Monday, 2 March 2026

സാഹിതിയിൽ സംസാരിച്ചത്

ചേറൂർ സാഹിതിയിൽ സംസാരിച്ചത്
(പ്രസക്ത ഭാഗങ്ങൾ)

തസ്ലീമ നസ്രിന്റെ ലജ്ജയെ കുറിച്ചും വീണ്ടും ലജ്ജിക്കുന്നു എന്നതിനെ കുറിച്ചും പൊതുവായി മറ്റ്‌ അവരുടെ പുസ്തകങ്ങളെ കുറിച്ചും  ആസ്പദമാക്കി ഞാൻ എഴുതിയ 
ചോര വീഴുന്ന മണ്ണ്
Soil Soaked in Blood നെ കുറിച്ചും പറയാം എന്നു വിചാരിക്കുന്നു.

ആദ്യം തസ്ലീമയെ ഒന്നു പരിചയപ്പെടുത്താം. 1962 ൽ ബംഗ്ലാദേശിലെ ഡാക്കായ്‌ക്ക് അടുത്തുളള മെയ്മൻസിങ്ങിൽ അവർ ജനിച്ചു. അച്ഛൻ രജബ് അലി ഒരു ഡോക്ടറായിരുന്നു. അമ്മ സാധാരണ ഒരു വീട്ടമ്മയും. രണ്ടു സഹോദരന്മാരും ഒരു സഹോദരിയും അടങ്ങിയ കുടുംബം.

തസ്ലീമയ്‌ക്ക് എഞ്ചിനീയർ ആവാനായിരുന്നു ആഗ്രഹം. എന്നാൽ അച്ഛന്റെ ആഗ്രഹപ്രകാരം ഡോക്ടറായി മാറുകയാണ് ഉണ്ടായത്.

സ്‌കൂൾ പഠനകാലത്ത് തന്നെ കഥകളും കവിതകളും നോവലുകളും വായന തുടങ്ങി. ആ സമയത്ത് തന്നെ കവിതകളും എഴുതി തുടങ്ങിയിരുന്നു. ചിലതെല്ലാം ഓരോ മാഗസിനുകളിൽ അച്ചടിച്ചു വരാനും തുടങ്ങി.  പിന്നീട് ലേഖനങ്ങളും എഴുതി തുടങ്ങി. നാട്ടിലെ പ്രധാന സംഭവങ്ങളെ കുറിച്ചും പൊതുവിൽ ധാരാളം സ്ത്രീ വിഷയങ്ങളും എഴുതിവന്നു. അതിലെ പല ലേഖനങ്ങളും ബംഗ്ലാദേശിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു.

അക്കാലത്ത് ആളുകളുമായി ബന്ധപ്പെടാൻ പ്രധാനമായും ആശ്രയിച്ചത് തൂലികാ സൗഹൃദങ്ങൾ ആയിരുന്നു.

കിട്ടുന്ന അഡ്രസ്സുകളിൽ കത്തെഴുതുകയും അതിനു മറുപടി വരുമ്പോൾ ആഘോഷിക്കുകയും ചെയ്തു. അങ്ങനെ കുറെ സൗഹൃദങ്ങൾ ഉണ്ടാക്കാൻ അക്കാലത്ത് കഴിഞ്ഞു.  അങ്ങനെ മുന്നോട്ടു പോകുമ്പോഴാണ് സ്വന്തമായി ഒരു മാസിക ഇറക്കാൻ തോന്നുന്നത്.

കിട്ടുന്ന കഥകളും കവിതകളും ലേഖനങ്ങളും എല്ലാം ചേർന്നുള്ള മാസികയായിരുന്നു അത്.  ഒരെണ്ണം ഇറങ്ങി കഴിഞ്ഞാൽ അടുത്ത പതിപ്പ് ഇറങ്ങുന്നത് മാസങ്ങൾ കഴിഞ്ഞായിരിക്കും. കാരണം പൈസയുടെ പ്രശ്നം തന്നെ. പുസ്തകം ഇറക്കാനുള്ള പണം തരപ്പെട്ടാൽ അടുത്തത് ഇറക്കുകയും ചെയ്യും. അതാണ് രീതി.

എവിടെ അനീതി കണ്ടോ? ആക്രമണം കണ്ടോ? അതിനെതിരെ പ്രതിഷേധിക്കുകയും പ്രതികരിക്കുകയും എഴുതുകയും ചെയ്യും.  ഇല്ലാത്തവരോട്, നിരാലംബരോട്
സഹാനുഭൂതി നിറഞ്ഞ മനസ്സ് എന്നും തസ്ലീമ മനസ്സിൽ സൂക്ഷിച്ചു.

അതായത് 
ടാഗോറും, കവി നസ്രുൽ ഇസ്‌ലാമും മാക്സിം ഗോർക്കിയുമെല്ലാം നിറഞ്ഞു നിന്ന സാഹിത്യ ലോകവും സുഭാഷ് ചന്ദ്രബോസിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന ബംഗാളിന്റെ രാഷ്ട്രീയ മനസ്സും ജാതിമത ദൈവ രഹിതചിന്തകളും തസ്ലീമ നസ്രിന്റെ മുന്നോട്ടുള്ള വഴികൾക്ക് വീര്യം പകർന്നു.

സ്വാതന്ത്ര്യം കിട്ടുമ്പോൾ ഇന്ത്യ, പാക്കിസ്ഥാനും ഇന്ത്യയുമായി പിളർന്നു. കിഴക്കൻ പാക്കിസ്ഥാനിൽ നിന്നും ബംഗാളിലേക്കും പടിഞ്ഞാറൻ പാക്കിസ്ഥാനിൽ നിന്നും പഞ്ചാബ്, ജമ്മു കാഷ്മീർ, രാജസ്ഥാൻ വഴിയും ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും വരാൻ തുടങ്ങി.  അതോടെ ഹിന്ദു-മുസ്ലിം വേർതിരിവ് വരികയും   വൻ കലാപമായി മാറുകയും ചെയ്തു. ലക്ഷക്കണക്കിന് ആളുകൾ മരിച്ചു വീണു. കൊള്ളിവെപ്പുകളും ബലാൽസംഗങ്ങളും കൊള്ളയും നിർബാധം തുടർന്നു. 

ഇതായിരുന്നോ ഭഗത് സിങും സുഭാഷ് ചന്ദ്രബോസും ഗാന്ധിയുമെല്ലാം സ്വപ്നം കണ്ട ഇന്ത്യ! അല്ലേ അല്ല.

ബ്രിട്ടനെ ഓടിച്ചതിനു ശേഷം നല്ലൊരു ഇന്ത്യ കെട്ടിപ്പടുക്കാമെന്ന്‌ അവർ സ്വപ്നം കണ്ടു. എന്നാൽ അവരുടെ സ്വപ്നങ്ങൾ തകർത്തുകൊണ്ട് സ്വാതന്ത്ര്യം ലഭിക്കുന്നതിന്റെ അവസരം അടുത്തപ്പോൾ രാഷ്ട്രീയ അധികാരം വർഗ്ഗീയ വാദികളുടെ കയ്യിൽ എത്തിച്ചേരുകയും ഹിന്ദു തീവ്രവാദികളും മുസ്ലിം തീവ്രവാദികളും ചേർന്ന് കലാപങ്ങൾ ഉണ്ടാക്കുകയും ഇന്ത്യ പിളരുകയും ചെയ്യുന്നു. ബ്രിട്ടൻ അവരുടെ വഴിക്ക് പോവുകയും ചെയ്തു. ഇന്ത്യക്കും പാക്കിസ്ഥാനും വലിയ നാശനഷ്ടങ്ങൾ ഉണ്ടായി. എന്നാൽ ബ്രിട്ടനോ? 
അവർ സ്വസ്ഥമായി ഇന്ത്യ വിട്ടുപോയി. ഇന്ത്യയ്ക്ക് അവരോട് പകയോ പരിഭവമോ വെറുപ്പോ ഇല്ല. അതുപോലെ തന്നെ പാക്കിസ്ഥാനും അവരോട് പകയോ വെറുപ്പോ ഇല്ല.  ഇന്ത്യ ഒന്നായി നിന്നിരുന്നുവെങ്കിൽ നമ്മുടെ പകയും വിദ്വേഷവും ബ്രിട്ടനോട് ആകുമായിരുന്നു. അവരണല്ലോ നമ്മെ അടിച്ചമർത്തി ഭരിച്ചത്. എന്നാൽ എന്താണ് സംഭവിച്ചത്? ഇന്ത്യയും പാകിസ്ഥാനും ബ്രിട്ടനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു. പകരം നമ്മൾ രണ്ടു രാജ്യങ്ങൾ ഹിന്ദു മുസ്ലിം എന്നെല്ലാം പറഞ്ഞു പരസ്പരം അടി കൂടി. ഇതാണ് വെള്ളക്കാരന്റെ കാഞ്ഞ ബുദ്ധി. നമ്മൾ ഇവിടെ പരസ്പരം തല്ലുകൂടുന്നത് അല്ലാതെ ഇന്നും ഒരിക്കലും ബ്രിട്ടീഷ് ചെയ്തികളെ വെറുക്കുകയോ അപലഭിക്കുകയോ ചെയ്യുന്നില്ല എന്നത് വെളുത്തവന്റെ വിജയം തന്നെയാണ്.

അങ്ങനെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നു. 1948 ൽ ആദ്യമേ ഇന്ത്യയിലെ ഹിന്ദു തീവ്രവാദികൾ ഗാന്ധിജിയെ വെടിവെച്ചു കൊല്ലുന്നു. ഗാന്ധിയ്‌ക്ക് വെടിയേറ്റു എന്ന് അറിഞ്ഞതോടെ ഇന്ത്യയിലും പാക്കിസ്ഥാനിലും ആളുകൾ ഒരേപോലെ ദുഃഖിതരായി മാറുന്നു. അങ്ങനെയാണ് ഇന്ത്യയിലും പാക്കിസ്ഥാനിലും വർഗ്ഗീയ കലാപങ്ങൾ കെട്ടടങ്ങുന്നത്. എങ്കിലും ഇന്ത്യയുടെ ഹിന്ദുത്വമനസ്സിൽ നിന്നും വർഗ്ഗീയത പോകാതെ ഒരു കനലുപോലെ പുറമേ ചാരവുമായി അങ്ങനെ കിടന്നു. പിന്നീട് അത് പടർന്ന് 1992 ൽ അവസരം കിട്ടിയപ്പോൾ ബാബറി മസ്ജിദ് പൊളിക്കുകയും ചെയ്തു.

വി എസ് നയ്പ്പാൾ എന്ന വലിയ എഴുത്തുകാരൻ ഇതെല്ലാം 
-ഇന്ത്യ കലാപങ്ങളുടെ വർത്തമാനം
India a million mutinies now 
എന്ന പുസ്തകത്തിൽ  എഴുതുന്നുണ്ട്. 

ട്രിനിനഡിൽ ജനിച്ച അദ്ദേഹം ഇന്ത്യയിൽ ആദ്യമായി വരുന്നത് 1962 -ലാണ്.  അന്ന് അദ്ദേഹം ഇന്ത്യയുടെ പല ഭാഗങ്ങളും സന്ദർശിച്ചു. ഇന്ത്യയെ പഠിക്കാൻ വന്ന അദ്ദേഹം വലിയ ഹോട്ടലുകളിലെ താമസം ഒഴിവാക്കി. Paying gust ആയി പല വീടുകളിലും താമസിച്ചു. ആഴ്ചകളോളം ചിലയിടങ്ങളിൽ തങ്ങി. അന്നേ ആളുകളിൽ മുസ്ലിം വിരോധവും കീഴ്ജാതി വിരോധവും പ്രകടമായിരുന്നു. ബോംബെയിലെ ചേരികളിൽ പോലും അദ്ദേഹം അക്കാലത്ത് താമസിച്ചിരുന്നു. 

പിന്നീട്  1988 -ലാണ് അദ്ദേഹം ഇന്ത്യയിൽ വീണ്ടും വരുന്നത്. ആ സമയം ആകുമ്പോഴേക്കും മുസ്ലിം വിരുദ്ധ വികാരം കുറേക്കൂടി മൂർചിച്ചിരുന്നു. ബോധപൂർവം ഹിന്ദു വർഗ്ഗീയ ശക്തികൾ അത് വളർത്തിയിരുന്നു.

ബോംബെയിലും തമിഴ്നാട്ടിലും ഇന്ത്യയുടെ പല ഭാഗങ്ങളിലും അദ്ദേഹം സഞ്ചരിച്ചു. സാധാരണ ചായക്കടകളിൽ നിന്നും ചായ കുടിച്ചും, സൈക്കിൾ റിക്ഷയിലും, കാൽ നടയായും ബസ്സിലും ട്രെയിനിലുമൊക്കെ സഞ്ചരിച്ചും ഇന്ത്യയെ പഠിച്ചു.  അങ്ങനെയാണ് India a million mutinies now എന്ന പുസ്തകം എഴുതുന്നത്.  ആ പുസ്തകം എഴുതി വെറും നാല് വർഷം കഴിയുമ്പോഴേക്കും ഇന്ത്യയിൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടു.
അതിന്റെ പശ്ചാത്തലത്തിലാണ്‌ തസ്ലീമ നസ്രിൻ ലജ്ജ എഴുതുന്നത്.

ഇനി ലജ്ജയെ കുറിച്ച് പറയാം.

മാനവികത മതത്തിന്റെ പര്യായ പദമായി മാറട്ടെ

എന്നാണ് ലജ്ജയിൽ ആദ്യമായി പറയുന്നത്. എന്നു പറഞ്ഞാൽ 
മതത്തിൽ മാനവികത ഇല്ലേ ഇല്ല എന്നർത്ഥം!

ലജ്ജയുടെ പ്രധാന വിഷയം ഇതാണ്. ഇന്ത്യയിൽ ബാബറി മസ്ജിദ് പൊളിച്ചപ്പോൾ ഇന്ത്യയിലെ ഹിന്ദുക്കൾ മുസ്ലിങ്ങളെ ആക്രമിക്കുകയും വീടുകളും സ്ഥാപനങ്ങളും ആക്രമിക്കുകയും കൊള്ളയടിക്കുകയും ആയിരങ്ങൾ വധിക്കപ്പെടുകയും സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെടുകയും ചെയ്തു. കൂടാതെ ഇവിടുത്തെ മുസ്ലീങ്ങളോട് നിങ്ങൾ പാക്കിസ്ഥാനിലേക്ക് പോകൂ എന്ന്‌ ആക്രോശിക്കുകയും ചെയ്തു.

ഇതേ സംഭവങ്ങൾ തന്നെയാണ് മുസ്ലിം ഭൂരിപക്ഷമുള്ള പാക്കിസ്ഥാനിലും ബംഗ്ലാദേശിലും സംഭവിച്ചത്.  അവിടെ മുസ്ലിങ്ങൾ അമ്പലങ്ങൾ കത്തിക്കുകയും ഹിന്ദുക്കളുടെ സ്വത്തുക്കൾ കൊള്ളയടിക്കുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അവസാനം നിങ്ങൾ ഇന്ത്യയിലേക്ക് പോകൂ എന്ന് ആജ്ഞാപിക്കുകയും ചെയ്യുന്നു.

ജനിച്ചു വളർന്ന നാട് വിട്ട് മറ്റൊരു രാജ്യത്തേക്ക് അഭയാർത്ഥിയായി പോവുക എന്നതിന്റെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ... എത്ര കഠിനമാണ് അത്.

ഇങ്ങനെ ബംഗ്ലാദേശിൽ നടന്ന ഒരു കഥയാണ് തസ്ലീമ ലജ്ജയിൽ എഴുതിയിരിക്കുന്നത്.  എന്നാൽ തസ്ലീമയ്‌ക്ക് ഒരു അബദ്ധം പറ്റി. ബംഗ്ലാദേശിൽ മുസ്ലിം ഹിന്ദുവിനെ ആക്രമിക്കുന്ന കാര്യം മാത്രമേ പ്രധാനമായും ലജ്ജയിൽ വരുന്നുള്ളൂ. ഇന്ത്യയിൽ ഹിന്ദു മുസ്ലിമിനെ ആക്രമിക്കുന്ന കാര്യം കൂടി എഴുതിയിരുന്നെങ്കിൽ മുസ്ലിം വിരോധം ഇത്രയും രൂക്ഷമായി അവർക്ക് നേരെ ഉണ്ടാകുമായിരുന്നില്ല. പുസ്തകം എഴുതികഴിഞ്ഞു വിമർശനങ്ങൾ വന്നു തുടങ്ങിപ്പോഴാണ്  തസ്ലീമയ്‌ക്ക് അബദ്ധം മനസ്സിലാകുന്നത്. പിന്നെ പുതിയ അധ്യായങ്ങൾ എഴുതി ചേർത്തിട്ടു കാര്യമില്ലല്ലോ. 

അങ്ങനെ ബംഗ്ലാദേശിലെ മുസ്ലിം തീവ്രവാദികൾ പറഞ്ഞു : നീ ഹിന്ദു വാദിയാണ്. അവരെ പിന്തുണക്കുകയാണ്. അതുകൊണ്ട് ഈ രാജ്യത്ത് നിൽക്കാൻ പറ്റില്ല. ഇവിടെ കണ്ടാൽ ഞങ്ങൾ വധിക്കും.

എന്നാൽ തസ്ലീമയുടെ അവസ്ഥ എന്താണ്?
അവർ ഹിന്ദു വാദിയാണോ? 
അല്ല.
മുസ്ലിം വാദിയാണോ?
അല്ല.
ക്രിസ്ത്യൻ വാദിയാണോ?
ഒന്നുമല്ല.
അവർ ഒരു ഹ്യൂമനിസ്റ്റാണ്. 
ഒരു സ്വതന്ത്ര ചിന്തകയാണ്.
ജാതിമതങ്ങൾക്ക് അതീതമായി ചിന്തിക്കുകയും ജീവിക്കുകയും മനുഷ്യസമൂഹത്തോട് സ്നേഹം മാത്രം പങ്കിടുന്ന വ്യക്തിയാണ്. ഒരു ഉറുമ്പിനെ പോലും കൊല്ലാൻ കഴിയാത്ത ആളാണ്. ആ അർത്ഥത്തിൽ സ്നേഹമാണ് തസ്ലീമ നസ്രിന്റെ മതമെന്ന് പറയാം.

ഇനി ലജ്ജ എന്ന നോവലിന്റെ കഥയിലേക്ക് വരാം.

ഡോക്ടർ സുധാമൊയ് ദത്ത്, മകൾ മായ, അമ്മ കിരൺമയി, മകൻ സുരഞ്ജൻ..... ഇവരാണ് നോവലിലെ പ്രധാന കഥാപാത്രങ്ങൾ.

ബാബറി മസ്ജിദ് പൊളിക്കുന്നത് അതേസമയം തന്നെ ബംഗ്ലാദേശിൽ ഇരുന്നു ഇവർ കാണുന്നു. ഇന്ത്യയിൽ നടക്കുന്ന ഈ ആക്രമണത്തിൽ സുധാമൊയ്‌ദത്തും കുടുംബവും അവിടെ ഇരുന്നു നീറുകയാണ്. ഈ അനീതിക്കെതിരെ അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ.  ആ സമയം തന്നെ ബംഗ്ലാദേശിൽ ഹിന്ദുവിനെതിരെ മുസ്ലിം ജാഥകൾ തുടങ്ങുകയും അമ്പലങ്ങളും, വീടുകളും ആക്രമിക്കുകയും ചെയ്തു തുടങ്ങി.

ഡോക്ടർ സുധാമൊയ്‌ ദത്തിന്റെ വീടിന്റെ മുന്നിലൂടെ ഒരു ജാഥ ഉറക്കെ ജയ് വിളിച്ചുകൊണ്ടു കടന്നുപോകുന്നത് ഇവർ കാണുന്നു. ആ ജാഥയിൽ ആരൊക്കെയാണ് ഉള്ളത്? ഇവരുടെ വീടിന്റെ ചുറ്റുവട്ടത്തുള്ള പരിചയമുള്ള പിള്ളേർ തന്നെയാണ്. പറഞ്ഞിട്ട് എന്തെങ്കിലും കാര്യമുണ്ടോ? 
ഇല്ല.
ജാതിമത വിഭജനം സമൂഹത്തിൽ വന്നാൽ നമ്മുടെ അയല്വക്കത്തുള്ളവർ പോലും ശത്രുക്കൾ ആകും.

പിറ്റേന്ന് സുരഞ്ജൻ വീട്ടിൽ ഇല്ലാത്ത സമയത്ത് ഒരു കൂട്ടം യുവാക്കൾ ഇവരുടെ വീട്ടിലേക്ക് കയറി വരുന്നു. വീട്ടിലെ ടിവി, ഫ്രിഡ്ജ്, മേശ, കസേര എല്ലാം തല്ലി തകർത്തു വയ്യാതെ കിടക്കുന്ന സുധാമൊയ്‌ ദത്തിന്റെ മുന്നിലൂടെ മായയെ പിടിച്ച് ഒരു ഓട്ടോയിൽ കയറ്റി എവിടേക്കോ കൊണ്ടുപോകുന്നു. 'അമ്മ കിരൺമയി നിലവിളിച്ചുകൊണ്ട് ഓട്ടോയുടെ പിന്നാലെ കുറെ ദൂരം ഓടിയെങ്കിലും കാര്യമുണ്ടായില്ല.

പിന്നീട് ചിലർ പറയുന്നു മായ മരിച്ചു കാണുമെന്ന്! ആയിടെ ഒരു ശവശരീരം നദിയിൽ ഒഴുകുന്നത് കണ്ടു എന്നെല്ലാം.  ഇത് കേൾക്കുമ്പോൾ അതുവരെ സെക്കുലർ മനോഭാവം ഉണ്ടായിരുന്ന സുരഞ്ജനിൽ പോലും മുസ്ലിം വിരോധം ആളിക്കത്തുന്നു. 

ഇന്ത്യയിലെ ബാബറി മസ്ജിദ് സുരഞ്ജൻ ഇതുവരെ കണ്ടിട്ടില്ല. കേട്ടിട്ട് പോലും ഇല്ല. അവിടെ നടക്കുന്ന സംഭവത്തിന്റെ പേരിലാണ് തന്റെ അനുജത്തിയെ തട്ടികൊണ്ടുപോയത്. അയാളുടെ ഉള്ളിൽ അപ്പോൾ മുസ്ലിം വിരോധം ആളിക്കത്തുന്നു. അന്ന് തെരുവിൽ നിന്നും ഒരു മുസ്ലീം വേശ്യയുമായി അയാൾ വീട്ടിൽ എത്തുന്നു. അവളെ അയാൾ ബലാൽസംഗം ചെയ്യുന്നു. തന്റെ അനുജത്തിയെ തട്ടി കൊണ്ടുപോയതിന്റെ പ്രതിഷേധം അയാൾ ആ സ്ത്രീയെ പീഡിപ്പിക്കുന്നതിൽ എത്തുന്നു. അവസാനം ആ സ്ത്രീ അവിടെ നിന്നും ഓടി രക്ഷപ്പെടുന്നു. അതായത് ഒരു മതകലാപം ഉണ്ടാകുമ്പോൾ ഇതൊന്നും അറിയാത്ത സ്ത്രീകളാണ് പീഡിപ്പിക്കപ്പെടുന്നു.

ബംഗ്ലാദേശിൽ ഹിന്ദുക്കളുടെ അവസ്ഥ കൂടുതൽ മോശമായപ്പോൾ അനേകം ആളുകൾ ഇന്ത്യയിലേക്ക് കുടിയേറുന്നു. ആ കൂട്ടത്തിൽ മകളെ നഷ്ടപ്പെട്ട വേദനയോടെ കിട്ടിയ കാശിനു ഉള്ളതെല്ലാം വിറ്റു പെറുക്കി ഡോക്ടർ സുധാമൊയ്‌ദത്തും കുടുംബവും കൽക്കത്തയിലേക്ക്‌ യാത്രയാകുന്നു. ഇതാണ് ലജ്ജയിൽ പറയുന്ന കഥ.

...

വീണ്ടും ലജ്ജിക്കുന്നു

ലജ്ജയുടെ രണ്ടാം ഭാഗമാണ് വീണ്ടും ലജ്ജിക്കുന്നു 
എന്ന പുസ്തകം.
ലജ്ജ എഴുതിക്കഴിഞ്ഞപ്പോൾ ആദ്യ മാസങ്ങളിൽ തന്നെ ആയിരക്കണക്കിന് കോപ്പികൾ വിറ്റു പോയി. അപ്പോഴാണ് മുസ്ലിം മതമൗലികവാദികൾ അത് വായിക്കാൻ തുടങ്ങുന്നത്. 

ലജ്ജയിൽ, ബലാത്സംഗം ചെയ്യപ്പെടുന്ന മായ മരിക്കുന്നില്ല. കുറേ നാൾ ആശുപത്രിയിൽ കിടന്ന ശേഷം ജീവൻ തിരിച്ചു കിട്ടുന്നു.  പിന്നീട് ബംഗ്ലാദേശിൽ നിൽക്കാൻ അവർക്ക് തോന്നുന്നില്ല. അമ്മ കിരൺമയിയും, മകൻ സുരഞ്ജനും, അച്ഛൻ ഡോ. സുധാമൊയ്‌ദത്തും, മായയും ബംഗ്ലാദേശ് വിടാൻ ഇഷ്ടമില്ലെങ്കിലും അവർ കൽക്കത്തയിലേക്ക് കുടിയേറുന്നു. ഇന്ത്യയിൽ വന്നിട്ട് ഇവിടുത്തെ ചേരിയിലാണ് താമസിക്കാൻ ഇടം ലഭിക്കുന്നത്. നോക്കു.... വലിയൊരു പറമ്പും നല്ലൊരു വീടും ജീവിതസൗകര്യങ്ങളും ഉണ്ടായിരുന്ന ഒരു ഡോക്ടറുടെ അവസ്ഥയാണിത്. വർഗ്ഗീയ വിദ്വേഷം പരത്തുന്ന രാഷ്ട്രീയ രാക്ഷസൻമാർക്ക് ഇതൊന്നും മനസ്സിലാവില്ല. ഹിന്ദു ആയാലും, മുസ്ലിം ആയാലും, ക്രിസ്ത്യൻ ആയാലും.... മറ്റ് ഏത് മതമായാലും.

ഇങ്ങനെ ആ ചേരിയിലെ ജീവിതത്തെ കുറിച്ചാണ് വീണ്ടും ലജ്ജിക്കുന്നു എന്ന പുസ്തകം പറയുന്നത്. 
ഇവിടെ ഒരു കാര്യം കൂടി എടുത്തു പറയേണ്ടത് ഉണ്ട്. അതായത്, തസ്ലീമ യുടെ കഥാപാത്രങ്ങൾക്ക് സംഭവിച്ച ഗതികേട് തന്നെയാണ് എഴുത്തുകാരിക്കും സംഭവിക്കുന്നത്.

ഒരു മുസ്ലിം ആയിട്ടും ഒരു ഹിന്ദുവിനെ പീഡിപ്പിക്കുന്ന കഥയാണ് തസ്ലീമ എഴുതിയിരിക്കുന്നത്. അവരെ വെച്ചു പൊറിപ്പിക്കാരുത്. വെട്ടിനുറുക്കണം എന്നൊക്കെയുള്ള പ്രസ്താവനകൾ വന്നു തുടങ്ങി. തസ്ലീമയുടെ തലയ്ക്ക് വിലയിട്ട് തുടങ്ങി. പതിനായിരം, അമ്പതിനായിരം, ഒരു ലക്ഷം.... അഞ്ചു ലക്ഷം.... ഇങ്ങനെ കൂടി കൂടി വന്നു. ഏതു നിമിഷവും വധിക്കപ്പെട്ടേക്കാം എന്ന അവസ്ഥ വന്നു.

ആ അവസ്ഥയിൽ,  സനൽ ഇടമറുകിനെപ്പോലുള്ളവരുടെ സഹായത്തോടെ ഇന്ത്യയിൽ വരുന്നു.  കുറച്ചു കാലം ഇന്ത്യയിൽ താമസിച്ചു. പിന്നീട് സ്വീഡനിലും യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലുമായി ജീവിതം തുടർന്നു. ഇപ്പോൾ ഇന്ത്യയിലും താമസിക്കുന്നു.

തസ്ലീമ വളരെ ചെറുപ്പം മുതലേ കവിതകളും ലേഖനങ്ങളും എഴുതി തുടങ്ങി.  അങ്ങനെ ബംഗ്ലാദേശിൽ അറിയപ്പെടുന്ന എഴുത്തുകാരിയായി മാറിയ കാലത്താണ് ബാബറി മസ്ജിദ് പൊളിക്കുന്നതും ലജ്ജ എഴുതുന്നതും. 

സത്യത്തിൽ 
തസ്ലീമ എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടോ?
ഇല്ല.
കുറെ സത്യങ്ങൾ വിളിച്ചു പറഞ്ഞു എന്നുമാത്രം.

..

ഇനി എന്റെ പുസ്തകത്തെ കുറിച്ച് രണ്ടു വാക്ക് പറയാം.

ചോര വീഴുന്ന മണ്ണ്
Soil soaked in blood
ഈ പുസ്തകത്തിന്റെ കവർ പേജ് 
അവിജത് റോയ് 
വർഗ്ഗീയ വാദി മുസ്ലിങ്ങളുടെ വെട്ടേറ്റു കിടക്കുന്ന സ്വതന്ത്രചിന്തകനായ എഴുത്തുകാരനാണ്. സമീപത്തു നിൽക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യ ഫാരിദയും. 
ഇത് 2015 ൽ ധാക്കയിൽ വെച്ചാണ് ഇദ്ദേഹം വെട്ടേറ്റു വധിക്കപ്പെട്ടത്. 

ഈ പുസ്തകത്തിന്റെ പുറകുവശത്തെ പേജിൽ ഉള്ള ചിത്രം
എം എം  കൽബുർഗിയുടെതാണ്‌. ഇന്ത്യയിൽ ഇവിടുത്തെ ഹിന്ദു വർഗ്ഗീയ വാദികളാണ് ഇദ്ദേഹത്തെ വധിച്ചത്. അദ്ദേഹം ഹംബി സർവകലാശാലയുടെ വൈസ് ചെയർമാൻ ആയിരുന്നു എന്നോർക്കണം. 2015 ആഗസ്റ്റ് മാസത്തിലാണ് അദ്ദേഹം വധിക്കപ്പെട്ടത്.

മനുഷ്യസ്നേഹികളും പുരോഗമന ചിന്താഗതിക്കാരുമായ ഒരുപാട് എഴുത്തുകാർ ഇതുപോലെ ഇന്ത്യയിലും, ബംഗ്ളാദേശിലും, ലോകത്തിന്റെ പല ഭാഗങ്ങളിലും വർഗ്ഗീയ വാദികളാൽ വധിക്കപ്പെട്ടിട്ടുണ്ട്.

എഴുത്തുകാരരെ വധിക്കാൻ എളുപ്പമാണ്.  കാരണം അവർ ഗുണ്ടകളല്ല. ആരെങ്കിലും ഒരാൾ ആക്രമിക്കാൻ വന്നാൽ അയാളെ തിരിച്ചടിക്കാനോ ആകമിയെ പിടിച്ചു നിർത്താനോ പോലും കഴിഞ്ഞെന്നു വരില്ല.  എഴുത്തുകാരന്റെ ആയുധം പേന മാത്രമാണ്.

ചോര വീഴുന്ന മണ്ണ്
എന്ന എന്റെ ഈ പുസ്തകം
പോരാളിയായ എഴുത്തുകാരിയോടുള്ള
എന്റെ സ്നേഹവും
ആദരവും
ഐക്യദാർഢ്യവുമാണ്.  ഇവിടെ ഞാനൊരു കാര്യം കൂടി സൂചിപ്പിക്കട്ടെ. 
എന്റെ 
-പുലരിയിലെ മഞ്ഞുതുള്ളികൾ-
എന്ന കവിതാസമാഹാരം ഞാൻ സമർപ്പിച്ചിട്ടുള്ളത് 
എന്റെ പ്രിയ
എഴുത്തുകാരി
തസ്ലീമ നസ്രിനാണ് എന്നു പറയുന്നതിൽ വളരെ സന്തോഷമുണ്ട്.

ഞാൻ വായിച്ചിട്ടുള്ള തസ്ലീമയുടെ കൃതികൾ....

ലജ്ജ,
വീണ്ടും ലജ്ജിക്കുന്നു,
കല്യാണി,
അന്തസ്സുള്ള നുണകൾ,
എന്റെ പെൺകുട്ടിക്കാലം,
ഫ്രഞ്ച് ലവർ,
ദ്വിഖണ്ഡിത - പൂച്ചെണ്ടുകളുടെ കാലം,
നിഷ്കാസിത,
സ്ത്രീയെയും പ്രണയത്തെയും കുറിച്ച്,
യവ്വനത്തിന്റെ മുറിവുകൾ,
വീട് നഷ്ടപ്പെട്ടവൾ,
ബ്രഹ്മപുത്രയുടെ തീരത്ത്,
എന്റെ തടവറക്കവിതകൾ,
ചുംബൻ - കഥകൾ 
ഇതൊക്കെയാണ് ഞാൻ വായിച്ചിട്ടുള്ളത്. ഇനിയും കുറെ വായിക്കാനുണ്ട്.

തസ്ലീമ നസ്രിൻ ലജ്ജ സമർപ്പിച്ചിട്ടുള്ളത് ഇന്ത്യൻ എഴുത്തുകാരനായ ബംഗാളി നോവലിസ്റ്റ്
ബുദ്ധദേവ് ഗുഹക്കാണ്.

ബംഗ്ലാദേശിൽ നിന്നും പുസ്തകം എഴുതിയതിന്റെ പേരിൽ നാട് വിടേണ്ടി വന്നു. പിന്നീട് കുറേക്കാലം യൂറോപ്പിലും അമേയ്ക്കയിലും കഴിഞ്ഞു. അതിനുശേഷം ഇന്ത്യയിൽ വന്നു ബംഗാളിൽ താമസമാക്കുന്നു. അങ്ങനെ ബംഗാളിൽ താമസിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് 
ദ്വിഖണ്ഡിത വരുന്നത്.  അപ്പോൾ തസ്ലീമ വീണ്ടും പൊതുസമൂഹത്തിൽ ചർച്ചയാകുന്നു. 
വർഗ്ഗീയ വാദികൾ വീണ്ടും ചെറിയ ജാഥകളും മറ്റും സംഘടിപ്പിക്കുന്നു.  ആ സമയത്ത് അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേവ് ബംഗാൾ വിട്ടുപോകാൻ തസ്ലീമയോട് പറയുന്നു.

വർഗ്ഗീയതയ്‌ക്ക് കീഴടങ്ങുന്ന നിലപാട് ആയിരുന്നു അത്.  ഒരു ഇടതുപക്ഷ സർക്കാരിന് യോജിച്ചതായിരുന്നില്ല അത്.  പിന്നീട് രാജസ്ഥാനിലേക്കും അവിടുന്ന് ഡൽഹിയിലേക്കും സർക്കാർ അതിഥിയായി തസ്ലീമയെ കൊണ്ടുപോകുന്നു.

ചുറ്റും പോലിസ്. തസ്ലീമയുടെ സുരക്ഷയ്ക്ക് വേണ്ടി. എന്നാൽ, ഒരാളെ കാണാനോ, ഫോൺ ചെയ്യാനോ എല്ലാത്തിനും തസ്ലീമയ്ക്ക് പോലീസിന്റെ അനുമതി വേണം.

ആരെങ്കിലും തസ്ലീമയെ കാണാൻ പോയാലോ? ചിലപ്പോൾ അനുമതി കൊടുക്കും. അപ്പോൾ വളരെ കുറച്ച് സമയം മാത്രം കാണുകയും ചെയ്യാം.

ഒരു അസുഖം വന്നാൽ ഡോക്ടറെ കാണാൻ പോലും വിഷമം.  അങ്ങനെ അസുഖം വന്ന് ജീവൻ പോകും എന്ന നിലയിലേക്ക് കാര്യങ്ങൾ വന്നു തുടങ്ങി. അത്തരമൊരു അവസ്ഥയിൽ ഞാൻ സ്വീഡനിലേക്ക് മടങ്ങുകയാണ് എന്നു പറഞ്ഞുകൊണ്ട് തസ്ലീമ ഇന്ത്യ വിടുന്നു.

വർഷങ്ങളോളം ലോകത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ തസ്ലീമ നസ്രിൻ ഇപ്പോൾ ഇന്ത്യയിലും വിദേശത്തുമായി കഴിയുന്നു.

ജീവിതത്തിൽ 
സ്വന്തം കുടുംബത്തെ സ്നേഹിച്ചു. 
നാടിനെ സ്നേഹിച്ചു.
മനുഷ്യനെ സ്നേഹിച്ചു,
മലയും, പുഴയും, വനങ്ങളും, മൃഗങ്ങളും കടലും എല്ലാത്തിനെയും സ്നേഹിച്ചു. 
ഒരു ഹ്യൂമനിസ്റ്റായി തസ്ലിമ ജീവിക്കുന്നു. ഭൂമിയിലെ ഓരോ മതങ്ങളും മനുഷ്യവിരുദ്ധമാണ്. അതിനെ തൊട്ടവർക്കെല്ലാം പൊള്ളൽ എറ്റിട്ടുണ്ട്.
അതിൽ പിടഞ്ഞു മരിച്ചിട്ടുണ്ട്. ഇത്രയും കാര്യങ്ങൾ ഇവിടെ പറഞ്ഞുകൊണ്ട് നിർത്തുന്നു.

എല്ലാവർക്കും നന്ദി
നമസ്കാരം.

4.10.2025

*ലജ്ജ - ഇയ്യിടെ നാടകമായി ഡൽഹിയിൽ അരങ്ങേറ്റം കുറിക്കുകയുണ്ടായി. അതിന്റെ ഒരു സന്തോഷവും കൂടി ഇവിടെ പങ്കുവെക്കുന്നു.
💐💐💐

No comments:

Post a Comment