Wednesday, 9 December 2015

ayalsneham - അയല്‍സ്നേഹം

അയല്‍സ്നേഹം


ഈ വാഴക്കുലകള്‍ കണ്ടില്ലേ? ഇവ രണ്ടും ഞങ്ങളുടെ വീട്ടിലും അതിന്റെ കടകള്‍ അടുത്ത വീട്ടിലുമാണ്. എന്താ രസം.

ഏകദേശം ഇതുപോലെ ഞങ്ങളുടെ വീടിന്റെ മുന്നില്‍ തെക്കേ വശത്തു നല്ലൊരു പ്ലാവ് ഉണ്ടായിരുന്നു. മാര്ച് ഏപ്രില്‍ മെയ്‌ മാസങ്ങളില്‍ ആവശ്യംപോലെ ചക്ക. ഞങ്ങള്‍ക്കും അടുത്തുള്ള കുറെ വീട്ടുകാര്‍ക്കും വലിയ സന്തോഷം നല്‍കിയിരുന്നു ആ പ്ലാവ്.

പണം വാങ്ങാതെതന്നെ അയല്‍ക്കാര്‍ക്കെല്ലാം ചക്ക കൊടുത്തു, പിന്നെ ബന്ധുക്കള്‍ക്കും. ഞങ്ങളുടെ വീട്ടിലും എല്ലാവര്ക്കും ചക്ക ഇഷ്ടമായിരുന്നതിനാല്‍ ഒരു ചക്കക്കാലം തന്നെയായിരുന്നു അത്. പശ കുറഞ്ഞതും വലിയ ചുളകള്‍ ഉള്ളതുമായ ഉരുണ്ട ചക്കകള്‍ ഒരു കാഴ്ച തന്നെയായിരുന്നു.

എന്തിനു പറയുന്നു. അയല്‍വീട്ടിലെ ചേട്ടന്‍ മരിച്ച് ഒരു മാസം കഴിഞ്ഞപ്പോള്‍ ആ വീട്ടിലെ ചേടത്തി വന്നുപറഞ്ഞു പ്ലാവ് വെട്ടണമെന്ന്. ഇല കൊഴിയുന്നു മരം മുറിക്കണം. അവരുടെ വീടിന്റെ മുറ്റം തണല്‍ നല്‍കിയത് ആ പ്ലാവ് ആയിരുന്നു. ചക്ക ആവശ്യംപോലെ ഇട്ടുകൊള്ളാന്‍ അവര്‍ക്കും അനുവാദം ഉണ്ടായിരുന്നു. എന്നാലും മരം മുറിക്കാന്‍ ആവശ്യപ്പെട്ടു. മുന്‍പ് അവിടത്തെ ചേട്ടന്‍ ആയിരുന്നു മുറ്റമെല്ലാം അടിച്ചുവാരി വൃത്തിയാക്കി ഇട്ടിരുന്നത്. അദ്ദേഹത്തിന് അതില്‍ ഒരു വിഷമവും ഉണ്ടായിരുന്നില്ല. അതിനാല്‍ ആ മരത്തിന്റെ ആയുസ്സ് അദ്ദേഹത്തിന്റെ മരണത്തോടെ തീര്‍ന്നു.

ഒരു മാര്ച് മാസത്തില്‍ നിറയെ ചക്കകള്‍ ഉള്ള സമയത്ത്തന്നെ ആ പ്ലാവിന്റെ കടക്കല്‍ വാള് വെക്കേണ്ടി വന്നു. ഇപ്പോഴും മനസ്സില്‍ ആ പ്ലാവും അതിലെ നിറഞ്ഞുനിന്ന ചക്കകളും അത് നല്‍കിയിരുന്ന തണലും മരിച്ചു പോയ ചേട്ടനും ബാക്കിയാകുന്നു.   

....


No comments:

Post a Comment