Wednesday, 12 March 2025

യു എ ഖാദർ പുരസ്‌കാരം വാങ്ങാൻ ഒരു യാത്ര

12.2.25  നായിരുന്നു
ഭാഷാശ്രീയുടെ യു എ ഖാദർ പുരസ്‌കാരം സ്വീകരിക്കാൻ
കോഴിക്കോട് പേരാമ്പ്രയിൽ പോയത്.
കവി ആലങ്കോട് ലീലാകൃഷ്ണനിൽ നിന്നും ഏറ്റുവാങ്ങാൻ കഴിഞ്ഞു. 
2024 - ലെ സ്മരണ വിഭാഗത്തിത്തിലാണ് എനിക്ക് ഭാഷാശ്രീ ഒരുക്കിയിട്ടുള്ള യു എ ഖാദർ പുരസ്‌കാരം ലഭിച്ചത്. ആ യാത്രയുടെ ഓർമ്മയാണ് ഈ കുറിപ്പ്‌.

അധ്യാപകരുടെയും സാംസ്കാരിക പ്രവർത്തകരുടെയും സംഘടനയായ അക്ഷരായനം കഴിഞ്ഞ മൂന്നു വർഷമായി എന്നെയും ആദരിച്ചു അവരുടെ സ്നേഹോപഹാരം നൽകാറുണ്ട്. ജനുവരി 26 ന് തൃശൂർ വിവേകോദയം സ്‌കൂളിലാണ്‌ അവരുടെ വാർഷിക സമ്മേളനം നടക്കാറുള്ളത്. അവിടെ വെച്ചാണ് എന്നെപ്പോലെ പല എഴുത്തുകാരേയും ലൈബ്രറേറിയൻമാരെയും അധ്യാപകരേയും വിവിധ മത്സരങ്ങളിൽ വിജയിക്കുന്ന കുട്ടികളൾക്കുമെല്ലാം അവാർഡ് നൽകി ആദരിക്കുന്നത്.  അക്ഷരായനം ഗ്രൂപ്പിൽ കവിതകളും,  കഥകളും, ലേഖനങ്ങളും എഴുതുന്നതുകൊണ്ടാണ് എനിക്കും അവരുടെ സ്നേഹം ലഭിക്കുന്നത്. പതിനായിരത്തിൽ പരം മെമ്പർമാരും ധാരാളം സജീവ പ്രവർത്തകരുമുള്ള അക്ഷരായനം നല്ലൊരു സാംസ്കാരിക കൂട്ടായ്മയാണ്. 

ഭാഷാശ്രീയുടെ പ്രോഗ്രാം നടക്കുന്നത് കോഴിക്കോട് പേരാമ്പ്രയിലാണ്. കോഴിക്കോട് നിന്നും ഒന്നര മണിക്കൂർ പ്രൈവറ്റ് ബസ്സിൽ സഞ്ചരിച്ചാൽ പേരാമ്പ്രയിൽ എത്താം എന്നാണ് സംഘാടകർ പറഞ്ഞിരിക്കുന്നത്.

ഞാനും സുഹൃത്ത് ജയനും കൂടി രാവിലെ തന്നെ പുറപ്പെട്ടു. കോഴിക്കോട് വരെ വന്ദേ ഭാരതിലും പിന്നീട് ബസ്സിലും യാത്ര ചെയ്ത് ഉച്ചയ്ക്ക് രണ്ടുമണിയോടെ അവിടെ എത്തിച്ചേർന്നു.  ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു പിന്നെ സമ്മേളനഹാളിലേക്ക് നടന്നു. പേരാമ്പ്ര ബസ് സ്റ്റാൻഡിന്റെ തൊട്ടു തന്നെയാണ് കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയവും സ്ഥിതി ചെയ്യുന്നത്.

അവിടെ രണ്ടുമണിയോടെ കവിസമ്മേളനം ആരംഭിച്ചു. പലരും സ്വന്തം കവിതകൾ അവതരിപ്പിച്ചു. മൂന്നു മണിയ്ക്ക്  മുമ്പ് തന്നെ  പ്രോഗ്രാം ഉദ്ഘാടനം ചെയ്യുന്നതിനും പുരസ്‌കാരസമർപ്പണം നടത്തുന്നതിനായി പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ എത്തിച്ചേർന്നു.  എഴുത്തുകാരൻ പ്രകാശൻ വെള്ളയൂർ അധ്യക്ഷനായ വേദിയിൽ സദൻ കല്പത്തൂരടക്കം നിരവധി പേർ സംസാരിച്ചു. കൂടാതെ എഴുത്തുകാരി എൻ കെ ഷൈമ പുരസ്‌കാരം ലഭിച്ച ഓരോ കൃതികളെ കുറിച്ചും വിശദീകരിച്ചു സംസാരിക്കുകയും ചെയ്തു.

ഞാനെഴുതിയ 
-മനസ്സിന് തീ പിടിച്ച കാലം- എന്ന കൃതിക്കാണ് എനിക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ഭാര്യ ബിജി വയ്യാതെ ആശുപത്രിയിൽ കിടന്നതും അവിടെയും വീട്ടിലും അനുഭവിച്ചതും ആശുപത്രിയിൽ ഞാൻ കണ്ട സാമൂഹ്യപ്രശ്നങ്ങളും  മറ്റു പല മരണങ്ങളും അവസാനം ബിജിയുടെ വിടവാങ്ങലും പുസ്തകത്തിന്റെ വിഷയമാകുന്നുണ്ട്. അതെല്ലാം എന്നാൽ കഴിയും വിധം ഹൃദയസ്പർശിയായി എഴുതാൻ കഴിഞ്ഞു എന്നാണ് വിശ്വസിക്കുന്നത്.  "വായിക്കപ്പെടേണ്ട ഒരു പുസ്തകം, പ്രത്യേകിച്ചും ഡോക്ടർമാർ" എന്നാണ് പുസ്തകത്തിന് അവതാരിക എഴുതിയ ഡോ. ഖദീജ മുംതാസ് പറയാറുള്ളത്. അതുകൊണ്ടുതന്നെ പല വേദികളിലും മനസ്സിന് തീ പിടിച്ച കാലത്തെ കുറിച്ച് ഡോക്ടർ സംസാരിച്ചിട്ടുള്ള കാര്യം എന്നോട് പറഞ്ഞിട്ടുള്ളത് അഭിമാനത്തോടെ ഓർക്കുന്നു.

പ്രോഗ്രാം അഞ്ചരയോടെ കഴിഞ്ഞു. ഞങ്ങൾ പുറത്തിറങ്ങി. ഇനി നാട്ടിലേക്ക് മടങ്ങണം. ഞാൻ ജയനുമൊത്തുള്ള യാത്രകൾ നിരവധിയാണ്. വർഷങ്ങൾക്കു മുൻപ് ഒരു സാഹസിക സംഘത്തിന്റെ കൂടെ വഞ്ചിയാത്ര നടത്തിയിരുന്നു. അങ്ങനെ അന്ന് മുതൽ ഞങ്ങൾ മാത്രമായും അല്ലാതെയും ഒരുപാട് യാത്രകൾ പോയിട്ടുണ്ട്. അജിതപ്രസാദ്, ശശിഭായ്, പ്രിൻസ്, ജയൻ ഇങ്ങനെ ഞങ്ങളുടെ ടീം പലയിടത്തും പോയ  യാത്രകളെല്ലാം മറക്കാനാവാത്തതാണ്.

വന്ദേ ഭാരതിലെ യാത്ര എങ്ങനെയുണ്ട്‌ എന്നറിയാൻ വേണ്ടിയായിരുന്നു ഇന്ന് അതിൽ പോയത്. സുഖകരമായ യാത്ര തന്നെയാണ് അതിൽ. സമയത്തിന് എത്തുകയും ചെയ്തു. ഷൊർണ്ണൂരിൽ പല ട്രെയിനുകളും ഈ വണ്ടി കടന്നു പോകുന്നതിനു വേണ്ടി പിടിച്ച് ഇട്ടിരുന്നു. ആ അവസ്ഥ ഇല്ലാതെ ആക്കണം. എങ്കിലേ പൂർണമായും വിജയിക്കൂ. തിരിച്ചു വരുമ്പോൾ പേരാമ്പ്ര മുതൽ കോഴിക്കോട് വരെ പ്രൈവറ്റ് ബസ്സിലും കോഴിക്കോട് നിന്നും ട്രാൻസ്‌പോർട്ട് ബസ്സിലും പോന്നു.  ചാരി ഇരിക്കാവുന്ന ലക്ഷ്വറി മോഡൽ ബസ്സാണ് കിട്ടിയത്. അതുകൊണ്ട് തിരിച്ചുള്ള യാത്രയും സുഖകരമായി. രാത്രി പതിനൊന്നേ മുക്കാലോടെ വീട്ടിൽ എത്തിയപ്പോൾ മോൾ ദൃശ്യ ഉറങ്ങിയിരുന്നില്ല.  അന്നത്തെ വിശേഷങ്ങൾ അറിയാനും പുരസ്‌കാരം കാണുവാനുമുള്ള ആകാംക്ഷ അവൾക്കും ഉണ്ടായിരുന്നു. ഒരു വലിയ എഴുത്തുകാരന്റെ പേരിൽ മറ്റൊരു വലിയ എഴുത്തുകാരനിൽ നിന്നും പുരസ്‌കാരം സ്വീകരിക്കാൻ കഴിഞ്ഞു എന്നത് തന്നെയായിരുന്നു എന്റെയും സന്തോഷം. അങ്ങനെ ജയനുമൊത്തുള്ള ഈ യാത്ര ഏറെ വ്യത്യസ്തമായി. നല്ലൊരു ഓർമ്മയാവുകയും ചെയ്തു.

രാജൻ പെരുമ്പുള്ളി

...





No comments:

Post a Comment