Monday, 8 April 2024

ചുംബൻ Chumban

ചുംബൻ 

തസ്ലീമ നസ്റിന്റെ  കഥാപുസ്തകമാണ് വായിച്ചു കഴിഞ്ഞത്.

ഇരുപത്തിരണ്ടു കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. എല്ലാ കഥകളും സ്നേഹത്തിന്റെ ഭാഷയിൽ മനുഷ്യപക്ഷം പിടിക്കുന്നു. ബംഗാളിയിൽ എഴുതിയ ഈ പുതിയ പുസ്തകം ഇംഗ്ലീഷിലോ മറ്റു ഭാഷകളിലോ വിവർത്തനം വന്നു തുടങ്ങുന്നതെയുള്ളൂ.

മലയാളത്തിൽ ലീല സർക്കാർ വിവർത്തനവും  ഗ്രീൻ ബുക്സ് പ്രസിദ്ധീകരിക്കുകയും ചെയ്തിരിക്കുന്നു.

ഇന്ത്യയുടേയും, ബംഗ്ലാദേശിന്റെയും, അഫ്‌ഗാനിസ്ഥാന്റെയും, അമേരിക്കയുടെയും യൂറോപ്പിന്റെയും, അങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളുടെ അന്തരീക്ഷത്തിൽ കഥകളും കഥാപാത്രങ്ങളും ഈ പുസ്തകത്തിൽ നിറഞ്ഞു നിൽക്കുന്നു.

വലിയ എഴുത്തുകാരുടെ ലോകം അത്രയും വിശാലമായതുകൊണ്ടാണ് ഇങ്ങനെ എഴുതാൻ കഴിയുന്നത്.

ഏതു ലോകത്തെ കഥ പറയുമ്പോഴും തസ്ലീമയുടെ കഥാപാത്രങ്ങൾ എല്ലാം സ്ത്രീ പ്രാധാന്യം ഉള്ളതും അവരുടെ അസ്വസ്ഥതകളും സങ്കടങ്ങളും വിവരിക്കുന്നു. മിക്കവാറും എല്ലാ രചനകളും സ്ത്രീപക്ഷവുമാണ്.

സ്ത്രീകൾക്ക് എങ്ങനെയാണ് ഇത്രയേറെ ദുഖങ്ങളും ദുരിതങ്ങളും ഉണ്ടാകുന്നത്? 
ആ ചോദ്യത്തിന് ഉത്തരം തേടുമ്പോൾ അതിൽ പ്രധാനമായും മതങ്ങളും വിശ്വാസങ്ങളും വലിയൊരു പങ്ക് വഹിക്കുന്നതായി കാണാം.

ഉദാഹരണത്തിന് ഒരു മുസ്ലിം സമുദായത്തിൽ പിറന്ന പെൺകുട്ടിയ്‌ക്ക് സാധാരണയായി മദ്രസ പഠനത്തിനു പോകണം. സ്‌കൂളിനെക്കാൾ പ്രാധാന്യം അതിനാണ്.

ഹിന്ദുക്കളിലും ക്രിസ്ത്യനുകളിലും മുസ്ലിമിന്റെ അത്ര കടുപ്പം ഇല്ലെങ്കിലും ഓരോ മതത്തിന്റെയും ജാതിയുടെയും വ്യത്യാസം അനുസരിച്ച് മാറ്റങ്ങളോടെ ആചാരപ്രകാരം സ്ത്രീകൾ തളക്കപ്പെടുന്നു.

ഈ പുസ്തകത്തിൽ എനിക്കിഷ്ടപ്പെട്ട ചില കഥകളെ കുറിച്ച് പറഞ്ഞുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാം.

അങ്കിതിന്റെ ഷഹ്ജാദി

ഇതൊരു നല്ല കഥയാണ്.

അങ്കിത് ഷഹ്ജാദിയെ ഇഷ്ടപ്പെടുന്നു. ഡൽഹി യിലെ സാധാരണ ജനങ്ങളുടെ ഇടയിൽ ജീവിക്കുന്ന അങ്കിതിന്റെ കുടുംബവും ഷഹ്ജാദിയുടെ കുടുംബവും.

അങ്കിതും ഷഹ്ജാദിയും പരസ്പരം ഇഷ്ടപ്പെടുന്നു. വർഷങ്ങളായുള്ള പരിചയം പ്രണയമായി മാറി. ഇവരുടെ പ്രണയത്തെ വീട്ടിൽ അറിഞ്ഞപ്പോൾ ഷഹ്ജാദിയുടെ ഉപ്പ മകളെ വേഗം കെട്ടിച്ചു വിടാൻ നോക്കുന്നു.  

അപ്പോൾ ഷഹ്ജാദി അങ്കിതിനോടൊപ്പം നാട് വിടാൻ ഒരുങ്ങുന്നു. ഷഹ്ജാദി വീട്ടിൽ നിന്നും ഇറങ്ങി പോയത് അറിഞ്ഞ ഉപ്പയും ഉമ്മയുമെല്ലാം ആകെ ബഹളം വെക്കുന്നു. ഇതോടെ അവരുടെ മാനം ഇടിഞ്ഞു പോയില്ലേ? അവർ പ്രതികാരദാഹികൾ ആയി മാറുന്നു.  അവർ തേടിപ്പിടിച്ച് അങ്കിതിനെ വെട്ടിക്കൊന്നു. പിന്നെ പോലീസ് ഉമ്മയെയും ഉപ്പയേയും മറ്റും അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നു. 

ഷഹ്ജാദിക്ക് അങ്കിത് നഷ്ടപ്പെട്ടു. ഉപ്പ, ഉമ്മയെല്ലാം ജയിലിൽ ആയി.  ജാതിയും മതവും മനുഷ്യരുടെ ജീവിതം എങ്ങനെ തകർക്കുന്നു എന്നതിന്റെ ഉദാഹരണമായി ഈ കഥയെ കാണാം.

പിന്നീട് കുറെനാൾ  കഴിഞ്ഞു ഷഹ്ജാദിയും അനിയത്തി സൽമയും കൂടി ഉമ്മയെ കാണാൻ ജയിലിൽ പോകുന്നു. ഷഹ്ജാദി സുശാന്ത് യാദവ് എന്നൊരാളെ വിവാഹം കഴിച്ചിരുന്നു.

-മാനവും മറ്റും ഹിന്ദുവിനെ വിവാഹം ചെയ്തതുകൊണ്ട് നഷ്ടപ്പെടുന്നില്ല. വെറുക്കുക, കൊല ചെയ്യുക എന്നിവകൊണ്ടാണ് നഷ്ടപ്പെടുന്നത്.ഞാൻ അങ്കിതിനെ വിവാഹം ചെയ്തിരുന്നുവെങ്കിൽ ഒരു മാനവും ഒരിടത്തേക്കും പോവില്ലായിരുന്നു. നിങ്ങൾ മനുഷ്യരായിട്ട് മനുഷ്യനെ വെറുത്തു, കൊന്നു. അതുകൊണ്ടാണ് നിങ്ങളുടെ മാനവും ബഹുമാനവും എല്ലാം നഷ്ടപ്പെട്ടത്.

ഇങ്ങനെയാണ് ആ കഥ അവസാനിക്കുന്നത്.

അടുപ്പം

Intimacy

മനുഷ്യ ബന്ധങ്ങളുടെ അവസ്ഥ പറയുന്ന ഈ കഥയും എനിക്ക് ഇഷ്ടമായി.

ആളുകൾ ശാരീരികമായി എത്ര തവണ ബന്ധപ്പെട്ടാലും മാനസിക അടുപ്പം ഉണ്ടാകണം എന്നില്ല. 

അതേ സമയം ശാരീരിക അടുപ്പം ഇല്ലാതെ വന്നിട്ടും ഭാര്യയോട് സ്നേഹം കുറയുന്നുമില്ല.

എന്നാൽ സെക്സിനു അപ്പുറം സ്നേഹം നില നിൽക്കണമെങ്കിൽ ഒന്നിച്ചു പോയി ഭക്ഷണം കഴിക്കുകയോ ഒന്നിച്ചു യാത്ര പോവുകയോ  ഷോപ്പിംഗ് നടത്തുകയോ എല്ലാം വേണം. എങ്കിലേ അവിടെ സ്നേഹം ഉണ്ടെന്നു പറയാൻ കഴിയൂ.

ഇവിടെ ശരീരം ആരുമായും പങ്കുവെക്കുമ്പോഴും അശോക് ഭാര്യ അതിദിയെ മാത്രം സ്നേഹിക്കുന്നു. ഇത് മനസ്സിലാക്കുമ്പോൾ യുവതി തിരിഞ്ഞു നടക്കുന്നു.

ചുംബൻ

പ്രശസ്‌തയായ പ്രിയങ്ക ഘോഷാലിലൂടെ കഥ മുന്നേറുന്നു.  സ്ത്രീ സ്വാതന്ത്ര്യ ആണെന്ന് പ്രഖ്യാപിച്ചു ജീവിതം നയിക്കുന്ന പ്രിയങ്കയ്ക്ക് ഒരു മകൾ ജനിക്കുന്നു.

ചുംബൻ എന്ന ആ കുട്ടി അമേരിക്കയിലാണ്. കുട്ടിയുടെ അച്ഛൻ ആരാണ്?  ആ ചോദ്യം ഒരു അനാവശ്യ ചോദ്യം ആണ്. ആ കുഞ്ഞ് പ്രിയങ്കയുടെ മാത്രം മകളാണ്.

സ്ത്രീകൾക്കു ജീവിക്കാൻ പുരുഷന്റെ തുണ ആവശ്യമില്ല. സ്വന്തം ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടു പോകണം എന്നും എല്ലാം സ്വയം തീരുമാനം എടുക്കണം എന്നും ഈ കഥ പ്രഖ്യാപിക്കുന്നു.

തന്നേക്കാൾ പ്രായം കുറഞ്ഞ വിനയ് എന്ന ഒരാളെ കൂടെ കൂട്ടി കുറച്ചു കാലങ്ങളായി താമസിക്കുന്നു. എങ്കിലും സുശാന്ത് എന്ന മറ്റൊരാളുമായും അടുക്കുന്നു.

ഈ കഥയും കഥാപാത്രങ്ങളും എനിക്ക് ഇഷ്ടമായി.

മറ്റു നോവലുകളിലും ആത്മകഥകളിലും എന്നപോലെ സ്ത്രീ മുന്നേറ്റങ്ങളെ സഹായിക്കുന്ന അവരുടെ ചിന്തകൾക്ക് ശക്തി പകരുന്ന കഥകളാണ് ഈ പുസ്തകത്തിലും.
സ്ത്രീകൾക്ക് മാത്രമല്ല മൊത്തം സമൂഹത്തിനും അത് ഗുണം ചെയ്യുന്നു.

ഡാലിയ

അഫ്ഗാനിലെ കഥയാണ് ഡാലിയ.  താലിബാൻ വളരുന്നതും പിന്നീട് അവർ ഭരണം പിടിച്ചെടുക്കുമ്പോൾ അതുവരെ സ്‌കൂളിലും, കോളേജിലും, ജോലിക്കും  പോയിരുന്ന പെൺകുട്ടികൾക്ക് നിയന്ത്രണം വരികയും പഠനം അവർക്ക് നിഷേധിക്കുകയും ചെയ്യുന്നു.

സ്വന്തം വീട്ടിൽ ഒരു താലിബാൻകാരൻ ഉണ്ടായാലും മതി. അയാൾ ആയിരിക്കും സ്വന്തം പെങ്ങൾ എന്ന വിചാരം പോലും ഇല്ലാതെ വീട്ടിൽ പെങ്ങളോട് നിയമം പറയുന്നു. സ്വാതന്ത്ര്യദാഹിയായ പെങ്ങൾ വീട് വിട്ട് സ്നേഹിതന്റെ കൂടെ പോകുന്നു. അവരെ പിന്തുടർന്ന് താലിബാൻ കാർ പിടികൂടുന്നു.

നായകൻ തീർത്തു പറഞ്ഞു. "നാളെ ജനങ്ങൾക്ക് മുന്നിൽ നിർത്തി ആലിയയെ കല്ലെറിഞ്ഞു കൊല്ലണം. ഇoതിയാസിന് നൂറു ചാട്ടവാറടി കൊള്ളും.

എന്താണ് പ്രശ്നം?
സഹോദരി ഒരാളെ പ്രണയിച്ചു. അതൊരു കുറ്റം.

ഇനി അവർ കാമുകനുമായി ലൈംഗിക ബന്ധം പുലർത്തിയാലോ?
അവൾ വേശ്യയായി. 

തങ്ങൾ വിവാഹം കഴിക്കാൻ പോകുന്നവരാണ്. ഞങ്ങളെ വെറുതെ വിടൂ.... വിവാഹം ചെയ്തു ഞങ്ങൾ ജീവിക്കട്ടെ എന്നൊന്നും പറഞ്ഞാൽ കാര്യമില്ല. അപ്പോഴേക്കും താലിബാൻ ജീവൻ എടുത്തിരിക്കും.  ജീവിക്കാൻ സമ്മതിക്കില്ല.

"അൻസാർ ഒരു വലിയ കരിങ്കല്ല് എടുത്തുകൊണ്ടുവന്നു. ആലിയയുടെ തലയെ ലക്ഷ്യമാക്കി എറിഞ്ഞു. തല തകരും വരെ അങ്ങനെ ചെയ്തു. കെട്ടഴിച്ച് ഓടിച്ചെന്നു ആലിയയെ രക്ഷപ്പെടുത്താൻ 
ഇoതിയാസ് ബദ്ധപ്പെട്ടെങ്കിലും സാധിച്ചില്ല. ആലിയയുടെ അവസാന ആർത്താനാദം അപ്പോഴേക്കും അന്തരീക്ഷത്തിൽ അലിഞ്ഞുചേർന്നു. നീല ബുർഖ അഴിഞ്ഞുകിടക്കുന്നു. നീലനിറമല്ല ഇപ്പോൾ രക്തത്തിന്റെ ചുവപ്പുനിറമാണ്. ഡാലിയ ഉദ്യാനത്തിലെ മണ്ണും മാതാളത്തിന്റെ നിറംപോലെ ചുവന്നു."

ഇങ്ങനെയാണ് ഈ കഥ അവസാനിക്കുന്നത്. മതം തലയ്ക്ക് പിടിച്ചാൽ സ്വന്തം ഉപ്പയോ, ഉമ്മയോ, സഹോദരനോ, സഹോദരിയോ.... ആരും ഇല്ല. പിന്നെ അന്യരുടെ സ്ഥിതി പറയാനുണ്ടോ?

തസ്ലീമ നസ്റിൻ ഇവിടെ താലിബാന്റെ കഥ പറയുന്നു. എന്നാൽ ഇത് ക്രിസ്ത്യൻ മതത്തിനും ഹിന്ദു മതത്തിനും മറ്റു മതക്കാർക്കും ബാധകമാണ് എന്നു പറഞ്ഞുകൊണ്ട് നിർത്തുന്നു.
..

രാജൻ പെരുമ്പുള്ളി








No comments:

Post a Comment