പ്രിയയുടെ സ്വപ്നങ്ങൾ
കഥ
എനിക്ക് പത്തൊമ്പത് വയസ്സായി ചേട്ടാ... എന്റെ കല്യാണം ഇരുപത് വയസ്സിനു മുന്നിൽ കഴിഞ്ഞില്ലെങ്കിൽ ആകെ പ്രശ്നമാണ്. ദാ... നോക്കൂ ഞാൻ ആകെ ഉണങ്ങി ഇരിക്കുന്നത് കണ്ടില്ലേ?
-എന്താണ് കുട്ടിയുടെ പ്രശ്നം? ഇത്രയും വേഗം കല്യാണം കഴിക്കണം എന്നു പറയുന്നത് എന്തുകൊണ്ട്?
-അത് പണിക്കര് പറഞ്ഞിട്ടുള്ളതാണ് ഇരുപതിനു മുമ്പ് കല്യാണം കഴിക്കണമെന്ന്. വീട്ടിൽ അച്ഛനും ചേട്ടനും ആണുള്ളത്. ചേട്ടനെ ഒരു കാര്യവും ഇല്ല. വല്ലപ്പോഴും ഓരോ പണിക്ക് പോകും. പിന്നെ കുടിച്ചു നടക്കും. അച്ഛനാണെങ്കിൽ വയ്യാണ്ടായി. അച്ഛൻ ഒരു സ്ഥലത്ത് സെക്യൂരിറ്റി ആയി പോകുന്നു. അതുകൊണ്ടാണ് ഞാൻ ജോലി തേടി ഇറങ്ങി ഇവിടെ വന്നു പെട്ടത്. ചേട്ടന്റെ ഈ തുണിക്കടയിൽ ജോലി ചെയ്യുന്നതുകൊണ്ട് എനിക്ക് ഒരു സമാധാനം ഉണ്ട്.
വീട്ടിൽ അമ്മയില്ലേ?
ഇല്ല.
അമ്മ നാലു വർഷം മുൻപ് മരിച്ചു
ശരീരം മുഴുവനും ഒരു ത്വക്ക് രോഗം വന്ന് എപ്പോഴും ഒരുതരം മൊരി പൊന്തി വരുന്ന അസുഖമുള്ള പ്രിയയ്‌ക്ക് പറ്റിയ വരനെ തേടാനാണ് പറയുന്നത്. കല്യാണം കഴിഞ്ഞില്ലെങ്കിൽ ആത്മഹത്യ ചെയ്യും എന്നും പറയുന്നു. അത് കേട്ടപ്പോൾ രവിയ്‌ക്ക് ചിരിക്കണോ അതോ കരയണോ എന്നായി. പ്രിയയ്ക്ക് പതിനാല് വയസ്സുള്ളപ്പോൾ ഒരു സാമി ഇവരുടെ വീട്ടിൽ വന്നു കുറച്ചു ദിവസം താമസിച്ചു. ചേട്ടന്റെ കൂടെ എവിടെ നിന്നോ വന്നതാണ്. സാമിയെ കുറിച്ച് വലിയ അറിവൊന്നും പ്രിയക്കില്ല.
അന്ന് വന്നപ്പോൾ രാവിലെ കട്ടൻ ചായ, പത്തുമണിയോടെ കഞ്ഞി, ഉച്ചയ്ക്ക് ചെറുപയർ പപ്പടം അച്ചാർ കൂടിയുള്ള ഊണ്. വൈകീട്ട് ആറുമണിയോടെ ചപ്പാത്തിയും ചമ്മന്തിയും. ഇതൊക്കെയായിരുന്നു സാമിയുടെ ഭക്ഷണരീതികൾ.
വന്ന അന്ന് തന്നെ സാമി അമ്മയുടെ കയ്യിൽ കുറച്ചു കാശ് കൊടുത്തുകൊണ്ട് പറഞ്ഞു 'ഞാൻ കുറച്ചു ദിവസം ഇവിടെ നിങ്ങളോടൊപ്പം ഉണ്ടാകും. എന്തൊക്കെയാണെ വേണ്ടതെന്നു വെച്ചാൽ വാങ്ങിക്കോളൂ. എന്റെ ഭക്ഷണരീതി ഇതൊക്കെയാണ്. ലളിതമായ ജീവിതം.
കുറച്ചു പണം കയ്യിൽ വന്നപ്പോൾ അമ്മക്കും സന്തോഷം. കടയിൽ പറ്റുകാശ് കൂടി വരുന്നുണ്ട്. അവിടെ കൊണ്ടു കൊടുക്കാം എന്നു വിചാരിച്ചു. അങ്ങനെ വിശേഷങ്ങൾ പങ്കു വെച്ചു താമസിക്കുന്നന്നതിനിടയിലാണ് പ്രിയയുടെ ഭാവിയെക്കുറിച്ച് സാമിയോട് ചോദിക്കുന്നത്.
അപ്പോൾ സാമി പറഞ്ഞു പ്രിയയെ കുറിച്ച് ഒന്നുകൊണ്ടും നിങ്ങൾ പേടിക്കണ്ട. നല്ല വരനെ അവൾക്ക് കിട്ടും. പ്രിയയുടെ ജാതകം ഉണ്ടാക്കിയിട്ടുണ്ടോ?
-ഓ... ഉണ്ട്.
ഉണ്ടെങ്കിൽ അത് എടുത്തു കൊണ്ടുവരൂ. ഞാൻ നോക്കിയിട്ട് വിശദമായി പറയാം.
ഉടനെ അമ്മ പോയി പെട്ടിയിൽ നിന്നും പ്രിയയുടെ ജാതകം എടുത്തുകൊണ്ടുവന്നു സാമിയുടെ കയ്യിൽ കൊടുത്തു. സാമി അതിന്റെ പേജുകൾ ഓരോന്നായി മറിച്ചു നോക്കിയിട്ട് പറഞ്ഞു, ഇവളുടെ വിവാഹം ഇരുപത് വയസ്സിനുള്ളിൽ നടത്തണം. അതിനുള്ളിൽ നടന്നില്ലെങ്കിൽ പിന്നെ ഒരുപാട് നീണ്ടു പോകും. മുപ്പത്താറിന് ശേഷമേ പിന്നെ തരപ്പെടുകയുള്ളൂ.
-ഓ... അത് പ്രശ്നമില്ല. ഇരുപതിനുള്ളിൽ നടത്താം. ഇപ്പോൾ ഇവൾക്ക് പതിനാലേ ആയിട്ടുള്ളൂ. നടത്താം. സമയം ഉണ്ടല്ലോ.
അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.
നാലു ദിവസം കഴിഞ്ഞ് സാമി എവിടേക്കോ പോയി. പിന്നീട് ഇതുവരെ കണ്ടിട്ടില്ല. രണ്ടു വർഷം കഴിഞ്ഞപ്പോൾ മഞ്ഞപ്പിത്തം വന്നു അമ്മ മരിച്ചു. ഒരു ചേട്ടൻ ഉള്ളതും ഇല്ലാത്തതും കണക്കാണ്. അച്ചന് വേണ്ടത്ര ആരോഗ്യം ഒന്നുമില്ല.
പ്രിയ പത്താം ക്ലാസ് പാസ്സായി. പ്ലസ് ടു വിനു തോറ്റു. വീട്ടിലെ പണികളും മറ്റുമായി കഴിഞ്ഞു കൂടുകയായിരുന്നു.
വീട്ടിൽ ഇരുന്നു ബോറടിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് അടുത്ത വീട്ടിലെ യമുനചേച്ചി പറഞ്ഞത് ചേച്ചി പോകുന്നതിന്റെ അടുത്ത കടയിലേക്ക് ഒരാളെ ജോലിക്ക് വേണമെന്ന്. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ഏഴ് മണി വരെ സമയം.
-ഓ... അത് കുഴപ്പമില്ല. വീട്ടിലിരുന്ന് മടുത്തു ചേച്ചി. ഞാൻ വരാം.
അങ്ങനെ പിറ്റേന്ന് മുതൽ ജോലിക്ക് പോയി തുടങ്ങി. ഇപ്പോൾ രണ്ടാഴ്ചയോളം ആയി. ഇതിനിടെ മുതലാളിയുമായി പരിചയത്തിലായി. പുള്ളി ഒരു കുഴപ്പക്കാരനായി തോന്നിയില്ല. എന്തും തുറന്നു പറയാം എന്നു തോന്നിയതുകൊണ്ടുമാത്രം വീട്ടിലെ വിശേഷങ്ങൾ എല്ലാം തുറന്നു പറഞ്ഞു.
പ്രിയ കല്യാണകാര്യം പറഞ്ഞിരുന്നുവെങ്കിലും രവി അതത്ര കാര്യമായി എടുത്തിരുന്നില്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ പ്രിയ രവിയോട് ചോദിച്ചു:
-ചേട്ടാ, ഞാൻ പറഞ്ഞ കാര്യം എന്തായി? ചേട്ടന്റെ അറിവിൽ ആരെങ്കിലും എനിക്ക് പറ്റിയ ആൾ വന്നുപെട്ടിട്ടുണ്ടോ?
ഈ ചോദ്യം കേട്ടപ്പോഴാണ് രവി കല്യാണം കാര്യത്തെ കുറിച്ച് വീണ്ടും ഓർത്തത്. കുട്ടി വിഷമിക്കാതിരിക്കൂ.... കല്യാണം എന്ന് പറഞ്ഞാൽ പെട്ടെന്ന് ശരിയാവുന്ന കാര്യം അല്ലല്ലോ.... കുറച്ചുകൂടി ക്ഷമിക്കൂ.... ആരെങ്കിലും വന്നുപെട്ടാൽ ഞാൻ പറയാം.
-അത് ശരിയാവില്ല ചേട്ടാ... ഇനി രണ്ടു മാസത്തിനകം കല്യാണം നടന്നില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും. അതുറപ്പാ....!
ഇതുകൂടി കേട്ടപ്പോൾ രവി അമ്പരന്നു. എന്തു ചെയ്യും ദൈവമേ.... ഈ കുട്ടിയെ ജോലിക്ക് വെച്ചത് പുലിവാലായല്ലോ! കല്യാണം നാടക്കാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്യും എന്ന് പറയുന്നത് ആദ്യമായി കേൾക്കുകയാണ്.
ഈ കുട്ടിയോട് എന്തു പറഞ്ഞു സമാധാനിപ്പിക്കും. സാധാരണ രീതിയിൽ കല്യാണം കഴിയായണമെങ്കിൽ നല്ലൊരു പയ്യൻ വരണം. ജാതി ഒക്കണം. ജാതകം ഒക്കണം. വീട്ടുകാർ തമ്മിൽ ഒരു ധാരണയിൽ എത്തണം. അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട്. പ്രിയയുടെ കാര്യത്തിൽ തനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ? രവി സ്വയം ചോദിച്ചു. ഇപ്പോഴത്തെ അവസ്ഥയിൽ താൻ നിസ്സഹായനാണ്. അത് ആ കുട്ടിയോട് തുറന്നു പറയുന്നത് ശരിയാണോ? അല്ല. പിന്നെ എന്തു ചെയ്യും?
കുറേനേരത്തെ ആലോചനകൾക്ക് ശേഷം ഈ വിഷയം യമുനയോട് തന്നെ പറയാം എന്ന നിഗമനത്തിൽ എത്തി.
പിറ്റേന്ന് യമുന ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ചെന്നു കാര്യങ്ങൾ പറഞ്ഞു. കല്യാണം കഴിഞ്ഞില്ലെങ്കിൽ ആത്മഹത്യ ചെയ്യും എന്നാണ് പറയുന്നത് എന്നു കേട്ടപ്പോൾ യമുനയും അമ്പരന്നു. എന്തെങ്കിലും വഴിയുണ്ടോ എല്ലാം പറഞ്ഞു മനസ്സിലാക്കാൻ എന്ന് ഞാനൊന്നു ആലോചിക്കട്ടെ എന്ന് അവസാനം യമുന പറഞ്ഞു.
അങ്ങനെ രവി സ്വന്തം കടയിലേക്ക് മടങ്ങിയെത്തി. അപ്പോൾ പ്രിയ പറഞ്ഞു.
-ചേട്ടാ... ചേട്ടൻ പറഞ്ഞത് ശരിയാ... കല്യാണം കഴിക്കാൻ നല്ലൊരു ആൾ വരണം. ജാതകം ഒക്കണം. കുറേ കാശുo വേണം. അതൊന്നും നടക്കുമെന്ന് തോന്നുന്നില്ല. അതിനാൽ ചേട്ടൻ ഒരു കാര്യം പറഞ്ഞു തരണം. ആത്മഹത്യ ചെയ്യാൻ ഏറ്റവും നല്ല മാർഗ്ഗം എന്താണ്?
ചേട്ടൻ ഒന്നു പറഞ്ഞു തരുമോ?
ഇത് കേട്ടപ്പോൾ രവിയുടെ ഉള്ളിലെ കിളി പോയി. എങ്കിലും അയാൾ സംയമനം പാലിച്ചു. ആദ്യം പോയി ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിച്ചു. എന്നിട്ട് പ്രിയയുടെ മുഖത്തുനോക്കി പൊട്ടിച്ചിരിച്ചു. ഇത് കണ്ടപ്പോൾ പ്രിയയും ചിരിച്ചു.
-ഇത് അറിയുവാനാണോ എന്റെ കടയിൽ ജോലിക്ക് വന്നത്?
-അല്ല!
-കുട്ടിക്ക് ആത്മഹത്യ ചെയ്യാനുള്ള വഴിയെല്ലാം പറഞ്ഞുതന്നാൽ അവസാനം ഞാൻ ജയിലിൽ പോകേണ്ടി വരും. ആ കാര്യം അറിയുമോ?
-ഇല്ല.
-അതായത് എന്റെ പേരിൽ പ്രേരണാ കുറ്റം വരും. അങ്ങനെ ഞാൻ ജയിലിൽ പോകേണ്ടി വരും. അത് കുട്ടിക്ക് സന്തോഷമുള്ള കാര്യമാണോ?
-അയ്യോ... അല്ലേയല്ല. അങ്ങനെയൊന്നും ഞാൻ ചിന്തിച്ചിട്ടേയില്ല!
-കുട്ടിക്ക് ചിന്തിക്കേണ്ട ആവശ്യമില്ല. എന്നാൽ എന്റെ കാര്യം അങ്ങനെയല്ലല്ലോ.
-അത് ശരിയാണ്.
ചേട്ടന് വീടും കുടുമോം ഉണ്ട്. കുട്ടികളുണ്ട്. അപ്പോൾ ചേട്ടൻ ഇനി ഒന്നും പറയേണ്ട. എല്ലാം ഞാൻ സ്വയം ആലോചിച്ചുകൊള്ളാം!
-ഹ.. ഹ..
രവി ചിരിച്ചു.
നല്ലകാര്യം. എല്ലാം സ്വയം ചിന്തിക്കുക. ആത്മഹത്യ ചെയ്യുന്നവർ ഏതെങ്കിലും സ്‌കൂളിൽ പോയി പഠിച്ചിട്ടൊന്നുമല്ല അത് ചെയ്യുന്നത്. അപ്പോൾ തോന്നുന്നതുപോലെ ചെയ്യുന്നു. വാർത്തകളിൽ കാണാറില്ലേ? കെട്ടിതൂങ്ങി ചാവുന്നു. വിഷം കഴിച്ചു മരിക്കുന്നു. ട്രെയിനിന്റെ മുന്നിൽ ചാടുന്നു എന്നെല്ലാം.
-ഓ... ഉവ്വ്!
-ഇതെല്ലാം ആരെങ്കിലും പറഞ്ഞുകൊടുത്തിട്ടാണോ അവർ ചെയ്യുന്നത്?
-അല്ല
-അവർ സ്വയം ചെയ്യുന്നു. എന്നാൽ ആത്മഹത്യ എല്ലാത്തിനും പരിഹാരമാണോ?
-അല്ല!
-ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായിട്ട് കേൾക്കുകയാണ് കല്യാണം കഴിക്കാൻ പറ്റാത്തതിൽ ആത്മഹത്യ ചെയ്യണമെന്ന് ഒരാൾ പറയുന്നത്!
-ഹ.. ഹ.. ഹ..
പ്രിയ പൊട്ടിച്ചിരിച്ചു.
-കല്യാണം കഴിക്കാതെ ഈ ഭൂമിയിൽ എത്രയോ ആളുകൾ ജീവിക്കുന്നുണ്ട് എന്ന് കുട്ടിക്കറിയോ?
-ഇല്ല.
-കന്യാസ്ത്രീകൾ, അച്ചന്മാർ, സന്ന്യാസികൾ.... പിന്നെ, ഇന്നത്തെ കാലത്ത് ലിവിങ് ടുഗതർ.... അങ്ങനെ പലതും സംഭവിക്കുന്നുണ്ട്. ഇനി കല്യാണം കഴിച്ചില്ലെങ്കിലും ഒറ്റയ്ക്ക് താമസിക്കുന്നവർ എത്രയോ ആളുകൾ ഉണ്ട്. ആ വക കാര്യങ്ങളൊക്കെ മനസ്സിലാക്കുന്നത് നല്ലതാണ്.
പ്രിയ എല്ലാം കേട്ടിരുന്നു. എന്നിട്ട് പറഞ്ഞു.
-ഞാൻ നാളെ മുതൽ ഇവിടേക്ക് ജോലിക്ക് വരുന്നില്ല. എന്റെ ജീവിതം ഇനി മറ്റൊരു വഴിയിലൂടെ ആയിരിക്കും. ഏതായാലും ആത്മഹത്യ ഇനി ഞാൻ ചെയ്യില്ല. ചേട്ടന്റെ വാക്കുകൾ എനിക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. സന്തോഷം.
ഇത്രയും പറഞ്ഞുകൊണ്ട് രവിയോട് യാത്ര പറഞ്ഞു പ്രിയ ആ കടയിൽ നിന്നും ഇറങ്ങി നടന്നു.
...
രാജൻ പെരുമ്പുള്ളി
No comments:
Post a Comment