അശ്രദ്ധ
..
KL08BA 2591
മാരുതി കാർ പുറകിലേക്ക് എടുത്ത് എന്റെ ബൈക്കിൽ ഇടിച്ചു. ഞാൻ ബൈക്കിനോടൊപ്പം താഴെ വീണു.
ഇടിച്ച ദിവസം : 29.12.2024 ഞായറാഴ്ച ഉച്ച തിരിഞ്ഞ് 5.30 നു ശേഷം.
സർ,
ഞാൻ എന്റെ ബൈക്കിൽ ഹീറോ ഹോട്ടലിന്റെ സൈഡ് വഴിയിലൂടെ സാഹിത്യ അക്കാദമിയുടെ മുന്നിലേക്ക് വരികയായിരുന്നു. ആ സമയത്ത് ഒരു നീല മാരുതി കാർ മുന്നോട്ടു പോവുകയും അത് സഡൻ ബ്രേക്ക് ഇട്ട് നിർത്തുകയും വണ്ടി പുറകിലേക്ക് എടുക്കുകയും ചെയ്തു.
ആ സമയം ഹീറോ ഹോട്ടൽ സൈഡ് വഴിയിൽ നിന്നും മെയിൻ റോഡിലേക്ക് കയറിയ എന്നെ കാറിന്റെ പുറകുവശം വന്ന് ഇടിച്ചു ബൈക്കടക്കം ഞാനും താഴെ വീണു. ഭാഗ്യത്തിന് വഴിപോക്കർ ചിലർ ഓടിവന്നു കാറിന്റെ പുറകിൽ തട്ടി ശബ്ദം ഉണ്ടാക്കിയപ്പോൾ വണ്ടി നിർത്തി. അല്ലെങ്കിൽ എന്റെ ശരീരത്തിലൂടെ ആ കാറ് കയറി ഇറങ്ങേണ്ടതായിരുന്നു. ആളുകൾ കാറിൽ തട്ടി വണ്ടി നിർത്തിച്ചതുകൊണ്ടു മാത്രമാണ് ഞാൻ രക്ഷപ്പെട്ടത്.
ഇങ്ങനെയാണ് പരാതി എഴുതി തുടങ്ങിയത്.
താഴെ വീണു കിടക്കുമ്പോൾ ആകാശത്തിലൂടെ പക്ഷികൾ പറക്കുന്നുത് കണ്ടു. നല്ല തെളിഞ്ഞ നീലാകാശം. ആരൊക്കെയോ വന്ന് എന്നെ പിടിച്ചു വണ്ടിക്കിടയിൽ നിന്നും പൊക്കിയെടുത്തു. ഇടത്തേ കാലിന് വല്ലാത്തൊരു വിറയൽ ഉണ്ട്. പൂർണമായും നിവർന്ന് നിൽക്കാൻ കഴിയുന്നുമില്ല. എങ്കിലും എന്നെ പിടിച്ചു ഉയർത്തി നിർത്തിയപ്പോൾ എനിക്ക് വലിയ പരിക്കൊന്നും പറ്റിയിട്ടില്ല എന്നു മനസ്സിലായി.
എന്നെ പിടിച്ചു ഉയർത്തുന്ന സമയത്ത് കാറിൽ നിന്നും ഓടിച്ചിരുന്ന ആൾ പുറകിലേക്ക് വന്നു. സോറി പറഞ്ഞു. അറിയാതെ പറ്റിയതാണ്. ഈ ഇടവഴിയിലേക്കാണ് വണ്ടി തിരിയേണ്ടിയിരുന്നത്. ഇടവഴി കടന്നു മുന്നോട്ടു പോയി എന്ന് മനസ്സിലായപ്പോൾ വണ്ടി ബ്രെയ്ക്ക് ചെയ്തു ബാക്ക് എടുത്തതാണ്.
-സോറി ചേട്ടാ..
ചേട്ടന് ഒന്നും പറ്റിയില്ലല്ലോ....
കാറിടിച്ചു വീണതിന്റെ പരിഭ്രമത്തിൽ കാല് ചെറുതായി വിറക്കുന്നുണ്ടായിരുന്നു. മറ്റു പ്രശ്നങ്ങൾ ഒന്നും എനിക്ക് സംഭവിച്ചിട്ടില്ല.
-എനിക്ക് വല്യേ കുഴപ്പമൊന്നും തോന്നുന്നില്ല. എന്നാൽ വണ്ടിയുടെ കാര്യം നോക്കണം.
ആ സമയത്ത് താഴെ കിടക്കുന്ന ബൈക്ക് രണ്ടുപേർ ചേർന്ന് പൊക്കി റോഡിന്റെ അരികിലേക്ക് മാറ്റിവച്ചു. ആദ്യനോട്ടത്തിൽ ബൈക്കിന് വലിയ കേടുപാടുകൾ ഉള്ളതായി തോന്നിയില്ല. വണ്ടിയുടെ മുന്നിൽ ചെന്നു നോക്കിയപ്പോൾ ഹെഡ്ലൈറ്റിന്റെ ചില്ലൊന്നും പൊട്ടിയിട്ടില്ല. എന്തെങ്കിലും സംഭവിച്ചോ എന്ന് അറിയണമെങ്കിൽ വർക്ക്ഷോപ്പ് വരെ പോവുകതന്നെ വേണം.
അപ്പോൾ ഞാൻ പറഞ്ഞു കുറച്ചു പൈസ തന്നിട്ട് പൊയ്ക്കോളൂ അല്ലെങ്കിൽ നമുക്ക് വർഷോപ്പ് വരെ പോകാം.
-അയ്യോ ചേട്ടാ... എനിക്ക് ഒറ്റപ്പാലം വരെ പോകേണ്ടതാണ്. അങ്ങോട്ടുമിങ്ങോട്ടും പോയാൽ സമയം പോകും.
-അപ്പോൾ എന്തു ചെയ്യും?
-ഇത് കേസാക്കാം. ഏതായാലും ചേട്ടന് ഒന്നും പറ്റിയില്ലല്ലോ.
-കേസാക്കുകയോ? അത്ര വലിയ തുകയ്ക്കുള്ള കേടുപാടുകൾ വണ്ടിയ്ക്ക് പറ്റിയിട്ടില്ല. ഒരു കാര്യം ചെയ്യാം. ഞാൻ വർഷോപ്പിൽ കൊണ്ടുപോയി നോക്കിയിട്ട് വിളിക്കാം. വർക്ക് ഷോപ്പുകാരൻ പറയുന്ന പണം നിങ്ങൾ അയാൾക്കോ അല്ലെങ്കിൽ എനിക്കോ ഗൂഗിൾ പേ ചെയ്താൽ മതി. അത് പറ്റുമോ?
-ഓക്കെ...!
-എങ്കിൽ ഞാൻ നിങ്ങളുടെ വണ്ടിയുടെ ഫോട്ടോ ഒന്ന് എടുക്കട്ടെ.
അങ്ങനെ വണ്ടിയുടെ ഫോട്ടോ മുന്നിൽ നിന്നും പിന്നിൽ നിന്നും നമ്പർ കിട്ടുന്ന രീതിയിൽ രണ്ടെണ്ണം എടുത്തു.
ഇത്രയും ആയപ്പോഴേക്കും ചുറ്റും കൂടിയവർ സ്വന്തം കാര്യങ്ങളിലേക്ക് പോയ്‌മറഞ്ഞിരുന്നു. വീണുകിടക്കുന്ന എന്നെ യാതൊരു പരിചയവും ഇല്ലാത്തവർ ഓടിവന്നു രക്ഷിച്ചില്ലേ? അവർ കാറിന്റെ പുറകിൽ തട്ടി നിർത്തിയിരുന്നില്ലെങ്കിൽ എന്റെ അവസ്ഥ എന്തായേനെ?! മനസ്സുകൊണ്ട് ഞാൻ അവരോടു നന്ദി പറഞ്ഞു.
-ചേട്ടാ.. ഒറ്റപ്പാലം പോകാൻ ശരിയായ വഴി ഒന്നു പറഞ്ഞു തരാമോ?
ഞാനയാൾക്ക് വഴി കൃത്യമായി പറഞ്ഞു കൊടുത്തു. അങ്ങനെ അയാളും പോയി. കാറിൽ രണ്ടു കുഞ്ഞുങ്ങളും ഒരു സ്ത്രീയും ഉണ്ടായിരുന്നു. കുട്ടികൾ ഒന്നും മനസിലാകാതെ കാറിനകത്തിരുന്നു കലപില കൂട്ടുന്നു. പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെട്ടതിന്റെ സന്തോഷം ആ സ്ത്രീയുടെ മുഖത്തും നിഴലിച്ചു.
എല്ലാവരും പോയി. ഞാൻ മാത്രമായി. ഇനി വണ്ടി എടുത്തു പോകണം. വണ്ടി സ്റ്റാർട്ട് ആകുമോ? അപ്പോഴാണ് അങ്ങനെ ഒരു ചിന്ത വരുന്നത്.
കുറച്ചു സമയം വണ്ടിയെ നോക്കി നിന്നു. വെറുതെ വല്ലവന്റെയും ഇടി കിട്ടി വീണ വണ്ടിയല്ലേ? ആരെങ്കിലും പ്രതീക്ഷിച്ചോ ഇങ്ങനെ വീഴുമെന്ന്? മുന്നോട്ടു പോയ കാറ് സഡൻ ബ്രേക്ക് ഇട്ടു നിർത്തുക. എന്നിട്ട് ബാക്ക് അടിക്കുക. പുറകിൽ ആരെങ്കിലും ഉണ്ടോ എന്ന് നോക്കാതെ പുറകിലേക്ക് എടുക്കുക. ഒരു നിമിഷം കണ്ണാടിയിൽ നോക്കിയിരുന്നെങ്കിൽ ഇങ്ങനെ വന്നു ഇടിക്കില്ലായിരുന്നു. വിശ്വാസികളുടെ ഭാഷയിൽ പറഞ്ഞാൽ ഓരോരോ ഗ്രഹപിഴ. അല്ലാത്തവരുടെ ഭാഷയിൽ പറഞ്ഞാൽ ശുദ്ധ തെമ്മാടിത്തം.
ഇങ്ങനെയൊക്കെ വിചാരിച്ചു വണ്ടിയിൽ കയറി ഇരുന്നു. പിന്നെ വീണു കിടന്ന സ്ഥലത്തേക്ക് വെറുതെ ഒന്നു നോക്കി. വീണപ്പോൾ വണ്ടിയിൽ നിന്നും ഓയിൽ എങ്ങനെയോ കുറച്ച് പുറത്ത് ചാടിയിട്ടുണ്ട്. വീണ സ്ഥലത്തെ ചെറു കല്ലുകൾ അങ്ങോട്ടുമിങ്ങോട്ടും തെറിച്ചു പോയിട്ടുണ്ട്.
മറ്റു അടയാളമൊന്നും കാണുന്നില്ല. ഏതായാലും കിക്കറടിച്ചു വണ്ടി സ്റ്റാർട്ട് ചെയ്തു. പതുക്കെ വണ്ടി ഓടിച്ചു വീട്ടിലെത്തി. ഇന്ന് ഞായറാഴ്ച വർക്ക്ക്ഷോപ്പ് മുടക്കമാണ്. തിങ്കളാഴ്ച രാവിലെ തന്നെ എട്ടുമണിക്ക് അവിടെ എത്തി. വർക്ക്ഷോപ്പ് തുറന്നതേ ഉണ്ടായിരുന്നുള്ളു. സംഭവിച്ച കാര്യങ്ങൾ എല്ലാം വർഷോപ്പ്കാരൻ മണിയോട് പറഞ്ഞു. ഇനി വണ്ടി ആകെ ഒന്നു നോക്കിയിട്ട് കേടുപാടുകൾ പരിശോധന നടത്തി അതിന്റെ ചെലവുകൾ കണക്കാക്കി എന്റെ അക്കൗണ്ടിലേക്ക് അയാൾ പൈസ ഇടാമെന്നു പറഞ്ഞിട്ടുണ്ട്. ഞാൻ കാര്യങ്ങൾ വിശദീകരിച്ചു.
മണി വണ്ടി ഒന്നു പരിശോധിച്ചു. സീറ്റ് ചെറുതായി കീറിയിട്ടുണ്ട്. വണ്ടിയുടെ മുൻഭാഗം ഹെഡ്ലൈറ്റ് ഇളകി മുന്നോട്ടു വന്നിട്ടുണ്ട്. വീഴ്ചയിൽ കിക്കർ ഒന്നു വളഞ്ഞിട്ടുണ്ട്.
ഇതൊന്നും എന്റെ കണ്ണിൽ എന്താ പെടാഞ്ഞത്! ഞാൻ അതിശയിച്ചു. വണ്ടി ഒന്നു ഓടിച്ചു നോക്കട്ടെ. ബാക്കി പിന്നെ പറയാമെന്ന് മണി പറഞ്ഞു വണ്ടിയും കൊണ്ടുപോയി. കുറച്ചു ദൂരം ഓടിച്ചു മടങ്ങി വന്നു. മറ്റു പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് പറഞ്ഞു.
ഹെഡ്‌ലൈറ്റിന്റെ കാര്യം തീരെ എന്റെ കണ്ണിൽ പെട്ടിരുന്നില്ല എന്നതാണ് സത്യം. മണി അത് പരിശോധിച്ചിട്ട് പറഞ്ഞു അത് വയർ അടക്കം സെറ്റ് മാറ്റേണ്ടി വരും. അതിന് നാനൂറ്റിഅമ്പതു രൂപ പണിക്കാശ് അടക്കം വരും.
ഞാൻ അപ്പോൾ തന്നെ കാറിന്റെ ഉടമയെ വിളിച്ചു കാര്യം പറഞ്ഞു. പിന്നീട് മൊബൈൽ മണിയുടെ കയ്യിൽ കൊടുത്തു. മണിയും പറഞ്ഞു നാനൂറ്റിഅമ്പതു രൂപ ചെലവ് വരും എന്ന്.
അയാളത് കേട്ടു. പൈസ തരാമെന്നോ തരില്ലെന്നോ പറയുന്നില്ല. അവസാനം പൈസ ഇടില്ലേ? എന്ന് ഞാൻ ഒരിക്കൽ കൂടി ചോദിക്കു. ആ ഇടാം.... എന്നു മൂളി.
ഞാനപ്പോൾ മണിയോട് പറഞ്ഞു ഏതായാലും അയാളുടെ പൈസ കിട്ടട്ടെ എന്നിട്ടു വണ്ടി നന്നാക്കാം.
അതുമതിയെന്ന് മണിയും പറഞ്ഞു. എന്നിട്ട് ഒരു ടേപ്പ് എടുത്തു ബൈക്കിന്റെ ഇളകിയ ഗ്ലാസ് ഒട്ടിച്ചുതന്നു.
അന്ന് വൈകുന്നേരം വരെ പൈസ എനിക്ക് വന്നില്ല. മനുഷ്യാവസ്ഥയല്ലേ? ആളുകളുടെ സാഹചര്യം എങ്ങനെയെന്ന് അറിയില്ലല്ലോ. അതുകൊണ്ട് പിറ്റേന്ന് ഒന്നുകൂടി വിളിക്കാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് രണ്ടാമത് അയാളെ വിളിച്ചത്. അപ്പോഴല്ലേ അയാളുടെ ഉള്ളിലിരുപ്പ് പുറത്തു വന്നത്.
വണ്ടി ഇടിച്ചാൽ കേസാക്കണം. അതുവഴി ഇൻഷുറൻസ് ലഭിക്കും. അത് നിങ്ങൾക്ക് കിട്ടും. അതാണ് അയാളുടെ നിലപാട്. നാനൂറ്റിഅമ്പതു രൂപയുടെ കാര്യത്തിന് ഇൻഷുറൻസ് കമ്പനിയുടെ പിന്നാലെ നടക്കണോ? എന്നു ഞാൻ ചോദിച്ചു. ഏതോ ഒരു ഭാഗ്യത്തിന് ആളുകൾ ഓടിവന്നു താങ്കളുടെ കാറിന്റെ പുറകിൽ തട്ടിയില്ലായിരുന്നുവെങ്കിൽ കാറ് എന്റെ ശരീരത്തിലൂടെയും താങ്കൾ കയറ്റുമായിരുന്നു. താങ്കൾ അത്രയും ആശ്രദ്ധയോടെയാണ് വണ്ടി ബാക്കിലേക്ക് എടുത്തത്. എനിക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ താങ്കൾ കൈ മലർത്തില്ലേ?
എന്റെ ഈ വക ചോദ്യങ്ങൾക്കൊന്നും അയാൾ മറുപടി പറഞ്ഞില്ല. വെറും നാന്നൂറ്റിയമ്പത് രൂപ തരാൻ തയ്യാറാകാത്ത ഇയാൾ മനുഷ്യനാണോ? വെറുതെ വന്ന് എന്നെ ഇടിച്ചു വീഴ്ത്തിയതാണ്. എന്നിട്ടാണ് അയാൾ ഇങ്ങനെ പറയുന്നത്.
പക്ഷേ അന്ന് രാത്രി കിടന്നിട്ട് ഉറക്കം വരുന്നില്ല. അയാൾ ചെയ്തത് ശരിയായില്ല. അയാൾക്കെതിരെ പരാതി കൊടുത്താൽ എന്തു സംഭവിക്കും? അത് ഒന്നു പരീക്ഷിച്ചു നോക്കിയിട്ട് മതി ബാക്കി കാര്യങ്ങൾ. ഈ വിഷയം പലരോടും പറഞ്ഞപ്പോൾ പരാതി കൊടുക്കൂ..... എന്നു തന്നെയാണ് പറഞ്ഞത്.
അങ്ങനെ പരാതി എഴുതാൻ കടലാസ് തപ്പി. പേന തപ്പി. പഴയപോലെ കടലാസിൽ എഴുതുന്ന സ്വഭാവം ഇന്നില്ലല്ലോ. അതിനാൽ ആലോചിച്ചുപിടിച്ച് കടലാസിലേക്ക് പരാതി റഫ് ആയി എഴുതാൻതന്നെ ഒരു മണിക്കൂറോളം എടുത്തു. കൈയ്യക്ഷരമോ? മറ്റാർക്കും വായിക്കാൻ പറ്റാത്ത തരത്തിലും. പിന്നീട് അത് ഒന്നുകൂടി മാറ്റി എഴുതി. അതിനു അര മണിക്കൂറും പോയി. ഇതിലും ഭേദം പരാതി ഒന്നും കൊടുക്കാതെ ചുമ്മാ അത് വിട്ടു കളയുന്നതല്ലേ നല്ലത് എന്നും തോന്നാതിരുന്നില്ല.
പിന്നീട് അത് കൊണ്ടുപോയി ടൈപ്പ് ചെയ്യിപ്പിച്ചു പ്രിന്റ് എടുത്തു. അതിൽ പേരിന്റെ സ്ഥാനത്ത് ഒപ്പിട്ടു ഭദ്രമായി വച്ചു. ഇനി പോലീസ് സ്റ്റേഷനിൽ കൊണ്ടുകൊടുക്കണം.
രാവിലെ പത്തുമണിയോടെ പോലീസ് സ്റ്റേഷനിൽ എത്തിച്ചേർന്നു. അവിടെ പരാതി കൊടുക്കേണ്ട സാറിന്റെ അടുത്ത് ഒരാൾ നിൽക്കുന്നുണ്ട്. പിന്നെ കുറച്ചു പേർ അവിടവിടെ ഇരിക്കുകയും നിൽക്കുകയും ചെയ്യുന്നുണ്ട്. ഞാൻ രണ്ടാമനായി ക്യുവിൽ നിന്നു. ആദ്യത്തെ ആളോട് എന്തൊക്കയോ ചോദിക്കുകയും പറയുകയും ചെയ്ത ശേഷം അയാളെ വിട്ടു. ഇപ്പോൾ തന്നെ പതിനഞ്ച് മിനിറ്റോളം പോയി. പിന്നീട് എന്റെ നേരെ നോക്കി. ഞാൻ പരാതി കൊടുക്കുകയും കാറ് അശ്രദ്ധയോടെ പുറകോട്ട് എടുത്ത് എന്നെ ഇടിച്ചു വീഴ്ത്തിയ കാര്യങ്ങൾ എല്ലാം ചുരുക്കിപ്പറഞ്ഞു. പൊലിസുകാരൻ അതെല്ലാം കേട്ട് പരാതിയിൽ കൊടുത്തിട്ടുള്ള ആളിന്റെ നമ്പറിലേക്ക് ഫോൺ ചെയ്തു. ഉടനെ എടുക്കുകയും ചെയ്തു.
"ഞാൻ സ്റ്റേഷനിൽ നിന്നാണ് വിളിക്കുന്നത്. താങ്കളുടെ കാറ് ബാക്കിലേക്ക് എടുക്കുമ്പോൾ ഒരാളുടെ ബൈക്കിൽ ഇടിച്ചു അപകടം ഉണ്ടായോ?
-ഉണ്ടായി!
-അതിന് അയാൾ വണ്ടി കേടായതിനു നാന്നൂറ്റിയമ്പത് രൂപ നഷ്ടപരിഹാരം ചോദിച്ചോ?
-ചോദിച്ചു
-അപ്പോൾ അതെന്താ കൊടുക്കാത്തത്?
-അത് ഇൻഷുറൻസ് ഉണ്ടല്ലോ? അവരല്ലേ കൊടുക്കേണ്ടത്?
-നാന്നൂറ്റിയമ്പത് രൂപയ്ക്ക് വേണ്ടി ഇൻഷുറൻസിന്റെ പിന്നാലെ നടക്കണോ?
-അതിനല്ലേ ഇൻഷുറൻസ് എടുക്കുന്നത്?
-എങ്കിൽ താങ്കളൊരു കാര്യം ചെയ്യൂ... ഉടൻ സ്റ്റേഷനിലേക്ക് കാറും കൊണ്ടു പോരൂ. ഞങ്ങൾക്ക് കേസ് എടുക്കണം.
-പറ്റില്ല. എനിക്ക് വരാൻ പറ്റില്ല.
-എന്തോകൊണ്ടു പറ്റില്ല. വന്നേ പറ്റു. വണ്ടി ചെക്ക് ചെയ്തിട്ടു വേണം കേസ് ഫയൽ ചെയ്യാൻ..
പൊലിസുകാരൻ സ്വരം കടുപ്പിച്ചു. എന്നിട്ട് എന്നെ നോക്കി പറഞ്ഞു ആളൊരു വിരുതൻ തന്നെ.
-അതെ...! അതുകൊണ്ടല്ലേ എന്നെ ഇവിടെ എത്തിച്ചത്.
ആ സമയം അയാളുടെ മറുപടി വന്നു. താൻ മറ്റൊരാളോട് ചോദിച്ചിട്ട് തിരിച്ചു വിളിക്കാം എന്ന്.
ഓ... ശരി. ഒന്നു വെയിറ്റ് ചെയ്യണേ എന്ന് പോലീസുകാരൻ അഭ്യർത്ഥിച്ചു. അങ്ങനെ ഞാൻ പോയി കസേരയിൽ ഇരുന്നു.
ആ സമയം മറ്റൊരു പോലീസ് രണ്ടു പേരെ മുന്നിൽ ഇരുത്തി അവരുടെ തർക്കങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും വേണ്ട പരിഹാരം നിർദ്ദേശിക്കുകയും നിങ്ങളുടെ പ്രശ്നങ്ങൾ ഇവിടെ വെച്ചു തീർന്നു എന്നും ഇനി ഇതിന്റെ പേരിൽ വേറെ വഴക്കൊന്നും ഉണ്ടാക്കരുത് എന്നും പറഞ്ഞു അവരെ യാത്ര അയക്കുന്നതും കണ്ടു.
ആ സമയത്താണ് രണ്ടു സ്ത്രീകൾ സ്റ്റേഷനിലേക്ക് കരഞ്ഞുകൊണ്ട് ഓടി വന്നത്. അതിൽ ഒരാളുടെ പതിനാല് വയസ്സുള്ള മകനെ ഏതാനും മണിക്കൂറുകളായി കാണാനില്ല എന്നും പറഞ്ഞു കരയുന്നത് കണ്ടു. സ്കൂളിലേക്ക് പോന്നതാണ്. പക്ഷേ സ്‌കൂളിൽ എത്തിയിട്ടില്ല. കാണാതായപ്പോൾ സ്‌കൂളിൽ നിന്നും ടീച്ചർ വീട്ടിലേക്ക് വിളിച്ചു മകനെ കുറിച്ച് ചോദിച്ചു. അവൻ രാവിലെ ഏഴരയോടെ സ്‌കൂളിലേക്ക് പോന്നിട്ടുണ്ട്. എന്നാൽ അവിടെ എത്തിയിട്ടുമില്ല. സ്റ്റേഷനിൽ എല്ലാവരുടെയും ശ്രദ്ധ പിന്നീട് ആ കുട്ടിയുടെ കാര്യത്തിലായി.
കുറെ നേരം കഴിഞ്ഞപ്പോൾ എസ് ഐ എന്നോട് വിളിച്ചു പറഞ്ഞു നിങ്ങളുടെ മറ്റേ പുള്ളി വിളിച്ചിരുന്നു. അയാൾ ഇങ്ങോട്ട് വരാം എന്ന് പറഞ്ഞിട്ടുണ്ട്. അയാൾ വരുമ്പോൾ നിങ്ങളെ വിളിക്കാം. ഇപ്പോൾ നിങ്ങൾ പോയ്‌ക്കോളൂ!
ഓ... ശരി. ഇനി അയാൾ വരുമെന്ന് തോന്നുന്നില്ല. വണ്ടിയുടെ കേടുപാടുകൾ ഞാൻ തന്നെ തീർത്തോളാo. അയാളുടെ കാർ അന്ന് അയാളുടെ ആശ്രദ്ധമൂലം എന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയിരുന്നെങ്കിൽ എന്റെ അവസ്ഥ എന്തായേനെ? ആളുകൾ ഓടിക്കൂടി പുറകിൽ തട്ടി വണ്ടി നിർത്തിയതുകൊണ്ടുമാത്രം ഞാൻ രക്ഷപ്പെട്ടു. ഇത്തരം അശ്രദ്ധമായ ഡ്രൈവിങ് കാരണം എത്രയോ അപകടങ്ങളാണ് ദിവസവും ഉണ്ടാകുന്നത്. എത്രയോ നിരപരാധികളാണ് ആശുപത്രികളിൽ വേദന അനുഭവിക്കേണ്ടി വരുന്നത്? എത്രയെത്ര ജീവനുകളാണ് വഴികളിൽ പൊലിഞ്ഞു പോകുന്നത്!
അതെല്ലാം ഓർത്തുകൊണ്ട് ഞാൻ വീട്ടിലേക്ക് മടങ്ങി.
...
രാജൻ പെരുമ്പുള്ളി
No comments:
Post a Comment