കഥ
പ്രൊഫഷണൽ ഡോക്ടർ
..
നെഞ്ചിൽ ഒരു വിഷമം തുടങ്ങിയിട്ട് കുറച്ചു സമയം ആയി. വേദനയില്ല. എന്നാൽ ഒരു അസ്വസ്ഥതയുണ്ട്. ഇടത്തേ കയ്യിന് ചെറിയ തണുപ്പും വന്നു തുടങ്ങി. വലത്തേ കൈകൊണ്ട് രാമൻ ഇടത്തേ കയ്യും നെഞ്ചും മസ്സേജ് ചെയ്തു. കുറെ കഴിഞ്ഞപ്പോൾ കയ്യിന് ചൂട് അനുഭവപ്പെട്ടു. കയ്യിന്റെ രക്തയോട്ടം ശരിയായി എന്നു തോന്നുന്നു. എങ്കിലും നെഞ്ചിലെ വിമ്മിഷ്ടം മാറിയിട്ടില്ല.
അങ്ങനെയാണ് രാമൻ നഗരത്തിലെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ഡോക്ടറെ കാണാൻ പോയത്.
റിസപ്ഷനിൽ പേരു കൊടുത്തു, രോഗവിവരങ്ങളും പറഞ്ഞു. ഡോക്ടറെ കാണാനും പേര് രജിസ്റ്റർ ചെയ്യുന്നതിനും അഞ്ഞൂറ് കൊടുത്തു. അപ്പോഴാണ് പറയുന്നത് ഒരു ഈ സി ജി എടുക്കാം. അതിനു നൂറ്റമ്പതോളം വരും.
-ഓ... ആവാം
-പ്രഷർ ഒന്നു ചെക്കപ്പ് ചെയ്യണം
-ഓ... ആവാം
അങ്ങനെ പ്രഷർ നോക്കുകയും ഈ സി ജി യും എടുത്തു കഴിഞ്ഞപ്പോൾ നേഴ്‌സ് പറഞ്ഞു ഒരു ടി എം ടിയും എക്കോ ടെസ്റ്റും ചെയ്യാം. എന്നിട്ട് ഡോക്ടറെ കാണുന്നതാണ് നല്ലത്.
-അത് വേണോ?
ഡോക്ടറെ കണ്ടിട്ട് വേണമെങ്കിൽ എടുത്താൽ പോരെ?
-ഓ... അതുമതി. ഞാൻ പറഞ്ഞെന്നേയുള്ളൂ!
നേഴ്‌സ് ചിരിച്ചു.
-ഇനി ആ കസേരയിൽ ചെന്നിരുന്നോളൂ. നമ്പർ ആകുമ്പോൾ വിളിക്കാം.
രാമൻ അങ്ങനെ കസേരയിൽ ചെന്ന് ഇരുന്നു. മുന്നിൽ രണ്ടുപേരുണ്ട്. അത് കഴിഞ്ഞാൽ തന്റെ ഊഴമായി.
കുറച്ചു സമയം കഴിഞ്ഞപ്പോൾ നേഴ്‌സ് രാമനെ വിളിച്ചു. രാമൻ ഡോക്ടറുടെ മുറിയിൽ ചെന്നു ഡോക്ടറുടെ അരികിലുള്ള കസേരയിൽ ഇരുന്നു.
ഡോക്ടർ ഈ സി ജി പരിശോധിച്ചു. അതിൽ കുഴപ്പമൊന്നും കാണുന്നില്ല എന്നു പറഞ്ഞു. എന്നിട്ട് എക്കോയും ടി എം ടിയും എടുത്തിട്ടുണ്ടോ എന്നു ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ അതൊന്നും ഇല്ലാതെ തനിക്ക് ഒന്നും പറയാൻ കഴിയില്ല എന്നു തീർത്തു പറഞ്ഞു.
-അതിനൊക്കെ വലിയ പൈസ ആവില്ലേ?
നെഞ്ചത്തു ഒരു വിഷമം വന്നപ്പോൾ വേഗം വന്നതാണ്. കൂടെ ആരും ഇല്ല.
-അപ്പോൾ ഒരു കാര്യം ചെയ്യൂ. ബ്ലഡ് ടെസ്റ്റ് എഴുതുന്നുണ്ട്. അത് എടുക്കണം. എക്കോയും ടി എം ടി യും ചെയ്യണം. അത്കൂടി കണ്ടാലേ എനിക്ക് എന്തെങ്കിലും പറയാൻ കഴിയൂ...
ഡോക്ടർ ഇതു പറഞ്ഞു കഴിഞ്ഞതും നേഴ്സിനോട് അടുത്ത രോഗിയെ വിളിക്കാൻ പറഞ്ഞതും ഒന്നിച്ചായിരുന്നു.
പിന്നീട് എന്തെങ്കിലും ഒരു വാക്ക് ചോദിക്കുവാനോ പറയുവാനോ കഴിയാതെ രാമൻ പുറത്തേക്കിറങ്ങി.
🙂
..
രാജൻ പെരുമ്പുള്ളി
No comments:
Post a Comment