Wednesday, 16 April 2025

പൊതിച്ചോറ്

Dyfi പുതിയപാലം യൂണിറ്റ് പൊതി ചോറ് 275
.....
ഇത് തൃശൂർ വിൽവട്ടം മേഖലയിൽ ഒരു യൂണിറ്റ് നൽകുന്ന കണക്കാണിത്.
ഇതുപോലെ ദിവസവും ഓരോ പ്രദേശത്ത് നിന്നും ആയിരക്കണക്കിന് പൊതിച്ചോറ് മെഡിക്കൽ കോളേജിൽ എത്തി വിതരണം ചെയ്യുന്നു.

ഒരു വീട്ടിൽ നിന്നും ഒന്നോ രണ്ടോ പൊതിച്ചോറ് നൽകും. ആ ചോറിന്റെ വില എത്രയെന്ന് അത് കൊടുത്തയാക്കുന്നവർക്ക് അറിയില്ലായിരിക്കാം. എന്നാൽ ആശുപത്രിയിൽ അത് കിട്ടുന്ന രോഗിക്കും കൂടെ നിൽക്കുന്നവർക്കും നന്നായി മനസ്സിലാകും.

ബിജി ഉള്ള സമയത്ത് വീട്ടിൽ നിന്നും രണ്ടു പൊതി ചോറാണ് കൊടുത്തിരുന്നത്. പൊതിച്ചോറ് കൊടുക്കുന്ന ദിവസം അൽപ്പം നേരത്തെ എണീക്കും. രണ്ടു തരം ഉപ്പേരി, അച്ചാറും, ഓംലെറ്റുമൊക്കെയായി വാട്ടിയ ഇലയിൽ ഇട്ടു നല്ലൊരു പൊതിയായി മാറുമ്പോൾ അതൊന്നു മണത്തു നോക്കും. ആ മണമൊന്നു ആസ്വദിക്കും. എന്നിട്ട് പറയും ഈ പൊതി കിട്ടുന്നവർക്ക് പൂർണ സംതൃപ്തി ഉണ്ടാകണം. 

പിന്നീട് ബിജി വയ്യാതെ കിടന്നപ്പോൾ ഞങ്ങളും മെഡിക്കൽ കോളേജിൽ വരി നിന്ന്  പൊതിച്ചോറ് പലതവണ വാങ്ങി. അപ്പോഴാണ് ആ പൊതിച്ചോറിന്റെ മഹത്വം ശരിക്കും മനസ്സിലായത്.  ബിജിയുടെ വിടവാങ്ങലിനു ശേഷം ഞാനെഴുതിയ "മനസ്സിന് തീ പിടിച്ച കാലം" എന്ന കൃതിയിലും ഇതെല്ലാം മുൻപും എഴുതിയിട്ടുണ്ട്.

കഴിഞ്ഞ ഒന്നുരണ്ടു തവണ ഞാനും മോളും ചേർന്നാണ്‌ ഇതുപോലെ പൊതിച്ചോറ് ഒരുക്കി കൊടുത്തത്. ഇത്തവണ ഞങ്ങൾ വീട്ടിൽ ഇല്ലാത്തതിനാൽ കൊടുക്കാൻ കഴിഞ്ഞില്ല. ഡി വൈ എഫ് ഐ പൊതിച്ചോറ് എന്നു പറഞ്ഞാൽ എനിക്ക് മെഡിക്കൽ കോളേജും ബിജിയും അന്നത്തെ ഓർമ്മകളും എല്ലാമാണ്. ഏപ്രിൽ 11നു മൂന്ന് വർഷം പിന്നിടുന്നതിന്റെ ഓർമ്മകൾ. 

രാജൻ പെരുമ്പുള്ളി

...

No comments:

Post a Comment