പ്രഥമപ്രതിശ്രുതി
ആശാപൂർണാദേവിയ്ക്ക് ജ്ഞാനപീഠം നേടികൊടുത്ത നോവലാണ് പ്രഥമപ്രതിശ്രുതി. പി. മാധവൻപിള്ള മലയാളത്തിലേക്ക് വിവർത്തിനം ചെയ്തിരിക്കുന്നു.
പ്രഥമപ്രതിശ്രുതി, സുവര്‍ണ്ണ ലത, ബകുള്‍ കഥ ഈ നോവൽത്രയം വായിച്ചാലേ ഈ കഥ പൂർണ്ണമാവുകയുള്ളൂ. ഞാന്‍ വായന തുടങ്ങിയതോ സുവർണ്ണ ലതയിലും..പിന്നെ ബകുൾ കഥയും പ്രഥമപ്രതിശ്രുതിയും വായിച്ചു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഥമപ്രതിശ്രുതി മാതൃഭൂമിയില്‍ സീരിയലൈസ് വരുമ്പോള്‍ ഞാന്‍ വായിച്ചിരുന്നില്ല. എനിക്ക് അങ്ങനെ വായിക്കുന്നതും ഇഷ്ടമുള്ള കാര്യമല്ല. ഒരാഴ്ച കാത്തിരുന്നു പിറ്റേഭാഗം വായിക്കുക. പിന്നെയും കാത്തിരിക്കേണ്ടി വരിക എന്നത് ക്ലേശകരംതന്നെ. അതിനാല്‍ പുസ്തകമാവുമ്പോള്‍ വായിക്കുന്നതാണ് എനിക്കിഷ്ടം.
അങ്ങനെ സുവര്‍ണ്ണലത വായിക്കുമ്പോഴാണ് മനസ്സിലാകുന്നത് പ്രഥമപ്രതിശ്രുതിയും ബകുള്‍ കഥയുംകൂടി വായിക്കണമെന്ന്. അങ്ങനെ ബകുള്‍ കഥയും ഇപ്പോള്‍ പ്രഥമപ്രതിശ്രുതിയും വായിച്ചു തീര്‍ന്നത്.
മൂന്നു തലമുറകളുടെ കഥ പറയുന്ന ഈ പുസ്തകങ്ങള്‍ 19-താം നൂറ്റാണ്ടിലേയും 20-താം നൂറ്റാണ്ടിന്‍റെയും ബംഗാളിലെ ഗ്രാമീണ സാമൂഹ്യ ജീവിതം എങ്ങനെയായിരുന്നു എന്നുതന്നെയാണ് പറഞ്ഞുതരുന്നത്. ബ്രാഹ്മണകുലത്തില്‍ ജനിച്ചാലും സ്ത്രീകളുടെ ജീവിതം എങ്ങനെയൊക്കെ നരകതുല്യമായി മാറുന്നു എന്ന കഥയാണ് ഈ നോവലുകളിലൂടെ അടിവരയിട്ടു കാണിച്ചു തരുന്നത്.
ബംഗാളി ബ്രാഹ്മിന്‍സ് മത്സ്യവും മാംസവും കഴിക്കുന്നുണ്ട് എന്ന കാര്യം ഒഴിച്ചാല്‍ കേരളത്തിലെ ബ്രാഹ്മണരും ബംഗാളി ബ്രാഹ്മണരും ജീവിതത്തിലും ചിന്തകളിലും ഒരു വ്യത്യാസവും കാണാന്‍ കഴിയില്ല എന്നത് രസകരവും ചിന്തനീയവും ആണ്. അതായത് ഏഴോ എട്ടോ വയസ്സാകുമ്പോളേക്കും പെണ്‍കുട്ടികളെ വിവാഹം ചെയ്തു കൊടുക്കുന്നതും പത്തോ പതിനൊന്നോ വയസ്സുകാരന്‍ വരന്‍ ആകുന്നതും വിധവ ആകേണ്ടി വന്നാല്‍ ജീവിതം മുഴുവന്‍ വേലക്കാരിയെ പോലെ അടുക്കളയില്‍ ജീവിതം കഴിച്ചുക്കൂട്ടേണ്ടി വരുന്നതും എല്ലാം ഒരുപോലെ.
ഏറ്റവും രസകരം ഈ വക കര്‍മ്മങ്ങള്‍ക്കെല്ലാം വയസ്സായ സ്ത്രീകളും അല്ലാത്തവരും പുരുഷന്മാരേക്കാള്‍ മുന്നില്‍ ഉണ്ടായിരിക്കും എന്നതാണ്. കലാകാലങ്ങളായി ആചരിച്ചു വരുന്ന ഇത്തരം ആചാരങ്ങള്‍ സ്ത്രീ വിരുദ്ധമാണെന്നോ സാമൂഹ്യവിരുദ്ധമാണെന്നോ അന്നത്തെ സ്ത്രീകൾക്കോ പുരുഷന്മാര്‍ക്കോ തോന്നിയിരുന്നില്ല. ആചാരങ്ങള്‍ എല്ലാം അനുസരിക്കാനുള്ളത് മാത്രമുള്ളതായിരുന്നു അവര്‍ക്ക് .
ഇങ്ങനെയുള്ള സാഹജര്യത്തിലാണ് എട്ടാം വയസ്സില്‍ സത്യവതിയെ നാട്ടിലെ പ്രതാപിയായ അച്ഛന്‍ രാമകാളി നവകുമാര്‍ എന്ന നാണംകുണുങ്ങിക്കു കല്യാണം കഴിച്ചു കൊടുക്കുന്നത്. സത്യയോ എല്ലാ കാര്യങ്ങളും വേഗത്തില്‍ മനസ്സിലാക്കുകയും വലിയവരെക്കാള്‍ കാര്യബോധത്തോടെ എല്ലാത്തിനോടും പ്രതികരിക്കുന്നവളും!
രാമകാളിപോലും അറിയാതെ എഴുതാനും വായിക്കാനും പഠിച്ചു. കൂട്ടുകാരോടൊപ്പം നീന്താനും മരത്തില്‍ കയറാനും തന്നേക്കാള്‍ മൂത്തവർക്ക് പോലും ഉപദേശം നൽകുവാനും കഴിവുള്ളവള്‍.
നവകുമാറിനു കൽക്കത്തയില്‍ സായ്പന്മാരുടെ കമ്പനിയില്‍ ജോലി കിട്ടുമ്പോള്‍ സത്യയും കൽക്കത്തയിലേക്ക് വരുന്നു. മൂത്ത രണ്ടാങ്കുട്ടികളെയും നല്ല രീതിയില്‍ പഠിപ്പിക്കുന്നു. ഇളയമകള്‍ സുവര്‍ണ്ണ യെയും പഠിപ്പിക്കണം എന്ന വാശിയില്‍ സ്കൂളില്‍ വിടുന്നു.
ഇരുപത്തിമൂന്നില്‍ എത്തി നിൽക്കുന്ന മൂത്തമകന്‍റെ കല്യാണം ഉറപ്പിക്കുന്നതിനു വേണ്ടി നവകുമാരും എട്ടുവസസ്സുകാരി സുവര്‍ണ്ണയും ഗ്രാമത്തിലെ തറവാട്ടില്‍ എത്തുന്നു. ഇത്രയും പ്രായമുള്ള മകള്‍ നില്‍ക്കുമ്പോ അവളുടെ വിവാഹം ആദ്യം നടത്താന്‍ മുത്തശ്ശി അളകേശി തീരുമാനിക്കുന്നു. ആ തീരുമാനത്തെ എതിര്‍ക്കാനോ അതിന്‍റെ ആവശ്യകതയോ നവകുമാറിനും തോന്നുന്നില്ല. സത്യയോട് എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്ന വിഷമം മാത്രമേ അയാള്‍ ക്കുള്ളൂ .
ഈ കാര്യങ്ങളൊന്നും അറിയിക്കാതെ കല്‍കത്തയില്‍ നിന്നും സത്യയെയും മക്കളെയും സൗദ ഗ്രാമത്തിലേക്ക് കൂട്ടികൊണ്ടുവരുന്നു. കാളവണ്ടി ഗ്രാമത്തിലെ വീട്ടില്‍ എത്താറാവുമ്പോള്‍ സത്യയുടെ മനസ്സും എന്തോ പന്തികേടുണ്ടല്ലോ എന്ന് ഭയക്കുന്നു. അങ്ങനെ വീട്ടില്‍ വന്നു കയറുമ്പോള്‍ തന്‍റെ എല്ലാമായ സുവർണ്ണയുടെ കെട്ടുകല്യാണം അവസാനരംഗത്തില്‍ എത്തിനിൽക്കുന്നത് കാണുന്നു.
ഇതു കണ്ട് മനസ്സു തകര്‍ന്ന്‍ സത്യ മക്കളെയും ഭർത്താവിനെയും ഗ്രാമത്തെയും എല്ലാത്തിനെയും ഉപേക്ഷിച്ചു വന്ന കാളവണ്ടിയില്‍ തന്നെ തിരിച്ചു യാത്രയാകുന്നു.
നവകുമാര്‍ ആത്മാഭിമാനം നഷ്ടപ്പെടുത്തികൊണ്ട് ഓടിവന്നു. അയാള്‍ വരാതിരിക്കുമോ? അയാളും കൈകൂപ്പി യാചിക്കുന്ന മട്ടില്‍ പറഞ്ഞു: “സംഭവിച്ചതിനു ഇനി വേറെ ഉപായമോന്നുമില്ല. പിന്നെന്തിനാണ്?....”
സത്യ അളകേശിയോടു ഒന്നും പറഞ്ഞില്ലെങ്കിലും, അളകേശിയുടെ മകനോടു പറഞ്ഞു: “ഉപായമുണ്ടോ ഇല്ലയോ എന്ന് ജീവിതത്തിന്‍റെ ബാക്കി ദിവസങ്ങളില്‍ ആലോചിക്കാം, അത് മാത്രമായിരിക്കും ഇനി എന്‍റെ ചിന്ത.”
അലമുറയിട്ടു കരയുന്ന സുവര്‍ണ്ണ കാര്യങ്ങള്‍ മനസ്സില്ലാക്കുമ്പോള്‍ തന്നെ വെറുക്കില്ല എന്ന് സ്വയം ആശ്വസിക്കുന്നു. അങ്ങനെ മനസ്സില്‍ ഉരുണ്ടുകൂടിയ ചോദ്യങ്ങൾക്ക് ഉത്തരം തേടി തിരിച്ചു പോകുന്നു.
“തീർച്ചയയായും കാശിയില്‍ പോകുന്നുണ്ട്. അച്ഛന്‍റെയടുത്ത് പോകണം. അനവധി ചോദ്യങ്ങള്‍ തയ്യാറാക്കി വച്ചിട്ടുണ്ട്. ആദ്യം അതിന്‍റെ യെല്ലാം ഉത്തരം ചോദിച്ചറിയണം.”
പെട്ടെന്നു നിശ്ശബ്ദത പരന്നു. വണ്ടി ഗ്രാമാതിര്‍ത്തിയിലെത്തി നിന്നു. കാളവണ്ടിയുടെ പാത തീർന്നു.
ഇങ്ങനെയാണ് ഈ നോവല്‍ അവസാനിപ്പിക്കുന്നത്.
ഇനി സുവര്‍ണ്ണയുടെ ജീവിതം എന്താകും?
ആ കഥയാണ് സുവര്‍ണ്ണ ലതയിലൂടെ പറയുന്നത്.
.....
രാജൻ പെരുമ്പുള്ളി
No comments:
Post a Comment