Thursday, 27 March 2025

സത്യാനന്തര സത്യം

ഇന്നായിരുന്നു പ്രശാന്ത് എ യു എഴുതിയ കവിതാസമാഹാരത്തിന്റെ പ്രകാശനം വളരെ ലളിതമായി നടന്നത്. പ്രശസ്‌ത കവി റോസി തമ്പിയ്ക്ക്  പുസ്തകം തമ്പിമാഷ്  നല്കികൊണ്ടായിരുന്നു പ്രകാശനം.
....

"സത്യാനന്തര സത്യ" ത്തെ കുറിച്ച് 
ഞാൻ എഴുതിയ അവതാരിക താഴെ കൊടുക്കുന്നു.
..

പ്രശാന്ത് മാഷിന്റെ ആദ്യകവിതാസമാഹാരമാണ്  "സത്യാനന്തര സത്യം".  കോളേജ് വിദ്യാർത്ഥി കാലം മുതൽ എഴുതാറുണ്ടെങ്കിലും വിവിധ കാരങ്ങളാൽ പുസ്തകമായില്ല. കുറേയൊക്കെ നഷ്ടപ്പെടുകയും ചെയ്തു. എങ്കിലും ഉള്ളിലെ തീ അണയാതെ കിടന്നു. അങ്ങനെയാണ് പലപ്പോഴായി കുറച്ചു കാലങ്ങളായി എഴുതിയ കവിതകൾ ഇങ്ങനെ ഒരു കൃതിയായി നമ്മുടെ മുന്നിൽ എത്തുന്നത്.

ലക്ഷ്യം
ആകാശത്തിന്റെ വിശാലമായ അന്തരീക്ഷത്തിൽ പക്ഷികൾ പറന്നു പോകുന്നത് കാണുമ്പോൾ മനുഷ്യൻ ചിന്തിച്ചു പോകും ഇവയെല്ലാം എങ്ങോട്ടായിരിക്കും പറക്കുന്നുണ്ടാവുക? അവക്കെല്ലാം ഒരു ലക്ഷ്യമുണ്ട്. ഭക്ഷണവും കുടിക്കാൻ വെള്ളവും കിട്ടണം. അത്രയേ വേണ്ടൂ. അതിന് കാലം തടസമാകുന്നുമില്ല. മഴയോ മഞ്ഞോ വെയിലോ ഒന്നും ബാധിക്കുന്നില്ല.

എന്നാൽ മനുഷ്യൻ അങ്ങനെയാണോ?  മനുഷ്യനും ലക്ഷ്യങ്ങൾ ഉണ്ട്. ആ ലക്ഷ്യം നേടണമെങ്കിൽ ഒരുപാട് വൈധരണികൾ കടക്കേണ്ടിവരും. അവന് പ്രത്യയശാസ്ത്രങ്ങളെ പഠിക്കേണ്ടി വരും.

ആതുപോലെ രാമനും കൃഷ്ണനും ക്രിസ്തുവും നബിയേയുമെല്ലാം വേണ്ടത്ര മനസ്സിലാക്കാതെ പരസ്പരം കലഹിക്കുന്നു. ആർക്കു വേണ്ടി? എന്തിനു വേണ്ടി? എന്നൊന്നും അവരുടെ ചിന്തകളിൽ വരുന്നുമില്ല. അതുകൊണ്ട് പറക്കുന്ന പക്ഷിയെ കണ്ടു പഠിക്കാൻ കവി ആഹ്വാനം ചെയ്യുന്നു. അവയുടെ ജീവിതം എത്ര നിസ്വാർത്ഥമാണ് എന്നും ഓർക്കുന്നു.

പ്രണയത്തിന്റെ നിറം
സത്യത്തിൽ പ്രണയത്തിന് നിറമുണ്ടോ? 
ഉണ്ട്. 
ഓരോ പ്രണയകാലത്തും ഓരോ നിരങ്ങളായിരിക്കും അതിന്. ഓരോ സ്വപ്നങ്ങളിലും അത് നിറമുള്ള പ്രതീക്ഷകൾ നൽകും. അതിൽ എന്തെങ്കിലും വീഴ്ചകൾ സംഭവിച്ചാൽ പിന്നീട് ഇരുട്ടായിരിക്കും കണ്ണിൽ. ഇരുട്ടിന്റെ കറുത്ത നിറം. എങ്കിലും മനസ്സ് വെള്ളിവെളിച്ചം കണ്ടു മുന്നേറും. അതാണല്ലോ ജീവിതം.

പഠിക്കാത്ത പാഠം
സ്‌കൂളിൽ പോയി, കോളേജിൽ പോയി .... എന്തൊക്കെ പഠിച്ചാലും ജീവിതത്തിൽ മുന്നേറണമെങ്കിൽ മറ്റു അനുഭവപാഠങ്ങൾ കൂടി പഠിക്കണം. പുസ്തകങ്ങളിൽ നിന്നും കിട്ടാതെ പോകുന്ന ലിപികൾ ഒന്നും ഇല്ലാത്ത അനുഭവങ്ങൾ കൂടി വരുമ്പോഴാണ് ഓരോരുത്തരുടെയും ജീവിതം പൂർണമാകുന്നത്. ആ ജീവിതത്തിന്റെ പാഠങ്ങൾ വേണ്ടത്ര മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് കവി വിലപിക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. എല്ലാവർക്കും ലഭിക്കുന്ന ഒരേ ഒരു ജീവിതം താൻ ആഗ്രഹിക്കുന്ന പോലെ ജീവിക്കുന്നവർ ഉണ്ടോ? ഇനി മരിച്ചവരിൽ ആരെങ്കിലും ഉണ്ടായിട്ടുണ്ടോ? ഉണ്ടാകാൻ സാധ്യത തീരെ ഇല്ല. അങ്ങനെ ഒരു വേദനയാണ് ഇവിടെ കുറിച്ചിരിക്കുന്നത്.

കടലാസ് ദൈവം
സാക്ഷാൽ രവിവർമ്മയാണ് ദൈവത്തിന്റെ ചിത്രങ്ങൾ വരച്ച് പ്രസ്സുകാർക്ക് കൊടുത്ത് വ്യാപകമായി ദൈവങ്ങളുടെ രൂപം ഇതാണ് എന്ന്‌ ഇന്ത്യൻ മനസ്സിൽ രൂപപ്പെടുത്തിയത്. അങ്ങനെ അത് കുടിലിലും കൊട്ടാരത്തിലും നിറഞ്ഞു നിന്നു. ഈ ദൈവങ്ങളുടെ അനുയായികളായി കൂടിയവർ പിന്നീട് സ്വയം ദൈവങ്ങളായി മാറുകയും അവരെ ആരാധിക്കാൻ സാധാരണ മനുഷ്യർ ക്യൂവിൽ നിൽക്കുന്ന സ്ഥിതിയിലുമെത്തി കാര്യങ്ങൾ. മനുഷ്യദൈവത്തിന്റെ പ്രവർത്തനങ്ങളിൽ ആളുകൾ അസ്വസ്ഥരാകുന്നുണ്ടെങ്കിലും അവന്റെ പൊള്ളത്തരങ്ങൾ കുറെയൊക്കെ മനസ്സിലാകുന്നുണ്ടെങ്കിലും അവനെ നമസ്കരിച്ചു കുറി തൊട്ട്, തൊഴുത് ജീവിതം പാഴാക്കുന്നു. ഇവിടെ കടലാസ് ദൈവത്തിനും മനുഷ്യനും ഒരേ വില!

ഇനിയും നിളയെ കുറിച്ച്
നിളയെ കുറിച്ചുള്ള ഒരു വിലാപകാവ്യം തന്നെയാണ് ഇത്. ഒരുകാലത്ത് എന്നും നിറഞ്ഞൊഴുകിയിരുന്ന നിള മണൽ വാരലും കയ്യേറ്റങ്ങളുമായി അതിക്രമിക്കപ്പെടുന്നത് കാണുമ്പോൾ കവിയുടെ മനസ്സ് തകരുന്നു. അദ്ദേഹം നിളയുടെ മരണം മുന്നിൽ കാണുന്നു. അതിന്റെ വിഹ്വല്ലനാകുന്നു.

ലോകം എന്നും സംസാരിക്കുന്ന കാര്യങ്ങൾ തന്നെയാണ് ഇവിടെയും വിഷയമാകുന്നത്. കാലാവസ്ഥാ വ്യതിയാനം കേവലം ഒരു നദിയെ മാത്രമല്ല ബാധിക്കുന്നത്. ലോകത്തിലെ എല്ലാ നദികളെയും വനങ്ങളെയും മനുഷ്യൻ തീർത്ത മഹാനഗരങ്ങളെയും ഏതെങ്കിലും തരത്തിൽ ബാധിക്കുന്നു. അത് വരൾച്ചയാകാം, വെള്ളപ്പൊക്കമാകാം. അതിന്റെ മുന്നിൽ കണ്ണീർ പൊഴിക്കാനെ കഴിയൂ എന്നും അടിവരയിടുന്നു ഈ കവിത.

മൂകസാക്ഷി
ഈ കവിതയിലും ദൈവം ഒരു വിഷയമായി വരുന്നുണ്ട്. പാവപ്പെട്ട ഒരാൾ എന്നും ദൈവത്തെ താണു വണങ്ങിയും സ്നേഹിച്ചും കാലം കഴിക്കുന്നു. എന്നാൽ മറ്റു ചിലർ ദൈവത്തിന്റെ അപദാനങ്ങൾ പാടി പുകഴ്ത്തി അത് ജീവിതമാർഗ്ഗമാക്കി മാറ്റുകയും അവരുടെ ജീവിതനിലവാരം ആർഭാടപൂർണമാക്കുവാനും കഴിയുന്നു.  അവർക്ക് ഇതെല്ലാം ജീവിതമാർഗ്ഗം ആകുമ്പോൾ സാധാരണ ഭക്തൻ മാർഗ്ഗങ്ങൾ അടഞ്ഞു ആത്മഹത്യയിലേക്ക് പോകുന്ന കാഴ്ചയും ഉണ്ട്.  ഇവിടെ താൻ ആരാധിക്കുന്ന ദേവിയ്ക്കോ ദേവനോ എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമോ?
ഇല്ല. അവിടെ മൂകസാക്ഷി ആകാനേ കഴിയൂ.

കടമകൾ
കാണുന്നതൊക്കെയും മിഥ്യ
കേൾക്കുന്നതോ അസത്യങ്ങൾ
കാലത്തിനൊപ്പമീ ചിന്ത
മേഘം കണക്കെ ചലിക്കും!

കെട്ട കാലത്തിന്റെ ഒരു നേർരേഖയാണ് ഈ വരികൾ.  ജീവിതം എപ്പോഴും ഭൂതവും വർത്തമാനവും ഭാവിയെക്കുറിച്ചുള്ള ആശങ്കകളും അതേസമയം പ്രതീക്ഷകളും നിറഞ്ഞതായിരിക്കും. അതിനാൽ മനുഷ്യൻ,

ഇടറുന്ന കാൽവെപ്പുമായി നടക്കുന്നു.
കടമതൻ സ്വർണ്ണ രഥത്തിൽ,
ദൂരങ്ങൾ താണ്ടി നാമെല്ലാരും പായുന്നു.

ഓരോരുത്തർക്കും ജീവിതത്തിൽ ഓരോരോ കടമകൾ ഉണ്ട്. അവനവനോടും, കുടുംബത്തോടും, സമൂഹത്തോടുമുള്ള കടമകൾ. ഇതെല്ലാം ചേർന്ന് വലിയ മാറാപ്പിന്റെ ഭാരം വഹിക്കേണ്ടി വരുന്നു. 

ഇങ്ങനെ കവിത മനുഷ്യജീവിതത്തിന്റെ നാനാ വശങ്ങളിലൂടെ സഞ്ചരിക്കുന്നു എന്നത് പ്രശംസനീയമാണ്.

ഇവിടെ ഈ കവിതാസമാഹാരത്തിലെ ഓരോ കവിതയേയും പ്രത്യേകം പ്രത്യേകം എടുത്തു പറഞ്ഞിട്ടില്ല. എങ്കിലും ഓരോ കവിതയിലും സ്നേഹം നിറഞ്ഞു നിൽക്കുന്നു. പല വിഷയങ്ങളിലൂടെ കവിതകൾ സഞ്ചരിക്കുന്നുണ്ടെങ്കിലും കവിയുടെ സ്ഥായിയായ ഭാവം സ്നേഹമാണ്. തീർച്ചയായും ഇനിയും ധാരാളം എഴുതുവാനുള്ള കരുത്തു പകരും ഈ കവിതാസമാഹാരം എന്നു പറഞ്ഞുകൊണ്ട് നിർത്തുന്നു.

രാജൻ പെരുമ്പുള്ളി

....

No comments:

Post a Comment