസ്ഥത തുടക്കത്തിലേ എനിക്ക് ഉണ്ടായിരുന്നു. കാരണം വേറെ ഒന്നുമല്ല ഒന്ന് ബാത്ത്റൂം അടുത്ത്. രണ്ട് ആളുകൾ പലരും കയറി വരും. അവിടെ തിക്കി തിരക്കി നിൽക്കും. അതിൽ ടിക്കറ്റ് ഉള്ളവരും ഇല്ലാത്തവരും ഉണ്ടാകും. സെക്കന്റ് ക്ലാസ് സ്ലീപ്പർ ടിക്കറ്റുകാർ തുടക്കത്തിൽ ലഭിക്കുന്നതും അവസാനം ലഭിക്കുന്നതും അത്ര നല്ലതായി ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല.
രാത്രി ആയപ്പോൾ ഞങ്ങൾക്ക് ലഭിച്ചതിൽ താഴെ ഞാനും മിഡിൽ സീറ്റിൽ മോളും ഓപ്പോസിറ്റ് താഴെ കൂട്ടുകാരിയും കിടന്നു. തമിഴ് നാട്ടിൽ നിന്നും കയറിയ രണ്ട് യുവതികൾ ട്രെയിനിന്റെ സൈഡ് സീറ്റിലും ഉണ്ടായിരുന്നു. പിന്നെയും ഓടി കുറെ കഴിഞ്ഞപ്പോൾ പാതിരായ്ക്ക് ഒരു അച്ഛനും അമ്മയും പത്തുവയസ്സുകാരി മകളും അടങ്ങുന്ന കുടുംബം കയറി. ഞങ്ങളുടെ മുകളിലുള്ള സീറ്റുകൾ അവരുടേത് ആയിരുന്നു. വണ്ടി പിന്നെയും കുതിച്ചു പാഞ്ഞു. ഞാനെപ്പോഴോ ഒരു മയക്കം കഴിഞ്ഞു കിടക്കുകയായിരുന്നു. കണ്ണു തുറന്ന് നോക്കുമ്പോൾ എവിടെ നിന്നോ ഒരാൾ എന്റെ കാലിന്റെ ഭാഗത്ത് നിന്ന് അസ്വസ്ഥനാകുന്നുണ്ട്. എന്റെ തല ജനലിന്റെ ഭാഗത്തായിരുന്നതിനാൽ കണ്ണു തുറന്നപ്പോൾ അയാളെ കണ്ടു. കഷണ്ടിക്കാരൻ അയാളുടെ കയ്യിൽ ഒരു ബാഗും രണ്ടു സഞ്ചിയും ഉണ്ട്. കിടന്നുറങ്ങുന്ന എല്ലാവരെയും അയാൾ കാര്യമായി നോക്കുന്നത് കണ്ടപ്പോൾ എന്തോ പന്തികേട് ഉണ്ടല്ലോ എന്നു മനസ്സിൽ വിചാരിച്ചു. അതോടെ എന്റെ ഉറക്കം പോയി. ഇയാൾ ഇനി എന്താണ് ചെയ്യാൻ പോകുന്നത്?
വീക്ഷിക്കുക തന്നെ!
പിന്നീട് അയാൾ എന്റെ ഓപ്പോസിറ്റ് സീറ്റിൽ തെറ്റത്തു വളഞ്ഞു ഇരുന്നു. മിഡിൽ സീറ്റിൽ മറാത്തി പെൺകുട്ടി കിടന്നിരുന്നതിനാൽ അയാൾക്ക് അങ്ങനെ ഇരിക്കാനേ കഴിയു. ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ അയാൾ ഒരു സഞ്ചി തുറന്നു. അതിൽ നിറയെ എന്തൊക്കയോ പഴങ്ങൾ, ആപ്പിൾ. അതെല്ലാം എടുത്തു നോക്കുകയും പിന്നീട് സഞ്ചിയിൽ വെക്കുകയും ചെയ്യുന്നു. അവസാനം ഒരു റോബസ്റ്റ് എടുത്ത് തൊലി പൊളിച്ചു തിന്നുന്നത് കണ്ടു. വളഞ്ഞിരുന്നു തിന്നുമ്പോൾ അയാളുടെ കണ്ണുകൾ ഞങ്ങളുടെ സീറ്റിന്റെ അടിയിലെ സഞ്ചികളിലേക്ക് ആണ് പോകുന്നത്. അങ്ങനെ നോക്കുന്നതിനിടയിൽ അയാളുടെ കണ്ണുകൾ എന്റെ കണ്ണിൽ പതിഞ്ഞു. അപ്പോൾ അയാൾക്ക് മനസ്സിലായി ഞാൻ ഉണർന്നു കിടക്കുകയാണെന്ന്. എങ്കിലും അയാൾ എന്നെ ശ്രദ്ധിക്കാതെ പിന്നെ തിരഞ്ഞത് തമിഴ് യുവതികളുടെ നേർക്കാണ്. അവർ താഴെ സീറ്റിലും മുകളിലുമായി നല്ല ഉറക്കത്തിലും.
അങ്ങനെ നോക്കുമ്പോൾ താഴെ കിടക്കുന്ന യുവതിയുടെ ഹാൻഡ് ബാഗിൽ അയാളുടെ കണ്ണുകൾ കുടുങ്ങി. ഉടനെ അതെടുത്തു തിരിച്ചും മറിച്ചും നോക്കി. വീണ്ടും അവിടെ തന്നെ വെച്ചു. ട്രെയിൻ കുതിച്ചു പായുകയാണ്. ഇനി എവിടെയാണ് അടുത്ത സ്റ്റോപ്പ് എന്നറിയില്ല. പിന്നീട് താഴെ കിടക്കുന്ന ഒരു ജോഡി ചെരുപ്പുകൾ എടുത്തു സ്വന്തം ചെരുപ്പ് മാറ്റി അത് ഇട്ടു നോക്കി. അയാൾക്കത് പാകമാകുന്നില്ല എന്നുകണ്ട് അയാൾ തിരികെ വെച്ചു.
ഈ സമയത്ത് മുകളിൽ കിടന്ന് ഇതെല്ലാം കാണുന്നുണ്ടായിരുന്ന മോള് എന്നെ വിളിച്ചു.
-അച്ഛാ..... എനിക്ക് ഇത്തിരി വെള്ളം വേണം.
ഉടനെ ഞാൻ എണീറ്റ് ലൈറ്റ് ഇട്ട് വെള്ളം എടുത്തു കൊടുത്തു. പുലർച്ചെ സമയം ആയതിനാൽ എല്ലാവരും നല്ല ഉറക്കത്തിലാണ്.
ലൈറ്റ് ഇട്ടപ്പോൾ മറാട്ടിക്കാരൻ എണീറ്റ് അസ്വസ്ഥത പ്രകടിപ്പിച്ചു. ഇതെല്ലാം കാണുന്ന കഷണ്ടിക്കാരൻ ആചാനബാഹുവിന്റെ തുറിച്ചുനോട്ടം കണ്ട് എനിക്ക് ചിരി വന്നു. അയാൾ എരിപൊരി കൊള്ളുകയാണ്. എന്നെ തല്ലി ഓടിക്കാനുള്ള മോഹം അയാളിൽ വിരിയുന്നത് കാണാൻ എനിക്ക് കഴിയുന്നുണ്ട്.
പിന്നെ ഞാനും മോളും കൂടി അയാളെ ശ്രദ്ധിക്കാതെ പലതും സംസാരിക്കാൻ തുടങ്ങിയപ്പോൾ അയാൾ മൂന്നു സഞ്ചികളും എടുത്ത് ബാത്റൂമിന്റെ ഭാഗത്തേക്ക് മാറി നിന്നു.
അപ്പോൾ ഞാൻ മോളോട് പറഞ്ഞു : അയാളൊരു കള്ളനാണെന്നും അയാളുടെ കയ്യിലെ സഞ്ചികൾ പോലും വേറെ വല്ലവരുടെയും ആകാൻ വഴിയുണ്ടെന്നും പറഞ്ഞു.
പിന്നീട് മോളോട് പറഞ്ഞു ഉറങ്ങി കിടക്കുന്ന തമിഴ് യുവതിയെ തട്ടി വിളിക്കാൻ. അവൾ അങ്ങനെ ആ യുവതിയെ ഉണർത്തി. അവർ എണീറ്റ് ഇരുന്നു. ആ സമയത്ത് മാറി നിന്നിരുന്ന കഷണ്ടിക്കാരൻ ഞങ്ങളുടെ അടുത്തേക്ക് വന്നു. ഞാൻ അയാളെ ശ്രദ്ധിക്കാൻ പോയില്ല. അയാളെ നോക്കിയാൽ അയാൾ എന്തെങ്കിലും പറഞ്ഞു ഇടിയുണ്ടാക്കുമോ? എന്ന് ഞാൻ ശങ്കിച്ചു!
പിന്നീട് അയാൾ മാറി നിന്നപ്പോൾ തമിഴ് യുവതി എന്താ പ്രശ്നം എന്നു ചോദിച്ചു. മോള് അപ്പോൾ ഉണ്ടായ സംഭവം എല്ലാം പറഞ്ഞു കൊടുത്തു. അപ്പോൾ അവരും ജാഗ്രതയായി.
കുറെ കഴിഞ്ഞപ്പോൾ ട്രെയിൻ ഒരു സ്റ്റോപ്പിൽ നിന്നു. കഷണ്ടിക്കാരൻ പുറത്തിറങ്ങി ബാഗുകൾ എവിടെയോ വെച്ച് സ്റ്റേഷനിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.
കുറച്ചു കഴിഞ്ഞു ട്രെയിൻ പുറപ്പെടാറായപ്പോൾ അയാൾ തമിഴ് യുവതിയുടെ അരികിലേക്ക് വരുന്നു. അതു കണ്ടപ്പോൾ യുവതി ട്രെയിനിന്റെ ചില്ലുജാലകം വേഗത്തിൽ അടച്ചു.
എന്തിനായിരിക്കും അയാൾ അങ്ങനെ വന്നത്? യാത്ര അയക്കാൻ ഒന്നുമല്ലല്ലോ! സീറ്റിൽ അലസമായി ഇട്ടിരുന്ന ഹാൻഡ് ബാഗ് എടുത്ത് അവർ മറ്റൊരു ബാഗിൽ വെച്ചു പൂട്ടുന്നത് കണ്ടപ്പോൾ ഞാൻ ചിരിച്ചു. അവരും ചെറുതായൊന്നു ചിരിച്ചു.
ട്രെയിൻ തന്റെ എല്ലാ ശക്തിയും സംഭരിച്ച് വേഗത്തിൽ പാഞ്ഞു തുടങ്ങി.
.....
മഹാരാഷ്ട്രയിലെ ഫൾട്ടനിലേക്കാണ് ഞങ്ങൾക്ക് എത്തേണ്ടത്. പൂനെയിൽ ചെന്ന് അവിടുന്ന് ഫൽട്ടനിലേക്ക് പോകാം എന്നാണ് കരുതിയിരുന്നത്. എന്നാൽ അതിന്റെ മുൻപ് ഡൗൻഡ് എന്ന സ്റ്റേഷനിൽ ഇറങ്ങിയാൽ വഴി കുറവുണ്ട് എന്നും സമയം ലാഭിക്കാം എന്നും സുഹൃത്ത് അജിത് പ്രസാദ് പറഞ്ഞപ്പോൾ ഞങ്ങൾ അങ്ങനെ തന്നെ ചെയ്തു. ഡൗൻഡിൽ നിന്നും പൂനെയിൽ പോയി ഫൽട്ടനിൽ കമ്പനിയിലേക്ക് എത്താൻ 220 കിലോമീറ്ററെങ്കിലും വരും. ഡൗൻഡിൽ ഇറങ്ങിയാൽ 80 കിലോമീറ്ററേ വരൂ. സമയവും ലാഭിക്കാം.
അവിടുത്തെ cummins എന്ന കമ്പനിയിലേക്ക് ഒരു വർഷത്തെ internship മോൾക്ക് കിട്ടിയിരിക്കുന്നു. പേരും പെരുമയും ഉള്ള ഒരു അന്താരാഷ്ട്ര കമ്പനിയിൽ ആയതിനാൽ അങ്ങോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു. കേരളത്തിന്റെ പല ഭാഗത്തു നിന്നും വേറെയും കുട്ടികൾ അവിടേക്ക് വരുന്നുണ്ട്. മോളെ കമ്പനിയിൽ ജോയിൻ ചെയ്യിപ്പിക്കണം. അതുകഴിഞ്ഞാൽ താമസം, ഭക്ഷണകാര്യങ്ങൾ എല്ലാം ശരിയാക്കണം. ഹോസ്റ്റൽ കമ്പനിയുടേതായി ഉണ്ട്. അത് ചെന്നവഴിക്ക് കിട്ടാൻ സാധ്യതയില്ല. അവിടെ ഒഴിവ് വരുന്നത് അനുസരിച്ച് അവർ കൊടുത്തുകൊണ്ടിരിക്കും. ഇവിടുന്നു പോകുമ്പോഴേ ഞാൻ പറഞ്ഞിരുന്നു മോളെ അവിടെ എത്തിച്ചു എല്ലാം സെറ്റായി ഒരാഴ്ചയെങ്കിലും കൂടെ താമസിച്ചു ആയംപോലെയേ ഞാൻ മടങ്ങുകയുള്ളൂ എന്ന്. അങ്ങനെയാണ് ഞാൻ ഫൽട്ടനിൽ നിന്നും മോളും കൂട്ടുകാരും ഒന്നിച്ചുള്ള ഫ്‌ളാറ്റിൽ നിന്നു മടങ്ങിയതും. പോരുമ്പോൾ വഴിയിൽ വെച്ചു അവളെന്നെ കെട്ടിപ്പിടിച്ചു. നാലു കണ്ണുകളും നിറഞ്ഞൊഴുകി. അവൾ കമ്പനിയുടെ ബസ് വരുന്നിടത്തേക്ക് കൂട്ടുകാർക്ക് പിറകിൽ നടന്നു. ബസ് കയറ്റി വിട്ടതിനു ശേഷം ഞാൻ ഫൽട്ടൻ ബാസ്റ്റാന്റിലേക്ക് നടക്കാം എന്നാണ് കരുതിയിരുന്നത്. എന്നാൽ ഇടയ്ക്ക് വെച്ചു വഴി മാറി. അങ്ങനെ ഞാൻ ബാസ്റ്റാന്റിലേക്കും മോള് അവരുടെ കമ്പനിയിലേക്കും യാത്രയായി.
...
ഇനി എനിക്ക് പൂനെയിൽ പോകണം. പിന്നെ അജന്ത എല്ലോറയും കണ്ടു മടങ്ങണം. അതിന്റെ വിവരണങ്ങൾ പിന്നീട് എഴുതാം എന്നു കരുതുന്നു.
..
No comments:
Post a Comment