Sunday, 13 August 2023

അർദ്ധനാരി - Perumal Murukan

പെരുമാൾ മുരുകൻ എഴുതിയ 
അർദ്ധനാരി - യിൽ, വിശ്വാസവും ജീവിതവും രണ്ടും രണ്ടാണ് എന്നു കാണിച്ചുതരുന്നു. വിശ്വാസത്തിനു ജീവിതവുമായി ബന്ധമുണ്ടോ? ഉണ്ടുതാനും!

തമിഴ് നാട്ടിലെ ഒരു ഗ്രാമത്തിൽ അർദ്ധ നാരീശ്വര ക്ഷേത്രമുണ്ട്.  വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞാലും ചിലർക്ക് കുട്ടി ഉണ്ടാകില്ല. അങ്ങനെ വരുമ്പോൾ ആളുകൾ സാധാരണ ഡോക്ടറെ കാണും. ചികിത്സ നടത്തും. ഫലം ലഭിക്കാം. ലഭിക്കാതിരിക്കാം. ചിലർ ഉരുളി കമിഴ്ത്താം എന്നെല്ലാം നേർച്ച നേരുന്നു.  ചിലർ അമ്പലത്തെ ഉരുണ്ട് വലം വെക്കുന്നു. ഇതെല്ലാം നമ്മുടെ നാട്ടിൽ സ്ഥിരം കാഴ്ച്ചകളാണ്. എന്നാൽ ഇവിടെ അർദ്ധനാരീ ക്ഷേത്രത്തിൽ ഉത്സവം നടക്കുമ്പോൾ കുഞ്ഞു ലഭിക്കാൻ വേണ്ടി സ്ത്രീകൾ ക്ഷേത്രത്തിൽ പോകുന്നു.  അന്നത്തെ നിലാവുള്ള രാത്രിയിൽ ഏതെങ്കിലും യുവാവുമായി രതിയിൽ ഏർപ്പെടുന്നു. പിന്നീട് തിരിച്ചു പോരുന്നു. അങ്ങനെ ഗർഭിണിയായാൽ അത് സാക്ഷാൽ ശിവന്റെ കുഞ്ഞായി പരിഗണിക്കുന്നു.

നോവലിൽ കാളിയുടെയും പൊന്നയുടെയും കല്യാണം കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടി ഉണ്ടാകാതെ ആയപ്പോൾ പൊന്നയെ അമ്മായിയമ്മ മാരായിതന്നെ  മകനെ അറിയിക്കാതെ അമ്പലത്തിലേക്ക് പറഞ്ഞു വിടുന്നു. മരുമകളോട് പറഞ്ഞു ഞാൻ മോനോട് എല്ലാം പറഞ്ഞിട്ടുണ്ട്, നീ ധൈര്യമായി പോയി വരൂ എന്നും. മകൻ വീട്ടിൽ ഇല്ലാത്ത ആ ദിവസം അവൾ അങ്ങനെ പോകുന്നു. വീട്ടിൽ ഒരു കുഞ്ഞിക്കാൽ ഉണ്ടായില്ലെങ്കിൽ എന്തോ ദൈവകോപം ഉണ്ടെന്ന് അമ്മായിഅമ്മയും ധരിച്ചുവെച്ചിരിക്കുന്നു. അതിനാൽ ഒരു ഉണ്ണി ഉണ്ടാകേണ്ടത് അത്യാവശ്യവുമാണ്.

പിന്നീട് മകൻ ഈ സംഭവം അറിയുമ്പോൾ അയാൾ ആത്മഹത്യയ്‌ക്ക് ശ്രമിക്കുന്നു. മരത്തിൽ തൂങ്ങി നിൽക്കുന്ന കാളിയെ രക്ഷിക്കുന്നതും അമ്മ മാരായി തന്നെയാണ്.

അന്ന്യ പുരുഷനുമായി ബന്ധപ്പെട്ട ഭാര്യ പൊന്നായെ കാണുന്നത് പോലും ഇയാൾക്കിപ്പോൾ കലിയാണ്. പൊന്ന അതോടെ മാനസികമായി തകരുന്നു. 
കാളിയോ?
അതോടെ നല്ലൊരു കുടിയനായി മാറുന്നു.

സമയം ആയപ്പോൾ പൊന്ന ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. അവൾക്ക് അത് കാളിയുടെ കുഞ്ഞാണെന്നു തോന്നിച്ചു. ദൈവം തന്ന കുഞ്ഞ്.  കാളിയോ?
കുഞ്ഞിനെയോ പൊന്നയേയോ കാണാൻ വീട്ടിൽ ചെല്ലാറില്ല. ഒരു ദിവസം അയാൾ കുടിച്ചു ബോധം നഷ്ടപ്പെട്ടു രാത്രിയിൽ റോഡിൽ കിടക്കുമ്പോൾ ആരൊക്കയോ കണ്ടു വീട്ടിൽ എത്തിക്കുന്നു. അയാളെ പൊന്ന വിളിച്ചു ഉണർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അയാൾക്ക് കണ്ണുകൾ തുറക്കാൻ കഴിയാതെ കിടക്കുന്നു.

അവസാനം പൊന്ന ഒരു തീരുമാനത്തിൽ എത്തുന്നു. ഈ കുഞ്ഞ് കാളിയുടേതാണ്. ദൈവം തന്നതാണ്.  അതുകൊണ്ട് ഇനിമുതൽ കുഞ്ഞിനെ കാളിതന്നെ വളർത്തട്ടെ എന്ന് തീരുമാനിക്കുന്നു. അവൾ സാവധാനം പോയി കുഞ്ഞിനെ എടുത്തു ചുംബിച്ചശേഷം ഒരു സാരി എടുത്തു മുറിയിൽ തന്നെ കഴുക്കോലിൽ തൂങ്ങാൻ ശ്രമിക്കുന്നു. ആ സമയം പിറകിൽ നിന്നും കാളിയുടെ കൈകൾ അവളിലേക്ക് നീളുന്നു.

ഇങ്ങനെ കഥ സന്തോഷത്തോടെ അവസാനിക്കുകയും ചെയ്യുന്നു.  ദുരന്തപൂർണമാകേണ്ട ഒരു കഥയെ സന്തോഷത്തിൽ അവസാനിപ്പിക്കുമ്പോൾ വായനക്കാരനും സന്തോഷിക്കുന്നു.

ലോകത്തിൽ മനുഷ്യരുടെ അന്ധവിശ്വാസങ്ങൾക്ക് കണക്കില്ല.  ഇവരും ആ വിശ്വാസങ്ങളുടെ ഇരകൾ തന്നെയാണ്. ആ കഥയാണ് പെരുമാൾ മുരുകൻ ഭംഗിയായി ഇവിടെ പകർത്തിയിരിക്കുന്നത്.

...

രാജൻ പെരുമ്പുള്ളി




No comments:

Post a Comment