സ്നേഹിതരേ,
ഭാര്യ ബിജി വയ്യാതെ ഹോസ്പിറ്റലിലും വീട്ടിലും കിടന്നപ്പോൾ ഉണ്ടായ അനുഭവകുറിപ്പുകളാണ്
മനസ്സിന് തീ പിടിച്ച കാലം.
ഞാൻ മുൻപ് എഴുതിയ കുറിപ്പുകൾ ഇപ്പോൾ പുസ്തകം ആക്കിയിരിക്കുന്നു എന്നുമാത്രം. പുസ്തകപ്രകാശനം എന്ന ചടങ്ങ് ഇല്ല. അതിനാൽ ഇങ്ങനെ അറിയിക്കുന്നു.
പബ്ലിഷ് ചെയ്തത് തൃശൂർ H&C യാണ്. കേരളത്തിൽ മുപ്പതോളം ശാഖകളിലും പിന്നെ ഓൺലൈനായും ഈ പുസ്തകം വാങ്ങാൻ സാധിക്കും.
..
..
മനസ്സിന് തീ പിടിച്ച കാലം
When the Mind was on Fire
രാജന്‍ പെരുമ്പുള്ളി
അവതാരിക
ആശുപത്രിക്കാലമെന്ന രോഗാതുരകാലം
..
രോഗി എന്ന പേരിൽ വിളിക്കപ്പെട്ടു തുടങ്ങുന്ന ഒരു വ്യക്തി തങ്ങളിലൊരാളെപ്പോലെ മനസ്സും ശരീരബോധവും സാമൂഹ്യ ബന്ധങ്ങളുമുണ്ടായിരുന്ന ഒരാളാണെന്ന ചിന്ത പലപ്പോഴും ചികിത്സ നിർവഹിക്കുന്നവരിൽ വേണ്ട രീതിയിൽ ഉണ്ടാവാറില്ല. തങ്ങളുടെ രോഗനിർണയ - ചികിത്സാമികവിനെപ്പറ്റിയുള്ള ബോധ്യങ്ങളും അവയുടെ മികവിന് കീഴ്പ്പെടേണ്ട ഒരു ശരീരമാണ് മുന്നിലെന്ന ചിന്തയുമാണ് അവരിൽ മുന്തി നിൽക്കുന്നത് എന്നതുകൊണ്ടാണത്. ഒപ്പം, ജോലിഭാരം ഒരു അഭിമാനമായി സ്വകാര്യ ഡോക്ടർമാരിലും, മടുപ്പിക്കുന്ന അവസ്ഥയായി സർക്കാർ ഡോക്ടർമാരിലും സ്വാധീനം ചെലുത്തുന്നുമുണ്ടാകും. ഇവിടെ തമസ്കരിക്കപ്പെടുന്നത് ചികിത്സിക്കപ്പെടുന്നവന്‍റെ സമഗ്രാനുഭവങ്ങളും ഭീതികളും രോഗത്തോട് സമരസപ്പെടാൻ ആവശ്യമായ മാനസിക പിന്തുണയുമാണ്.
മരണകാരണമാകാവുന്ന രോഗങ്ങളുടെ കാര്യത്തിലാണ് മേൽപ്പറഞ്ഞവ ഏറെ പ്രസക്തമാവുന്നത്. ചികിത്സകന്‍റെ നിസ്സംഗത പയ്യെപ്പയ്യെ ആശുപത്രിയുടെ മൊത്തം ഭാവമായും, അവസാനം രോഗിയുടെ ബന്ധുജനങ്ങളാലേക്കു കൂടി പടരുന്ന ഒന്നും ആവുന്നതോടെ താൻ തികച്ചും ഒറ്റയാണെന്ന ബോധം രോഗിയെ മഥിക്കാൻ തുടങ്ങുന്നു.
ലോകാവസ്ഥകളെപ്പറ്റിയുള്ള വലിയ ദാർശനിക ചിന്തകളിലേക്ക് ഇത് ചിലരെ നയിച്ചേക്കാം. ലോക പ്രശസ്ത സാഹിത്യകാരൻ ലിയോ ടോൾസ്റ്റോയിയുടെ 'ഇവാൻ ഇല്ലിച്ചിന്‍റെ മരണം' എന്ന കൃതി മാരകരോഗം ബാധിച്ച നായകൻ പടിപടിയായി കടന്നു പോകുന്ന മാനസിക അവസ്ഥകളെ, അന്ത്യത്തിൽ എത്തിച്ചേരുന്ന വലിയ ദാർശനികനിറവിനെ വായനക്കാരെ അനുഭവപ്പെടുത്തുന്നുണ്ട്. ആദ്യത്തെ നിഷേധാവസ്ഥയിൽ ഇവാൻ ഇല്ലിച്ച് ഏറ്റവും വെറുക്കുന്നത് രോഗനിർണയം നടത്തിയ ഡോക്ടറുടെ നിസ്സംഗതയെയും നാട്യങ്ങളെയുമായിരുന്നെങ്കിൽ പിന്നെ ആ വെറുപ്പ് സ്വന്തം ഭാര്യയിലേയ്ക്കും മക്കളിലേയ്ക്കും തന്നെ കാണാനെത്തുന്ന പരിചയക്കാരിലേക്കും പടരുന്നു. എത്ര നാട്യ പ്രധാനമാണ് മനുഷ്യജീവിതം എന്നതാണ്, നിഷേധാത്മകമെങ്കിലും, അയാളിലുണ്ടായ ആദ്യതിരിച്ചറിവ്. രോഗിയാവുന്നതിനു മുമ്പുണ്ടായിരുന്ന തന്‍റെ തന്നെ ന്യായാധിപ ജീവിതത്തെയും അയാൾ അവ്വിധം തന്നെ വിശകലനം ചെയ്യുന്നു. സമൂഹത്തിലെ ഉപരിവർഗക്കാരിൽ പൊതുവേ കണ്ടു വരുന്ന നാട്യ പ്രധാന ജീവിതത്തെപ്പറ്റിയുള്ള ബോധം രോഗത്തിന്‍റെ കണ്ണിലൂടെ വെളിപ്പെടുകയാണ് അങ്ങനെ നോവലിൽ. അതിനേക്കാൾ മുന്തി നിൽക്കുന്ന ദാർശനിക ഭാവങ്ങൾ നോവലിനുണ്ടുതാനും. സമാധാനപൂർണമായ ഒരു മരണവും ഇവാൻ ഇല്ലിച്ചിനു സാധ്യമാവുന്നുണ്ട്.
രാജൻ പെരുമ്പുള്ളിയുടെ “മനസ്സിന് തീ പിടിച്ച കാലം” എന്ന കൃതിയിൽ നാം കാണുന്നത് തികച്ചും വ്യത്യസ്തമായ ലോകവും രോഗാനുഭവങ്ങളുമാണ്. ഇവിടെ ഉത്തമപുരുഷൻ രോഗിയായ സ്ത്രീയല്ല, അവരുടെ ജീവിത സഖാവായ ഗ്രന്ഥകർത്താവു തന്നെയാണ്. ഉള്ളു പുകഞ്ഞ അനുഭവാഖ്യാനമാണിത്. പലപ്പോഴും നിർമ്മമതയുടെ മുഖം മൂടിയിട്ട അനുഭവ വിവരണങ്ങളെങ്കിലും ഹൃദയാലുവായ ഒരാൾ, മൂന്നാം ലോകത്തെ സാധാരണക്കാരിൽ സാധാരക്കാരനായ ഒരാൾ, തന്‍റെ പ്രിയപ്പെട്ടവളുടെ രോഗകാലത്തെ അതിന്‍റെ എല്ലാ ഭൗതിക അപര്യാപ്തതകളോടെയും, മാനസിക സംഘർഷങ്ങളോടെയും അനുഭവിച്ചതെങ്ങനെ എന്നതിന്‍റെ അനന്യമായ ചിത്രീകരണമാകുന്നുണ്ട് ഇത്.
അന്തസ്സായി ജീവിക്കുക എന്നതുപോലെത്തന്നെ പ്രധാനമാണ് അന്തസ്സായി മരിക്കുക എന്നതും. രാജന്‍റെ പ്രിയ സഖിക്ക് അന്തസ്സായി മരിക്കാനായോ? ആയി എങ്കിൽ അത് ഉപരിവർഗത്തിന്‍റെ നാട്യങ്ങളോ സ്നേഹരാഹിത്യമോ ശീലമല്ലാത്ത പ്രിയപ്പെട്ടവരുടെ പരിചരണത്തിന്‍റെയും കരുതലിന്‍റെയും വിജയമാണ്. ബിജി എന്ന ആ രോഗിണിയുടെ കണ്ണിൽ പ്രിയപ്പെട്ടവരെ കാണുമ്പോൾ തെളിയുമായിരുന്ന ഭാവങ്ങളും, 'നമ്മൾ യുദ്ധമുഖത്താണ്, ഒന്നിച്ചു പൊരുതണ'മെന്ന പ്രിയതമന്‍റെ വാക്കുകളോടു കാണിക്കുന്ന ഐക്യദാർഢൃവും, തളർച്ചക്കിടയിലും അവർ പ്രിയപ്പെട്ടവരുമായി പങ്കുവെക്കുന്ന കൊച്ചു തമാശകൾ പോലും ആ വിജയത്തിന്‍റെ സൂചനകളാണ്. പക്ഷേ, Hospice( സാന്ത്വന ചികിത്സ) എന്ന വാക്കിൽ നിന്നുയിർകൊണ്ട hospital, ആശുപത്രി, സർക്കാർ ചികിത്സാലയം കൂടിയായ മെഡിക്കൽ കോളേജ്, അവർക്ക് നൽകിയത് എന്തു തരം കരുതലും പരിചരണങ്ങളുമായിരുന്നു! രോഗീ ബാഹുല്യത്തിന്‍റെ ന്യായീകരണങ്ങൾ ഏറെ നിരത്താനുണ്ടാകാമെങ്കിലും ചികിത്സയുമായി നേരിട്ടു ബന്ധമുള്ളവർ മാത്രമല്ല, ഓഫീസ് ജീവനക്കാരും സെക്യുരിറ്റിക്കാരുമുൾപ്പെടെ മിക്കവരും ആ സിസ്റ്റത്തിന്‍റെ വികാരരാഹിത്യവും മനുഷ്യ വിരുദ്ധതയും പ്രദർശിപ്പിക്കുന്നവരാവുകയാണ്. സർക്കാർ സർവീസിലുള്ളവരും ഉണ്ടായിരുന്നവരും ആത്മവിശകലനം നടത്തേണ്ടതിന്‍റെ ആവശ്യകത പറയാതെ പറയുന്നുണ്ട് ഈ അനുഭവ ഭാഷ്യം.
സർക്കാർ ആശുപത്രികളുടെ പ്രാധാന്യത്തെ കുറച്ചു കാണുന്നവനല്ല, സാഹിത്യ രംഗത്തു കൂടി പ്രാതിനിധ്യമുറപ്പിച്ചിട്ടുള്ള ഗ്രന്ഥകാരൻ. സ്വകാര്യ ആശുപത്രികളിൽ സംഭവിക്കാവുന്ന കനത്ത സാമ്പത്തികഭാരത്തെപ്പറ്റിയും ചൂഷണങ്ങളെപ്പറ്റിയും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ക്യാൻസർ പോലെയുള്ള രോഗം ബാധിച്ചവർ അത്തരം ആശുപത്രികളിൽ സാധിക്കാവുന്നത്ര പിഴിയപ്പെട്ട് അവസാനം സർക്കാർ മെഡിക്കൽ കോളേജുകളിൽ വന്നടിയേണ്ടി വരുന്ന അവസ്ഥയെപ്പറ്റിയും അദ്ദേഹം പറയുന്നു. എന്നാലും, പണക്കാരല്ലാത്തതിന്‍റെ പേരിൽ മാത്രം തങ്ങളുടെ ഭൗതിക, മാനസിക അവകാശങ്ങൾ ഇവ്വിധം അപൂർണമാക്കപ്പെടാൻ പാടില്ല എന്നു തന്നെയാണ് പുസ്തകം പറയാതെ പറയുന്നത്. തങ്ങളുടെ പ്രധാന ചികിത്സകനെപ്പറ്റി പുസ്തകം ഒരു പരാതിയും ഉന്നയിക്കുന്നില്ല. വാർഡിലുണ്ടാവുന്ന ചില ആലോചനാ ശൂന്യമായ തീരുമാനങ്ങളെപ്പറ്റി ആ ഡോക്ടർക്ക് വോയ്സ് മെസേജ് അയക്കാൻ മാത്രമുള്ള അടുപ്പവും അയാൾക്കുണ്ട്. അതദ്ദേഹം സൗമ്യമായി പരിഹരിക്കുന്നുണ്ട്. എങ്കിലും രോഗിയുമായോ ബന്ധുക്കളുമായോ രോഗത്തെപ്പറ്റിയും ചികിത്സയെപ്പറ്റിയും ഹൃദയപൂർവം ചർച്ച ചെയ്യുന്ന ഒരു ഡോക്ടറെ നാം ഇതിൽ കാണുന്നില്ല. പകരം, ലബോറട്ടറി റിസൾട്ടുകളെ മാത്രം അടിസ്ഥാനമാക്കി തീർത്തും അവശയായ രോഗിയെ ഡിസ്ചാർജ് ചെയ്യുന്ന മറ്റൊരു ഡോക്ടറെയും, ഐ.വി.ഡ്രിപ്പ് സ്ഥാനം തെറ്റി കൈ വീർത്തിട്ടും അത് മാറ്റി സ്ഥാപിക്കാൻ തിടുക്കം കാണിക്കാത്ത നഴ്സുമാരെയും കാണുന്നുമുണ്ട്. നഴ്സിംഗ് എന്ന ഉത്തരവാദിത്തത്തിന്‍റെ ഭാഗമായ രോഗിയുടെ ശരീരശുചിത്വ കർമ്മങ്ങളും, വിവിധ ആവശ്യങ്ങൾക്കായുള്ള രോഗിയുടെ വീൽ ചെയർ-ട്രോളി ചലനങ്ങളും, സമയാസമയങ്ങളിലെ ഭക്ഷണവും, മരുന്നുകളെത്തിക്കലും ഒക്കെ കൂട്ടിരുപ്പുകാരുടെ മാത്രം ബാധ്യതയായി മാറുന്നത് എത്ര വലിയ ക്രൂരതയാണ്! നഴ്സിങ് അസിസ്റ്റൻറുമാർ എന്നൊരു വിഭാഗത്തെ ഭാഗികമായെങ്കിലും ഈ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നവരായി ഇവിടെ കാണുന്നില്ല. ഇന്നാട്ടിലെ തന്നെ സ്വകാര്യ ആശുപത്രികളിലോ, വിദേശത്തെ ആശുപത്രികളിലോ ചടുലമായി ഇങ്ങനെയുള്ളവർ നിർവഹിക്കുമായിരുന്നവയാണ് ഇവിടെ കൂട്ടിരിപ്പുകാരുടെ മാത്രം ഉത്തരവാദിത്തങ്ങളാവുന്നത്. മരുന്നും ചികിത്സയുമൊക്കെ 'ചെലവില്ലാതെ' ലഭിക്കുന്നുണ്ടല്ലോ, അപ്പോൾ അത്രയൊക്കെ മതി എന്നൊരു പൊതു സ്ഥാപന ഔദ്ധത്യം തന്നെയാണത്.
വാർഡിനു പുറത്തെ ഷെഡിൽ കൊതുകുകടി കൊണ്ട് പത്രം വിരിച്ചുറങ്ങേണ്ടി വരുന്നവർ വാർഡിൽ നിന്നുള്ള വിളി കേട്ട്
വെള്ളമോ മരുന്നോ വാങ്ങിയെത്തിയാലോ, സെക്യൂരിറ്റിക്കാരനെന്ന 'നിയമപാലകന്‍റെ' മുമ്പിൽ നിസ്സഹായനായി നിൽക്കേണ്ടി വരുന്നു. നിയമത്തിനു മുമ്പിൽ മനുഷ്യത്വം കളഞ്ഞു കുളിക്കുന്ന ഇത്തരക്കാർക്കു പകരം റോബോട്ടുകളെ വെച്ചാൽ മതിയെന്ന തമാശ പിറ്റേന്ന് കീമോതെറാപ്പിയുടെ കഠിനാവശതയിൽ തളർന്നു കിടക്കുന്ന ബിജിയെപ്പോലും ചിരിപ്പിക്കുന്നതോർക്കുക. അതെ, ആശുപത്രിയുടെ മനുഷ്യത്വമില്ലായ്മയുടെ നേരെ സൗമ്യമായ ചിരി മാത്രമുയർത്തി നിസ്സഹായർ പ്രതിഷേധമുയർത്തുകയാണ്!
ഡി.വൈ.എഫുകാരുടെ പൊതിച്ചോറും നോമ്പു കഞ്ഞിയും സന്നദ്ധ രക്തദാനക്കാരും ഒക്കെ നൽകുന്ന വലിയ സമാധാനങ്ങളെപ്പറ്റി ഇതിനോടു ചേർത്തു പറയുമ്പോൾ ഏതെങ്കിലും ആശുപത്രിപ്പടിയിലെ അക്രമ സംഭവങ്ങൾ ഓർമ്മ വരുന്നുവെങ്കിൽ അതു സ്വാഭാവികമാണ്. അക്രമത്തെ ഒട്ടുമേ ന്യായീകരിക്കുന്നില്ലെങ്കിലും ഈ അനുഭവ വിവരണം ഒരു മറുപുറം കൂടി തീർച്ചയായും കാണിച്ചു തരുന്നുണ്ട്.
എന്‍റെ മോളേ, നീയെന്തു ചെയ്യുകയായിരുന്നു ഇത്രകാലം എന്ന് തലയിൽ കൈ വെച്ച് രോഗ ഗൗരവത്തെ സൂചിപ്പിക്കുന്ന സീനിയർ നഴ്സ് ഉൾപ്പെടുന്ന ഈ ചികിത്സാ സിസ്റ്റം രോഗിയായവളോടും ബന്ധുക്കളോടും രോഗവിവരങ്ങളും, ചികിത്സാമാർഗങ്ങളുടെ വിജയ - പരാജയ സാധ്യതകളും പാലിയേറ്റീവ് ചികിത്സയുടെ സാധ്യതകളും സുതാര്യമായി ചർച്ച ചെയ്തിരുന്നുവോ? തലച്ചോറിലേയ്ക്കു വരെ പടർന്നു വെന്നു കണ്ട രോഗത്തിന് റേഡിയേഷനും, ബ്ലഡ് കൗണ്ടിൽ അധിഷ്ഠിതമായ നിരന്തര കീമോതെറാപ്പിയും ഏറ്റുവാങ്ങി ജീവച്ഛവം പോലെ മൂന്നര മാസം ഉന്തി നീക്കി തളർച്ചയുടെ പാരമ്യത്തിൽ മരിച്ചു പോവുകയാണോ യഥാർത്ഥത്തിൽ സ്നേഹവതിയായ ആ വീട്ടമ്മ അർഹിച്ചിരുന്നത്? നാലാം ഘട്ടത്തിലെത്തിയ ക്യാൻസർ രോഗിയുടെ മരണത്തെ ത്വരിതപ്പെടുത്തുക മാത്രമായിരുന്നുവോ ചികിത്സ? ചെറിയ ഡോസിൽ അർബുദ മരുന്നുകൾ കൊടുത്ത് കുറച്ചു കൂടി മാന്യമായ ജീവിതവും മരണവുമായിരുന്നുവോ കരണീയം? അങ്ങനെയെങ്കിൽ രോഗിയും ബന്ധുക്കളും രോഗത്തിനെപ്പറ്റിയും രോഗ ചികിത്സയെപ്പറ്റിയും കൂടുതൽ മനസ്സിലാക്കേണ്ടതുണ്ടായിരുന്നു. രോഗ ഗൗരവം അറിഞ്ഞുകൊണ്ടുതന്നെയുള്ള മനസ്സാന്നിധ്യം നേടിയെടുക്കേണ്ടതുണ്ടായിരുന്നു. രോഗിയുടെ നില സീരിയസാണെന്നു കേട്ടിട്ടും ബന്ധുക്കളിൽ എല്ലാം സുഖപ്പെട്ട് അവർ ജീവിതത്തിലേക്കു തിരിച്ചുവരുമെന്ന പ്രതീക്ഷ തന്നെയായിരുന്നു എന്നതും ഈ വിശദീകരണമില്ലായ്മ കൊണ്ടുണ്ടായതാകണം. ആ അയാഥർത്ഥ പ്രതീക്ഷ അവർ രോഗിയിലേക്കും പകർന്നിരുന്നു. അത് രോഗിണി യഥാർത്ഥത്തിൽ വിശ്വസിച്ചിരുന്നുവോ? അതോ, രോഗപീഡകൾ സ്വന്തം ശരീരത്തിൽ ദീർഘകാലം അനുഭവിക്കുന്ന ഒരാൾക്കുണ്ടാകാവുന്ന ഉള്ളറിവ് അവരിലുമുണ്ടായിരുന്നുവോ? അതോ, അത്തരം ഉള്ളറിവു പോലും സാധ്യമല്ലാത്ത രീതിയിൽ മരുന്നുകളുണ്ടാക്കിയ ക്ഷീണത്തിന്‍റെ നൂലിൽ ആന്ദോളനം ചെയ്യുക മാത്രമായിരുന്നുവോ അവർ? ഒരു കുഞ്ഞിനു ലഭിക്കുന്ന പരിചരണം പോലെയുള്ളവ ഭർത്താവിൽ നിന്നും മക്കളിൽ നിന്നും ലഭിച്ചിരുന്നത് ആ മനസ്സ് ആസ്വദിച്ചിരുന്നുവോ? അതോ, തനിക്കു വേണ്ടി അവരനുഭവിക്കുന്ന കഠിനമായ യാതനകളിൽ ആ മനസ്സ് വേദനിച്ചിരുന്നുവോ? ഒന്നുമറിയില്ല. ആ മനസ്സ് അനാവരണം ചെയ്യാനാകാത്ത വിധം അവർ മരുന്നുകൾ നൽകിയ പാർശ്വഫലങ്ങളുടെ തടവിലായിരുന്നുവല്ലോ!
പ്രിയപ്പെട്ടവളുടെ മരണത്തിനു മുമ്പുള്ള കാലത്തെ ഇത്തരത്തിൽ ഇഴകീറി പരിശോധിക്കുന്നത് അവരെ സ്നേഹിച്ചവർക്ക് അസ്വസ്ഥതയും വേദനയും ഉണ്ടാക്കുന്നതായിരിക്കാം. ഏറെ വേദനിപ്പിച്ച അനുഭവങ്ങൾ കടലാസിലേക്ക് പകർത്തുമ്പോൾ എഴുത്തുകാരനുണ്ടായിരുന്ന ഉദ്ദേശ്യം എന്തായിരുന്നുവോ, അത് തന്നെയാണ് ഈ എഴുത്തുകൊണ്ടും ഉദ്ദേശിക്കുന്നത് എന്നു മാത്രമേ പറയാനാവൂ. ചികിത്സകരെയും ആശുപത്രിയെയും കുറച്ചു കാണിക്കുക എന്നതിനപ്പുറം ഞാൻ കൂടി ഭാഗമായിരുന്ന ഒരു സംവിധാനത്തിന്‍റെ ഭൗതികവും മനോവിശ്ലേഷണപരവുമായ ന്യൂനതകളെപ്പറ്റിയുള്ള ആത്മവിശകലനം മാത്രമാണിത്.
ഡോ.ഖദീജാ മുംതാസ്
..
No comments:
Post a Comment