കഥ
വയ്യാത്ത ആനയും
വല്ലാത്ത മേളവും
പൂരം കൊട്ടിക്കയറുമ്പോൾ രേവതിയുടെ മനസ്സിൽ വേവലാതി നിറഞ്ഞു ഉരുകുകയായിരുന്നു. അപ്പുറത്ത് തന്റെ മുന്നിൽ നിൽക്കുന്ന മൂന്ന് ആനകളിൽ ഒന്നിന് തീരെ വയ്യ എന്ന് അതിന്റെ ഭാവം കണ്ടാൽ അറിയാം. മുന്നിലും പിന്നിലും കാലുകളിൽ ചങ്ങല ഇട്ടിട്ടാണ് ഇങ്ങോട്ട് കൊണ്ടുവന്നിരിക്കുന്നതുതന്നെ!
എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും ചെറിയൊരു ആട്ടവും ഉണ്ട്. മുന്നിൽ പട്ടയും പഴക്കുലകളും ഇടക്കിടെ ഇട്ടു കൊടുത്തുകൊണ്ടിരിക്കുന്നു. മറ്റു രണ്ടാനകളും ഇതൊന്നും കൂടാതെ നല്ല രീതിയിൽ നിൽക്കുന്നുമുണ്ട്. ഇവന് മാത്രം ഇങ്ങനെ ഓരോന്ന് കൊടുത്തുകൊണ്ടിരിക്കുന്നു.
അപ്പുറവും ഇപ്പുറവും രണ്ടു പാപ്പാൻമാർ ജാഗ്രതയോടെ നിൽക്കുന്നുണ്ട്. ഇടക്കിടെ ആന ഭൂമിയിൽ കിടക്കാൻ നോക്കുന്നതുപോലെ മുന്നോട്ടും പിന്നിലോട്ടും ചരിയുന്നുണ്ട്. അതിന് കിടക്കാൻ തോന്നുന്നുണ്ടാകുമോ?
രേവതിയ്ക്ക് സംശയമായി.
ആനപ്പുറത്ത് ഒരാൾ കുട പിടിച്ചും മറ്റൊരാൾ വെഞ്ചാമരവും, വേറൊരാൾ ആലവട്ടവും പിടിച്ച് ഇരിപ്പുണ്ട്. മറ്റു ആനപ്പുറത്ത് ഇരിക്കുന്നവർ മേളം മുറുകുന്നതനുസരിച്ചു എണീറ്റു നിന്ന് വെഞ്ചാമരവും ആലവട്ടവും വീശിയപ്പോൾ ഈ ആനയുടെ പുറത്ത് ഇരിക്കുന്നവർ ഇരുന്നുകൊണ്ടുതന്നെ അത് വീശി. അതേതായാലും നന്നായി. ആനയ്ക്ക് അത്രയും വേദന കുറയുമല്ലോ എന്ന് രേവതി വിചാരിച്ചു.
ഇത്രയും കഷ്ടപ്പെടുത്തി എന്തിന് ഈ ആനയെ എഴുന്നള്ളിച്ചു? വേറെ അസുഖമൊന്നും ഇല്ലാത്ത ആനയെ കിട്ടില്ലേ? രേവതിയുടെ ചിന്തകൾ അങ്ങനെയൊക്കെയാണ് പോയത്. ഈ കാര്യങ്ങൾ അവൾ തന്റെ അച്ഛനോട് പങ്കുവെച്ചു. അപ്പോഴാണ് കൂടെയുണ്ടായിരുന്ന അച്ഛൻ ഈ ആനയെയും അതിന്റെ അസ്വസ്ഥതകളും ശ്രദ്ധിക്കുന്നത്.
പാവം ആന. അതിന്റെ ഉടമസ്തൻ നല്ലൊരു തുക പറഞ്ഞു വാങ്ങിയിട്ടുണ്ടാകും. പിന്നെ പൂരത്തിന് കൊണ്ടുവരാതിരിക്കാൻ പറ്റ്വോ? എനിക്ക് വയ്യ. ഇന്ന് റെസ്റ്റ് വേണം എന്ന് ആനയ്ക്ക് പറയാൻ പറ്റ്വോ?
ഇല്ല!
അതന്നെ കാര്യം!!
ഏതു വെയിലത്തും ഏതു ചൂടിലും ലോറിയിലും നടത്തിയും എവിടെയും കൊണ്ടുപോകും. രാത്രിയും പകലും ഇതുപോലെ മേളത്തിന്റെയും
പടക്കത്തിന്റെയും മറ്റു ബഹളങ്ങളുടെയും ഇടയിലൂടെ മനുഷ്യരുടെ പാവയായി ഇങ്ങനെ ജീവിക്കുക. അതാണ് അതിന്റെ യോഗം. ഇതെല്ലാം രേവതി കേട്ടപ്പോൾ അവൾ പറഞ്ഞു :
-മതി അച്ഛാ... പൂരം കണ്ടത് മതി. ഇനി വീട്ടിലേക്ക് മടങ്ങാം.
അങ്ങനെ അവർ അസ്വസ്ഥരായി വീട്ടിൽ എത്തിയപ്പോഴും കഷ്ടപ്പെടുന്ന ആ ആനയുടെ നിറയുന്ന കണ്ണുകളായിരുന്നു മനസ്സിൽ.
...
രാജൻ പെരുമ്പുള്ളി
No comments:
Post a Comment