കളിത്തോഴി
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കാവ്യാത്മകമായ ഒരു നോവലാണ് കളിത്തോഴി. രവീന്ദ്രനും അയൽവാസിയായ അമ്മിണിയും ബാല്യം മുതൽ കളിച്ചു വളർന്നു. കൗമാരത്തിൽ എത്തുമ്പോൾ അത് പ്രണയമായി മാറുന്നു. ആ പ്രണയത്തിന്റെ പാരവശ്യങ്ങളും നിലാവുള്ള രാത്രികളിലെ സംഗമവും സംസാരങ്ങളും പ്രണയചേഷ്ടകളും അതീവ മധുരമനോഹമായി കവി വിവരിക്കുന്നു.
ഇങ്ങനെ പ്രണയം മുറുകി വരുന്നതിനിടെ കാമുകിയ്ക്ക് തന്നെക്കൂടാതെ വേറെയും ആളുകളുമായി ബന്ധം ഉണ്ടെന്നു കാമുകൻ സംശയിക്കുന്നു. അതോടെ അവരുടെ ബന്ധത്തിൽ വിള്ളൽ വീഴാൻ തുടങ്ങുന്നു.
തനിക്കുവേണ്ടി എന്തിനും തയ്യാറാണോ? എന്ന് രവി ഒരിക്കൽ ചോദിക്കുന്നു. വിവാഹത്തിന് തയ്യാറായി നിൽക്കുന്ന അമ്മിണി എന്തിനും തയ്യാറാണെന്ന് മറുപടി പറയുന്നു. എങ്കിൽ മരിക്കാൻ തയ്യാറാണോ?
അതെ!
അന്ന് രാത്രി സൈനയ്ഡുമായി വരാം എന്നു രവി പറയുന്നു. അങ്ങനെ ആ നിലാവുള്ള രാത്രിയിൽ കൂടുതൽ അണിഞ്ഞൊരുങ്ങി സുന്ദരിയായി അവൾ ഇരുന്നു. രവി വന്നു പാതിരായ്ക്ക് ജനാലിൽ തട്ടുമ്പോൾ അവൾ പയ്യെ പുറത്തേക്ക് വരുന്നു.
അമ്മിണി മരിച്ചാലെ രവിയ്ക്ക് സമാധാനം കിട്ടു. കാമുകന്റെ മടിയിൽ കിടന്നു മരിക്കണം. അങ്ങനെ അവൾ കാമുകനിൽ നിന്നും കുപ്പിയിലെ ദ്രാവകം വാങ്ങി കുടിക്കുന്നു. ഒരു നിമിഷംകൊണ്ട്, വേദനയില്ലാത്ത സുഖമരണം എന്നു പറഞ്ഞിട്ട് ഒരു മണിക്കൂർ ആയിട്ടും അമ്മിണി മരിക്കുന്നില്ല. അയാൾ ഒരു ചെറുനാരങ്ങ വെള്ളം കൊടുത്തു പറ്റിക്കുകയായിരുന്നു എന്നറിയുമ്പോൾ അവൾ ക്ഷുഭിതയാകുന്നു.
അകമഴിഞ്ഞ സ്നേഹത്തെ ഇങ്ങനെ പരീക്ഷിക്കുന്നത് ശരിയല്ലെന്നാണ് അവളുടെ പക്ഷം. മനുഷ്യമനസ്സിന്റെ ചിന്തകളെ ഇങ്ങനെ നിരന്തരം വിശകലനം ചെയ്തുകൊണ്ടാണ് ഈ നോവൽ മുന്നേറുന്നത്.
രവി പിന്നീട് കൽക്കത്തയിൽ പോയി ഉദ്യോഗസ്ഥജീവിതം നയിക്കുകയും മല്ലികയെ വിവാഹം കഴിക്കുകയും ചെയ്യുന്നു.
ഇവിടെ അമ്മിണി വയ്യാതെ ആശുപത്രിയിൽ മരിച്ചു പോകുമെന്ന അവസ്ഥയിൽ കിടക്കുമ്പോൾ ഇതെല്ലാം കേട്ടറിഞ്ഞ് രവി എത്തുന്നു. അമ്മിണിയേയും ചികിത്സ നൽകുന്ന ഡോക്ടർ സുകുമാരമേനവനെയും കണ്ടു മടങ്ങുന്നു. മരിക്കും എന്നു കരുതിയിരുന്ന അമ്മിണി ആ ഡോക്ടറുടെ പരിചരണത്തിൽ രക്ഷപ്പെടുകയും സ്വന്തം കഥകൾ പരസ്പരം പറഞ്ഞു അടുക്കുകയും വിവാഹിതരാവുകയും ചെയ്യുന്നു.
ഇങ്ങനെ ജീവിതം മുന്നോട്ട് പോകുമ്പോൾ രവിയ്ക്ക് രണ്ടു കുഞ്ഞുങ്ങളും അമ്മിണിയ്ക്ക് ഒരു ആൺകുഞ്ഞും ജനിക്കുന്നു. സുഖകരമായി മുന്നോട്ടു പോകേണ്ട ജീവിതങ്ങൾ പെട്ടന്നുള്ള ഡോക്ടറുടെ മരണത്തോടെ വീണ്ടും താറുമാറാകുന്നു. ഇവർ എല്ലാവരിലും വീണ്ടും ജീവിതപരീക്ഷണങ്ങൾ ആരംഭിക്കുന്നു.
ചെറിയൊരു നോവലിലൂടെ വലിയൊരു കഥ പറയുകയാണ് കവി. സംശയങ്ങൾ മൂലം പരസ്പരം അടുത്തു ഒന്നാകേണ്ടിയിരുന്ന മനുഷ്യർ അകലുന്ന കാഴ്ചയും അതിന്റെ ദുരിതങ്ങളും ദുരന്തങ്ങളും കാണിച്ചു തരുന്നു ഈ നോവൽ. കവിയുടെ കാലത്തെ ഗ്രാമീണ കേരളത്തെയും ഈ വായനയിലൂടെ അടുത്തറിയാൻ കഴിയുന്നു.
...
രാജൻ പെരുമ്പുള്ളി
No comments:
Post a Comment