Wednesday, 29 May 2024

പെയ്തൊഴിയാതെ... ബിജിയുടെ ഓർമ്മകൾ

ഇന്ന് 
ബിജിയുടെ 
രണ്ടാം ഓർമ്മദിനം
11.4.22

..

പെയ്തൊഴിയാതെ...

ജനുവരി ഒന്നു 1997 ലാണ് ഞങ്ങളുടെ കട ബിജി തിരികൊളുത്തി ഉദ്ഘാടനം ചെയ്തത്. അത് അന്ന് ഒരു സ്ക്രീൻ പ്രിന്റിംഗ് സ്ഥാപനമായിട്ടാണ് തുടങ്ങിയത്. എന്റെ സുഹൃത്ത് ഉണ്ണി അതിന്റെ ചുമതലകൾ ഏറ്റെടുത്തു. രണ്ടു സ്റ്റാഫും ഉണ്ണിയും. ഉദ്ഘാടനം വളരെ ചെറിയ രീതിയിലായിരുന്നു. ഷട്ടർ തുറന്ന് അകത്തു കടക്കാം. വേറെ ഡക്കറേഷൻ ഒന്നും ചെയ്തിരുന്നില്ല. ഉദ്ഘാടനദിവസം ഞങ്ങളെ കൂടാതെ ഉണ്ണിയും സ്റ്റാഫുകളും ചേട്ടനും, ചേട്ടന്റെ ഒരു സുഹൃത്തും, പിന്നെ ബിൽഡിംഗ് ഓണറും മാത്രം.

എനിക്കന്ന് മാല ലൈറ്റ് വാടകയ്ക്ക് കൊടുക്കുന്ന കട തൃശൂർ മുൻസിപ്പൽ സ്റ്റാൻഡിൽ ജയാ ബേക്കറിയുടെ മുകൾഭാഗത്തുള്ള ഒരു മുറിയിൽ പാർട്ണർ ഷിപ്പിൽ ഉണ്ടായിരുന്നു. 

പാർട്ണർ ഷിപ്പ് തുടക്കം നല്ല രീതിയിൽ ആയിരുന്നെങ്കിലും പിന്നീട് അസ്വസ്ഥതകൾ നിറഞ്ഞതായി. സ്ഥാപനം നല്ല നിലയിൽ വന്നപ്പോൾ പാർട്ണർക്ക് അത് സ്വന്തമാക്കണം. അതുകൊണ്ട് എന്നാണ് അവിടെ അവസാനിപ്പിക്കേണ്ടി വരിക എന്നറിയില്ല. രണ്ടു വർഷത്തോളമായി ഇങ്ങനെ ചെറിയ ഉരസലിൽ കഴിയുന്നു.

അങ്ങനെയാണ് ഞാനും ബിജിയും കൂടി പുതിയ മുറി കണ്ടെത്തിയത്. ചെട്ടിയങ്ങായിൽ അറഫാ ടവറിൽ. നല്ല ലൊക്കേഷനിൽ ആയതുകൊണ്ട് പിടിച്ചു നിൽക്കാൻ കഴിയും എന്ന വിശ്വാസം ഉണ്ട്. റെയിൽവേ, ട്രാൻസ്‌പോർട്ട് സ്റ്റാൻഡ്, ശക്തൻ സ്റ്റാൻഡ് എല്ലാം അടുത്താണ്. റൂം വാടക ആയിരം രൂപ. ആ പണം അതികച്ചെലവ് ആണ്. അത് കണ്ടെത്താൻ വേണ്ടിയാണ് സ്ക്രീൻ പ്രിന്റിംഗ് തുടങ്ങിയത്. നിർഭാഗ്യവശാൽ വാടക എന്റെ കയ്യിൽ നിന്നും പോവുക മാത്രമല്ല എനിക്ക് പ്രിന്റിങ്ങിന്റെ കാര്യങ്ങളിലേക്ക് പൈസ ചെലവും വന്നു തുടങ്ങി. പ്രിന്റിംഗിന്റെ കാര്യങ്ങൾ എല്ലാം ഉണ്ണി ഏറ്റെടുത്തു ചെയ്യാം. ലാഭം വന്നു തുടങ്ങുമ്പോൾ റൂമിന്റെ വാടക ഉണ്ണി കൊടുക്കും. എന്നൊക്കെയായിരുന്നു ധാരണ. പക്ഷേ, സംഭവിക്കുന്നത് മറിച്ചും ആയി. അപ്പോൾ ഞാനും വർക്ക് പിടിക്കാൻ ഫീൽഡിൽ ഇറങ്ങിത്തുടങ്ങി. അതിനിടെ, ഇവിടുത്തെ കാര്യങ്ങൾ പരിതാപകരം ആയതുകൊണ്ട് സ്റ്റാഫിൽ ഒരാൾ മറ്റൊരു സ്ഥലത്തേക്ക് ജോലി മാറി പോയി. പിന്നെ ഉണ്ണിയും ഒരു സ്റ്റാഫും മാത്രം.

അഞ്ചാറു മാസം അങ്ങനെ കഴിഞ്ഞു.
ഞാൻ കഴിയാവുന്ന സഹായം ചെയ്തു തുടങ്ങി. ഞാനും ഫീൽഡിൽ ഇറങ്ങി വർക്ക് പിടിക്കാൻ തുടങ്ങിയപ്പോൾ വർക്ക് കുറേശ്ശേ കൂടി വന്നു. ശരിക്കും ജോലി ചെയ്താൽ ലാഭത്തിൽ എത്തിക്കാം എന്ന്‌ എനിക്ക് മനസ്സിലായി. മറ്റേ കടയിൽ കുറെ സമയം ഞാൻ ഇരിക്കും. പിന്നെ ഇവിടെയും.

ആ സമയത്തു ഉണ്ണി പറഞ്ഞു : പൗർണ്ണമിയിൽ ഞാൻ മറ്റൊരാളെ പ്രിന്റ് വർക്കിന്‌ ശരിയാക്കിത്തരാം. ഞാൻ വിടുകയാണ്. ഞാൻ എല്ലാം സ്വന്തമായി ചെയ്യാൻ പോവുകയാണ്. അങ്ങനെ ഉണ്ണിയും സ്റ്റാഫും വിടപറഞ്ഞു. അവർ മറ്റൊരു സ്ഥലത്ത് പോയി പ്രിന്റിംഗിന്റെ സ്ഥാപനം തുടങ്ങി.

എനിക്കാണെങ്കിൽ പ്രിന്റിംഗ് കാണുന്നതല്ലാതെ ഒന്നും അറിയില്ല. അവർ പോയപ്പോൾ ബിജി കടയിൽ വന്നു തുടങ്ങി. ഞാൻ എന്റെ പാർട്ണർ ഷിപ്പ് ഒരു ചെറിയ ഉരസലോടെ അവസാനിപ്പിച്ചു.

ഞാൻ അവിടുന്നു പോരുമ്പോൾ അവിടെ ഉണ്ടായിരുന്ന സ്റ്റോക്കിന്റെ പകുതി വിഹിതമാണ് എനിക്ക് ലഭിച്ചത്‌.   മാലകൾ ഏതാണ്ട് എഴുന്നൂറിൽ താഴെ വരും. പിന്നെ പലരും തരാനുള്ള പൈസ കിട്ടുമ്പോൾ എനിക്കും വേണം എന്നൊന്നും പറഞ്ഞു ഞാൻ ആ വഴിക്ക് പോയില്ല. ഏതാണ്ട് തൊണ്ണൂരായിരം രൂപയോളം അക്കാലത്ത് ആ കടയിലേക്ക് പലരുടെയും കയ്യിൽ നിന്നായി കിട്ടാൻ ഉണ്ടായിരുന്നു.  അതിന്റെ പകുതി നാൽപ്പത്തയ്യായിരം എനിക്ക് അവകാശപ്പെട്ടതാണ്. അത്രയും രൂപയുടെ ആഭരണങ്ങളാണ് അന്ന് ഞങ്ങൾ വിറ്റത്. 
ആഭരണങ്ങൾ വിറ്റതിൽ ബിജി പ്രത്യേക വിഷമം ഒന്നും പ്രകടിപ്പിച്ചില്ല. ബിജിയുടെ വീട്ടുകാർ അമ്മയും വല്യമ്മയും ഒന്നും പറഞ്ഞില്ലെങ്കിലും വല്ലാത്ത വിഷമം അവരുടെ മുഖത്ത് പ്രകടമായിരുന്നു.

ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് മൂന്നു നാലു മാസം ആകുമ്പോഴേക്കും ഗോൾഡ്‌ വിൽക്കുന്നു എന്നു കേൾക്കുമ്പോൾ അവരുടെ മനസ്സിൽ ഒരുപാട് ആശങ്കകൾ ഉണ്ടാക്കുമല്ലോ. അവരെ പറഞ്ഞിട്ടു കാര്യമില്ല. ബിജിയുടെ കുട്ടിക്കാലത്തുതന്നെ അച്ഛൻ മരിച്ചു. പിന്നീട് ബിജിയേയും ആങ്ങളയെയും വളർത്തി. വല്യമ്മയും ഇവർക്കൊപ്പം ഒപ്പം ഉണ്ടായിരുന്നു.  ആങ്ങള ബിജു വലുതായപ്പോൾ ഗൾഫിൽ പോയി. ഞങ്ങളുടെ കല്യാണത്തിന് ബിജു ഉണ്ടായിരുന്നില്ല. വല്യമ്മയും അമ്മയും കൂടിയാണ് തീരുമാനങ്ങൾ എടുക്കുന്നതും വിവാഹം നടത്തിയതും.

എന്റെ വല്യമ്മയുടെ മകൾ ഷീല പറഞ്ഞത് പ്രകാരം ഞാൻ ബിജിയെ പെണ്ണ് കാണാൻ പോവുകയും തികച്ചും സ്വാഭാവികമായ രീതിയിൽ വിവാഹം നടക്കുകയാണ് ഉണ്ടായത്.

അങ്ങനെ വിവാഹം കഴിഞ്ഞു കുറച്ചു നാൾ കഴിയുമ്പോഴേക്കും മകളുടെ ആഭരണങ്ങൾ വിൽക്കേണ്ടി വരിക എന്നത് കേൾക്കാൻ ആർക്കും ഇഷ്ടപ്പെടില്ല. എന്നാലും, അവരും എന്നോട് ഒരു പരിഭവവും പറഞ്ഞില്ല. 

പുതിയ കട പൗർണ്ണമി. ഇനി ഇവിടെത്തന്നെ ശരണം. പൗർണ്ണമിക്കു വേണ്ടി ബിജിയുടെ കുറച്ചു ഗോൾഡ്‌ വിൽക്കേണ്ടി വന്നു. പിന്നെ എന്റെ കയ്യിൽ ഉണ്ടായിരുന്ന പൈസയും മുഴുവനും ഇറക്കി. കൂടാതെ ലോണും കുറി വിളിച്ചും കടയിൽ പണം ഇറക്കി. മാല ലൈറ്റിന്റെ എണ്ണം ഏതാണ്ട് രണ്ടായിരത്തിനു താഴെ എത്തിച്ചു. 

ഈ പണികളിൽ എല്ലാം ഞാനും ബിജിയും ഒപ്പത്തിനൊപ്പം ഉണ്ടായിരുന്നു. അന്ന് എന്റെ വീട്ടിൽ വയസ്സായി വരുന്ന അച്ഛനും അമ്മയും ഉണ്ട്.  പട്ടാളത്തിൽ ആയിരുന്ന അച്ഛന് ചെറിയൊരു പെൻഷൻ വരുമാനം ഉണ്ടായിരുന്നു.  ഞാനും ബിജിയും ഒന്നിച്ചു രാവിലെ എട്ടരയോടെ വീട്ടിൽ നിന്നും ഇറങ്ങും. ബിജി നേരത്തെ എണീറ്റ് ചോറും കറിയും വെക്കും. പിന്നെ എന്തെങ്കിലും പലഹാരവും ഉണ്ടാക്കും. ഇഡ്ഡലിയോ ദോശയോ പുട്ടോ... അങ്ങനെ എന്തെങ്കിലും. അതും കഴിച്ച് ഉച്ചക്കുള്ള ചോറും കറികളും രണ്ടു പേർക്കും രണ്ടു പാത്രങ്ങളിലാക്കി ഒരു സഞ്ചിയിലാക്കി അതും പിടിച്ചാണ് നടത്തം. സഞ്ചി ഞാൻ തന്നെയാണ് പിടിക്കാറ്‌. രാവിലത്തെ തിരക്കുളള ബസ്സിൽ മിക്കവാറും പടിയിൽ തൂങ്ങി നിന്നാണ് യാത്ര ചെയ്യേണ്ടി വരിക. അപ്പോൾ സീറ്റിൽ ഇരിക്കുന്ന ആരെയെങ്കിലും സഞ്ചി ഏൽപ്പിക്കും. ടൗണിൽ എത്തുമ്പോൾ അത് തിരിച്ചു വാങ്ങും. ബസ്സ്‌ ഇറങ്ങിയാൽ പിന്നെ അര കിലോമീറ്റർ നടന്ന് കടയിൽ എത്താം. സാവധാനം നടന്ന് അങ്ങനെ കടയിൽ വരും. പിന്നെ അവിടുത്തെ ജോലികൾ. കടയിൽ എല്ലാ ദിവസവും ബിജിയ്ക്ക് വരേണ്ടി വരാറില്ല. തിരക്കുളള ദിവസങ്ങളിൽ മാത്രം ഞാൻ വിളിക്കും. അപ്പോൾ വരും.

ചിലപ്പോൾ സ്ക്രീൻ പ്രിന്റിംഗ് പണികളിൽ സഹായിക്കും. അല്ലെങ്കിൽ മാല ലൈറ്റ് ഉണ്ടാക്കാൻ സഹായിക്കും. കടയിലെ എല്ലാ കാര്യങ്ങളും നോക്കും.

ഉണ്ണി പോകുമ്പോൾ നല്ലൊരു പയ്യനെ എനിക്ക് ജോലിക്ക് ആക്കി തന്നു.  പയ്യൻ ഒരു ആർട്ടിസ്റ്റ് കൂടി ആയിരുന്നു. പ്രിന്റിംഗ് എല്ലാം നന്നായി ചെയ്യും.    പക്ഷേ ഇവിടെ ഒരു ഗുലുമാൽ സംഭവിച്ചു. എന്തെന്ന് വെച്ചാൽ, എനിക്ക് പ്രിന്റിംഗിന്റെ ഒരു കാര്യവും അറിയില്ല എന്ന് മനസിലായപ്പോൾ  പുള്ളിപിന്നെ വർക്കിന്‌ സമയത്ത് വരില്ല. ഒമ്പതരയ്ക്ക് വരേണ്ടയാൾ പത്ത്‌, പത്തര, പതിനൊന്ന്... അങ്ങനെയൊക്കെയായി. ചിലപ്പോൾ ലീവ് എടുക്കും. പുള്ളിയ്ക്ക് സ്വന്തം വർക്കുകൾ വേറെയും ഉണ്ട്. ബോർഡ് എഴുത്തും മറ്റുമായി.  അന്നെല്ലാം ഇന്നത്തെപ്പോലെ ഫോൺ സൗകര്യം ഇല്ലല്ലോ. അപ്പോൾ കാത്തിരിക്കുകയെ രക്ഷയുള്ളൂ. ഏറ്റെടുക്കുന്ന വർക്ക് കൃത്യമായി ചെയ്തു സമയത്ത് പാർട്ടികൾക്ക് കൊടുക്കണം. ആ കാര്യത്തിൽ എനിക്ക് ഒരു നിർബന്ധബുദ്ധി ഉണ്ടായിരുന്നു.  കസ്റ്റമറെ തൃപ്തിപ്പെടുത്തുന്ന രീതിയാണല്ലോ അത്. അങ്ങനെ പ്രിന്റിങ് മുഖേന കടയിലെ കാര്യങ്ങളും  ഞങ്ങളുടെ വട്ടചെലവുകൾക്കും പൈസ കിട്ടി തുടങ്ങി.

ഒരു വിസിറ്റിംഗ് കാർഡ് പ്രിന്റ് ചെയ്യാൻ ഒരുപാട് പണികൾ ഉണ്ട്. ആദ്യം ഡി ടി പി എടുക്കണം. പിന്നെ അതിന്റെ പ്രൂഫ്‌ പാർട്ടിയെ കാണിക്കണം. തെറ്റുകൾ തിരുത്താൻ. പിന്നെയും നോക്കിയതിനു ശേഷം ഫൈനൽ എടുക്കും.  പിന്നീട് അത് സ്ക്രീനിൽ എക്സ്
എക്സ്പോസ്‌ ചെയ്യും. അതിനു ശേഷം പ്രിന്റിങ്.  എക്‌സ്‌പോസ് സൂര്യ വെളിച്ചം ഉപയോഗിച്ച് ചെയ്യാം. അല്ലെങ്കിൽ നാല് ട്യൂബ്‌ ലൈറ്റ് ഒരു ബോക്‌സിൽ വെച്ച് മുകളിൽ ചില്ല് ഗ്ലാസ് വെച്ച് അതിലൂടെയും ചെയ്യാം. ഒരു മാറ്റർ വൃത്തിയായി എക്‌സ്‌പോസ് ആവുന്നതിനു ടൈമിംഗ് ഉണ്ട്. അത് കൃത്യമായി വന്നാലേ പ്രിന്റ് ചെയ്യുമ്പോൾ പെർഫെക്റ്റ് ആവുകയുള്ളൂ. വർക്ക് പിടിക്കല്, ഡി ടി പി എടുക്കല്, പ്രിന്റിങ്  മെറ്റീരിയൽ വാങ്ങൽ, പ്രിന്റിങിന് സഹായിക്കൽ, അതു കഴിഞ്ഞാൽ പ്രിന്റ് പാർട്ടികൾക്ക് എത്തിച്ചു കൊടുക്കൽ ഇങ്ങനെ എല്ലാം ഞാൻ ചെയ്യും. എക്‌സ്‌പോസ്, പ്രിന്റിങ്, വാഷിംഗ് ഇതെല്ലാം പയ്യൻ ഗിരീഷും.  അങ്ങനെ കുറച്ചു കാലം പോയി. പിന്നീട് ഗിരീഷ് പോയി മറ്റൊരാൾ വന്നു. ഇതിന്റെ കൂട്ടത്തിൽ വർഷങ്ങൾകൊണ്ടു ഞാനും എല്ലാം പഠിച്ചെടുത്തു.  ഈ വക പണികളിലെല്ലാം ബിജിയും ഒരു സഹായിയായി. ആ സമയത്ത് ഓഫ്സെറ്റ് പ്രിന്റിങ് വിലക്കുറവിൽ വന്നു തുടങ്ങി. അങ്ങനെ പ്രിന്റിംഗിന്റെ പണി ഞങ്ങൾ നിർത്തി. 

മാല ബൾബ് തിരക്കുളള കാലത്ത് രാവിലെ വീട്ടു ജോലി എല്ലാം കഴിച്ചു കടയിലേക്ക് വന്നാൽ രാത്രി പതിനൊന്ന് പതിനൊന്നര വരെയെല്ലാം ജോലി ചെയ്യും. പിന്നെ ആട്ടോ വിളിച്ച് വീട്ടിലേക്ക് ഞങ്ങൾ മടങ്ങും. അങ്ങനെ കഷ്ടപ്പാടുകളുടെയും അതേസമയം പ്രതീക്ഷകളുടെയും ഒരു കാലമായിരുന്നു അത്.

മാല ലൈറ്റ് തിരക്ക് വരുമ്പോൾ ഞങ്ങളെ കൂടാതെ രണ്ടോ മൂന്നോ സഹായികളും ഉണ്ടായിരിക്കും. വൈകീട്ട് കൂടുതൽ സമയം ഇരിക്കുന്ന ദിവങ്ങളിൽ മസാല ദോശയോ ചപ്പാത്തിയോ വാങ്ങും. വിശന്നുകൊണ്ടു ജോലി ചെയ്യാൻ പാടില്ലല്ലോ. ഞങ്ങളെ സഹായിക്കാൻ വരുന്നവർക്കും ഈ ഭക്ഷണരീതി ഇഷ്ടമായിരുന്നു.

ഇതിനിടയിൽ രണ്ടു മക്കൾ ഉണ്ടായി. എന്റെ അച്ഛനും അമ്മയും വിടവാങ്ങി.

...
തുടരും...

ബാക്കി ഭാഗം നാളെ അവസാനിക്കുന്നു

https://www.facebook.com/share/p/eWQEb8eBZzHKKH23/?mibextid=oFDknk

No comments:

Post a Comment