Thursday, 21 September 2023

ജോലിക്ക് ആളെ ആവശ്യമുണ്ട് - കഥ

കഥ

ജോലിക്ക് ആളെ ആവശ്യമുണ്ട്
..

നാൽപ്പത് വയസ്സുള്ള യുവതി. ഒരു മകളുണ്ട്. തന്റേതല്ലാത്ത കാരണത്താൽ വിവാഹബന്ധം പിരിയേണ്ടി വന്നു. നിലവിലുള്ള ജോലിയിൽ നിന്നും നല്ല വരുമാനം ഉണ്ട്. ഈ യുവതിയ്ക്ക് വീട്ടുജോലിക്കായി മധ്യവയസ്കനായ ഒരാളെ ജോലിയ്ക്ക് ആവശ്യമുണ്ട്. പ്രായം മുപ്പത്തിയഞ്ചിനും അമ്പതിനും ഇടയ്ക്ക് ആവാം.
ഡീറ്റൈൽസ് താഴെ വിവരിക്കാം. അതിനു യോജിക്കുന്ന ആളുകൾ മാത്രം അപേക്ഷിച്ചാൽ മതിയാകും.

ജോലിക്ക് വരുന്ന ആളിന് ഇരുപതിനായിരം ശമ്പളം. താമസിക്കാൻ മുറി. ഭക്ഷണം എല്ലാം ഉണ്ടായിരിക്കും.

സ്വന്തം വീട്ടിൽ പോകുന്നതിനും മറ്റുമായി മാസത്തിൽ രണ്ടു ലീവ്. ബാധ്യതകൾ ഉള്ളവർ, വിവാഹിതർ അപേക്ഷിക്കേണ്ടതില്ല.

വിദ്യാഭ്യാസം മിനിമം ഡിഗ്രിയെങ്കിലും ഉണ്ടായാൽ നന്നായി. കല, സാഹിത്യം, സിനിമ, യാത്ര, വായന, ഡ്രൈവിംഗ്... നല്ല ഭക്ഷണം. ഇതൊക്കെയാണ് എന്റെ ശീലങ്ങൾ. ഇതിനോടൊക്കെ യോജിച്ചുപോകുന്ന ഒരാളെയാണ് വേണ്ടത്. അതായത് ഞങ്ങളുടെ വീടുമായും സ്വഭാവമായും ഇണങ്ങിപോകുന്ന ഒരാളെയാണ് വേണ്ടത്.

ഒരു വർഷം പ്രബോഷൻപിരീഡ് ആണ്. അതുകഴിഞ്ഞാൽ സാലറിയിൽ നല്ലൊരു വർദ്ധനവ് പ്രതീക്ഷിക്കാം.

ഇനി ചെയ്യേണ്ട ജോലികൾ വിവരിക്കാം.

പുലർച്ചെ അഞ്ചുമണിയ്ക്ക് എഴുന്നേൽക്കണം.  ആദ്യം കട്ടൻ കാപ്പി തിളപ്പിച്ചു വെക്കണം.
രാവിലെ ദോശ, ഇഡ്ഡലി, ഉപ്പുമാവ്, പൂട്ട്, നൂലപ്പം, വെള്ളേപ്പം... ഇങ്ങനെ ദിവസവും മാറി മാറി ഉണ്ടാക്കണം. അതിനുവേണ്ട കറിയോ ചമ്മന്തിയോ വേണം.

ഉച്ചയ്ക്ക് ഞങ്ങൾക്ക് ഭക്ഷണം കൊണ്ടുപോകണം. മോൾക്കും എനിക്കും ഭക്ഷണം പാത്രത്തിൽ ആക്കി മേശപ്പുറത്ത് കൊണ്ടു വെച്ചിരിക്കണം. മോൾക്ക് എട്ടേ ഇരുപതിനും എനിക്ക് ഒമ്പതേ മുപ്പത്തിയഞ്ചിനുമാണ് പോകേണ്ടത്. ഞങ്ങളുടെ ഡ്രെസ്സുകൾ അലക്കുന്നതിനു വാഷിങ് മെഷീൻ ഉണ്ട്. അത് ദിവസവും കഴുകി തേച്ചു വെച്ചിരിക്കണം. കഴുകൽ രണ്ടു ദിവസം കൂടുമ്പോൾ ആയാലും വിരോധമില്ല. കൂടാതെ ഗാർഡനിൽ ചെടികളും പച്ചക്കറി കൃഷിയും ഉണ്ട്. അതെല്ലാം സൗകര്യം അനുസരിച്ച് ദിവസവും നനക്കുകയും പരിപാലിക്കുകയും വേണം. വീട് നിലം ദിവസവും അടിച്ചുതുടച്ചു വൃത്തിയായിരിക്കണം.

ആഴ്ച്ചയിൽ മൂന്നു ദിവസം നോൺ വിഭവങ്ങളും നാല് ദിവസം വെജിറ്റേറിയൻ കറികളുമാണ് വേണ്ടത്.  വീട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങളും ഇവിടെ അടുത്തുളള സൂപ്പർ മാർക്കറ്റിൽ ലഭിക്കും. അതെല്ലാം അന്നാന്നു വേണ്ടത് പോയി വാങ്ങിക്കണം. 

ഇതൊക്കെയാണ് പ്രധാന ജോലികൾ. ശമ്പളം മൂന്നു മാസത്തെ നോട്ടത്തിനു വേരിയേഷൻ വരുത്തുന്നതിന് വിരോധമില്ല. പിന്നെ ഒരു വർഷം കഴിയുമ്പോൾ തൃപ്തിയായാൽ നല്ല രീതിയിൽ വർധിപ്പിച്ചു തരുന്നതാണ്.  ഇതൊക്കെ വീണ്ടും ഓർമ്മിപ്പിക്കുന്നു എന്നേയുള്ളു. പിന്നെ മറ്റൊരു പ്രധാന കാര്യം പറയാൻ വിട്ടുപോയി. അതായത് വീട്ടിൽ കുടി, വലി എന്നിവ പാടില്ല. നിങ്ങളെ കാണാൻ ഗസ്റ്റ് ആരെങ്കിലും വരികയാണെങ്കിൽ വീടിനു പുറത്തുപോയി സംസാരിച്ചിട്ടു തിരിച്ചു വരാവുന്നതാണ്. ചുരുക്കിപ്പറഞ്ഞാൽ ഗസ്റ്റ്‌കളെ എന്റർടെയ്ൻ ചെയ്യാൻ താല്പര്യമില്ലെന്ന് ചുരുക്കം. ഇതൊക്കെയാണ് പൊതുവിൽ പറയുവാനുള്ളത്. ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ നേരിൽ കാണുമ്പോൾ പറയാം.
താല്പര്യമുള്ളവർ എത്രയും വേഗത്തിൽ കോണ്ടാക്റ്റ് ചെയ്യുക.

ഇങ്ങനെ ഒരു പരസ്യവാർത്ത വന്നപ്പോൾ പലർക്കും കൗതുകമായി. ചിലർ ഒരു നേരമ്പോക്കിന് വേണ്ടി വൈകീട്ട് ഏഴു മുതൽ എട്ടേ മുപ്പതുവരെ കൊടുത്തിരുന്ന സമയത്തു വിളിച്ചു. ചിലർ മേഡത്തിനെ ഒന്നു പരിചയപ്പെടാനും ബാക്കി പൊതുവിശേഷങ്ങൾ അറിയാനും വേണ്ടിയാണ് വിളിച്ചത്.

അതിൽ ഒരു ഇരുപതുകാരനും ഉണ്ടായിരുന്നു. ആ പയ്യൻ പറഞ്ഞു എന്റെ വീട്ടിൽ ആകെ കഷ്ടപ്പാടാണ്. എനിക്ക് എന്തെങ്കിലും ജോലി കിട്ടിയേ പറ്റൂ. അതുകൊണ്ട് വിളിച്ചതാണ് മേഡം!
-നിനക്ക് അടുക്കളയിൽ ജോലി ചെയ്തു പരിചയമുണ്ടോ?
-ഇല്ല. വല്ലപ്പോഴും ചായ ഉണ്ടാക്കാറുണ്ട്. മേഡം എല്ലാം പറഞ്ഞുതന്നാൽ മതി. ഞാൻ എല്ലാം ചെയ്തോളാo.
ഈ പയ്യനോട് എന്തു മറുപടി പറയും! മേഡം വിഷമിച്ചു. അവസാനം ഞാൻ എല്ലാം നോക്കിയിട്ട് മറ്റു ആരെയും കിട്ടിയില്ലെങ്കിൽ വിളിക്കാം എന്നുപറഞ്ഞു ഫോൺ കട്ട് ചെയ്തു.

പിന്നെ ഒരു വിളി വന്നത് ഒരു അറുപത്തഞ്ചുകാരന്റെ ആയിരുന്നു. അയാൾ അയാളുടെ വീട്ടുവിശേഷങ്ങൾ എല്ലാം വിളമ്പി.

അയാൾ കുറെ കാലം ഗൾഫിൽ ആയിരുന്നു. അവിടെ ചെന്ന് പണിയെടുത്തു കിട്ടിയ പണമെല്ലാം അപ്പപ്പോൾ വീട്ടിലേക്ക് അയച്ചു. മൂന്നു മക്കളും നല്ല നിലയിലായി.  മകളെ ഒരു ബിസിനസ്കാരൻ കല്യാണം കഴിച്ചു. മകന് ഒരു സർക്കാർ ജോലി ലഭിച്ചു. മറ്റൊരു മകൻ യു കെയിൽ സെറ്റിൽഡ്.  ഇത്രയൊക്കെ ആയിട്ടും ഈ വയസ്സാംകാലത്തു എന്തിനു ജോലി അന്വേഷിക്കുന്നു എന്നു ചോദിച്ചപ്പോൾ പറയുകയാണ് 
-എന്തിനു പറയുന്നു ഞാൻ കഷ്ടപ്പെട്ടതൊക്കെ വെറുതെയായി. ഞാനവരെ പഠിച്ചു വളർത്തി വലുതായപ്പോൾ ഭാര്യക്കും മക്കൾക്കും ഇപ്പോൾ എന്നെ വേണ്ട! ജോലിയെല്ലാം ഉപേക്ഷിച്ച് നാട്ടിൽ വന്നപ്പോൾ ഇനിയുള്ള കാലം സ്വസ്‌തമായി ജീവിക്കാം എന്നാണ് വിചാരിച്ചത്. എന്നാൽ വീട്ടിലെത്തി മൂന്നു മാസം ആവുന്നതിനു മുമ്പേ അമ്മയ്ക്കും മക്കൾക്കും ഞാൻ പറയുന്നത് ഒന്നും പിടിക്കുന്നില്ല. അവർക്ക് അവരുടെ ഇഷ്ടത്തിന് ജീവിക്കണം. ഭക്ഷണമെല്ലാം തോന്നിയപോലെയാണ്. കുറെ പുറത്തുനിന്ന് കൊണ്ടുവരും. തീറ്റയും കുടിയും തന്നെ. വീട്ടിൽ വെക്കുന്നത് ഒക്കെ കുറവാണ്. എനിക്കാണെങ്കിൽ രാവിലെ ഇത്തിരി കഞ്ഞി കിട്ടിയാലും മതി. അതുകൊണ്ട് സ്വന്തം വീട്ടിൽ ഒരു സുഖോം ഇല്ല. ഞാൻ എന്തെങ്കിലും പറഞ്ഞാലോ എല്ലാവരും കൂടി എന്റെ മെക്കിട്ട് കയറും. അതുകൊണ്ട് ഞാനൊന്നും മിണ്ടാറില്ല. നിങ്ങളുടെ അവിടെ വരികയാണെങ്കിൽ ജോലി ചെയ്യണം എന്നല്ലേയുള്ളൂ. സമാധാനത്തോടെ കഴിയാലോ!
ഇത്രയും വിവരങ്ങൾ അറിഞ്ഞപ്പോൾ ഞാൻ ആലോചിച്ചു പറയാം എന്നു പറഞ്ഞുകൊണ്ട് മേഡം അയാളെയും ഒഴിവാക്കി.

പിന്നെ അന്നാരും വിളിച്ചില്ല. ചില കോളുകൾ വന്നിരുന്നു ഈ സംഭാഷണങ്ങൾക്കിടയിൽ. അവരെയൊന്നും പിന്നീട് തിരിച്ചു വിളിക്കാൻ നിന്നില്ല.  ആവശ്യക്കാർ വീണ്ടും വിളിക്കട്ടെ!  ഏഴ് മുതൽ എട്ടര വരെ എന്ന സമയം രണ്ടു പേർ അപഹരിച്ചു. ഇടയിൽ ആരാണാവോ വിളിച്ചത്. ഏതായാലും അവർ നാളെ ഈ സമയത്ത് വീണ്ടും വിളിക്കുമെന്ന് പ്രതീക്ഷിക്കാം. ഉദ്യോഗാർത്ഥിയെ അങ്ങോട്ട് വിളിക്കുന്നതിൽ എന്തോ ഒരു പന്തികേട് തോന്നുകയും ചെയ്തു.

പിറ്റേന്ന് വൈകീട്ട് ഏഴു മണിക്കുതന്നെ ഫോൺ വന്നു. എടുത്തപ്പോൾ പ്രതീക്ഷിക്കാതെ കേട്ടത് ഒരു സ്ത്രീ ശബ്ദമായിരുന്നു. യുവതിയ്ക്ക് വയസ്സ് മുപ്പത്തഞ്ച് കഴിഞ്ഞു. കല്യാണം കഴിച്ചിട്ടില്ല. ചൊവ്വാദോഷം കാരണം പറ്റിയവരെ കണ്ടെത്താൻ വീട്ടുകാർക്ക് കഴിഞ്ഞില്ല. ഇപ്പോൾ അച്ഛൻ മരിച്ചിട്ട് മൂന്നു വർഷവും അമ്മ മരിച്ചിട്ട് ഒരു വർഷവും കഴിഞ്ഞു.  ആങ്ങളയോടൊപ്പം താമസിക്കുന്നു.  നാത്തൂൻ പോരും ആങ്ങളയുടെ ശ്രദ്ധക്കുറവുമൊക്കെ കാരണം അവിടെ അവർക്ക് മടുത്തു. മറ്റൊരു സഹോദരൻ ഉള്ളതു ഭാര്യവീട്ടിലാണ് താമസം. അങ്ങോട്ട് പോകാനും വയ്യ. അതുകൊണ്ടാണ് ഇങ്ങനെ ഒരു പരസ്യം കണ്ടപ്പോൾ വിളിച്ചത്. ചേച്ചിയ്ക്ക് പ്രശ്നം ഇല്ലെങ്കിൽ ഞാൻ വരാം. എല്ലാ ജോലിയും ചെയ്യാം. പരസ്യത്തിൽ പറഞ്ഞിരിക്കുന്നത് പുരുഷനെയാണ് വേണ്ടത് എന്നാണ് എന്നെനിക്കറിയാം. എങ്കിലും ഞാൻ വിളിച്ചെന്നേ ഉളളൂ. എനിക്ക് ജോലി അത്യാവശ്യമാണ്. ചേച്ചിയുടെ അടുത്താകുമ്പോൾ  സുരക്ഷയും ഉറപ്പണല്ലോ. അതുകൊണ്ടാണ് വിളിച്ചത്.

അവരുടെ കാര്യങ്ങൾ കേട്ടപ്പോൾ സഹതാപം തോന്നി. ചൊവ്വാദോഷം കാരണം ജീവിതം ഇങ്ങനെയായി. എന്തായാലും ഞാൻ ആലോചിച്ചു വിളിക്കാം എന്നു പറഞ്ഞുകൊണ്ട് ആ വിളിയും അവസാനിപ്പിച്ചു.

ഇനിയെന്തു ചെയ്യും? 
താനുദ്ദേശിച്ചപോലെ ആരും വിളിച്ചിട്ടില്ല.

തന്റെ ലക്ഷ്യം എന്താണ്?

വീട്ടിൽ എന്ത് ആവശ്യത്തിനും ഒപ്പം നിൽക്കുന്ന ഒരാൾ വേണം. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ യാത്രയിൽ ആയാലും അല്ലെങ്കിലും ഒപ്പം നിൽക്കുന്ന ഒരാൾ.  അയാൾ വീട്ടിൽ ചെയ്യുന്ന ജോലികളിൽ ഇടക്കെല്ലാം ഒപ്പം നിന്നു സഹായിക്കുകയും ചെയ്യാം. മാസങ്ങളോളം വീട്ടിൽ നിന്നു ജോലി ചെയ്യുമ്പോളായിരിക്കും ഒരാളെ നല്ലപോലെ മനസ്സിലാക്കാൻ കഴിയുക. ഒഴിവുസമയങ്ങളിൽ അയാളുമായി ഒന്നിച്ചിരുന്നു സംവദിക്കുന്നതിനോ ഒന്നിച്ചു യാത്ര പോകുന്നതിനോ വിരോധമില്ല.
അങ്ങനെ എല്ലാംകൊണ്ടും ഇഷ്ടമായാൽ ഇടയ്ക്ക് വല്ലപ്പോഴും ശാരീരികമായും ബന്ധപ്പെടാൻ സന്തോഷമേയുള്ളൂ. എന്നാൽ ഇങ്ങനെ ബന്ധം ഉണ്ടായി എന്നതുകൊണ്ട് അയാൾ തന്റെ മറ്റു കാര്യങ്ങളിൽ ഇടപെടാൻ പാടില്ല. അയാളൊരു സ്നേഹിതനും സഹയാത്രികനും മാത്രം ആയിരിക്കണം. അയാൾക്കു സ്വാർത്ഥതാല്പര്യങ്ങൾ ഉണ്ടാകരുതെന്നു ചുരുക്കം.

ഇങ്ങനെയുള്ള ഒരാളെ തനിക്ക് ലഭിക്കുമോ? ഇതുവരെ വിളിച്ചവരിൽ ഒരാളും തനിക്ക് പറ്റിയവരായി ഇല്ല.  ഭർത്താവായി ഇനി ഒരാളെയും തനിക്ക് ആവശ്യമില്ല. അതുകൊണ്ടാണ് പരസ്യം ഇങ്ങനെ കൊടുത്തത്. കുറെ നാൾ കഴിയുമ്പോൾ ചിലപ്പോൾ ബന്ധം മോശമായാലോ? അപ്പോൾ പരസ്പരം പിരിയുന്നതിനു നിയമതടസ്സം ഉണ്ടാകരുത്. തന്റെ സമ്പാദ്യത്തിൽ അയാൾക്ക് വിഹിതം പാടില്ല. അയാൾക്ക് വല്ലതും ഉണ്ടെങ്കിൽ തനിക്ക് ഒരു നോട്ടവും ഇല്ല. മുൻപൊരിക്കൽ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന രീതിയിൽ പരസ്യം കൊടുത്തപ്പോൾ ഒരുപാട് പേർ വിളിച്ചിരുന്നു. മിക്ക ആളുകളും ചോദിച്ചറിഞ്ഞ കാര്യങ്ങളിൽ ഒന്ന് പ്രധാനമായും സ്വത്തിനെ കുറിച്ചായിരുന്നു. അപ്പോഴാണ് പേടി കടന്നത്. ഒരാളെ വിവാഹം ചെയ്താൽ താൻ സമ്പാദിക്കുന്ന ഓരോന്നിലും അയാൾക്കും അവകാശം വരികയല്ലേ എന്ന ചിന്തകൾ ഉണ്ടായത്. കുറെ നാൾ കഴിയുമ്പോൾ പണമോ മറ്റോ ആവശ്യപ്പെടുകയോ ചെയ്താൽ കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അതൊരു കലാപമായി വളരാം. പിന്നെ അത് അടി, ഇടി, കുത്ത്‌, ചവിട്ട് ഇങ്ങനെ പലതും സംഭവിക്കാം. ആദ്യവിവാഹത്തിൽ ഒരുപാട് അനുഭവിച്ചു. ഇനി അത് വയ്യ. ഇനിയുള്ള കാലം സ്വസ്‌തമായി ജീവിക്കണം. അതുകൊണ്ടാണ് നല്ലൊരു ജോലിക്കാരന തേടുന്നു എന്ന പരസ്യം കൊടുത്തത്. തനിക്ക് പറ്റിയ ആൾ ഇനിയും വിളിച്ചിട്ടില്ല. വിളിക്കുമായിരിക്കും. 
അങ്ങനെ ഒരു പ്രതീക്ഷയോടെ ആ കാത്തിരിപ്പ് തുടരുന്നു.

ഇനി എന്നാണ് അടുത്ത പരസ്യം കൊടുക്കേണ്ടത് എന്ന ചിന്തയിൽ അവർ  ഒരു  ഗ്ലാസ്സിലേക്ക് ബിയർ പകർന്നു.

...

രാജൻ പെരുമ്പുള്ളി

No comments:

Post a Comment