Tuesday, 7 May 2024

കാടോർമ്മകൾ

കാടോർമ്മകൾ 

എ ഒ സണ്ണി എഴുതിയ അദ്ദേഹത്തിന്റെ ഓർമ്മകളാണ്. 

ഏതെങ്കിലും  വനം സഞ്ചരിച്ചതിന്റെ ഓർമ്മകളല്ല ഈ പുസ്തകം. ഒരു വനം ഉദ്യോഗസ്ഥൻ എന്ന നിലയിൽ കേരളത്തിലെ വനങ്ങളും മറ്റു സംസ്ഥാനങ്ങളിലും ഉള്ള വനങ്ങൾ  സന്ദർശനം നടത്തിയതിന്റെ മൂന്നു പതിറ്റാണ്ട് കാലത്തെ അനുഭവങ്ങളാണ് ഈ പുസ്തകം പങ്കുവെക്കുന്നത്.  അതുകൊണ്ടുതന്നെ ഒരു സഞ്ചാരി പോയി ഡയറിക്കുറിപ്പിൽ എഴുതുന്നതും കാട്ടിൽ ജോലി ചെയ്തും ജീവിച്ചും ഉള്ള അനുഭവങ്ങളുടെ ഈ കുറിപ്പുകൾ മറ്റു സഞ്ചാരിയുടേതിൽ നിന്നും വളരെ വ്യത്യസ്തമാകുന്നു.

കാടിന്റെ ഓരോ കാലത്തെ ഓരോ ഭാവങ്ങളും മാറുന്നത്, ഓരോ വനങ്ങളും രാത്രിയിലും പകലും ഉള്ള വ്യത്യാസങ്ങൾ മഴക്കാലത്ത് ഉള്ള കാടും വേനലിൽ ഉളള കാടിന്റെയും വ്യത്യാസങ്ങൾ എല്ലാം ഈ പുസ്തകം നമുക്ക് പറഞ്ഞു തരുന്നു.

12,500 ഹെക്ടറോളം വരുന്ന പൂയംകുട്ടി  സെക്ഷൻ അതിമനോഹരമായ വനപ്രദേശം എന്നു പുസ്തകം പറയുമ്പോൾ കാടിന്റെ വലുപ്പം വായനക്കാരന് മനസ്സിൽ ഊഹിക്കാൻ കഴിയുന്നു. ഇത്രയും വനം സംരക്ഷിക്കാൻ ആകെ അഞ്ച് ഉദ്യോഗസ്ഥരും എന്നു വായിക്കുമ്പോൾ നമ്മൾ ഒന്നു കിടുങ്ങും.

"മിക്കവാറും എല്ലാ ദിവസങ്ങളിലും ഫീൽഡിൽ പോകുമായിരുന്നു. എന്നും ഓരോ പുതിയ വനഭാഗങ്ങൾ. ആനകളും കാട്ടുപോത്തും മ്ലാവും പുള്ളിമാനും കാട്ടുപന്നികളും കരിങ്കുരങ്ങുകളും സ്ഥിരം കാഴ്ചക്കാരായി.... "
ഇങ്ങനെ മറ്റു സഹപ്രവർത്തകരുടെ സഹായത്താൽ ഇദ്ദേഹവും ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ആയി മാറുകയായിരുന്നു എന്ന് ഈ കൃതിയിൽ  പറയുന്നു.

സഞ്ചാരികൾ വനം കാണുക എന്നു പറഞ്ഞാൽ കുറച്ചു ദിവസങ്ങളോ മാസങ്ങളോ എടുത്തുള്ള കാഴ്ച്ചകൾ ആയിരിക്കും. എന്നെപ്പോലെ ഒരാൾ ഏതാനും ദിവസങ്ങൾ കാട്ടിൽ തങ്ങിയിട്ടുണ്ട് പിന്നെ കാടിന്റെ ഓരങ്ങളിൽ കൂടി സഞ്ചരിച്ചിട്ടുണ്ട് എന്നല്ലാതെ അതൊരു അനുഭവം ആകുന്നില്ല. അതുപോലെ ആദിവാസികളുടെ കാര്യം എടുക്കുകയാണെങ്കിൽ അവർ ജനിച്ചു വളർന്ന പ്രദേശത്ത് ഒതുങ്ങി കൂടുന്നു. അതുകൊണ്ട് അവർക്ക് ആ കാടുകളെ കുറിച്ചു അറിയാം. എന്നാൽ ഒരു ഉദ്യോഗസ്ഥൻ ആകുമ്പോൾ കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള വനങ്ങളിൽ വർഷങ്ങളോളം ജോലി ചെയ്തു ഓരോ കാടിന്റെയും അവസ്ഥകൾ കൃത്യമായി തിരിച്ചറിയുന്നു. ആ അറിവുകളും അനുഭവങ്ങളുമാണ് ഈ പുസ്തകം പങ്കുവെക്കുന്നത്.

കൂടാതെ പഠനത്തിന്റെ ഭാഗമായി ഗുജറാത്തിലെ സിംഹമടയിലേക്ക് പോയതും റാൻ ഓഫ് കച്ച് കണ്ടതും ആസാമിലെ കാസിരംഗയിൽ പോയി ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തെ കണ്ടതുമെല്ലാം പറഞ്ഞുതരുന്നു.

"1900ൽ വെറും നൂറിൽ താഴെ മാത്രം കാണ്ടാമൃഗങ്ങൾ അവശേഷിച്ചിരുന്നിടത്തുനിന്ന് 2021ൽ അത് 2400ൽ എത്തിനിൽക്കുന്നു. വംശനാശത്തിന്റെ അതിർവരമ്പിൽ നിന്നും ഒട്ടൊക്കെ സ്ഥിരതയാർന്ന തലത്തിലേക്ക് ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തെ വഴി നടത്തിയത് സമാനതകളില്ലാത്ത തീവ്രസംരക്ഷണ പ്രവർത്തനങ്ങളാണ്." എന്നും ഗ്രന്ഥകർത്താവ് അടിവരയിടുന്നു.

കാട്ടിൽ ഒറ്റപ്പെടുന്നതിന്റെയും വഴിതെറ്റി അലഞ്ഞുതിരിയേണ്ടി വരുന്നതിന്റെയും ആനയുടെ മുന്നിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടാൻ കഴിയുന്നതിന്റെയും മറ്റും ഒരുപാട് അനുഭവകഥകൾ ഈ പുസ്തകം പങ്കുവെക്കുന്നു.

ഇയ്യിടെയാണ് കാടോർമ്മകൾ വായിക്കാൻ കഴിഞ്ഞത്. ഗ്രന്ഥകർത്താവ് തന്നെ എനിക്ക് പുസ്തകം തരികയായിരുന്നു. ആ സ്നേഹവും ഇവിടെ പങ്കുവെച്ചുകൊണ്ട് നിർത്തുന്നു.

അഭിനന്ദനങ്ങൾ 💐

...

രാജൻ പെരുമ്പുള്ളി


No comments:

Post a Comment