Monday, 25 December 2023

വിശാല ഹൃദയാനായ ദൈവം

വിശാല ഹൃദയനായ ഒരു ദൈവം

തൃശൂരില്‍ നിന്നും രണ്ടുമണിക്കൂറോളം യാത്രചെയ്താല്‍ കൊല്ലങ്കോട് ചിങ്ങഞ്ചിറയില്‍ എത്താം. സാധാരണയായി ഞങ്ങള്‍ പോകാറുള്ളത് ഒരു ടെമ്പോ വിളിച്ചാണ്. അതില്‍ ഇരുപതോളം പേര്‍ ഞങ്ങള്‍ ഉണ്ടാകും.

ചിങ്ങഞ്ചിറയിലെ ദൈവത്തിനെ സാധാരണ ആര്‍ക്കും ഇഷ്ടപ്പെട്ടുപോകും.

കാരണം എന്തെന്നല്ലേ?

പറയാം.

ചിങ്ങഞ്ചിറ സാമികള്‍ക്ക് ജാതി മത വ്യത്യാസങ്ങള്‍ ഇല്ല. ആണ്‍പെണ്‍ വ്യത്യാസങ്ങളില്ല. കുട്ടികള്‍ക്കും വൃദ്ധര്‍ക്കും പോകാം. പുരുഷന്‍ ബ്രഹ്മചര്യം പാലിക്കുന്നുണ്ടോ എന്നോ സ്ത്രീകള്‍ രജസ്വലയാണെന്നോ എന്നൊന്നും അദ്ദേഹം നോക്കാറില്ല.

അദ്ദേഹത്തിന് വേണ്ടത് ചില്ലറ കാര്യങ്ങള്‍ മാത്രമാണ്. അത് നേര്‍ച്ച  നേരുന്ന ആള്‍ അവിടെ ചെന്ന് മനസ്സറിഞ്ഞു പ്രാര്‍ഥിച്ചാല്‍ എല്ലാം മംഗളമായി അവസാനിക്കും. ഇതാണ് സാമിയുടെ ഭക്തര്‍ക്ക് തരാനുള്ള സന്ദേശം.

വലിയ കൊട്ടാരം പോലുള്ള കെട്ടിടങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു കാവ് എന്ന് പറയാവുന്ന രീതിയിലുള്ള അമ്പലമാണ് ചിങ്ങഞ്ചിറയിലെ പ്രകൃതീശ്വര ക്ഷേത്രം. അവിടെ കാണാന്‍ കഴിയുന്നത് പടര്‍ന്നു പന്തലിച്ചു നീണ്ടു കിടക്കുന്ന മൂന്നു വലിയ ആലുകളാണ്. അതിനു കീഴില്‍ നമ്മുടെ കാവുകളില്‍ ഉള്ളപോലെ ചെറിയ പ്രതിഷ്ഠകള്‍. നെല്ലിയാമ്പതിയില്‍ പോകുന്നവര്‍ സീതാര്‍കുണ്ട് കാണാന്‍ പോകുമല്ലോ. ആ മലയുടെ താഴ്വാരമാണ് സീതാര്‍കുണ്ട്. അതെല്ലാം  അടങ്ങുന്നതാണ് ഈ പ്രദേശം. ഇവിടെ നിന്നു മുകളിലേക്ക് നോക്കുന്നതും ഒരു കാഴ്ച തന്നെയാണ്.

ഇവിടെ നേര്‍ച്ച നേരുന്നവര്‍ സ്വര്‍ണ്ണമോ വെള്ളിയോ രൂപയോ  കദളിപ്പഴമോ ഒന്നും അര്‍പ്പിക്കേണ്ടതില്ല! അവിടെ ചെന്നാല്‍ കമ്മിറ്റി ഓഫീസില്‍ അമ്പതോ നൂറോ   രൂപയുടെ ഒരു രസ്സീതി ശീട്ടാക്കണം. പിന്നെയുള്ള കാര്യങ്ങള്‍ എല്ലാം നേര്‍ച്ച നേരുന്ന ആളും കൂട്ടരും കൂടി സ്വയം  ചെയ്യണം. അത്രതന്നെ.

അമ്പലത്തില്‍ പ്രത്യേകം ഒരു പൂജാരിയില്ല. സാമിയും ഭക്തനും മാത്രം.
അതുകൊണ്ടുതന്നെ മറ്റു അമ്പലങ്ങളില്‍ കാണുന്ന കര്‍മ്മയോഗങ്ങള്‍ ഒന്നും തന്നെയില്ല. മനസ്സില്‍ തോന്നുന്നത് ഉള്ളുരുകി പ്രാര്‍ഥിക്കാം.

ഇവിടെ ഒരു സാമിക്ക് വേണ്ടത് ഇത്തിരി കഞ്ചാവ് ബീഡികളാണ്. പിന്നെ ഇത്തിരി കള്ളോ ചാരായമോ ആവാം. എന്നാല്‍ ഇന്നത്തെ കാലത്ത് ഇത് പ്രായോഗികമല്ലാത്തതിനാല്‍ സാമിക്ക് സാദാ ബീഡി ഏതെങ്കിലും ആയാലും മതി. പിന്നെ മദ്യം വിദേശംകൊണ്ടും തൃപ്തിപ്പെടും. സാമിയുടെ മുന്നില്‍ ഭക്തര്‍ ചന്ദനത്തിരിയും വെളക്കും കൊളുത്തുന്നു. പിന്നെ ഇത്തിരി ചുവന്ന പുഷ്പങ്ങളും വിതറുന്നു. പിന്നെ ഒരു കെട്ട് ബീഡിയും ഒരു ഗ്ലാസ് വീര്യമുള്ള മദ്യവും. ബീഡിവലി സാമികള്‍ കുശിയായി.

മറ്റൊരാളുടെ മുന്നില്‍ കോഴിയെ തലയറൂക്കുന്നു. പിന്നെ ആ ചോരകൊണ്ട് നിവേദിക്കുന്നു. ചെറിയ ആടുകളെയും കന്നുകളെയും പണ്ടെല്ലാം അറുക്കാറുണ്ടാത്രേ. ഇപ്പോള്‍ പ്രധാനമായും കോഴി തന്നെ. അതിനാല്‍ ചിക്കഞ്ചിറ സാമികള്‍ എന്നും തമാശയില്‍ ഞാനെല്ലാം തട്ടിവിടാറുണ്ട്.

പൂജിക്കാനുള്ള കോഴി നാടന്‍ കോഴി ആയിരിക്കണം. കോഴിയെ തലയറുത്ത് രക്തപൂജ കഴിഞ്ഞ ശേഷം ആ കോഴിയെയും വെട്ടിനുറുക്കി പാചകത്തിനു കൊണ്ടുവരുന്ന ബ്രോയിലര്‍ കൊഴിയോടൊപ്പം ഇട്ടു പാചകം ചെയ്യുന്നു. അങ്ങനെ കോഴിക്കറി റെഡിയായാല്‍ പിന്നെ ചോറ് പപ്പടം കാച്ചല്‍ എന്നിവയെല്ലാം ചെയ്യുന്നു. അച്ചാറും തൈരുമെല്ലാം വീട്ടില്‍ നിന്നും കൊണ്ടുവരുന്നതിനാല്‍ ആ പണിയൊന്നും ഇല്ല. അതുപോലെ നമ്മുടെ കൂട്ടത്തില്‍ എത്രയാളുണ്ടോ അതനുസരിച്ച് ബ്രോയിലര്‍ കോഴിയെ വാങ്ങി വീട്ടില്‍ നിന്നും വരൂമ്പോഴേ എല്ലാം കൊന്നു പാചകം ചെയ്യാന്‍ വേണ്ട രൂപത്തില്‍ ആയിരിക്കും.

ഗ്യാസ്, പാചകത്തിനുള്ള വെള്ളം, സബോള, മുളക്  നിലത്തു വിരിക്കാന്‍ ടാര്‍പായ  എല്ലാംതന്നെ കരുതുകയും ചെയ്യുന്നു. അങ്ങനെ ഭക്ഷണം പാകം ചെയ്തു കഴിഞ്ഞാല്‍ ആ ചോറും കറിയും വെച്ച് മറ്റൊരു ദൈവത്തിന്‍റെ അരികില്‍ പൂജ ചെയ്യുന്നു മണിയടിച്ചു പ്രാര്‍ഥിക്കുകയും ചെയ്യുന്നു. അതുപോലെ  വിറകടുപ്പ് ഉണ്ടാക്കി പാചകം ചെയ്യുന്നവരും ഉണ്ട്. വെള്ളത്തിന്‌ അവിടെയുള്ള പൈപ്പുവെള്ളവും ഉപയോഗിക്കുന്നു.

ഈ വക കാര്യങ്ങള്‍ക്കിടയിലായിരിക്കും ഭക്തര്‍ രഹസ്യമായി എവിടെങ്കിലും മാറിനിന്നു ആവശ്യാനുസരണം ഇത്തിരി സോമരസം അകത്താക്കുന്നുണ്ടാവുക. അങ്ങനെ ആ ഭക്തിലഹരിയില്‍ ഉള്ളു നിറഞ്ഞു പ്രാര്‍ത്ഥനയും പൂജയും നിവേദ്യസമര്‍പ്പണവും ചെയ്യുന്നു.

ഇതെല്ലാം കഴിഞ്ഞാല്‍ എല്ലാവരുംകൂടി വട്ടമിട്ടുനുന്നു പ്രസാദം കഴിക്കുന്നു. ഈ ഭക്ഷണം കഴിക്കുന്നതോടെ ആനന്ദ ലഹരിയില്‍ ചിലര്‍ പാടും ചിലര്‍ നൃത്തം ചെയ്യും .....

അങ്ങനെ എല്ലാം  കഴിഞ്ഞു അവിടന്ന് മടങ്ങും. പിന്നെ പോകുന്നത് സീതാര്‍ കുണ്ടിലേക്കാണ്. രണ്ടോ മൂന്നോ കിലോമീറ്റര്‍ വണ്ടിയില്‍ പോയാല്‍ പിന്നെ കുറച്ചു ദൂരം നടവഴിയിലൂടെ നടന്നു വേണം അരുവിയില്‍ എത്താന്‍.  അവിടുത്തെ ചോലവനത്തിലൂടെ ഒഴുകി വരുന്ന അരുവിയില്‍ തണുത്ത വെള്ളം.

നിറയെ കരിങ്കല്‍ പാറകള്‍ക്കിടയിലൂടെ ഒഴുകി വരുന്നതിനാലാണ് വെള്ളത്തിനു  ഇത്രയും തണുപ്പ്. ആ വെള്ളത്തില്‍ ഒന്നോ ഒന്നര മണിക്കൂറോ നീരാടിയാല്‍ എല്ലാ ലഹരിയും ഇറങ്ങിപോകും. അതിനാല്‍ സാധാരണയായി ഭക്തര്‍ വെള്ളത്തിലേക്ക് ഇറങ്ങുന്നതിനു മുന്‍പും വെള്ളത്തില്‍ നില്‍ക്കുമ്പോഴും വെള്ളത്തില്‍ നിന്നും കയറുമ്പോഴും കുറേശ്ശെ കുറേശ്ശെയായി വീര്യം അകത്താക്കും. ഭക്തരുടെ കണ്ണുകള്‍ നിറയും. അങ്ങനെ ആ ലഹരിയില്‍ സന്ധ്യയോടെ ചുവന്ന കണ്ണുകളുമായി ചിങ്ങഞ്ചിറയുടെ ഇടവഴികളോട് യാത്ര പറയും. എല്ലാവരുടെയും മനസ്സില്‍ അപ്പോള്‍ ഒരു ഉന്മേഷം അലയടിക്കുന്നുണ്ടായിരിക്കും.

അന്ന് രാത്രി സ്വപ്നത്തില്‍  വലിയ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ആലുകളും സാമികളുടെ രൂപങ്ങളും  വെള്ളമില്ലാത്ത പച്ചപ്പുല്‍ മൈദാനംപോലെ കിടക്കുന്ന  ചിറയും അങ്ങകലെ നെല്ലിയാമ്പതിയിലെ നീലക്കുന്നുകളും ആ കുന്നുകളില്‍ നിന്നും ഒഴുകിയെത്തുന്ന കാട്ടരുവിയും ഒച്ചയും ബഹളങ്ങളും മണിയടിയും നിറഞ്ഞ പൂജകളും കൊഴിച്ചോരയും ബീഡിപുകയും എല്ലാം ബാക്കിയാകും. ഇനിയും ഈ വഴി വരാന്‍ തരപ്പെടണേ എന്ന് മനസ്സ് വ്രണപ്പെടും.

.....

കഴിഞ്ഞ രണ്ടു യാത്രകളില്‍ ഞാനും പോയിരുന്നു. ഇത്തവണ പോകാന്‍ എനിക്ക് കഴിഞ്ഞില്ല. ഇത്തവണയും യാത്ര സുപ്പറായെന്നു പോയവര്‍ പറഞ്ഞു. സന്ധ്യക്ക്  ഏഴരയോടെ വാഹനം വിയ്യൂര്‍ ജയില്‍ പടിക്കു മുന്നില്‍ എത്തി. വരുന്ന വഴിക്ക് ഇടയില്‍ ഇറങ്ങിപോയവര്‍ ഒഴികെ ബാക്കി എല്ലാവരും അവിടെ ഇറങ്ങി. ആളുകള്‍ പിരിഞ്ഞുപോയി. 

അതില്‍ ഒരാള്‍ മാത്രം കഷ്ടിച്ച് ഇരുന്നൂറു മീറ്റര്‍ മാത്രം നടക്കാവുന്ന ദൂരത്തിലെ വീട്ടിലേക്ക് രാത്രി പത്തുമണിയായിട്ടും എത്തിയിട്ടില്ല. എന്തുപറ്റിയെന്നു അന്വേഷണങ്ങളായി...... അവസാനമാണ് മനസ്സിലാകുന്നത് പുള്ളിക്കാരന്‍ തെക്കോട്ട്‌ നടക്കേണ്ടതിനു പകരം വടക്കോട്ടാണ് നടന്നത്. പുള്ളിയുടെ മനസ്സില്‍ മണലാര്‍ക്കാവ് അമ്പലവും നിറയെ മരങ്ങള്‍ ഉള്ള അമ്പലപ്പറമ്പും മാത്രം. എത്ര നടന്നിട്ടും അമ്പലം കാണുന്നില്ല. എന്തൊരു വിസ്മയം!! പുള്ളിക്കാരന്‍ നടത്തത്തിനു വേഗത കൂട്ടി.....എന്നിട്ടും എവിടെയും എത്തുന്നില്ല.

പിന്നെ എപ്പോഴോ ബോധമുദിച്ചു. അപ്പോഴേക്കും ഏതാണ്ട് വടക്കാഞ്ചേരിയില്‍ എത്താറായിരിക്കുന്നു! പിന്നെ ഒരു ഓട്ടോ വിളിച്ചു നേരെ വീട്ടിലേക്ക് മടങ്ങി.

ഇങ്ങനെ ഒരു ഭക്തന്‍ ഭക്തിലഹരിയില്‍ മതിമറന്നുപോയി എന്നല്ലേ പറയേണ്ടൂ. പുള്ളി വീട്ടില്‍ തിരിച്ച് എത്തിയപ്പോള്‍ ഈ പുള്ളിയെ അന്വേഷിച്ചു നാല് പാട് പോയവര്‍ക്കും  വീട്ടുകാര്‍ക്കും എല്ലാം സന്തോഷമായി. പിന്നെ ആ വീട്ടിലേക്ക് യാത്രയുടെ സംഘാടകര്‍ ആരും ഇതേവരെ ഒന്ന് തിരിഞ്ഞു നോക്കിയിട്ടില്ല  എന്നാണു കേട്ടറിയാന്‍ കഴിഞ്ഞത്!!

......

രാജൻ പെരുമ്പുള്ളി

No comments:

Post a Comment