Thursday, 16 May 2024

ചാണകഗണപതി - വി പി സിംഗ്

കവിത

ചാണക ഗണപതി
...

ഈച്ച ഇരുന്നിരുന്നത്
ചാണകത്തിലായിരുന്നു
അവിടുന്ന് പറന്നുയര്‍ന്നു 
ചെന്നിരുന്നത്
ഗണേശന്‍റെ മുഖത്ത്....

ശാന്തിക്കാരന്‍ മിഴിച്ചു നിന്നുപോയി.....!
ഗണപതി ചാണകമായിക്കഴിഞ്ഞിരിക്കുന്നു.

അതോടെ
എല്ലാക്കളികളും പൂര്‍ത്തിയായി.........

......
വിശ്വനാഥ് പ്രതാപ് സിംഗ്

....
ഇന്ത്യന്‍ പ്രധാനമന്ത്രിമാരില്‍ എനിക്ക് ഏറ്റവും ഇഷ്ടവും ബഹുമാനവും തോന്നിയിട്ടുള്ള പ്രധാനമന്ത്രിയാണ് വി പി സിംഗ് . അദ്ദേഹം നല്ലൊരു കവിയും ആണെന്നറിഞ്ഞപ്പോള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു.

അധികാരം ഒരിക്കലും അദ്ദേഹത്തിന് ഭ്രമമായിരുന്നില്ല. അധികാരം തന്‍റെ കൈകളില്‍ വന്നപ്പോള്‍ അതില്‍ ഉന്മത്തനായാതുമില്ല. അധികാരം നില നിര്‍ത്തുന്നതിനു വേണ്ടി ആരുടേയും മുന്നില്‍ താണ് വണങ്ങിയതുമില്ല.

ഇന്ത്യ കണ്ട ഏറ്റവും മഹാനായ പ്രധാനമന്ത്രിയായി അദ്ദേഹം എന്നും പരിഗണിക്കപ്പെടും. ബി ജെ പി യുടെയും ഇടതുപക്ഷത്തിന്‍റെയും പിന്തുണയോടെ അദ്ദേഹം പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തീരുമാനിച്ചത്. അതുപോലെ ബാബറി മസ്ജിത് പൊളിക്കുന്നതിന് കൂട്ടുനില്‍ക്കില്ലെന്നും അത് പൊളിക്കാന്‍ ബി ജെ പി ശ്രമിച്ചാല്‍ അത് തടയുമെന്നും പ്രഖ്യാപിച്ചു. പറഞ്ഞതുപോലെ അവരെ തടയുകയും ചെയ്തു.

താന്‍ വിശ്വസിക്കുകയും പറയുകയും ചെയ്ത കാര്യങ്ങള്‍ ആത്മാര്‍ത്ഥമായി പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചു. അദ്ദേഹം വളരെ കുറച്ചുകാലമേ പ്രധാനമന്ത്രിയായി നമുക്ക് ലഭിച്ചുള്ളൂ എന്നത് ഇന്ത്യയ്ക്ക് വലിയ നഷ്ടം തന്നെയായിരുന്നു. ഇന്ത്യന്‍ ജനത അദ്ദേഹത്തെ ഉള്‍ക്കൊള്ളാന്‍ അത്ര വളര്‍ന്നിരുന്നില്ല എന്ന് ചുരുക്കം.

......

ഭഗവാന്‍

ഭഗവാന്‍ സര്‍വവ്യാപിയാണ്
അതുകൊണ്ട് തോന്നുമ്പോഴൊക്കെ
അദ്ദേഹത്തെ മുഷ്ടിയില്‍ ഒതുക്കുകയാണ് .......
നിങ്ങള്‍ക്കും മുഷ്ടിയിലൊതുക്കാം

പക്ഷേ,
നമ്മുടെ ദൈവങ്ങളില്‍ വെച്ച്
ഏറെ മഹാന്‍ ആരാണെന്ന്
നിര്‍ണ്ണയിക്കപ്പെടുന്നത്
നമ്മുടെ മുഷ്ടിയുടെ
കരുത്തിനെ
ആശ്രയിച്ചിരിക്കുന്നു
...

ഇത് അദ്ദേഹത്തിന്‍റെ മറ്റൊരു കവിതയാണ്  ഹ ഹ .... ദൈവം ഇത്രേയുള്ളൂ.... എന്നും ഈ കവിതയിലൂടെ നമ്മോട് വ്യക്തമാക്കുന്നു.
വ്യക്തമായ ദിശാബോധം നല്‍കുന്ന വരികള്‍ സമ്മാനിച്ചുകൊണ്ട്
ആ ആസ്വാദകന്‍,  ആ മഹാ മനുഷ്യ സ്നേഹി കടന്നുപോയി.
....

രാജൻ പെരുമ്പുള്ളി

No comments:

Post a Comment