Monday, 16 October 2023

I C P നമ്പൂതിരി

ഐ സി പി നമ്പൂതിരി എഴുതിയ
വിപ്ലവത്തിന്റെ ഉൾതുടിപ്പുകൾ
എന്ന ആത്മകഥയാണ് വായിച്ചത്.

അദ്ദേഹം ഈ പുസ്തകം എഴുതുന്നത് തന്റെ ജീവിതത്തിന്റെ അവസാനകാലത്താണ്.  തൊണ്ണൂറു വയസിന് ശേഷം ഇങ്ങനെ ഒരു ഗ്രന്ഥം വരുമ്പോൾ അത് കേരളത്തിനും വിശിഷ്യാ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്ര വിദ്യാർത്ഥികൾക്കും വിലപ്പെട്ട ഒരു രേഖയായി മാറുന്നു.

നവോത്ഥാന കാലത്തെ കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ നമ്പൂതിരി സമുദായവും വളരെ വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. അത് വേണ്ട രീതിയിൽ കേരളം വിലയിരുത്തൽ നടത്തിയിട്ടുണ്ടോ?
ആ കാര്യത്തിൽ ഞാനിപ്പോഴും സംശയാലുവാണ്‌. കാരണം നമ്മൾ അയ്യങ്കാളി പ്രസ്ഥാനവും ശ്രീനാരായണ ഗുരു പ്രസ്ഥാനവും, വൈക്കം ഗുരുവായൂർ സത്യാഗ്രഹവും മറ്റു സമരഗാഥകൾ  പഠിക്കുമ്പോഴും പറയുമ്പോഴും വി ടി, ഇ എം എസ്സ്,  ഐ സി പി, എം ആർ ബി, പ്രേംജി, തേതി, പാർവ്വതി, ഉമ.... ഇങ്ങനെ ഒട്ടേറെപേർ  നടത്തിയ സമുദായ പരിഷ്‌ക്കരണം കൊണ്ടുകൂടിയാണ് കേരളത്തിനു ഇന്ന് നാം കൈവരിച്ച നേട്ടങ്ങൾ കൊയ്യാൻ കഴിഞ്ഞത്.

നമ്പൂതിരി സമുദായത്തിൽ ഈ പരിഷ്‌ക്കരണം അന്ന് നടന്നില്ലായിരുന്നുവെങ്കിൽ കേരളവും ഒരുപാട് പിറകിൽ ആകുമായിരുന്നു.

നമ്പൂതിരി സമുദായത്തിലെ പരിഷ്‌ക്കരണപ്രവർത്തനങ്ങളിൽ ഐ സി പിയുടെ ഇല്ലാമായ ഇട്ടിയാമ്പറമ്പിന്റെ പ്രാധാന്യം ഒട്ടും ചെറുതല്ല എന്നും വിപ്ലവത്തിന്റെ ഈറ്റില്ലമെന്നാണ് വി ടി യെപോലുള്ള മഹാന്മാർ വിശേഷിപ്പിച്ചതെന്നും  ഈ വായനയിലൂടെ മനസ്സിലാക്കാൻ നമുക്ക് കഴിയുന്നു.

അനാചാരങ്ങളുടെ അന്ധകാരത്തിലായിരുന്നു എന്റെ ബാല്യകാലത്തെ കേരളം. നമ്പൂതിരിയല്ലാത്ത മനുഷ്യനെക്കുറിച്ചു ഞങ്ങൾക്ക് അറിയില്ലായിരുന്നു.....
കൂട്ടുകുടുംബം, അധിവേദനം, വൃദ്ധവിവാഹം ഇതൊക്കെ അതിന്റെ ശക്തിയിൽ നിന്ന കാലത്താണ് എന്റെ ജീവിതം തുടങ്ങിയത്. മഹൻ മൂസ് (മൂത്ത മകൻ) അനിവാര്യനും അപ്ഫൻമാർ (അച്ഛന്റെ അനുജന്മാർ) അധികപ്പറ്റുമായിരുന്നു അന്ന്. മഹൻ മൂസിന് എത്ര വിവാഹം വേണമെങ്കിലും കഴിക്കാം. എങ്കിലും മൂന്നാണ് അന്നത്തെ കണക്ക്. അപ്ഫൻമാർ വിവാഹം കഴിക്കാൻ പാടില്ല. അങ്ങനെ അപ്ഫൻമാർ അധികപ്പറ്റായി മാറി. പ്രായപൂർത്തിയായിക്കഴിഞ്ഞാൽ പിന്നെ അനാഥപ്രേതം പോലെ നടക്കാം. സവർണ്ണ ജാതിക്കാരുമായി സംബന്ധം കൂടാം. മേൽ വിലാസമില്ലാത്ത നരകതുല്യമായ ജീവിതമായിരുന്നു അവരുടേത്.

നമ്പൂതിരിസമുദായത്തിലെ പെൺകിടാങ്ങളുടെ ജീവിതം ഇതിലേറെ കഠിനമായിരുന്നു. ഋതുമതിയായാൽ   പെൺകുട്ടികളുടെ ജീവിതത്തിന്റെ എല്ലാ സന്തോഷവും അവസാനിക്കും....
ഏതെങ്കിലും ഇല്ലത്തേയ്ക്ക് വിവാഹം ആലോചിച്ചു ഒരു നമ്പൂതിരി വന്നാൽ അത് നിഷേധിക്കുക പതിവില്ല. അവർ വൃദ്ധരായേക്കാം. എന്നാലും ജാതകം ചേർന്നാൽ വിവാഹം നടത്തണം. 

ഇങ്ങനെ ധാരാളം വിവാഹങ്ങൾ നടന്നപ്പോൾ അനേകം യുവതികൾ ചെറുപ്പത്തിലേ വിധവകളായി. അവർക്ക് മറ്റൊരു വിവാഹം സമുദായം അംഗീകരിക്കുന്നില്ല.

എന്നാൽ ആദ്യത്തെ വിധവാവിവാഹം ഇട്ടിയാമ്പറമ്പത്തു നടന്നു. പിന്നെ കീഴ് ജാതിക്കാരന് പെങ്ങളെ വിവാഹം ചെയ്തു കൊടുത്തു. വൃദ്ധവിവാഹം തടഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗങ്ങൾ ഉണ്ടായി.  അങ്ങനെ അന്നത്തെ സമൂഹത്തിലെ എല്ലാ അനാചാരങ്ങളെയും എതിർക്കുകയും പ്രവർത്തിക്കുകയും ചെയ്തതോടെ ആ കുടുംബം വിപ്ലവത്തിന്റെ ഈറ്റില്ലമായി മാറി.

പേജ് 161
1931-ൽ എന്റെ വിവാഹം കഴിഞ്ഞ് ഇല്ലത്തു കുടിവെപ്പ് നടത്തുമ്പോൾ മോഴികുന്നത്തെ കാത്തിരുന്നത് ഞാൻ ഓർക്കുന്നു. മോഴികുന്നം വന്നേ കുടിവെപ്പ് നടത്താവൂ എന്ന് ഞാൻ ശഠിച്ചു. അതിനായി കാത്തിരുന്നു.  മോഴികുന്നം എത്തിയപ്പോൾ പ്രമാണിമാരും ദേഹണ്ഡക്കാരുമടക്കം പ്രതിഷേധിച്ചു ഇറങ്ങിപ്പോയി.  മലബാർ കലാപത്തിന്റെ പേരിൽ മോഴികുന്നത്തിനു ഭ്രഷ്ട് കല്പിച്ചിരുന്നത് മൂലമാണ് ഇറങ്ങിപ്പോക്ക് നടത്തിയത്. എന്നാൽ ഞങ്ങൾ ചെറുപ്പക്കാർ അവിടെത്തന്നെ നിന്ന്‌ ചടങ്ങ് നടത്തി.  കുടിവെപ്പിന് ശേഷം  ഇല്ലത്ത്‌  -അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് - എന്ന പ്രഹസനം അവതരിപ്പിച്ചു. ഇ എം എസ്സും, ഒ എം സിയും പ്രഹസനത്തിൽ അഭിനയിച്ചിരുന്നു.

ഇങ്ങനെയൊക്കെയാണ് സ്വന്തം സമുദായത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് വേണ്ടി അന്നത്തെ ചെറുപ്പക്കാർ പ്രവർത്തിച്ചത്.

കേരളത്തിൽ അല്ലാതെ ബ്രാഹ്മണ സമൂഹത്തിൽ നിന്ന് ഉല്പതിഷ്‌ണത്വത്തിന്റെയും നവോത്ഥാനത്തിന്റെയും പ്രസ്ഥാനങ്ങൾ ശക്തിയോടെ വളർന്നു വന്നതിന് വേറെ ദൃഷ്ടാന്തങ്ങൾ ഉണ്ടെന്ന് തോന്നുന്നില്ല. എന്നു സുകുമാർ അഴിക്കോട് മാഷും ഈ പുസ്തകത്തിൽ വിലയിരുന്നുണ്ട്. മാഷ് തുടരുന്നു.
നാരായണഗുരുവിന്റെ ഈഴവശിവപ്രതിഷ്ഠപോലെ അവിസ്മരണീയമായ കഥയാണ് സ്വന്തം സഹോദരിമാരെക്കൊണ്ട് ജാത്യാഭിമാനത്തിന്റെ നെഞ്ച് കുത്തിപ്പിളരാനുള്ള ധീരത ഐ സി പി പ്രദർശിപ്പിച്ചുവെന്നത്.

ഇങ്ങനെ നമ്പൂതിരി സമുദായത്തിൽ മാറ്റം കൊണ്ടുവരാൻ കഴിയുകയും മാത്രമല്ല കേരളത്തിൽ ഭൂമി ഏറ്റവും കൂടുതൽ കയ്യിൽ ഉണ്ടായിരുന്ന ആ സമൂഹം അത് മറ്റുള്ളവർക്ക് കൂടി അവകാശപ്പെട്ടതാണെന്നും അത് വിതരണം ചെയ്യാൻ മടിക്കേണ്ടതില്ല എന്നു മനസ്സിലാക്കുകയും വിട്ടുകൊടുക്കുകയും ചെയ്യുന്നതോടെയാണ് കേരളത്തിൽ വമ്പിച്ച മാറ്റങ്ങൾ ഉണ്ടാകുന്നത്.
കേരളത്തിൽ ഭൂപരിഷ്കരണനിയമം ഉണ്ടാക്കുന്നതിന് ഇവരുടെ ഈ നിലപാടുകളും സഹായിച്ചു.
തങ്ങളുടെ കുടിയാന്മാരിലേക്ക് ഭൂമി കൈവന്നതോടെ കേരളത്തിന്റെ സാമ്പത്തികാലാവസ്ഥയിലും ജീവിതനിലവാരത്തിലും വിദ്യാഭ്യാസ രംഗത്തും സാംസ്കാരിക രംഗത്തും രാഷ്ട്രീയ രംഗത്തും വലിയ മാറ്റങ്ങൾ ഉണ്ടായി.  മറ്റ്‌ സംസ്ഥാനങ്ങളിൽ ഇതുപോലെ വിപുലമായി ഭൂമി കൈമാറ്റം ചെയ്തിട്ടുണ്ടോ? ഇല്ലെന്നാണ് എന്റെ അറിവ്.

1910 ൽ ജനിക്കുകയും 2001 ൽ  മരിക്കുന്നതിനും കുറച്ചു നാൾ മുൻപ് തന്റെ കഴിഞ്ഞുപോയ ജീവിതം പകർത്തുമ്പോൾ അതിന്റെ ആവശ്യമുണ്ടോ? അതുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ? എന്നെല്ലാം ഐ സി പി നമ്പൂതിരി ചിന്തിച്ചിരുന്നു. കേരളത്തിൽ സംഭവിച്ച പ്രധാന മാറ്റങ്ങളിൽ ചെറുതല്ലാത്ത പങ്കുവഹിച്ച ഒരാളാണ് ഇങ്ങനെ ആശങ്കപ്പെടുന്നത് എന്ന കാര്യം പ്രത്യേകം ഓർക്കപ്പെടേണ്ടതുണ്ട് എന്നുകൂടി പറഞ്ഞുകൊണ്ട് നിർത്തുന്നു.

രാജൻ പെരുമ്പുള്ളി

..

No comments:

Post a Comment