Sunday, 10 November 2024

ചേറൂർ സാഹിതിയിൽ

ചേറൂർ സാഹിതിയിൽ ഇന്നലെ എനിക്കും രണ്ടുവാക്ക് സംസാരിക്കാൻ അവസരം ലഭിച്ചു. 

എഴുത്തുകാരായ സച്ചിദാനന്ദൻ, പ്രഭാവർമ്മ, സത്യൻ അന്തിക്കാട്.... ഇങ്ങനെ നിരവധി പേർ വന്നു പോകുന്ന അവരുടെ വേദിയിൽ എനിക്കും അവസരം ലഭിച്ചു എന്ന സന്തോഷം ഞാനിവിടെ പങ്കുവെക്കുന്നു....
വീഡിയോ 18 മിനിറ്റ് മാത്രം.
🌱🌱🌱

നവംബർ 9 ശനിയാഴ്ച വൈകിട്ട് 3 മുതൽ ചേറൂർ സാഹിതിയിൽ
*'പുതു രചനകൾ* 
*പുതു വായനകൾ'* 
തൃശൂർ ലിറ്റററി ഫോറം അംഗങ്ങളായ എഴുത്തുകാരും വായനക്കാരും ഒത്തുചേർന്ന സംഭാഷണ-സംവാദ പരിപാടിയിൽ
എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനും ടി എൽ എഫ് ഉന്നതാധികാര സമിതി അംഗവുമായ മോഹൻദാസ് പാറപ്പുറത്ത്  അദ്ധ്യക്ഷനായിരുന്നു.
പരിപാടിയിലേ മുഖ്യാതിഥി ഗായികയും എഴുത്തുകാരിയും നോവലിസ്റ്റുമായ കരിമ്പുഴ രാധയെ ആദരിക്കുകയും ചെയ്തു.

രാജൻ പെരുമ്പുള്ളി, ഇ ജി സുബ്രഹ്മണ്യൻ, സുനിത വിത്സൻ, അനിൽകുമാർ കോലഴി,അനിത വർമ്മ, ഷേർളി ഡേവീസ്, ഡോ കെ ഉഷ  എന്നിവരാണ്, സംഭാഷണത്തിൽ സ്വന്തം രചനകളും വായനകളും സാഹിത്യ നിലപാടുകളും എനിക്ക്‌ പുറമെ  വിവരിച്ചത്

കെ ഉണ്ണികൃഷ്ണൻ 
പിയാർകെ ചേനം 
പി വിനോദ് 
കവി രാവുണ്ണി യും സംസാരിച്ചു.

എല്ലാവരുടെയും വീഡിയോ യുട്യൂബിലൂടെ കാണാം.

....




Tuesday, 29 October 2024

സ്വന്തം

സ്വന്തം

ജനിക്കുകയോ
ജീവിക്കുകയോ
മരിക്കുകയോ
ചെയ്തിട്ടില്ലാത്ത
ദൈവങ്ങൾ
നിങ്ങളുടെ
മനസ്സുകളിൽ
ഇടം പിടിച്ചത് 
എങ്ങനെയാണ്?

ജനിച്ചു വീഴുന്ന 
വീടുകളുടെ
രീതിയനുസരിച്ചു
ഓരോരോ 
ദൈവങ്ങളും 
മനസ്സുകളിൽ
കുടിയേറുന്നു.

അങ്ങനെ 
ഭൂമിയിൽ
ജനിക്കുകയോ
ജീവിക്കുകയോ
മരിക്കുകയോ
ചെയ്തിട്ടില്ലാത്ത
ചില രൂപങ്ങളെ,
ചില ചിത്രങ്ങളെ 
മനുഷ്യൻ
ആരാധിക്കുന്നു
പൂജിക്കുന്നു!

ഓരോ നാടിനും
ഓരോരോ ദൈവങ്ങളും
ഓരോരോ വിശ്വാസങ്ങളും
പകർന്നു 
ദൈവങ്ങൾ 
അവരുടെ 
മനസ്സിലും
ജീവിതത്തിലും 
ഇടംപിടിക്കുന്നു.

ഇതോടെ
മനുഷ്യൻ 
വിശ്വാസങ്ങളുടെ
അടിമയാവുകയും
സ്വയം
ഇല്ലാതാവുകയും
ചെയ്തു
അന്യരോട് 
മര്യാദകൾ
പാലിക്കാൻ
കഴിയാത്തവനും
ആയി മാറുന്നു.
സ്വന്തം കാര്യം
സ്വന്തം ദൈവം
സ്വന്തം ആളുകൾ
എല്ലാം
സ്വന്തത്തിലേക്ക്
ചുരുങ്ങുന്നു.

....

രാജൻ പെരുമ്പുള്ളി

Saturday, 26 October 2024

വയ്യാത്ത ആനയും വല്ലാത്ത മേളവും

കോടതി വിധിയുടെ പശ്ചാത്തലത്തിൽ
ഞാൻ മുമ്പ് എഴുതിയ ഈ കഥ 
ഓർമ്മ വരുന്നു.
...
💐💐

വയ്യാത്ത ആനയും
വല്ലാത്ത മേളവും

പൂരം കൊട്ടിക്കയറുമ്പോൾ രേവതിയുടെ മനസ്സിൽ വേവലാതി നിറഞ്ഞു ഉരുകുകയായിരുന്നു. അപ്പുറത്ത് തന്റെ മുന്നിൽ നിൽക്കുന്ന മൂന്ന് ആനകളിൽ ഒന്നിന് തീരെ വയ്യ എന്ന് അതിന്റെ ഭാവം കണ്ടാൽ അറിയാം. മുന്നിലും പിന്നിലും കാലുകളിൽ ചങ്ങല ഇട്ടിട്ടാണ് ഇങ്ങോട്ട് കൊണ്ടുവന്നിരിക്കുന്നതുതന്നെ!

എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും ചെറിയൊരു ആട്ടവും ഉണ്ട്.  മുന്നിൽ പട്ടയും പഴക്കുലകളും ഇടക്കിടെ ഇട്ടു കൊടുത്തുകൊണ്ടിരിക്കുന്നു.  മറ്റു രണ്ടാനകളും ഇതൊന്നും കൂടാതെ നല്ല രീതിയിൽ നിൽക്കുന്നുമുണ്ട്. ഇവന് മാത്രം ഇങ്ങനെ ഓരോന്ന് കൊടുത്തുകൊണ്ടിരിക്കുന്നു.

അപ്പുറവും ഇപ്പുറവും രണ്ടു പാപ്പാൻമാർ ജാഗ്രതയോടെ നിൽക്കുന്നുണ്ട്. ഇടക്കിടെ ആന ഭൂമിയിൽ കിടക്കാൻ നോക്കുന്നതുപോലെ മുന്നോട്ടും പിന്നിലോട്ടും ചരിയുന്നുണ്ട്. അതിന്‌ കിടക്കാൻ തോന്നുന്നുണ്ടാകുമോ?
രേവതിയ്ക്ക് സംശയമായി. 

ആനപ്പുറത്ത് ഒരാൾ കുട പിടിച്ചും മറ്റൊരാൾ വെഞ്ചാമരവും, വേറൊരാൾ ആലവട്ടവും പിടിച്ച് ഇരിപ്പുണ്ട്.  മറ്റു ആനപ്പുറത്ത് ഇരിക്കുന്നവർ മേളം മുറുകുന്നതനുസരിച്ചു എണീറ്റു നിന്ന് വെഞ്ചാമരവും ആലവട്ടവും വീശിയപ്പോൾ ഈ ആനയുടെ പുറത്ത് ഇരിക്കുന്നവർ ഇരുന്നുകൊണ്ടുതന്നെ അത് വീശി. അതേതായാലും നന്നായി. ആനയ്ക്ക് അത്രയും വേദന കുറയുമല്ലോ എന്ന്‌ രേവതി വിചാരിച്ചു.

ഇത്രയും കഷ്ടപ്പെടുത്തി എന്തിന് ഈ ആനയെ എഴുന്നള്ളിച്ചു? വേറെ അസുഖമൊന്നും ഇല്ലാത്ത ആനയെ കിട്ടില്ലേ? രേവതിയുടെ ചിന്തകൾ അങ്ങനെയൊക്കെയാണ് പോയത്. ഈ കാര്യങ്ങൾ അവൾ തന്റെ അച്ഛനോട് പങ്കുവെച്ചു. അപ്പോഴാണ് കൂടെയുണ്ടായിരുന്ന അച്ഛൻ ഈ ആനയെയും അതിന്റെ അസ്വസ്ഥതകളും ശ്രദ്ധിക്കുന്നത്.

പാവം ആന. അതിന്റെ ഉടമസ്ഥൻ നല്ലൊരു തുക പറഞ്ഞു വാങ്ങിയിട്ടുണ്ടാകും. പിന്നെ പൂരത്തിന്‌ കൊണ്ടുവരാതിരിക്കാൻ പറ്റ്വോ?  എനിക്ക് വയ്യ. ഇന്ന് റെസ്റ്റ് വേണം എന്ന് ആനയ്ക്ക് പറയാൻ പറ്റ്വോ? 
ഇല്ല!
അതന്നെ കാര്യം!!
ഏതു വെയിലത്തും ഏതു ചൂടിലും ലോറിയിലും നടത്തിയും എവിടെയും കൊണ്ടുപോകും. രാത്രിയും പകലും ഇതുപോലെ മേളത്തിന്റെയും
പടക്കത്തിന്റെയും മറ്റു ബഹളങ്ങളുടെയും ഇടയിലൂടെ മനുഷ്യരുടെ പാവയായി ഇങ്ങനെ ജീവിക്കുക. അതാണ്‌ അതിന്റെ യോഗം. ഇതെല്ലാം രേവതി കേട്ടപ്പോൾ അവൾ പറഞ്ഞു :
-മതി അച്ഛാ... പൂരം കണ്ടത് മതി. ഇനി വീട്ടിലേക്ക് മടങ്ങാം. 

അങ്ങനെ അവർ അസ്വസ്ഥരായി വീട്ടിൽ എത്തിയപ്പോഴും കഷ്ടപ്പെടുന്ന ആ ആനയുടെ നിറയുന്ന കണ്ണുകളായിരുന്നു മനസ്സിൽ.

...

രാജൻ പെരുമ്പുള്ളി

Tuesday, 8 October 2024

വ്യത്യസ്തഭാവങ്ങൾ

വ്യത്യസ്തഭാവങ്ങൾ
..

നിങ്ങൾക്ക് 
മനുഷ്യരെ
തിരിച്ചറിയാൻ
കഴിയാത്തത്
എന്തുകൊണ്ടാണ്?

നിങ്ങളുടെ
ദൈവമാണ്
അതിനു കാരണം
എന്നു ഞാൻ
പറഞ്ഞാലും
നിങ്ങൾക്ക്
മനസ്സിലാകണമെന്നില്ല!

സുഹൃത്തേ!
അതാണ്
നമ്മൾ
തമ്മിലുള്ള
വ്യത്യസം.
നിന്റെ ജീവിതം,
ദൈവങ്ങളും
വിശ്വാസങ്ങളും
ജാതിമതങ്ങളും
കൂടിക്കുഴഞ്ഞു കിടക്കുന്നു.

എന്റെ മുന്നിലോ?
ലോകത്തിൽ
മനുഷ്യൻ
മാത്രമേയുള്ളൂ.
അവന്റെ
പ്രശ്നങ്ങളും
അഭിലാഷങ്ങളും
ചിന്തകളും
മാത്രമേയുള്ളു.

അതിനാൽ
എന്റെ മനസ്സ്
ആകാശത്തിലെ
പക്ഷിയെപ്പോലെ
പറന്നുകൊണ്ടേയിരിക്കും.
ആകാശം കണ്ട്‌
ഭൂമി കണ്ട്‌
നക്ഷത്രങ്ങൾ കണ്ട്‌
കടലിന്റെ 
ആഴങ്ങൾ തേടിയും
ശൂന്യതയുടെ 
മർമ്മങ്ങൾ തെരഞ്ഞും
യാത്ര
തുടർന്നുകൊണ്ടേയിരിക്കും.

...

രാജൻ പെരുമ്പുള്ളി

Saturday, 28 September 2024

സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ

കെ ആർ മീരയുടെ
സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ
യിലെ ജെസബെൽ എന്ന കഥാപാത്രത്തോടൊപ്പം സഞ്ചരിക്കുകയായിരുന്നു ഞാനും.

ഡോക്ടർ ആവാൻ പഠിച്ചുകൊണ്ടിരിക്കെ കവിളിൽ നുണക്കുഴിയും സുന്ദരിയുമായ ജെസബെൽ വിവാഹിതയാകേണ്ടി വരുന്നു. പേര് കേട്ട തറവാട്ടിലെ ജെറോം ജോർജ്ജ് മരക്കാരൻ എന്ന യുവഡോക്ടർ വരാനായി വരുമ്പോൾ അതിൽ അവളും സന്തോഷിച്ചു.

പക്ഷേ ആദ്യരാത്രിയിൽ തന്നെ അവൾക്ക് പീഡാനുഭവം അയാളിൽ നിന്നും ഉണ്ടായി. We are made for each other എന്നെല്ലാം അയാൾ പറഞ്ഞത് വെറും വാക്കാണെന്നും അയാൾക്ക് അവൾ വെറുമൊരു ടോയ് മാത്രമാണെന്നും അയാളുടെ ഉദ്ധരിച്ച ലിംഗത്തിന്റെ കയ്പ്പ് നീര് തുപ്പിക്കളഞ്ഞു ഓക്കാനിക്കേണ്ടി വരുമ്പോൾ അവൾ മനസ്സിലാക്കുന്നു. എത്രയോ തവണ വായ കഴുകേണ്ടി വന്നു. അത് ഓർക്കുമ്പോൾ പോലും ഓക്കാനം വരുന്നു.

അക്കാര്യം സ്വന്തം വീട്ടിൽ സൂചിപ്പിക്കുമ്പോൾ അവരത് വേണ്ട വിധം മനസിലാക്കുന്നില്ല. അവൾക്കോ എല്ലാം തുറന്നു പറയാനും കഴിയുന്നില്ല. വിവാഹം കഴിയുമ്പോഴേക്കും ഡിവേഴ്സ്നു പോകുന്നത് തറവാട്ട് മഹിമയെ ബാധിക്കുന്ന വിഷയം ആണല്ലോ. ഭർത്താവ് നന്നാകും, മാറും എന്നെല്ലാം അവളും കരുതി.

ഭർത്താവിന്  സുഹൃത്തായ  ഡോ. അവിനാശിനോടായിരുന്നു അയാൾക്ക് പ്രിയം. വീട്ടുകാരുടെ നിർബന്ധത്താൽ ജെസബെലിനെ വിവാഹം കഴിച്ചു എന്നു മാത്രം. ഈ രണ്ടു പുരുഷൻമാരുടെ ബന്ധത്തെ കുറിച്ച് മനസ്സിലാക്കാൻ കഴിയാതെ രണ്ടര വർഷത്തോളം ഒന്നിച്ചുള്ള ജീവിതം മുന്നോട്ടു പോയി. ഒരു കുഞ്ഞിക്കാല് കാണാൻ കൊതിച്ചവരെല്ലാം നിരാശരായി.

അവസാനം കോടതിയിൽ ഡിവേഴ്‌സ് കേസിനു വീട്ടുകാർ അനുമതി കൊടുക്കുന്നു. അങ്ങനെ കേസ് നടക്കുന്നതിനിടയിലെ സംഭവപരമ്പരകളിലൂടെ നോവൽ മുന്നേറുന്നു.

ബൈബിൾ കഥകളിലൂടെ, കുടുംബകോടതി വിചാരണകളിലൂടെ, ആശുപത്രി ദുരിതങ്ങളിലൂടെ, അനേകം ബന്ധുമിത്രാധികഥകളിലൂടെ ഈ നോവൽ ജെസബെലിന്റെ കഥ പറയുന്നു. ഇങ്ങനെ ഒരു അത്യപൂർവമായ കഥ പറയാൻ ഒരുപാട് അദ്ധ്വാനവും ചിന്താശേഷിയും പഠനങ്ങളും അത്യാവശ്യമാണ്. അക്കാര്യത്തിൽ അനുഗ്രഹീതയായ കെ ആർ മീരയുടെ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ യും നമ്മുടെ മനസ്സിൽ ഇടം പിടിക്കുന്നു.

...

രാജൻ പെരുമ്പുള്ളി


Friday, 20 September 2024

പൂരം കലക്കികൾ

പുലിക്കളി ഭംഗിയായി അവസാനിച്ചു.
അഭിനന്ദനങ്ങൾ
🌱😄👍


പൂരം കലക്കികൾ
..


തൃശൂർ പൂരം കലക്കിയത് ആരാണ്?
വിശ്വാസികൾ തന്നെയാണ്.

അതിന്റെ രാഷ്ട്രീയ ഗുണഭോക്താക്കൾ തന്നെയാണ്.

അല്ലെന്ന് അവർ പറയുമായിരിക്കും. കൂടുതൽ അന്വേഷണറിപ്പോർട്ടുകൾ പുറത്തു വന്നാലേ സാധാരണക്കാരായ നമുക്കെല്ലാം പിടി കിട്ടുകയുള്ളൂ.
...

വർഷങ്ങൾക്കു മുൻപ് എന്റെ നാട്ടിൽ നടന്ന ഒരു സംഭവമാണ് എനിക്ക് ഓർമ്മ വരുന്നത്.

സംഭവം മാത്രമേ ചെറുതായി ഓർമ്മയുള്ളൂ. എന്റെ കുട്ടിക്കാലത്തു നടന്ന സംഭവം ആയതിനാൽ അതിന്റെ കാര്യകാരണങ്ങൾ ഒന്നും പറയാൻ എനിക്ക് കഴിയില്ല.

..

1970 കളിൽ ആണ് സംഭവം. വർഷം, തിയ്യതി ഒന്നും കൃത്യമായി അറിയില്ല. ഞങ്ങളുടെ നാട്ടിൽ കുറ്റുമുക്ക് അമ്പലത്തിലെ ഉത്സവം നടക്കുന്നു.  പകൽപൂരമൊന്നും അക്കാലത്ത് പതിവില്ല. സന്ധ്യ ആകുമ്പോൾ ഒരു തിരുമേനി ആനപ്പുറത്ത്  കയറി കോലവും പിടിച്ചു നാട് വലം വെക്കും. വലം വെക്കുന്നതിനിടയിൽ പലയിടത്തും വീടുകൾക്ക് മുന്നിൽ വീട്ടുകാരും കൂടാതെ അയൽകൂട്ടങ്ങൾ ഒന്നിച്ചു ചേർന്നും പറ വെക്കും. അന്നൊക്കെ നെല്ല്, മലർ, അവിൽ... ഇതൊക്കെ ആയാൽ ധാരാളം ആയി. അങ്ങനെ ഓരോ പ്രദേശങ്ങളും കടന്നു രാത്രി പത്തു പത്തരയോടെ നാട് ചുറ്റിത്തിരിഞ്ഞു ആന അമ്പലത്തിൽ തിരിച്ചു കയറും. അതിനു ശേഷം അമ്പലത്തിന്റെ നേരെ പടിഞ്ഞാറു ഭാഗത്ത് അര കിലോമീറ്റർ മാറി റോഡിൽ നിൽക്കുന്ന ആലിന്റെ ചുവട്ടിൽ നിന്നും പൂരം തുടങ്ങും.

കുറ്റുമുക്ക് അമ്പലത്തിൽ നിന്നും പുറപ്പെട്ടു ഏതാണ്ട് മുക്കാൽ കിലോമീറ്റർ കഴിയുമ്പോൾ ഞങ്ങളുടെ പ്രദേശം അടിയാറ മാത്തുപാടമായി. ഈ പാടത്തിന്റെ വരമ്പുകളിൽ കൂടി വേണം അടിയാറയിൽ എത്താൻ. മകരകൊയ്ത്തു കഴിഞ്ഞു കണ്ടങ്ങൾ എല്ലാം ഉണങ്ങിയ സമയത്താണ് ഉത്സവം നടക്കുന്നത് എന്നതിനാൽ പാടം വെള്ളമില്ലാതെ വരണ്ടു കിടക്കും. ആനയുടെ മുന്നിലും പിന്നിലും പന്തങ്ങൾ പിടിച്ചും അവിൽ, മലർ, തുളസിയില, പൂവിന്റെ ഇതളുകൾ... എല്ലാം കാഴ്ചക്കാരുടെ ഇടയിലേക്ക് എറിഞ്ഞും 'നട നട കൊത്യേയ്‌... കൊത്യേയ്‌.... ആന നട നട കൊത്യേയ്‌... കൊത്യേയ്‌... എന്നൊക്കെ ആർത്തു വിളിച്ചു ഒരു ഇരമ്പലോടെ ആനയുടെ ചങ്ങലകിലുക്കവും മണിയൊച്ചയും ഇടക്കിടെ പടക്കം പൊട്ടിക്കലുമൊക്കെയായി ആൾക്കൂട്ടം കടന്നുപോകും.

ഈ ആന കടന്നു പോകുന്ന സമയത്ത് റോഡിന്റെ ഇരുവശത്തും വാഴപ്പിണ്ടി കുഴിച്ചിട്ട് അതിൽ പന്തം കുത്തി വെക്കും. ആ പന്തങ്ങളിൽ കെടാതിരിക്കാൻ ഇടക്കിടെ എണ്ണ ഒഴിക്കും. ആന കടന്നു പോകുന്നതോടെ പലരും അതെടുത്തു സ്വന്തം വീടുകളിലേക്ക് പോകും. അക്കാലത്ത് ഞങ്ങളുടെ ഭാഗത്തൊന്നും ഇലക്ട്രിസിറ്റി എത്തിയിരുന്നില്ല. ഉത്സവം നടക്കുന്നത് നല്ല നിലാവുള്ള രാത്രിയിൽ ആയതിനാൽ പന്തങ്ങൾ ഇല്ലെങ്കിലും ഞങ്ങളുടെ വിശാലമായ പാടം മുഴുവനും തെളിഞ്ഞു കാണാം. 

ഞങ്ങളുടെ കരയിൽ നിന്നും കുറ്റുമുക്ക് റോഡിലേക്ക് പാടവരമ്പിന് പകരം അഞ്ചു മീറ്റർ വീതിയിൽ ഒരു റോഡ് ഉണ്ടാക്കിയാൽ ചളിയും വെള്ളവും ചവിട്ടാതെ ആളുകൾക്ക് കടന്നു പോകാം. അതുപോലെ ആർക്കെങ്കിലും അസുഖം വന്നാൽ ഒരു വണ്ടി വരാനും എളുപ്പമാകും. അതെല്ലാം പറഞ്ഞു അന്നത്തെ കുറച്ചു ചെറുപ്പക്കാർ നാട്ടുകാരിൽ ഒരു ആശയം മുന്നോട്ടു വെച്ചു. 

കുറച്ചു ആളുകൾ അതിനെ പിന്തുണച്ചു. കുറേപ്പേർ എതിർക്കുകയും ചെയ്തു. നല്ലകാര്യങ്ങളെ എതിർക്കാൻ എന്നും എവിടെയും കുറേപ്പേർ ഉണ്ടല്ലോ. ഇവിടെ പാടത്തിന്റെ നടുവിൽ കൂടി റോഡ് വരണമെങ്കിൽ ആ പാടത്തിന്റെ ഉടമകൾ ഒന്നുകിൽ വഴി വെറുതെ വിട്ടു തരണം. അല്ലെങ്കിൽ ആളുകൾ പിരിവെടുത്തു കാശു കൊടുത്തു  വാങ്ങിക്കണം. അല്ലാതെ ഒന്നും നടക്കില്ല.  എന്തിനുപറയുന്നു റോഡ് വേണം എന്ന് പറയുന്നവരും വേണ്ട എന്നു പറയുന്നവരും തമ്മിൽ വഴക്കായി.  ഒരു പൊതുവഴി വന്നാൽ എല്ലാവർക്കും ഗുണം ചെയ്യും. അത് എല്ലാവർക്കും അറിയാം. എന്നിട്ടും ഒരേ നാട്ടുകാർ തമ്മിൽ പരസ്പരം വഴക്കായി!

അങ്ങനെയിരിക്കുന്ന സമയത്താണ് ഉത്സവം വരുന്നത്. ഞങ്ങളുടെ ഭാഗത്ത് ആന എത്തുമ്പോൾ വഴികളിൽ പന്തം കത്തിക്കാനും പടക്കം പൊട്ടിക്കാനും ഒരു ഉത്സാഹകമ്മിറ്റി പൂരക്കാലം വരുമ്പോൾ ആളുകൾ ഒത്തുചേർന്ന് ഉണ്ടാക്കുക പതിവുണ്ട്. ഇത്തവണ ആ കമ്മിറ്റിയിലെ പ്രധാനികൾ റോഡ് വരണം എന്ന്‌ ആഗ്രഹിക്കുന്നവരായിരുന്നു. എതിർടീമിനു അത് തീരെ സഹിച്ചില്ല. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കിയേ മതിയാകു. അങ്ങനെ ഉത്സവം വന്നു. പതിവുപോലെ സന്ധ്യയായപ്പോൾ ആനപ്പുറത്ത് കുറ്റുമുക്ക് തേവർ ഇറങ്ങി. നട നടയായി ആൾക്കൂട്ടവും ആനയും ഞങ്ങളുടെ മാത്തുപ്പാടത്തെത്തി.  സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘങ്ങൾ തൊഴുകയ്യോടെ അങ്ങനെ നിന്നു.  പാടത്തിന്റെ തുടക്കം തെക്കേ അടിയാറയും പകുതി കഴിയുമ്പോൾ വടക്കേ അടിയാറയും ആയി. അങ്ങനെയാണ് അതിർത്തി പങ്കിടുന്നത്.  വടക്കേ ഭാഗത്തുള്ള ഞങ്ങളുടെ അതിർത്തിയിൽ ആന എത്തിയതും ആരോ ഒരാൾ ആനയുടെ കാൽചുവട്ടിലേക്ക് ഒരു കുല പടക്കം പൊട്ടിച്ച് എറിഞ്ഞതും ഒന്നിച്ചായിരുന്നു. ആന വെറുതെ നിൽക്കുമോ? അത് പരാക്രമം എടുത്ത് ഓടി. ആനപ്പുറത്ത് നിന്നും കോലം തെറിച്ചുപോയി. തിരുമേനി താഴെ വീണു. പുള്ളിയുടെ കാല് ഒടിഞ്ഞു. ആന കണ്ടം വഴി ഓടി കുറെ കഴിഞ്ഞപ്പോൾ ഒരിടത്ത് നിന്നു.  അവിടെ കൂടിനിന്നവർ കൂട്ടനിലവിളിയോടെ പരക്കം പാഞ്ഞു.

ആ പരക്കംപാച്ചിലിൽ  പലർക്കും അവിടവിടെ വീണു പരിക്കു പറ്റി. ആ ഓടിയ ആനയെ പിന്നീട് പുലർച്ചെ എപ്പോഴോ തളച്ചു. അന്ന് നടക്കേണ്ടിയിരുന്ന പൂരം ചെറിയ തോതിൽ നടത്തി അവസാനിപ്പിച്ചു. 

അങ്ങനെ പൂരംകലക്കികൾ തൽക്കാലിക വിജയം നേടി. 

വർഷങ്ങൾക്കിപ്പുറം അന്നത്തെ ആ സ്വപ്നറോഡ് ആറോ ഏഴോ മീറ്റർ വീതിയുള്ള ടാറിട്ട റോഡായി മാറി. അതിന്റെ ഇരു വശവും വലിയ ഇരുനില വീടുകൾ വന്നു. ഇപ്പോഴും ഉത്സവം വരുമ്പോൾ റോഡിന്റെ ഇരുവശത്തും വാഴപ്പിണ്ടി കുഴിച്ചിട്ട് പന്തത്തിനു പകരം ചെരാത്‌ വെച്ച് തിരി കൊളുത്തും. ആന വരുമ്പോൾ പറ വെക്കും. പടക്കം പൊട്ടിക്കും. എല്ലാം ഉത്സാഹത്തോടെ നടക്കുന്നു.

ഞാൻ പറഞ്ഞു വന്നത് എല്ലായിടത്തും ഓരോ കാലത്തും പൂരംകലക്കികൾ ഉണ്ടെന്നാണ്. പൂരംകലക്കികൾക്ക് താൽക്കാലിക നേട്ടങ്ങൾ ഉണ്ടെന്നുള്ളത് ശരിതന്നെ. എങ്കിലും കാലം അതെല്ലാം മായ്ച്ചു കളയും. സമൂഹവും നാടും പിന്നെയും മുന്നേറും.

ശുഭം!😄

...

രാജൻ പെരുമ്പുള്ളി

Friday, 13 September 2024

ചെമന്ന ചെറകറ്റ പക്ഷി

ചെമന്ന ചെറകറ്റ പക്ഷി
ഡോ. ആനന്ദൻ

ഈ നോവൽ
അനന്തുവിന്റെ ബാല്യം, കൗമാരം, യവ്വനം.... 
ഇതിലൂടെ കടന്നുപോകുന്നു.

ബാല്യത്തിലെ സ്‌കൂൾ ജീവിതം കഴിഞ്ഞു കോളേജ് ജീവിതത്തിൽ എത്തുമ്പോൾ ഒരു വശത്ത് പഠനവും മറുവശത്ത് സാമൂഹ്യരാഷ്ടീയ മണ്ഡലങ്ങൾ നിരീക്ഷിക്കുകയും ഒപ്പം ചെറിയ തോതിൽ രഹസ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന അനന്തുവിനെ കാണാം.

അച്ഛൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗം ആയിട്ടും അവരുടെ പാർട്ടി ഇന്ദിരാഗാന്ധിയുടെ ബൂർഷ്വാ പാർട്ടിയെ പിന്തുണച്ചും അടിയന്തരാവസ്ഥയെ തഴുകിയും കേരളത്തിൽ ഭരണം പങ്കിടുന്നതിനോട് യോജിക്കാൻ അനന്തുവിന് കഴിയുന്നില്ല. അച്ഛനെപ്പോലുള്ള നിഷ്കളങ്കരോട് വിഷയം സംസാരിക്കുന്നതിൽ അർത്ഥവുമില്ല. മകൻ ഒരുപാട്  ആശങ്കകളോടെ ആണെങ്കിലും പയ്യെ നക്സൽ ആശയങ്ങളോട് അടുക്കുന്നു. ഒന്നായിരുന്ന കമ്യൂണിസ്റ്റ് പാർട്ടി രണ്ടും മൂന്നും ആയി മാറുന്നതും ലോകത്തിലെ കമ്യുണിസ്റ്റ് മുന്നേറ്റങ്ങളും അപചയങ്ങളും നോവലിൽ ചർച്ചയാവുന്നുണ്ട്.

അനന്തു പഠിച്ചു ഡോക്ടർ ആകുമ്പോൾ കൂലിവേലക്കാരായ അച്ഛനും അമ്മയും ഏറെ സന്തോഷിക്കുന്നു. അനന്തു പക്ഷേ തന്റെ ഡോക്ടർ ജീവിതം പണം ഉണ്ടാക്കി സുഖജീവിതം നയിക്കുന്നതിന് പകരം അതിനെ സേവനമാക്കി മാറ്റുവാൻ തീരുമാനിക്കുകയും അങ്ങനെ വയനാടിന്റെ ആദിവാസി മേഖലയിൽ വന്നു സേവനം തുടങ്ങുകയും ചെയ്യുന്നു. അതോടൊപ്പം നക്സൽ ബന്ധങ്ങളും തുടരുന്നു. ആശയപരമായി ഒന്നിച്ചു നിൽക്കുന്നുവെങ്കിലും പലപ്പോഴും സംഘടനയുടെ പല പ്രവർത്തനങ്ങളിലും ഒപ്പം നിൽക്കാൻ മാനസികമായി അനന്തുവിന്  കഴിയുന്നുമില്ല. 

അവിടെ വെച്ച് തന്റെ അസിസ്റ്റന്റ് നാഴ്‌സായിരുന്ന സിസ്റ്റർ റോസ്‌ലിൻ പിന്നീട് ഒരു മാവോയിസ്റ്റ് ആയി വധിക്കപ്പെട്ടു. സിസ്റ്റർ എങ്ങനെ മാവോയിസ്റ്റ് ആയി? എന്നു നക്സൽ ആയിരുന്ന ഡോക്ടർ അത്ഭുതപ്പെടുന്നു. ഒരു നക്സലിന് മാവോയിസ്റ്റ് ആശയങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നത് രസകരമായ കാഴ്ചപ്പാടാണ്. 

അവസാനം ഈ ആശയങ്ങളുടെ കൂട്ടിക്കിഴിക്കലുകൾ മനസ്സിലാകാതെ ഉൾക്കൊള്ളാൻ കഴിയാതെ അനന്തു വിഭ്രാന്തിയിൽ പെടുകയും അനേകം സംശയങ്ങളും ചോദ്യങ്ങളും സമൂഹത്തോട് പങ്കു വെക്കുകയും ചെയ്തുകൊണ്ട് നോവൽ അവസാനിക്കുന്നു.

അഭിനന്ദനങ്ങൾ...🌱

..

രാജൻ പെരുമ്പുള്ളി