Wednesday, 29 May 2024

പെയ്തൊഴിയാതെ.... (ഓർമ്മകൾ)

ബിജിയുടെ ഓർമ്മകൾ

പെയ്തൊഴിയാതെ...
(രണ്ടാം ഭാഗത്തോടെ അവസാനിക്കുന്നു)

അങ്ങനെ കുറെ കാലം കഴിഞ്ഞപ്പോൾ കടങ്ങൾ വീടി. പഴയ ഓടിട്ട വീട്ടിൽ നിന്നും മാറി ടറസ് വീട് പണിയാനും കഴിഞ്ഞു. മറ്റ് ഒന്നും ഇല്ലെങ്കിലും തരക്കേടില്ലാത്ത ഒരു വീട് വെക്കണം. അത് ബിജിയ്ക്ക് വലിയ ആഗ്രഹം ആയിരുന്നു.  കുട്ടികൾ വളർന്നു വരികയല്ലേ. അതും പെൺകുട്ടികൾ!  അങ്ങനെയാണ് എന്റെ സുഹൃക്കളുടെയും നിർബന്ധം കൂടി ആയപ്പോൾ ഞാനും ആ വഴി ചിന്തിക്കുന്നത്. കട തുടങ്ങിയ കാലം മുതലേ കുറി വെക്കലും വിളിച്ചെടുക്കലുമൊക്കെ പതിവായിരുന്നു. അങ്ങനെ വിളിച്ചെടുത്ത പണംകൊണ്ട് രണ്ടു പ്ലോട്ടുകൾ വാങ്ങിയിരുന്നു. അത് വിറ്റ് കിട്ടുന്നതുപ്രകാരം വീട് പണിയാം എന്നു തീരുമാനിച്ചു. ആ ഭൂമി വിറ്റ് ചെറിയൊരു വീട് പണിയാനും കഴിഞ്ഞു. പഴയ ഓടിട്ട വീടിന്റെ പുറകുവശം പൊളിച്ചു പുതിയത്തിനു സ്‌പെയ്‌സ് ഉണ്ടാക്കി. ഏകദേശം പതിനൊന്ന് മാസത്തോളം വേണ്ടി വന്നു വീട് ഒരുവിധം ഒപ്പിക്കാൻ.

വീടിന്റെ കുറ്റി അടിക്കുമ്പോൾ തന്നെ ഒരു രസം ഉണ്ടായി. പ്ലാൻ വരച്ച എഞ്ചിനീയർ തന്നെ വന്നു കുട്ടിയടിക്കും എന്നാണ് ഞാൻ എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാൽ കുറ്റി അടിക്കേണ്ട ദിവസം അടുത്തപ്പോൾ ബിജിയുടെ വീട്ടുകാർ പറഞ്ഞു ആശേരിയെകൊണ്ട് അടിപ്പിക്കുകയല്ലേ നല്ലത് എന്ന്. അങ്ങനെ അവരുടെയും താല്പര്യപ്രകാരം ഞാൻ പോയി ആശാരിയെ ഏർപ്പാടാക്കി.  ഒരു ഞായറാഴ്ച അദ്ദേഹം വന്നു. കാഞ്ഞാണിയിൽ നിന്നും വല്യമ്മയും അമ്മയും വന്നു. പിന്നെ  ഞാനും ബിജിയും മക്കളും.

ആശാരി വന്നു പ്ലാൻ നോക്കി. പുള്ളിയ്ക്ക് ആ പ്ലാനിൽ ആകെ മൊത്തം ഒരു പന്തികേട് തോന്നി. കാരണം റൂമിന്റെ വലിപ്പമോ അടുക്കള സ്ഥാനം ഒന്നും ശരിയല്ല! എല്ലാത്തിനും അവരുടെ രീതിയിൽ ഒരു കണക്കുണ്ടല്ലോ. അതുമായി ഒരു തരത്തിലും ഇത് ഒത്തുപോകുന്നില്ല. അത് ഒത്തുപോകുന്നില്ലെന്ന്‌ എനിക്കും അറിയാം. കാരണം എന്റെ ഇഷ്ടത്തിനാണ് ഒരോ മുറികളുടെയും വരാന്തയുടെയും അടുക്കളയുടെയും വലിപ്പചെറുപ്പങ്ങൾ എഞ്ചിനീയർ വരച്ചു തന്നത്. അപ്പോൾ എഞ്ചിനീയർ പറയുകയും ചെയ്തു. ഇതുപോലെ ആരും വരപ്പിക്കാറില്ല എന്ന്. വാസ്തു നോക്കിയാണ് സാധാരണ എഞ്ചിനീയറും വരക്കാറുള്ളത്. ഇവിടെ എല്ലാം എന്റെ ഇഷ്ടത്തിന് പുള്ളി വരച്ചുതരികയായിരുന്നു.

എല്ലാം നോക്കിയിട്ട് ആശാരി പറഞ്ഞു ഈ പ്ലാൻ പ്രകാരം കുറ്റിയടിച്ചാൽ ശരിയാവില്ല! 
-അപ്പൊ ഇനി എന്തു ചെയ്യും?
ഞാൻ ചോദിച്ചു.

-ഒരു കാര്യം ചെയ്യാം. ഈ മുറിയുടെ വലുപ്പം അല്പമൊന്നു കുറക്കാം. അപ്പോൾ ഏകദേശം ശരിയാകും. 

-ഓ... അങ്ങനെയാകാം
ഞാൻ പറഞ്ഞു. ഇതെല്ലാം കേട്ട് വിഷമിച്ചു നിന്നിരുന്ന ബിജിക്കും ആശ്വാസമായി. ഞാൻ സമ്മതിക്കാതിരിക്കുമോ? എന്നായിരുന്നു ബിജിയുടെ ആശങ്ക! ഒരു മുറിയുടെ വലിപ്പം അല്പം കുറഞ്ഞു എന്നേയുള്ളു. വന്ന ആശാരിക്കും വീട്ടുകാർക്കും സന്തോഷം.  ഇത്തരം ചെറിയ കാര്യങ്ങളിൽ ഒരു വാശിയുടെയും ആവശ്യമില്ല എന്നാണ് എന്റെ നിലപാട്.

അങ്ങനെ കുറ്റിയടി കഴിഞ്ഞു. ചായ കുടിയും കഴിഞ്ഞു ആശാരി പോയി. ഇനി കരിങ്കല്ല് അടിച്ചിട്ട് വേണം പണി തുടങ്ങാൻ. കരിങ്കല്ല്, മണ്ണ്, മണൽ എല്ലാം ഗണ അടിച്ചു തരും. വീടിന്റെ അടുത്തുള്ള ആളാണ് ഗണ. സ്വന്തം ലോറിയും സൗകര്യങ്ങളും ഉണ്ട്. വീടുപണി മൊത്തം മണിയേട്ടനെ ഏല്പിച്ചിട്ടുണ്ട്. ഇലക്ട്രിക്കൽ, പ്ലംബിങ് , പെയിന്റിങ്ങ് ഇതെല്ലാം മറ്റ്‌ ആരെയെങ്കിലും ഏൽപ്പിച്ചാൽ മതി. 

ആശരിയെല്ലാം പോയി ഉച്ചയുറക്കവും കഴിഞ്ഞു. ഇന്നത്തെ പരിപാടി എല്ലാം നന്നായി. അമ്മയും വല്യമ്മയും കാഞ്ഞാണിയിലേക്ക് മടങ്ങി. 

പിറ്റേന്ന്, ഞാൻ ചുമ്മാ കുറ്റിയടിച്ചതും മറ്റും നോക്കി നടക്കുകയായിരുന്നു. അപ്പോഴാണ് മനസ്സിലായത്, കുറ്റിയടിയിൽ ഒരു മീറ്റർ വ്യത്യാസം വന്നിരിക്കുന്നു. ഒരു മീറ്റർ തെക്കോട്ട് മാറി വേണം കുറ്റിയടിക്കാൻ! 
ഞാൻ ബിജിയെ വിളിച്ച് എല്ലാം കാട്ടിക്കൊടുത്തു. 
ഇനി എന്തുചെയ്യും? ആശാരിയെ വീണ്ടും വിളിച്ചാലോ! ആലോചനയായി. ഞങ്ങളുടെ
കുറെ ആലോചനകൾക്ക് ശേഷം ഞാൻ ബിജിയോട് പറഞ്ഞു, ഞാനിപ്പോൾ കടയിൽ പോകട്ടെ. വൈകീട്ട് വന്നിട്ട് നമുക്ക് ഈ കുറ്റികൾ എല്ലാം മാറ്റി അടിക്കാം. അങ്ങനെ ഞാൻ വൈകീട്ട് തിരിച്ചു വന്നു ഓരോ കുറ്റികളും ഊരി ബിജിയും ഞാനും ചേർന്ന് സ്ഥാനം മാറ്റി കുഴിച്ചിട്ടു. പിന്നെ കയർ കെട്ടി ശരിയാക്കി. അപ്പഴേ ശ്വാസം നേരെ വീണുള്ളു.

അന്ന് രാത്രി കിടക്കുമ്പോൾ വലിയ ആശ്വാസം ആയിരുന്നു. ഇത് കണ്ണിൽ പെടാതെ പോയെങ്കിൽ പണിക്കാർ വന്നു ചാല് കോരും. പിന്നെ പണി ഇരട്ടി ആയേനെ!

അങ്ങനെ വീടിന്റെ ഓരോ പണികളിലും ഓരോ ഘട്ടങ്ങളിലും ഞങ്ങളുടെ നോട്ടവും അദ്ധ്വാനവും ഒപ്പം ഉണ്ടായിരുന്നു.

ഞങ്ങളുടെ വിവാഹം സാധാരണ പോലെ കഴിഞ്ഞു. കാഞ്ഞാണിയിൽ ബിജിയുടെ നാട്ടിലെ അമ്പലത്തിൽ വെച്ച് കെട്ടും സദ്യയും കഴിഞ്ഞു. അന്ന് വൈകീട്ട് ചേറൂരിൽ എന്റെ വീടിന്റെ ഭാഗത്ത് പള്ളി ഹാളിൽ വെച്ച് ഞങ്ങളുടെ പാർട്ടിയും നടന്നു.  കല്യാണത്തിനു ശേഷം പരസ്പരം മനസ്സിലാക്കി. ഞങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും തിരിച്ചറിഞ്ഞു. ജീവിച്ചിരുന്ന കാലം സന്തോഷം പങ്കുവെച്ചും പരസ്പരം ബഹുമാനിച്ചും ജീവിച്ചു. കലഹങ്ങളൊന്നും ഇല്ലാതെ ജീവിക്കാൻ കഴിഞ്ഞു. നല്ലൊരു സുഹൃത്ത് കൂടിയായിരുന്നു ബിജി. അതുകൊണ്ട് കൂടിയാണ് വീട് പണിക്കിടക്കയിൽ എനിക്ക് ഡൽഹി, ആഗ്ര, രാജസ്ഥാൻ, വാഗാ അതിർത്തി... ഇങ്ങനെ കുറെ സ്ഥലങ്ങളിൽ പോകാൻ കഴിഞ്ഞത്. ഇങ്ങനെ പണി നടക്കുമ്പോൾ യാത്ര പോവ്വേ! എന്നൊന്നും പറഞ്ഞു തടസ്സം നിന്നില്ല. ആ സമയത്ത് വീട് പണിയുടെ എല്ലാ ഉത്തരവാദിത്വവും സ്വയം ഏറ്റെടുത്തു. എല്ലാം തനിയെ കൊണ്ടുനടന്നു.  ഒരുപക്ഷേ, അതൊക്കെയായിരിക്കാം ബിജിയുടെ വേർപ്പാട് എന്നെ ഇത്രയും ഒറ്റപ്പെടുത്തുന്നത്.

വീട് പണിക്കുശേഷം മൂത്ത മകളുടെ വിവാഹമായിരുന്നു ഞങ്ങളുടെ ജീവിതത്തിലെ പ്രധാന സംഭവം. അതും നല്ല രീതിയിൽ കഴിഞ്ഞു. കൊറോണകാലത്ത് ആയിരുന്നതിനാൽ വളരെ ചുരുക്കിയാണ് അത് നടന്നത്. അതിന്റെ എല്ലാ കാര്യങ്ങളിലും ബിജിയുടെ കണ്ണെത്തി. എല്ലാറ്റിനും മുന്നിൽ നിന്നു. അതനുസരിച്ച് മോളുടെ കല്യാണവും ഭംഗിയായി നടന്നു.

അതു കഴിഞ്ഞു ഏതാണ്ട് ഒന്നര കൊല്ലത്തോളം ആയ സമയത്താണ് ബിജിയ്ക്ക് വയ്യാതായതും ഞങ്ങളെ വിട്ടുപോയതും.  ഇപ്പോൾ രണ്ടാം വർഷം തികയുന്ന വേളയിൽ ഇതെല്ലാം വെറുതെ ഓർക്കുന്നു എന്നു മാത്രം.

ബിജിയുടെ അസുഖത്തിന്റെ നാളുകൾ എങ്ങനെ കടന്നുപോയി എന്ന എന്റെ കുറിപ്പുകൾ പിന്നീട് 
-മനസ്സിന് തീ പിടിച്ച കാലം -
എന്ന പുസ്തകമായി മാറി.  ഡോ. ഖദീജ മുംതാസ് അതിന് അവതാരിക എഴുതി. ഡോക്ടറുടെ മെസ്സേജുകളും വാക്കുകളും എനിക്ക് വലിയ ആശ്വാസവും കരുത്തും പകരുന്നുണ്ട്. അതുപോലെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അവരുടെ സ്നേഹതലോടലുകൾ എനിക്കും മക്കൾക്കും ലഭിക്കുന്നുണ്ട്. 
ആ വലിയ കരുതലുകൾക്ക് നന്ദിയും സ്നേഹവും പറഞ്ഞുകൊണ്ട് തൽക്കാലം നിർത്തുന്നു.

സ്നേഹത്തോടെ.....

രാജൻ പെരുമ്പുള്ളി

https://www.facebook.com/share/p/UoZAKgXjorZNzF7e/?mibextid=oFDknk

No comments:

Post a Comment