Friday, 7 June 2024

ഇ എം എസ്‌ - മകളുടെ ഓർമ്മകൾ

ഇ എം എസ്
മകളുടെ ഓർമ്മകൾ
..

ഇ എം രാധ എഴുതിയ പുസ്തകമാണ്  വായിച്ചു കഴിഞ്ഞത്.
പുസ്തകത്തെ കുറിച്ച് മാത്രമല്ല ഇ എം എസ്സി നെ കുറിച്ചുള്ള എന്റെ ചില ഓർമ്മകളും ഇവിടെ ഞാൻ പങ്കുവെക്കുന്നു. 

ഇ എം എസ് ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന്റെ ലേഖനങ്ങളും, ചോദ്യം ഉത്തരങ്ങളും, പുസ്തകങ്ങളും പലതും വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ 
-ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം
എന്ന ബൃഹത്തായ ഗ്രന്ഥം എന്റെ ചെറുപ്പത്തിൽ എനിക്ക് പകുതിയോളം മാത്രമേ വായിക്കാൻ കഴിഞ്ഞുള്ളു. എങ്കിലും ചരിത്രത്തെയും സമകാലിക സംഭവങ്ങളെയും ഇടതുപക്ഷകാരൻ ഏതു രീതിയിൽ നോക്കി കാണണം എന്നൊരു ദിശാബോധം ആ പുസ്തകം തരികയുണ്ടായി.

പിന്നെ, അപ്പുക്കുട്ടൻ വള്ളിക്കുന്നിന്റെ 
-അറിയപ്പെടാത്ത ഇ എം എസ്,
കൂടാതെ ഇ എം എസ് തന്നെ എഴുതിയ ആത്മകഥയെല്ലാം വായിക്കാൻ കഴിഞ്ഞു. അതെല്ലാം വായിക്കാൻ വലിയ ആവേശമായിരുന്നു.

ഒരിക്കൽ ഇ എം എസിന് ഞാനൊരു കത്തെഴുതി. ചിന്തയിലൂടെ ഒരു മറുപടിയാണ് പ്രതീക്ഷിച്ചത്. പക്ഷേ ചിന്തയിൽ വന്നില്ല. പകരം വ്യക്തിപരമായി ഒരു മറുപടിയാണ് ലഭിച്ചത്.  ടൈപ്പ് റൈറ്ററിൽ ടൈപ്പ് ചെയ്ത് അദ്ദേഹം ഒപ്പിട്ടു അയച്ച മറുപടി ആയിരുന്നു അത്.  മറുപടിയിൽ പൂർണ്ണ തൃപ്തി ഉണ്ടായില്ലെങ്കിലും  ഇങ്ങനെ മറുപടി എഴുതിയല്ലോ എന്നത് എന്നെ അതിശയിപ്പിച്ചു. ദിവസവും എത്രയോ കത്തു വരുന്നുണ്ടായിരിക്കാം. അതിനൊക്കെ മറുപടി എഴുതുക എന്നത് ചില്ലറ കാര്യമല്ല. അതും എൻപത്തഞ്ചിനു മുകളിൽ പ്രായമുള്ള കാലത്ത്.

അമ്പതിനായിരം പറ നെല്ല് അളന്നു കിട്ടിയിരുന്ന ഒരു തറവാട്ടിൽ ജനിച്ച ഇ എം എസ് മരിക്കുമ്പോൾ വാടകവീട്ടിൽ ആയിരുന്നു. അത് അദ്ദേഹത്തിന്റെ ഒരു ആഗ്രഹം ആയിരുന്നോ എന്ന് മകൾ ഇവിടെ സംശയിക്കുന്നുണ്ട്.

എഴുത്തിന്റെ കാര്യത്തിൽ സഖാവ് ഇ എമ്മിന്റെ ശൈലി തന്നെയാണ് മകൾക്കും ഉള്ളത്. സാമൂഹ്യ രാഷ്ട്രീയ അന്തരീക്ഷം വിവരിക്കുന്നതിനിടയിൽ തന്നെയും കാണാം എന്നല്ലാതെ സ്വന്തം കാര്യങ്ങൾക്കും, സ്വന്തം മുഖത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു എഴുത്തല്ല ഈ പുസ്തകം. ആ കാര്യത്തിൽ മകളും അച്ഛനോടൊപ്പം ഒന്നിച്ചു നിൽക്കുന്നു.

പേജ് 13
ചെറുകര റെയിൽവേ സ്റ്റേഷനടുത്തായി, കുന്തിപ്പുഴയുടെ തീരത്താണ് അച്ഛൻ ജനിച്ചു വളർന്ന മന. ഭാരതപ്പുഴയുടെ കൈവരിയായ കുന്തിപ്പുഴയുടെ വടക്കുള്ള പുലാമന്തോളിനടുത്താണ് ഏലംകുളം ദേശത്തുള്ള ഏലംകുളം മന. ഒരു ഭാഗത്ത് താനൂർ വരെയും മറുവശത്ത് പറളി വരെയും നിലമ്പൂരിനടുത്തു കരുവാരക്കുണ്ട് വരെയും വ്യാപിച്ചു കിടന്ന ആ ഭൂമിയുടെ സിരാകേന്ദ്രമായിരുന്ന ഇല്ലം എട്ടുകെട്ടു രീതിയിലുള്ളതാണ്. ഏലംകുളം മനയുടെ കനത്ത ചുവരുകളിലും ചുറ്റുവട്ടത്തുമൊക്കെ പഴയ ജന്മിത്തത്തിന്റെയും നാടുവാഴിത്തത്തിന്റെയും നിഴലുകൾ ഇന്നുമുണ്ട്.

പേജ് 18

വിഷ്ണുദത്ത എന്നായിരുന്നു മുത്തശ്യമ്മയുടെ പേര്. മഹതിയായ ആ അമ്മയെ കാണാനുള്ള ഭാഗ്യം  ഞങ്ങൾക്ക് കിട്ടിയില്ല. അച്ഛൻ വിവാഹം കഴിക്കുന്നതിനു മുമ്പേ അവർ മരിച്ചുപോയിരുന്നു. അസാധാരണമായൊരു  ഇഴയടുപ്പമായിരുന്നു  എന്റെ അച്ഛനും മുത്തശ്യമ്മയും തമ്മിൽ. മകനെ ബഹുമാനിക്കുന്ന ഒരമ്മ. അമ്മയെ ബഹുമാനിക്കുന്ന ഒരു മകൻ.  ആ അമ്മയുടെ മകനായി ജനിച്ചില്ലായിരുന്നുവെങ്കിൽ ഇ എം എസ് എന്ന വ്യക്തി ഉണ്ടാകുമായിരുന്നില്ലെന്ന് അച്ഛൻ പലപ്പോഴും പറഞ്ഞിട്ടുള്ളതും എഴുതിയിട്ടുള്ളതുമാണ്.

പേജ് 20
1936 - ൽ മുത്തശ്യമ്മ മരിച്ചപ്പോഴാണ് അച്ഛൻ ഏറ്റവുമധികം വേദനിച്ച സംഭവമുണ്ടായത്. അച്ഛൻ പങ്കെടുത്താൽ ശേഷക്രിയയിൽ താൻ ഉണ്ടാവില്ലെന്ന് തറവാട്ടിലെ മൂത്ത ജേഷ്ഠൻ വാശിപിടിച്ചപ്പോൾ മാറി നിൽക്കുകയല്ലാതെ മറ്റു വഴിയില്ലായിരുന്നു. 

മറ്റൊരിക്കൽ മുത്തശ്യമ്മ ശക്തമായൊരു നിലപാടെടുത്തത് അച്ഛനെ ഭ്രഷ്ടിൽനിന്നു രക്ഷിക്കുന്നതിനുവേണ്ടിയായിരുന്നു. ജയിലിൽനിന്നു വന്നാൽ ഇല്ലത്തു പ്രവേശിപ്പിക്കാൻ പാടില്ലെന്ന തീരുമാനത്തിലായിരുന്നു ബന്ധുക്കൾ. മുത്തശ്യമ്മ അപ്പോൾ ആർക്കും നിഷേധിക്കാനാവാതവിധം ഒരു വഴി കണ്ടെത്തി. 'ഗോദാനം' നടത്തി പാപനാശം വരുത്തുക
അതും നാട്ടുനടപ്പില്ലാത്ത കാര്യമായിരുന്നു. മകനെ രക്ഷിക്കാൻ സ്വന്തം ബുദ്ധിയിലുദിച്ച ആശയം അവർ ധീരമായി നടപ്പിലാക്കി.

ഏതു പ്രശ്നത്തിനും പരിഹാരം ഉണ്ട്. അത് തന്ത്രപരമായി നടപ്പാക്കണമെന്ന് മാത്രം! ആളുകളുടെ വിശ്വാസ്യതയാണ് പ്രധാനം.

ഇവിടെയും അതാണ് സംഭവിച്ചത്. ആ അമ്മയുടെ കൃത്യമായ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ മകൻ പുറത്തായേനെ. അതിൽ നിന്നും രക്ഷപ്പെടുത്തി മകനെ കുടുംബത്തോടൊപ്പം ചേർത്തുനിർത്തി.

കൂടാതെ അക്കാലത്ത് കുടുംബസ്വത്തു വീതം വെക്കുമ്പോൾ നമ്പൂതിരി സമുദായത്തിൽ പെണ്മക്കളെ പരിഗണിക്കാറില്ല. വിഷ്ണുദത്ത എന്ന ആ അമ്മ പെണ്മക്കൾക്കും വിഹിതം നൽകി. അതിൽ ഇ എം ന്റെയും ഒരു പ്രേരണ ഉണ്ടായിരിക്കാം എന്നും മകൾ അനുസ്മരിക്കുന്നു.

വായനയ്ക്കും എഴുത്തിനുമാണ് പാർട്ടി കാര്യങ്ങൾ കഴിഞ്ഞാൽ ഇ എം എസ് സമയം കണ്ടെത്തിയിരുന്നത്. പുലർച്ചെ നാലരയോടെ തുടങ്ങുന്ന വായനയും എഴുത്തും രാത്രി പത്തുമണിയ്ക്ക് ഉറങ്ങുംവരെ നീണ്ടു പോകും. ഉച്ചയ്ക്ക് ഊണ് കഴിഞ്ഞാൽ പതിനഞ്ചു മിനിറ്റ് മാത്രം വിശ്രമം. അപ്പോൾ ചെറിയ മയക്കം.

കേരളവും, ഇന്ത്യയും, ലോകവും എപ്പോഴും അദ്ദേഹത്തിന്റെ മനസ്സിൽ നിറഞ്ഞുനിന്നു. ആ കാര്യങ്ങൾ നിരന്തരം എഴുതുകയും പ്രസംഗിക്കുകയും ചെയ്തു. അന്താരാഷ്ട്ര വിഷയങ്ങൾ ആദ്യം പറയും  പിന്നെ അഖിലേന്ത്യാ വിഷയങ്ങൾ, ശേഷം കേരളത്തിന്റെ പ്രശ്നങ്ങൾ. ഇതെല്ലാം പ്രസംഗിച്ചു കഴിഞ്ഞാൽ നമുക്ക് ഇതിൽ എന്തൊക്കെ ഇടപെടൽ നടത്താൻ കഴിയും എങ്ങനെ പ്രവർത്തിക്കണം എന്നെല്ലാമുള്ള നിർദ്ദേശങ്ങൾ പറഞ്ഞുകൊണ്ട് സഖാക്കൾക്ക് അഭിവാദ്യം പറഞ്ഞു പ്രസംഗം നിർത്തും.  ആ രീതി എനിക്കും വളരെ ഇഷ്ടമാണ്. ലളിതമായ രീതിയിൽ പ്രസക്തമായ കാര്യങ്ങൾ മാത്രം  പറഞ്ഞു പ്രസംഗം അവസാനിപ്പിക്കും. 1993 കാലം മുതലാണ്‌ ഞാൻ ഇ എം എസ്സിന്റെ പ്രസംഗം സ്ഥിരമായി കേട്ടു തുടങ്ങുന്നത്. അക്കാലത്ത് തൃശൂർ വിദ്യാർത്ഥി കോർണറിൽ സ: ഇ എം എസ്   വൈകീട്ട് 6 മണിക്ക് പ്രസംഗിക്കും എന്നൊരു പോസ്റ്റർ നഗരത്തിന്റെ പല ഭാഗങ്ങളിലും ചുവരുകളിൽ പതിച്ചിരിക്കും. മറ്റു വലിയ പ്രചാരണം ഒന്നും ആവശ്യമില്ല. ആ പ്രസംഗിക്കുന്ന ഡെയ്റ്റും സമയവും നോക്കി ചെന്നാൽ മതി. ആളുകൾ അവിടെ നിറഞ്ഞിരിക്കുന്നത് കാണാം.  ഞാനും സുഹൃത്തുക്കളും അവിടെ പോയി പ്രസംഗം കേൾക്കുക പതിവായിരുന്നു.

കുറെ കാലം മുൻപ് ഞാനും സുഹൃത്ത് ജയനും കൂടി ഇ എമ്മിന്റെ തറവാട് കാണാൻ പോയി. ബസ്സ്‌ ഇറങ്ങി കുറെ ദൂരം നടക്കാനുണ്ട്. അങ്ങനെ നടന്നു വീട്ടിൽ എത്തി. അവിടെയുള്ളവരെ പരിചയപ്പെട്ടു. പിന്നെ മൊബൈലിൽ കുറച്ചു പടങ്ങൾ എടുത്തു. അതിനുശേഷം അടുത്തുളള കുന്തിപ്പുഴയിൽ പോയി നീരാടി. നല്ല തണുത്ത വെള്ളം. തെളിനീര്. പുഴയുടെ അടിഭാഗം കാണാം. അന്നവിടെ കടവിൽ ഒരു വഞ്ചി കിടപ്പുണ്ടായിരുന്നു. അതിൽ ഞങ്ങൾ കയറിയിരുന്നു. ജയൻ തുഴയെടുത്തു തുഴഞ്ഞു. ഏതാണ്ട് രണ്ടു മണിക്കൂറോളം അവിടെ ചെലവഴിച്ചു. പിന്നെ മറ്റൊരു വഴിയിലൂടെ കുറേദൂരം നടന്ന് ബസ്‌റൂട്ടിൽ എത്തി. തൃശൂരിലേക്ക് മടങ്ങി.

ഇ എം എസ് ഒളിവിൽ താമസിച്ച വീടുകളും സ്ഥലങ്ങളും, വയലാർ സമരം, അന്നത്തെ നേതൃത്വത്തെ കുറിച്ചും സഖാവ് പി കൃഷ്ണപിള്ളയുടെ നേതൃത്വപാടവത്തെ കുറിച്ചും, പിന്നീട് അടിയന്തിരാവസ്ഥ കാലത്തെ കുറിച്ചും ,
മുഖ്യമന്ത്രി ആയ ഇ എം, നേതാവായ ഇ എം, വെറും അച്ഛനായ ഇ എം എസ്‌....  എല്ലാം വിശദമായി പറഞ്ഞു തരുന്നുണ്ട് ഈ പുസ്തകം. കേരളത്തിലെയും ജ്യോതി ബസു അടക്കമുള്ള ഇന്ത്യൻ നേതൃത്വത്തെ കുറിച്ചുള്ള ഓർമ്മകളും പങ്കുവെക്കുന്നു. എല്ലാവർക്കും വായിക്കാവുന്ന ഈ ഗ്രന്ഥം ഇടതു ചരിത്ര വിദ്യാർത്ഥികൾ തീർച്ചയായും വായിക്കേണ്ടതാണ് എന്നുകൂടി പറഞ്ഞുകൊണ്ട് നിർത്തുന്നു.

അഭിവാദ്യങ്ങൾ  💐
..

രാജൻ പെരുമ്പുള്ളി












No comments:

Post a Comment