Sunday, 2 June 2024

മധു നുറുങ്ങ്

നാളെ (3-6-2017) പകൽ 2.30നു  കേരള സാഹിത്യ അക്കാദമി ഹാളിൽ വച്ച് പ്രകാശനം ചെയ്യുന്ന ചോര വീഴുന്ന മണ്ണ് എന്ന രാജൻ പെരുമ്പുള്ളി പുസ്തകത്തിനു ഞാനെഴുതിയ കുറിപ്പ്. 

 കാലത്തിനും ദേശത്തിനും അതീതമായ നോവലുകൾ 
---------------------------------------------------------------
ലോകം ചർച്ചചെയ്ത രണ്ടു നോവലുകളെ കുറിച്ചു ശ്രീ രാജൻ പെരുമ്പുള്ളി നടത്തിയ പഠനമാണ് ചോര വീഴുന്ന മണ്ണ്.

പ്രണയം, രതി, രാഷ്ട്രീയം, സാമൂഹികാവസ്ഥ എന്നിവയെ സ്വതന്ത്ര നിലപാടുകളോട് ഗൗരവമായി എഴുതിയതാണ് തസ്ലീമയുടെ ലജ്ജ, വീണ്ടും ലജ്ജിക്കുന്നു എന്നീ നോവലുകൾ. 

കേവലം ഒരു നോവൽ വായിച്ചു തള്ളുന്നതിനപ്പുറം ഈ നോവലുകൾ ഉയർത്തുന്ന രാഷ്ട്രീയം തന്നെ ആയിരിക്കാം രാജനെ ഒരു ഗവേഷണ വിദ്യാർത്ഥിയാക്കി മാറ്റിയത് എന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു നല്ല വായനക്കാരനായ രാജൻ എന്തുകൊണ്ട് തസ്ലീമ എന്ന തലക്കെട്ടിൽ ആമുഖത്തിൽ ഇങ്ങനെ പറയുന്നു. 

"വിക്ടർ യൂഗോ മുതൽ കെ.ആർ മീര വരെ ഉള്ളവരെ ഞാൻ വായിക്കുന്നു. അതിൽ ദസ്തയേവ്സ്കിയാണ് എനിക്ക് ഏറ്റവും പ്രിയങ്കരൻ പിന്നെ തസ്ലീമ. മലയാളത്തിൽ ബഷീറും ഇന്ത്യൻ സാഹിത്യത്തിൽ ബിഭൂതിഭൂഷനും എന്നെ വശീകരിക്കുന്നു". 

സാഹിത്യത്തിൽ വേദന നിറഞ്ഞ മനുഷ്യരുടെ ഗൗരവതാരങ്ങളായ ജീവിതങ്ങളെ എഴുതിയിട്ടവരാണ് മുകളിൽ പറഞ്ഞിട്ടുള്ളവർ. അവർ ജീവിച്ചിരുന്ന കാലഘട്ടത്തെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തിയാണ് രചനകൾ നിർവഹിച്ചിട്ടുള്ളത്. തസ്ലീമ എന്ന എഴുത്തുകാരിയെ രാജൻ ഏറെ ശ്രദ്ധയോടെ വായിക്കാനുള്ള കാരണവും ഇതുകൊണ്ടു തന്നെയായിരിക്കുമെന്ന് കരുതുന്നു. വെറുമൊരു നോവൽ വായിക്കുന്ന ലാഘവത്തോടെ വായിച്ചു തീർക്കേണ്ട ഒന്നല്ല ലജ്ജയും വീണ്ടും ലജ്ജിക്കുന്നു എന്നതും. ഈ നോവലുകളിൽ കാലവും ദേശവും വളരെ പ്രധാനപ്പെട്ട ഒന്നാണ്.

ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു പ്രധാനപ്പെട്ട സംഭവമാണല്ലോ ബാബറി മസ്‌ജിദ്‌ തകർക്കപ്പെട്ടത്. അന്നുമുതൽ ഇന്ത്യക്കകത്ത് ഉണ്ടായ സംഭവങ്ങൾ ചെറുതല്ല. ഇന്ത്യക്കകത്തുമാത്രമല്ല ബംഗ്ളാദേശിലും ഈ സംഭവം ഉണ്ടാക്കിയ പ്രതിഫലനം കലാപമാണ്. ഇന്ത്യയിൽ മുസ്ലീമുകൾ അക്രമിക്കപ്പെട്ടപ്പോൾ ബംഗ്ളാദേശിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെടുകയും ആരാധനാലയങ്ങളും കട കമ്പോളങ്ങളും തകർക്കപ്പെടുകയും ചെയ്തു. ഇത്തരം സംഭവങ്ങൾ ലജ്ജയിൽ അവതരിപ്പിച്ചപ്പോൾ അവർക്ക് നേരിടേണ്ടിവന്നത് മരണ ഭീഷണിയാണ്. ഒടുവിൽ ഗത്യന്തരമില്ലാതെ ബംഗ്ളാദേശിൽ നിന്ന് ഒളിച്ചു കടക്കേണ്ടി വരികയും ചെയ്തു.

തസ്ലീമയുടെ സാഹിത്യ ലോകത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചുമെല്ലാമുള്ള കാഴ്ചപ്പാട് ഈ പഠനത്തിന്റെ ഭാഗമായി രാജൻ വിലയിരുത്തുന്നുണ്ട്. തികച്ചും മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യപോലുള്ള ഒരു ജനാധിപത്യ മതേതര കാഴ്ചപ്പാടിൽ നിന്നും ഈ നോവലുകളെ പതിക്കുമ്പോൾ തീർച്ചയായും പുതിയ കാലത്തെ വർഗീയതക്കെതിരെ ഉള്ള പോരാട്ടത്തിന് ലോകമെമ്പാടുമുള്ള പുരോഗമനവാദികൾക്ക് ഈ പുസ്തകങ്ങളും ഊർജ്ജം പകരും എന്ന കാര്യത്തിൽ തർക്കമില്ല. 

അതുകൊണ്ടുതന്നെ ലജ്ജയും വീണ്ടും ലജ്ജിക്കുന്നു എന്ന നോവലുകളും കാലത്തിനും ദേശത്തിനും അതീതമായി നിലനിൽക്കുകതന്നെ ചെയ്യും.

മധു നുറുങ്

No comments:

Post a Comment